‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. ഇത് തട്ടിപ്പാണെന്നും അതില്‍ വീണുപോകരുതെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ അപേക്ഷകരുടെ പേരു വിവരങ്ങള്‍ അടക്കം ശേഖരിച്ചുകൊണ്ടാണ് സൈബര്‍ തട്ടിപ്പ് നടത്തുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാധാരണ ജനങ്ങളിലേക്ക് വാട്‌സ് ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. പൊതുജനങ്ങള്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍ അതിവേഗം നടപടികള്‍ കൈക്കൊള്ളാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ഉപദ്രവിച്ച മൂന്ന് ആയമാർ അറസ്റ്റിൽ

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ഉപദ്രവിച്ച മൂന്ന് ആയമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ ഏഴ് പേരെ പുറത്താക്കി. രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ച മൂന്ന് പ്രതികളെയും ഒരാഴ്ചക്കാലം കുട്ടിയെ പരിചരിച്ച മറ്റ് നാല് ആയമാരെയുമാണ് പുറത്താക്കിയത്. നഖംകൊണ്ട് നുള്ളിയാണ് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിലും പിൻഭാഗത്തും മുറിവേൽപ്പിച്ചത്. സംഭവത്തിൽ അജിത, മഹേശ്വരി, സിന്ധു എന്നീ ആയമാരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേരും താൽക്കാലിക ജീവനക്കാരാണ്. പുറത്താക്കപ്പെട്ട മറ്റുള്ളവരും താത്കാലിക ജീവനക്കാരാണ്.

അമ്മയുടെ മരണത്തിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതിനെ തുടർന്ന് അനാഥരാക്കപ്പെട്ട സഹോദരിമാരിൽ ഒരാൾക്കാണ് ശിശുക്ഷേമ സമിതിയിൽ ദുരനുഭവം ഉണ്ടായത്. കുഞ്ഞ് കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് ആയമാർ നുള്ളി മുറിവേൽപ്പിച്ചത്. സ്ഥിരമായി കുഞ്ഞിനെ പരിചരിച്ച ആയമാർ മൂന്ന് പേരുമല്ലാതെ നാലാമതൊരാൾ ഒരു ദിവസം കുഞ്ഞിനെ കുളിപ്പിച്ചു. ഈ സമയത്ത് രഹസ്യഭാഗത്ത് വെള്ളം വീണതോടെ നീറ്റൽ അനുഭവപ്പെട്ട് കുഞ്ഞ് കരഞ്ഞു. കുളിപ്പിച്ച ആയ കുഞ്ഞിൻ്റെ ശരീരം പരിശോധിക്കുകയും മുറിവുകൾ കണ്ടെത്തുകയുമായിരുന്നു. പിന്നാലെ വിവരം ശിശുക്ഷേമ സമിതിയിലെ ഉന്നതരെ അറിയിച്ചു. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കുകയും വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് വിവരം പൊലീസിനെ അറിയിച്ചത്.

മ്യൂസിയം പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ പരിചരിച്ച ആയമാരിൽ മൂന്ന് പേർ കുറ്റസമ്മതം നടത്തി. പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിലായ അജിതയാണ് ജനനേന്ദ്രിയത്തിൽ നുള്ളി മുറിവേൽപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. മറ്റ് രണ്ട് പേരും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. വിവരം മറച്ചുവച്ചതിനും കേസുണ്ട്.

അമ്മ മരിച്ച് 16 ദിവസം തികയും മുൻപ് അച്ഛൻ ജീവനൊടുക്കുകയും ചെയ്തതോടെയാണ് രണ്ടര വയസ്സുകാരിയും ഒരു വയസ്സുള്ള അനിയത്തിയും ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് എത്തുന്നത്. കുട്ടി സ്ഥിരമായി കിടക്കയിൽ മൂത്രമൊഴിക്കുന്നതിനാലാണ് ഉപദ്രവിച്ചതെന്ന് അറസ്റ്റിലായവര്‍ പൊലീസിന് മൊഴി നൽകി. അറസ്റ്റിലായ മൂന്ന് പേരും കഴിഞ്ഞ അഞ്ച് വര്‍ഷമായി ശിശുക്ഷേമ സമിതിയിൽ താത്കാലിക ജീവനക്കാരാണ്.

കെ സി എസ് പി എ ചിറയിൻകീഴ് താലൂക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

കെ സി എസ് പി എ ചിറയിൻകീഴ് താലൂക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ KCSPA ചിറയിൻകീഴ് താലൂക്ക് കൺവെൻഷൻ ആറ്റിങ്ങൽ എംപ്ലോയിസ് സംഘം ഹാളിൽ ജില്ലാ സെക്രട്ടറി കെ.വിജയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് എം.കെ രാധാകൃഷ്ണൻ
അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി കാരവിളപ്രകാശ് പ്രമേയം അവതരിപ്പിച്ചു.

സഹകരണ പെൻഷൻ പരിഷ്ക്കരണത്തിന് വേണ്ടി സർക്കാർ നിയോഗിച്ച റിട്ട: ജില്ലാ ജഡ്ജി എം രാജേന്ദ്രൻ നായർ ചെയർമാനായുള്ള അഞ്ച് അംഗ സമിതിയുടെ റിപ്പോർട്ടിൽ സഹകരണ പെൻഷൻകാർക്ക് യാതൊരു ആനുകൂല്യങ്ങളും നൽകാൻ പാടില്ലയെന്നും സർക്കാർ സർവീസ് പെൻഷൻകാർക്ക് കാലാകാലങ്ങളിൽ വർദ്ധിപ്പിച്ചു നൽകുന്ന ആനുകൂല്യങ്ങളെപ്പറ്റി സഹകരണ പെൻഷൻകാർ ചിന്തിക്കാനേ പാടില്ല എന്നുമാണ് പ്രമേയത്തിൽ സമിതി
കണ്ടെത്തിയിരിക്കുന്നത്.

മിനിമം പെൻഷൻ വർദ്ധിപ്പിക്കുക, നിർത്തലാക്കിയ ക്ഷാമബത്ത പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഡിസംബർ 19 ന് തിരുവനന്തപുരത്ത് സഹകരണ പെൻഷൻ ഭവനിലേക്കു നടത്തുന്ന മാർച്ചിലും ധർണ്ണയിലും താലൂക്കിലെ മുഴുവൻ സഹകരണ പെൻഷൻകാരും പങ്കെടുക്കുമെന്നു കൺവെൻഷൻ തീരുമാനിച്ചു.

ആലംകോട് ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർത്ഥി കൂട്ടായ്മയുടെ പുതിയ ഓഫീസ് ഉദ്ഘാടനം നടന്നു

ആലംകോട് ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർത്ഥി കൂട്ടായ്മയുടെ പുതിയ ഓഫീസ് ഉദ്ഘാടനം നടന്നു

ആലംകോട് ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർത്ഥി കൂട്ടായ്മയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ആലംകോട് ജുമാ മസ്ജിദിന് സമീപം ഷിറ്റോ റിയോ സ്പോർട്സ് കരാട്ടെ പരിശീലന കേന്ദ്രത്തോട് ചേർന്നാണ് കൂട്ടായ്മയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. കേരള മൈനോറിറ്റി കമ്മീഷൻ ചെയർമാൻ അഡ്വക്കേറ്റ് എ എ റഷീദ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.

ഷിറ്റോ റിയോ സ്പോർട്സ് കരാട്ടെ നാഷണൽ വൈസ് പ്രസിഡൻറ് നാസറുദ്ദീൻ ആലംകോട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർ ലൈല ബീവി. അഡ്വ. മുഹ്സിൻ, അഡ്വക്കേറ്റ് എ എ ഹമീദ് കരാട്ടെ പരിശീലകൻ വൈശാഖ് ആർ എസ്, മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു. ആലംകോട് ഹസൻ സ്വാഗതം ആശംസിച്ച ചടങ്ങിനു ഞാറവിള ഷാഹുൽ കൃതജ്ഞത രേഖപ്പെടുത്തി.

മുദാക്കലിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണ്ണയും

മുദാക്കലിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണ്ണയും

മുദാക്കലിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പുവരുത്തുക, പ്രതിദിനകൂലി 600 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽ സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാക്കുക, അപ്രായോഗികമായ എൻ എം എം എസ് ജിയോടാഗ് എന്നിവ പിൻവലിക്കുക, യഥാസമയം കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭ്യമാക്കുക, സംസ്ഥാനത്തിന് അർഹമായ ലേബർ ബഡ്‌ജറ്റ് അനുവദിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുക. കൂടുതൽ തുക അനുവദിക്കുക.

ക്ഷേമ നിധി ഉടൻ പ്രാബല്യത്തിൽ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തൊഴിലുറപ്പ് മേഖലയിൽ പണി എടുക്കുന്ന തൊഴിലാളികൾ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ മുദാക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പണി മുടക്കി വാളക്കാട് ജംഗ് ഷനിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.

ധർണ്ണ യൂണിയൻ ഏരിയ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി സി ജയശ്രീ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ദിനേശ്, രാജീവ്‌, ചന്ദ്ര ബാബു എന്നിവർ സംസാരിച്ചു..

എക്സൈസ് കലാപ്രതിഭാ പുരസ്കാരം ബിജുലാലിന്

എക്സൈസ് കലാപ്രതിഭാ പുരസ്കാരം ബിജുലാലിന്

മലപ്പുറത്തുവച്ചു നടന്ന 20-ാമത് സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ കലാ മത്സരങ്ങളിൽ എറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി കലാപ്രതിഭയായി തിരുവനന്തപുരം ജില്ലയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻപെക്ടർ എസ്.ബിജുലാലിനെ തിരഞ്ഞെടുത്തു. 2002 ൽ എക്സൈസ് ഡിപ്പാർട്ടുമെന്റിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 2004, 2013, 2017 എന്നീ വർഷങ്ങളിലും കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മുൻവർഷങ്ങളിൽ ജലച്ചായം, പെൻസിൽ ഡ്രായിംഗ്, കാർട്ടൂൺ എന്നീ ഇനങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചതിനോടൊപ്പം ഡിപ്പാർട്ടുമെന്റിലും പ്രാദേശികമായും ചിത്രപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും 2013 ലെ മേളയുടെ ലോഗോ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ രജത ജൂബിലിയിൽ മുഖ്യമന്ത്രിയിൽ നിന്നും 2013 ൽ പുരസ്കാരം ഏറ്റുവാങ്ങി. ഡ്രോയിംഗ് ആൻഡ് പെയിന്റിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ള ഇദ്ദേഹം കിളിമാനൂർ ചെമ്മരുത്തിമുക്ക് സ്വദേശിയാണ്. ഭാര്യ റെജിമോൾ (LPSA കൊടുവഴന്നൂർ )
മക്കൾ+ ജാനകി ബാല, ശിവാനി ബാല.