by Midhun HP News | Dec 26, 2024 | Latest News, ജില്ലാ വാർത്ത
വർക്കല താഴെ വെട്ടൂരിൽ വെട്ടി കൊലപ്പെടുത്തിയ ഗൃഹനാഥൻറെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വർക്കല പോലീസ് സ്റ്റേഷന്റെ മുന്നിൽ പ്രതിഷേധവുമായി എത്തി. താഴെ വെട്ടൂർപ്രദേശത്ത് ലഹരിവസ്തുക്കളുടെയും , ലഹരി മാഫിയയുടെയും അഴിഞ്ഞാട്ടം ഉണ്ടെന്നുള്ള പരാതി നിരവധി തവണ ജമാഅത്തിന്റെ ഭാഗത്തുനിന്നും നൽകിയെങ്കിലും പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചില്ല എന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
പോലീസിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള ഒരു അരുംകൊല വർക്കലയിൽ നടക്കില്ലായിരുന്നു എന്നും ബന്ധുക്കൾ ആരോപിച്ചു. കേസിലെ ഒന്നാം പ്രതിയായ വെട്ടൂർ ആശാൻമുക്ക് സ്വദേശിയായ ജാസിം ഇതിനോടകം വിദേശത്തേക്ക് കടന്നതായും ഇത് പോലീസിൻറെ പിടിപ്പുകേടാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
കേസിൽ പരാതിക്ക് പോകുന്നവരെയും സാക്ഷി പറയുന്നവരെയും വെട്ടി കൊന്നുകളയുമെന്ന് പ്രതികളുടെ നിരന്തരമായ ഭീഷണിയുണ്ടെന്നും ഇത് കാണിച്ച് പ്രതികളുടെ ഫോട്ടോ സഹിതം പോലീസിന് പരാതി നൽകിയിട്ടും പോലീസ് പ്രതികളെ അന്വേഷിക്കുന്നതിൽ ഊർജ്ജസ്വലത കാട്ടിയിരുന്നില്ല എന്നുമാണ് ആരോപണം.
എന്നാൽ എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന് വർക്കല എസ് എച്ച് ഒ പ്രവീൺ സ്ഥലത്തെത്തി നാട്ടുകാർക്കും ബന്ധുക്കൾക്കും ഉറപ്പു നൽകിയതിനു ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
by Midhun HP News | Dec 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്‍ഷുര്‍ ചെയ്യാത്ത വാഹനങ്ങളുമായി പൊതു ഇടങ്ങളിലേക്ക് ഇറങ്ങരുത് എന്നാണ് നിയമം. ഇന്‍ഷുര്‍ ചെയ്യാത്ത വാഹനവുമായി പുറത്തിറങ്ങിയാല്‍ വാഹന പരിശോധനയില്‍ പിഴ ഒടുക്കേണ്ടതായി വരും. എന്നാല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ സാമ്പത്തിക അടിത്തറ തന്നെ തകര്‍ത്ത് തെരുവിലേക്ക് ഇറക്കാമെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കി.
‘വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കാന്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. നമ്മുടെ വാഹനം മൂലം നമ്മുടെ വാഹനത്തിന് വെളിയിലുള്ള വ്യക്തികള്‍ക്കും വസ്തുവകകള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്. എന്നാല്‍ നമ്മുടെ വാഹനത്തിനും അതില്‍ യാത്ര ചെയ്യുന്നവര്‍ക്കും നമ്മുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വഴി നഷ്ടപരിഹാരം കിട്ടില്ല. അതിന് വേറെ ചില കവറേജുകള്‍ കൂടി തേര്‍ഡ് പാര്‍ട്ടി പോളിസിക്ക് ഒപ്പം എടുക്കണം. അതിന് വഴിയുണ്ട്. പേഴ്‌സണല്‍ ആക്‌സിഡന്റ് കവര്‍ കൂടി എടുത്താല്‍ വാഹനത്തിലെ യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. പാസഞ്ചര്‍ ലയബിലിറ്റി കവര്‍ എടുത്താല്‍ വാഹനത്തിലെ യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. ഓണ്‍ ഡാമേജ്/ സ്റ്റാന്‍ഡ് എലോണ്‍ പോളിസിയാണ് എടുക്കുന്നതെങ്കില്‍ നമ്മുടെ വാഹനത്തിന് ഉണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം ലഭ്യമാക്കുന്നു. അപകടങ്ങള്‍ വഴി അല്ലാത്ത നഷ്ടങ്ങള്‍ കൂടി കവര്‍ ചെയ്യുന്നതാണ് ഈ പോളിസി.’- മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.
‘ഇതിനെല്ലാം പുറമേ കോമ്പ്രിഹെന്‍സിവ് പോളിസി ഉണ്ട്. തേര്‍ഡ് പാര്‍ട്ടി പോളിസിയോട് ഒപ്പം ഓണ്‍ ഡാമേജ്, പേഴ്‌സണല്‍ ഇന്‍ഷുറന്‍സ്, പാസഞ്ചര്‍ ലയബിലിറ്റി തുടങ്ങിയ കവറേജുകള്‍ കൂടി ചേര്‍ത്ത് ഒറ്റ പോളിസിയായി ലഭിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. തേര്‍ഡ് പാര്‍ട്ടി കാലാവധി നിലവിലുണ്ടെങ്കില്‍ ഓണ്‍ ഡാമേജ് പോളിസി ലഭിക്കുന്നതാണ്. തേര്‍ഡ് പാര്‍ട്ടി കാലാവധി തെറ്റായി രേഖപ്പെടുത്തി ഓണ്‍ ഡാമേജ് പോളിസി മാത്രം നല്‍കി കബളിപ്പിക്കപ്പെടരുത്. തേര്‍ഡ് പാര്‍ട്ടി പോളിസി വിവരങ്ങള്‍ വാഹന്‍ സൈറ്റില്‍ ലഭ്യമാകും. നിങ്ങളുടെ കൈയിലെ പോളിസി വിവരങ്ങള്‍ വാഹന്‍ സൈറ്റില്‍ ലഭ്യമല്ല എങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച് ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങളും മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ ബ്രേക്ക് ഡൗണ്‍, ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച് ഉണ്ടാകുന്ന നഷ്ടങ്ങള്‍, നിയമപരമല്ലാതെ വാഹനം ഉപയോഗിച്ച് ഉണ്ടാക്കുന്ന നഷ്ടങ്ങള്‍, തേയ്മാനവും അറ്റകുറ്റ പണികളും ഇന്‍ഷുറന്‍സ് കവറേജില്‍ വരില്ല.’- മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.
by Midhun HP News | Dec 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അലറിയടുത്ത മരണത്തിരമാലകൾ ആയിരങ്ങളുടെ ജീവൻ കവർന്ന സുനാമി ദുരന്തം സംഭവിച്ചിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുന്നു. 2004 ഡിസംബർ 25 ന്റെ പിറ്റേന്ന് ഒരു ക്രിസ്മസ് ദിനത്തിന്റെ ആഘോഷങ്ങൾ അവസാനിക്കും മുൻപ് രംഗബോധമില്ലാതെയെത്തിയ ദുരന്തം. ഇന്ത്യയുൾപ്പെടെ 15 രാജ്യങ്ങളിൽ ആഞ്ഞടിച്ച സുനാമി കവർന്നത് രണ്ടേകാൽ ലക്ഷത്തിലധികം ജീവനുകൾ.
ഇൻഡോനേഷ്യൻ തീരത്തെ സുമാത്ര ദ്വീപുകൾക്ക് സമീപം ആഴക്കടലിൽ റിക്ടർ സ്‌കെയിലിൽ 9.1 മുതൽ 9.3 വരെ തീവ്രത രേഖപ്പെടുത്തി പ്രകമ്പനം സൃഷ്ടിച്ച ഭൂചലനമാണ് സുനാമി തിരകൾക്ക് വഴിവെച്ചത്. ഏഷ്യയിൽ രേഖപ്പെടുത്തിയതിൽ വെച്ചേറ്റവും ശക്തിയേറിയ ഭൂചലനമായിരുന്നു ഇത്. 21 ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായതും. അന്നുവരെ കണ്ടിട്ടില്ലാത്ത കടലിന്റെ രൗദ്രഭാവമായിരുന്നു അത് ലോകത്തിന് കാട്ടിത്തന്നത്. കേരളത്തിന്റെ തീരമേഖലയിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും ആൻഡമാൻ നിക്കോബാർ ദ്വീപിലും ഉൾപ്പെടെ ആ രാക്ഷസത്തിരമാലകൾ സംഹാരതാണ്ഡവമാടി.
10 നിലയുളള കെട്ടിടത്തിന്റെ അത്ര ഉയരത്തിൽ തിരമാലകൾ ഉയർന്നുപൊങ്ങിയെന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ അതിന്റെ രൂക്ഷത സങ്കൽപിക്കാവുന്നതിലും അപ്പുറമാണെന്ന് മനസിലാക്കാം. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് മുന്നിലുള്ളതെല്ലാം കടലെടുത്ത കാഴ്ച. കൊല്ലവും ആലപ്പുഴയും കടന്ന് കൊച്ചി വരെയുള്ള കേരളത്തിന്റെ തെക്കൻ തീരങ്ങളിലാണ് ആ രാക്ഷസതിരമാലകൾ തീരജനതയെ വിഴുങ്ങി അതിന്റെ സംഹാരരൂപം പ്രകടിപ്പിച്ചത്.
ഇന്ത്യയിൽ തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ആഞ്ഞടിച്ച സുനാമിയിൽ 18,000 ത്തോളം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. തമിഴ്നാട്ടിൽ മാത്രം 7,798 പേർ മരിച്ചുവെന്നാണ് ഔദ്യോഗികമായ കണക്കുകൾ. കൊല്ലം ജില്ലയിൽ മാത്രം 100 ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.
ഇന്തോനേഷ്യയിൽ മാത്രം 1.5 ലക്ഷത്തോളം ആളുകളും ശ്രീലങ്കയിൽ 35,000ത്തോളം ആളുകളും മരിച്ചെന്നാണ് ഔദ്യോഗികമായ കണക്കുകൾ. ലോകത്താകമാനം 25 ലക്ഷത്തോളം ആളുകളാണ് സുനാമി ദുരന്തത്തിന് ഇരയായത്. അതുവരെ പരിചിതമല്ലാതിരുന്ന സുനാമി എന്ന വാക്കിനെ അന്ന് മുതലാണ് ഭീതിയോടെയും ഭയത്തോടെയും ലോകം കാണാൻ തുടങ്ങിയത്.
തുറമുഖം എന്ന് അർത്ഥമാക്കുന്ന ടി എസ് യു എന്ന മൂന്നക്ഷരം സൂചിപ്പിക്കുന്ന സു എന്ന വാക്കും തിരമാല എന്നർത്ഥം വരുന്ന നാമി എന്ന ജപ്പാൻ വാക്കുകളും ചേർന്നാണ് ഭീമൻ തിരമാലകൾക്ക് സുനാമി എന്ന പേര് വന്നത്.
by Midhun HP News | Dec 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം ടി അടയാളപ്പെടുത്തിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
കുറിപ്പ്
മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്‌കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം ടി അടയാളപ്പെടുത്തി.
ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും അടക്കമുള്ള കഥാലോകത്തിലൂടെ മലയാള കഥാഖ്യാനത്തെ ഭാവുകത്വപരമായി ഉയർത്തിയെടുത്തു എം ടി. നാലുകെട്ടും രണ്ടാമൂഴവും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകൾ മലയാളത്തിന്റെ ക്ലാസിക് രചനകളാണ്. ദേശീയ – അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും പുരസ്‌ക്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ തിരക്കഥകളും ചലച്ചിത്രാവിഷ്‌ക്കാരങ്ങളും എം ടിയുടെ ബഹുമുഖ പ്രതിഭയുടെ ദൃഷ്ടാന്തമാണ്.
ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരുപോലെ കടന്നുചെല്ലാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും.
എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്നു എം ടി. ഇതര മതസ്ഥരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുന്നവരും മതങ്ങളുടെ അതിർവരമ്പുകളെ മറികടന്നുകൊണ്ട് മനുഷ്യത്വത്തിന്റെ സ്‌നേഹത്തെ പ്രകടിപ്പിക്കുന്നവരും ഒക്കെയായിരുന്നു എം ടിയുടെ പല കഥാപാത്രങ്ങളും. ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ ഒരു സാംസ്‌കാരിക മാതൃകയായിരുന്നു എം ടി സ്വന്തം ജീവിതത്തിലൂടെ മുന്നോട്ടുവെച്ചത്.
എം ടിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും മലയാള സാഹിത്യലോകത്തിനാകെയും ഉള്ള ദുഃഖത്തിൽ പങ്കുചേരുന്നു. ലോകമാകെയുള്ള മലയാളികളുടെ പേരിലും കേരള സർക്കാരിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തുന്നു.
by Midhun HP News | Dec 25, 2024 | Latest News, ജില്ലാ വാർത്ത
92 – > മത് ശിവഗിരി തീർത്ഥാടനത്തിനോടനുബന്ധിച്ച് കുളത്തൂർ കോലത്തുകര ക്ഷേത്രത്തിൽ നിന്ന് ശിവഗിരിയിലേക്കുള്ള വിളംബര ഘോഷയാത്രയ്ക്ക് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പൗരാവലി സ്വീകരണം നൽകി.
ആറ്റിങ്ങൽ സതീഷിന്റെ അധ്യക്ഷതയിൽ ഒ.എസ്. അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗുരുധർമ്മസഭ മണ്ഡലം പ്രസിഡന്റ് കെ അനിൽകുമാർ, പ്രതിഭാ അശോകൻ, കൂട്ടിൽ രാജേന്ദ്രൻ, എച്ച്. ബഷീർ, കെ സുരേന്ദ്രൻ നായർ, ഷൈജു ചന്ദ്രൻ, ഭാസി, ആർ. വിജയകുമാർ, കിരൺ കൊല്ലമ്പുഴ, ആലങ്കോട് പ്രകാശ്, മാമം സുരേഷ് ബാബു, സുബ്രഹ്മണ്യൻ ചെട്ടിയാർ, പ്രതാപൻ, സുരേഷ്, തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Dec 25, 2024 | Latest News, ജില്ലാ വാർത്ത
മാമം,തക്ഷശില ലൈബ്രറി &റീഡിങ് റൂമിന്റെ ജ്വാല വനിതാവേദിയുടെ “സ്ത്രീകളെ സാമൂഹിക വികസനത്തിൽ പങ്കാളികളാക്കുക” എന്ന വിഷയത്തിൽ ഉള്ള ശില്പശാലയും ക്രിസ്തുമസ് -പുതുവത്സര ആഘോഷവും ചെയർ പേഴ്സൺ പി ജി ഉഷയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ലില്ലി മുഖ്യപ്രഭാഷണം നടത്തി. കുമാരി നന്ദന എസ് സ്വാഗതം പറഞ്ഞ യോഗത്തിൽ കിഴുവിലം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷ വിനീത, അംഗം പ്രസന്നകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു. വനിതാ വേദി നിർവാഹക സമിതി അംഗം സ്വപ്ന സി. നായർ റിപ്പോർട്ട് അവതരിപ്പിച്ചു. വനിതാ വേദി നിർവ്വാഹക സമിതി അംഗങ്ങളായ പ്രമീളദേവി, പ്രമീള ലൈജു, ശ്രീകലാ ദേവി, ലൈബ്രറി ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ കൺവീനർ സ്മിത വിക്രമൻ നന്ദി രേഖപ്പെടുത്തി.
Recent Comments