ജില്ലാ സർഗവസന്തം; ആറ്റിങ്ങൽ ഓവറോൾ ചമ്പ്യന്മാർ

ജില്ലാ സർഗവസന്തം; ആറ്റിങ്ങൽ ഓവറോൾ ചമ്പ്യന്മാർ

തിരുവനന്തപുരം: വിസ്ഡം എജ്യൂക്കേഷൻ ബോർഡ് സംഘടിപ്പിച്ച മദ്രസാ വിദ്യാർത്ഥികളുടെ ‘സർഗവസന്തം’ ജില്ലാതല മത്സരങ്ങളിൽ ആറ്റിങ്ങൽ എഡ്യൂക്കേഷൻ കോംപ്ലക്സ് ചാമ്പ്യന്മാരായി. കൊല്ലായിൽ അൽ ഫലാഹ് കോളേജിൽ സമാപിച്ച മത്സരങ്ങളിൽ 446 പോയിൻ്റുകൾ കരസ്ഥമാക്കിയാണ് ആറ്റിങ്ങൻ കോംപ്ലക്സ് ഓവറോൾ ഒന്നാം സ്ഥാനം നിലനിർത്തിയത്. 414 പോയിൻ്റുകളോടെ തിരുവനന്തപുരം വെസ്റ്റ് കോംപ്ലക്സ് ഓവറോൾ രണ്ടാം സ്ഥാനം നേടി.

7 വേദികളിലായി 106 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ 338 വിദ്യാർത്ഥികൾ പങ്കെടുത്തു. കൊല്ലായിൽ അൽഫലാഹ് ഹിഫ്ദ് കോളേജ്, ലിറ്റിൽ ഫ്ലോക്ക് പബ്ലിക് സ്കൂൾ, സലഫി മദ്രസാ ഹാൾ എന്നിവിടങ്ങളിലാണ് വേദികൾ തയ്യാറാക്കിയത്.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നസീർ വള്ളക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ മദ്രസാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനായി. വാമനപുരം എം.എൽ.എ അഡ്വ.ഡി.കെ മുരളി മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ്, വിസ്‌ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട്,
വിസ്ഡം യൂത്ത് ജില്ലാ പ്രസിഡൻറ് ഹാറൂൺ വള്ളക്കടവ്, വിസ്ഡം സ്റ്റുഡൻസ് ജില്ലാ പ്രസിഡന്റ് സമീർ കരിച്ചാറ എന്നിവർ സംസാരിച്ചു. ജില്ലാ സർഗവസന്തം കൺവീനർ അൻസാറുദ്ദീൻ സ്വലാഹി സ്വാഗതവും മദ്രസാ കൺവീനർ നിസാറുദ്ദീൻ മൗലവി നന്ദിയും പറഞ്ഞു.

നാളെ മുതല്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

നാളെ മുതല്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസം അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതോടെയാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച തിരുവനന്തുപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ്.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ന്യൂനമര്‍ദം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ച് തുടന്നുള്ള 2 ദിവസത്തില്‍ തമിഴ്‌നാട്- ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യത. സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്‌ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പ്

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്‌ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പ്

തിരുവനന്തപുരം: റോഡില്‍ അപകട സാധ്യതകള്‍ ഉണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോഴും എമര്‍ജന്‍സി റിഫ്‌ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്.യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെ തിരുവല്ലയില്‍ റോഡിന് കുറുകെ കയര്‍ കെട്ടിയത് മൂലം കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്.

‘കേന്ദ്ര മോട്ടോര്‍ വാഹന നിയമം 138 അനുസരിച്ച് എല്ലാ വാഹനങ്ങള്‍ക്ക് ഒപ്പവും നിര്‍മ്മാതാക്കള്‍ എമര്‍ജന്‍സി റിഫ്‌ലക്ടിവ് ട്രയാംഗിള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവ നമ്മളാരും ഫലപ്രദമായി ഉപയോഗിച്ച് കാണുന്നില്ല. റോഡില്‍ അപകട സാധ്യതകള്‍ ഉണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോഴും ഇത്തരം ട്രയാംഗിളുകള്‍ തന്നെ ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കണം. വേഗത്തിലോടിച്ച് വരുന്ന ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ റോഡില്‍ കറുകെ വലിച്ച് കെട്ടിയ കയര്‍ കണ്ടെന്ന് വരില്ല. കണ്ടാലും ചിലപ്പോള്‍ വേഗത കുറച്ച് വാഹനം നിര്‍ത്താന്‍ മാത്രം സമയം ലഭിക്കില്ല. അതിനാല്‍ ദൂരെ നിന്ന് വ്യക്തമായി കാണാവുന്ന നിയമപരമായി നിര്‍ബന്ധമാക്കിയ എമര്‍ജന്‍സി ട്രായാംഗിളുകള്‍ തന്നെ ഉപയോഗിക്കുക. വാഹനത്തിന്റെ ബൂട്ട് ലിഡില്‍ വെറുതെ കിടക്കുന്നുണ്ടാവും.’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

കേന്ദ്ര മോട്ടോര്‍ വാഹന നിയമം 138 അനുസരിച്ച് എല്ലാ വാഹനങ്ങള്‍ക്ക് ഒപ്പവും നിര്‍മ്മാതാക്കള്‍ എമര്‍ജന്‍സി റിഫ്‌ലക്ടിവ് ട്രയാംഗിള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവ നമ്മളാരും ഫലപ്രദമായി ഉപയോഗിച്ച് കാണുന്നില്ല. റോഡില്‍ അപകട സാധ്യതകള്‍ ഉണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോഴും ഇത്തരം ട്രയാംഗിളുകള്‍ തന്നെ ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കണം.

വേഗത്തിലോടിച്ച് വരുന്ന ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ റോഡില്‍ കറുകെ വലിച്ച് കെട്ടിയ കയര്‍ കണ്ടെന്ന് വരില്ല. കണ്ടാലും ചിലപ്പോള്‍ വേഗത കുറച്ച് വാഹനം നിര്‍ത്താന്‍ മാത്രം സമയം ലഭിക്കില്ല. അതിനാല്‍ ദൂരെ നിന്ന് വ്യക്തമായി കാണാവുന്ന നിയമപരമായി നിര്‍ബന്ധമാക്കിയ എമര്‍ജന്‍സി ട്രായാംഗിളുകള്‍ തന്നെ ഉപയോഗിക്കുക. വാഹനത്തിന്റെ ബൂട്ട് ലിഡില്‍ വെറുതെ കിടക്കുന്നുണ്ടാവും .

ജയിൽ ചപ്പാത്തിയുടെ വില കൂട്ടി; വില വർധന 13 വർഷത്തിന് ശേഷം

ജയിൽ ചപ്പാത്തിയുടെ വില കൂട്ടി; വില വർധന 13 വർഷത്തിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയുടെ വില കൂട്ടി. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി. പത്ത് ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് ഇനി മുതൽ 30 രൂപയാകും വില. നവംബർ 21 മുതൽ പുതിയ വില നിലവിൽ വന്നു. തിരുവനന്തപുരം, ക​ണ്ണൂ​ർ, വി​യ്യൂ​ർ സെൻട്ര​ൽ പ്രി​സ​ൺ ആ​ൻ​ഡ് കറക്ഷ​ൻ ഹോ​മു​ക​ൾ, ചീ​മേ​നി തു​റ​ന്ന ജ​യി​ൽ, കൊ​ല്ലം, എറണാകുളം, കോ​ഴി​ക്കോ​ട് ജി​ല്ല ജ​യി​ലു​ക​ൾ എന്നിവി​ട​ങ്ങ​ളി​ലാ​ണ് ജ​യി​ൽ ച​പ്പാ​ത്തി നി​ർ​മി​ക്കു​ന്ന​ത്.

13 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ജയിൽ ചപ്പാത്തിയുടെ വില കൂട്ടുന്നത്. ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്‌ക്കിം​ഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്‍ധനവും വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

2011ലാ​ണ് ചപ്പാ​ത്തി നി​ർ​മാ​ണ യൂണി​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. ജയിലുകളിൽ തയ്യാറാക്കി പുറത്തുവിൽക്കുന്ന 21 ഇനം ഭക്ഷണങ്ങൾക്ക് ഫെബ്രുവരിയിൽ വിലകൂടിയിരുന്നു. ചിക്കൻ കറി- 30, ചിക്കൻ ഫ്രൈ- 45, ചില്ലി ചിക്കൻ- 65, മുട്ടക്കറി- 20, വെജിറ്റബിൾ കറി- 20, ചിക്കൻ ബിരിയാണി- 70, വെജിറ്റബിൾ ഫ്രൈഡ്‌റൈസ്- 40, മുട്ട ബിരിയാണി- 55, അഞ്ച് ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി- 35, ഇടിയപ്പം അഞ്ചെണ്ണം- 30, പൊറോട്ട (നാലെണ്ണം)- 28, കിണ്ണത്തപ്പം- 25, ബൺ- 25, കോക്കനട്ട് ബൺ- 30, കപ്പ് കേക്ക്- 25, ബ്രഡ്- 30, പ്ലംകേക്ക് 350 ഗ്രാം- 100, പ്ലം കേക്ക് 750 ഗ്രാം- 200, ചില്ലി ഗോപി-25, ഊൺ- 50, ബിരിയാണി റൈസ്- 40.

താലൂക്കുതല അദാലത്ത് ഡിസംബര്‍ ഒന്‍പത് മുതല്‍; രണ്ടുമുതല്‍ അപേക്ഷ നല്‍കാം

താലൂക്കുതല അദാലത്ത് ഡിസംബര്‍ ഒന്‍പത് മുതല്‍; രണ്ടുമുതല്‍ അപേക്ഷ നല്‍കാം

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകള്‍ ഡിസംബര്‍ ഒന്‍പത് മുതല്‍ ജനുവരി 13 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് നടക്കും.

അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയുടെ ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി പൊതുഭരണവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഡിസംബര്‍ രണ്ട് മുതല്‍ സ്വീകരിക്കും. ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകള്‍ വഴിയും അപേക്ഷകള്‍ അയക്കാം. ഓണ്‍ലൈനായി അയക്കാന്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി പോര്‍ട്ടല്‍ ഉണ്ടാക്കും.

പരാതികള്‍ പൊതുജനങ്ങളില്‍നിന്ന് നേരിട്ട് സ്വീകരിക്കുന്നതിന് താലൂക്കുതല സെല്ലും രൂപീകരിക്കും. ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുന്നതിനായി വകുപ്പുതലത്തില്‍ ജില്ലാ അദാലത്ത് സെല്ലും പരാതിയിലുള്ള നടപടി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതല അദാലത്ത് മോണിറ്ററിങ് സെല്ലുകളും പ്രവര്‍ത്തിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി നല്‍കാന്‍ നിശ്ചിത സര്‍വീസ് ചാര്‍ജ് ഇടാക്കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പരാതിക്കാരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. പരാതി നല്‍കുമ്പോള്‍ ലഭിക്കുന്ന രസീതും കൈപ്പറ്റണം.2023 ഏപ്രില്‍,- മെയ് മാസങ്ങളിലാണ് ഇതിന് മുന്‍പ് അദാലത്ത് സംഘടിപ്പിച്ചത്.

വിദ്യാർഥികൾക്ക് 590 രൂപ; ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്നുമുതൽ

വിദ്യാർഥികൾക്ക് 590 രൂപ; ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്നുമുതൽ

തിരുവനന്തപുരം: ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്നു രാവിലെ10 മുതൽ ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താം.

പൊതുവിഭാഗത്തിന് 1180 രൂപയും വിദ്യാർഥികൾക്ക് 590 രൂപയുമാണ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടഗോർ തിയറ്ററിലുള്ള ഡെലിഗേറ്റ് സെൽ മുഖേനയും രജിസ്ട്രേഷൻ നടത്താം. 8 ദിവസങ്ങളിലായി 180 ചിത്രങ്ങളാണു പ്രദർശിപ്പിക്കുക.15 തിയറ്ററുകളിലാണു പ്രദർശനം.

ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ മത്സര വിഭാഗം, മുൻനിര ചലച്ചിത്ര മേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.