by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം 2025-26 വാർഷിക പദ്ധതി രൂപീകരണം വർക്കിംഗ് ഗ്രൂപ് നഗരാസഭാ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു. വൈസ്ചെയർമാൻ ജി തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി കെ.എസ് അരുൺ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ് ഷീജ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രമ്യാസുധീർ, വർക്കിംഗ് ഗ്രൂപ് ചെയർമാൻ സുധീർ രാജ് ആർ എന്നിവർ പങ്കെടുത്തു.
തുടർന്ന് 16 ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചയും ക്രോഡീകരണവും നടന്നു.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
താഴമ്പള്ളി അഞ്ചുതെങ്ങ് മത്സ്യ സഹകരണ സംഘം സിപിഐഎം പാനൽ വിജയിച്ചു.
താഴമ്പള്ളി അഞ്ചുതെങ്ങ് മത്സ്യ തൊഴിലാളി ക്ഷേമ വികസന സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സിപിഐഎം നേതൃത്വം നൽകിയ പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് പാനലിനെയാണ് പരാജയപ്പെടുത്തിയത്. 1988 സ്ഥാപിച്ച ഈ സംഘത്തിൽ ആദ്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതുവരെയും സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഈ സംഘം ഭരിച്ചിരുന്നത്.
സെൽവൻ ജോൺ, സ്റ്റീഫൻ ലുവിസ്, റോബിൻ സൈറസ്, എഡിസൺ ഡാനിയേൽ, ജെറോൺജോൺ, സുനിൽ ആന്റപ്പൻ, ഗോർബച്ചേവ്, ഔദ ക്രിസ്തുദാസ്, മേരി സുജ,
അന്നമേരി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സെൽവൻ ജോൺ പ്രസിഡന്റായും, ഗോർബച്ചേവ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
സിപിഎം പാനലിനെ വിജയിപ്പിച്ച മത്സ്യത്തൊഴിലാളികൾക്ക് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺചന്ദ്ര നന്ദി രേഖപ്പെടുത്തി.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത, സിനിമ
പാലക്കാട്: സിനിമാ- നാടക നടി മീന ഗണേഷ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 200 ലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
നാടക രംഗത്ത് സജീവമായിരുന്ന മീന ഗണേഷ് 1976 ല്‍ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. 1991ലെ മുഖചിത്രം എന്ന ചിത്രത്തില്‍ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയില്‍ സജീവമായത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാല്‍ക്കണ്ണാടി, നന്ദനം, മീശമാധവന്‍, കരുമാടിക്കുട്ടന്‍ തുടങ്ങിയ സിനിമകളിലെ മീനയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എന്‍ ഗണേഷാണ് ഭര്‍ത്താവ്. സീരിയല്‍ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കള്‍.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ തന്നെ അതാത് തലങ്ങളില്‍ നല്‍കേണ്ട ചികിത്സകള്‍ ലഭ്യമാക്കണം. രോഗികളുടെ ഗുരുതരാവസ്ഥ വിലയിരുത്തി മാത്രമേ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടുള്ളൂ എന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജില്ലാ ആശുപത്രികളില്‍ വരെ വരുന്ന രോഗികളെ അവിടെത്തന്നെ പരമാവധി ചികിത്സിക്കണം. മതിയായ സൗകര്യമോ ഡോക്ടര്‍മാരോ ഇല്ലെങ്കില്‍ മാത്രമാണ് മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടൂള്ളൂവെന്നും നിര്‍ദേശത്തില്‍ പറയുന്നു. മെഡിക്കല്‍ കോളജുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിര്‍ദേശം.
ഓരോ ആശുപത്രിയുടേയും റഫറല്‍ ലിസ്റ്റ് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ ആശുപത്രികളും സൗകര്യങ്ങള്‍ പൂര്‍ണമായി വിനിയോഗിച്ച് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ തിരക്ക് കുറയ്ക്കാന്‍ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി. അനധികൃതമായി കൈപ്പറ്റിയ തുകയും അതിന്റെ 18 ശതമാനം പലിശയും അടയ്ക്കാനാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കാസര്‍കോട് മണ്ണ് സംരക്ഷണ ഓഫീസിലെ അസിസ്റ്റന്റ് ഗ്രേഡ് 2, സാജിത.കെ.എ, പത്തനംതിട്ട ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജി. ഷീജാകുമാരി. വടകര ഓഫീസിലെ വര്‍ക്ക് സൂപ്രണ്ട് നസീദ് മുബാറക്ക് മന്‍സില്‍, മീനങ്ങാടി ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ പി. ഭാര്‍ഗവി, മീനങ്ങലാടിയിലെ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ കെ. ലീല, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജെ. രജനി എന്നിവര്‍ക്കെതിരെയാണ് നടപടി.
ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമാണ് പെൻഷൻ കൈപ്പറ്റുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെടുന്നുണ്ട്. കോളജ് അസിസ്‌റ്റന്‍റ് പ്രൊഫസർമാർ, ഹയർ സെക്കന്‍ഡറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു.
ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്- 224. മാസാമാസം 23 ലക്ഷത്തിലേറെ രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.
by Midhun HP News | Dec 18, 2024 | Latest News, ജില്ലാ വാർത്ത
മലപ്പുറം: അരീക്കോട്ടെ സ്‌പെഷല്‍ ഓപ്പറേഷന്‍ പൊലീസ് ക്യാംപില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് അജിത്തിനെതിരെ വിനീതിന്റ കുടുംബം. എസിയുടെ നിരന്തരമായ പീഡനത്തെ തുടര്‍ന്നാണ് വിനീത് ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ വിപിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്യാംപില്‍ നിന്ന് സഹപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണപ്പോള്‍ അയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ എസി സമ്മതിച്ചില്ല. അതിന് പിന്നാലെ അജിത് കുമാറിനെതിരെ വിനീത് കുമാര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിനുശേഷം വൈരനിര്യാതനബുദ്ധിയോടെയാണ് എസി പെരുമാറിയതെന്നും നിരന്തരമായി ബുദ്ധിമുട്ടിച്ചെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉറങ്ങാന്‍ പോലും അവനെ അനുവദിച്ചിരുന്നില്ല. മൃതദേഹം ആശുപത്രിയിലെ ബാത്ത് റൂമിന്റെ ഡോറിന് മുന്നിലാണ് കിടത്തിയതെന്നും സഹോദരന്‍ പറഞ്ഞു. 13വര്‍ഷമായി എസ്ഒജിയായി വിനീത് ജോലി ചെയ്തിരുന്നു. അവിടെയൊന്നും വിനിതിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. അരീക്കോടെ ക്യാംപില്‍ എത്തിയപ്പോഴാണ് തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും സഹോദരന്‍ പറഞ്ഞു. അസിസ്റ്റന്‍ഡ് കമാന്‍ഡന്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അജിത്തിനെ നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണത്തില്‍ താത്പര്യമില്ലെന്നും കുടുംബം വ്യക്തമാക്കി.
വിനീതിന്റെ ആത്മഹത്യക്ക് പിന്നാലെ എസി അജിത്തിനെതിരെ ക്യാംപിലെ കമാന്‍ഡോകള്‍ രംഗത്തെത്തിയിരുന്നു. അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന് വിനീതിനോട് വ്യക്തി വൈരാഗ്യമുണ്ടെന്നാണ് സഹപ്രവര്‍ത്തകരായ കമാന്‍ഡോകള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. സുഹൃത്തിന്റെ മരണത്തിലെ വീഴ്ച ചോദ്യം ചെയ്തതാണ് വിനീതിനോട് വൈരാഗ്യം ഉണ്ടാകാന്‍ കാരണമെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.
ആത്മഹത്യയ്ക്ക് കാരണം ഉദ്യോഗസ്ഥ പീഡനം തന്നെയാണെന്നും സഹപ്രവര്‍ത്തകര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. വിനീതിന്റെ സുഹൃത്ത് സുനീഷ് ക്യാംപിലെ ട്രെയിനിങ്ങിനിടെയാണ് മരിക്കുന്നത്. 2021ലാണ് സംഭവം. കുഴഞ്ഞു വീണ സുനീഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി. സഹപ്രവര്‍ത്തകര്‍ സുനീഷിനെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും എസി അജിത്ത് അതിനു സമ്മതിച്ചില്ല. ഇതു ചോദ്യം ചെയ്തതാണ് വിനീതിനോട് അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന് വിരോധത്തിന് കാരണമായതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
സുനീഷിന്റെ മരണത്തില്‍ വിനീത് എസി അജിത്തിനെതിരെ ശബ്ദമുയര്‍ത്തി സംസാരിച്ചിരുന്നു. ഇതു വിരോധത്തിന് കാരണമായി എന്നാണ് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വിനീതിന്റെ മരണം അന്വേഷിക്കുന്നത്. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശിയും സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോയുമായ വിനീത്(36) ആണ് കഴിഞ്ഞദിവസം ആത്മഹത്യചെയ്തത്. മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് വിനീത് ആത്മഹത്യ ചെയ്തതെന്നാണ് എസ് പി ആര്‍ വിശ്വനാഥ് പറഞ്ഞത്.
Recent Comments