by Midhun HP News | Nov 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ശനിയാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും. വൈകുന്നേരം നാല് മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ പുതുക്കിയ യാത്രാ സമയം ശ്രദ്ധിക്കണമെന്നും വിമാനത്താവള അധികൃതർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 3.00 മണി മുതല്‍ തിരുവനന്തപുരം നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസും അറിയിച്ചിട്ടുണ്ട്.
3.00 മണി മുതല്‍ രാത്രി 10.00 മണി വരെ വാഴപ്പള്ളി ജംഗ്ഷന്‍ മുതല്‍ മിത്രാനന്ദപുരം, ഫോര്‍ട്ട് സ്കൂള്‍ വരെയുള്ള റോഡിലും, പടിഞ്ഞാറേ നട മുതല്‍ ഈഞ്ചക്കല്‍, വള്ളക്കടവ്, ആറാട്ട് ഗേറ്റ് വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ റോഡുകളില്‍ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും.
ആറാട്ട് ഘോഷയാത്ര ശംഖുമുഖം ആറാട്ട് കടവിലേക്ക് പോകുന്ന സമയത്തും തിരിച്ചു വരുന്ന സമയത്തും കഴക്കൂട്ടം- കോവളം ബൈപ്പാസ് റോഡില്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ ഗതാഗതം തടസപ്പെടും. ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് വൈകിട്ട് 3.00 മണി മുതല്‍ വാഴപ്പള്ളി ജംഗ്ഷന്‍, പടിഞ്ഞാറേ കോട്ട, ശ്രീകണ്ഠേശ്വരം പാര്‍ക്ക്, പത്മവിലാസം റോഡ്, കൊത്തളം ജംഗ്ഷന്‍ എന്നീ ഭാഗങ്ങളില്‍ കൂടിയുള്ള വാഹന ഗതാഗതം വഴിതിരിച്ചു വിടും.
ശംഖുമുഖം ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ കല്ലുംമൂട്, പൊന്നറ, വലിയതുറ വഴിയാണ് പോകേണ്ടത്. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയാൻ പൊതുജനങ്ങൾക്ക് 0471-2558731, 9497990005 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

by Midhun HP News | Nov 9, 2024 | Latest News, ജില്ലാ വാർത്ത
വ്ലോഗർ അര്‍ജുൻ സുന്ദരേശനും അവതാരകയും മോഡലുമായ അപർണ പ്രേംരാജും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പിന്നാലെ നിരവധി പേരാണ് ഇരുവർക്കും വിവാഹ ആശംസകൾ നേരുന്നത്.
സീരിയൽ റോസ്റ്റിങ് വിഡിയോയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ താരമാണ് അർജ്യു എന്നറിയപ്പെടുന്ന അർജുൻ. അപർണയുമായി അർജുൻ പ്രണയത്തിലാണെന്ന വിവരം ഈയടുത്താണ് വെളിപ്പെടുത്തിയത്.
യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും അര്‍ജുന് ഒരു മില്യണ്‍ ഫോളോവേഴ്‌സുണ്ട്. അൺഫിൽറ്റേർഡ് ബൈ അപർണ എന്ന യൂട്യൂബ് ചാനലിലൂടെ പോഡ്കാസ്റ്റ് ഷോ അവതരിപ്പിക്കുന്ന അപർണ അറിയപ്പെടുന്ന അവതാരക കൂടിയാണ്.

by Midhun HP News | Nov 8, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് രാജിവെച്ചു. രാജി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചു. 2025 അവസാനം വരെ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന് കാലാവധിയുണ്ടായിരുന്നു.
തന്നേക്കാൾ ഏഴു വർഷം ജൂനിയറായ ജസ്റ്റിസ് എൻ അനിൽകുമാറിനെ ലോകായുക്തയായി നിയമിച്ചതിനെ തുടർന്ന്, അദ്ദേഹത്തിനു കീഴിൽ ഉപലോകായുക്തയായി തുടരുന്നതിൽ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന് അതൃപ്തിയുണ്ടായിരുന്നു. അനിൽകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തെങ്കിലും, തുടർന്ന് ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് അവധിയിൽ പ്രവേശിക്കുകയായിരുന്നു. സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയി വിരമിച്ച ആളാകണം ലോകായുക്ത ആകേണ്ടതെന്ന 1999 മുതലുള്ള വ്യവസ്ഥ സർക്കാർ ഭേദഗതി വരുത്തിയിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജി എന്നാക്കിയാണ് ഭേദഗതി വരുത്തിയത്. തുടർന്നാണ് ജസ്റ്റിസ് അനിൽകുമാറിനെ നിയമിച്ചത്.

by Midhun HP News | Nov 8, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നെഹ്‌റു സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ജില്ലാ തല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ ഗ്രാമം ലിറ്റിൽ ബീസ് പ്ലേ സ്കൂളിൽ നവംബർ 10നാണ് മത്സരം. നഴ്സറി, എൽ പി, യു പി, എച്ച് എസ്സ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. നഴ്സറി, എൽ പി, യു പി വിഭാഗത്തിന് ക്രയോൺ കളറിങ് ഉം എച്ച് എസ്സ് വിഭാഗത്തിന് പെൻസിൽ ഡ്രോയിങ് മത്സരവുമാണ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:
മൊബൈൽ നമ്പർ: 9946953070
by Midhun HP News | Nov 8, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സ്വാതന്ത്ര്യസമരത്തിന്റെ വീര സ്മരണകൾ ഉണർത്തുന്ന ആറ്റിങ്ങൽ കലാപത്തിന്റെ 303 )0 വാർഷികത്തിന്റെയും ആറ്റിങ്ങൽ വെടിവെയ്പ്പിന്റെ 86)0 വാർഷികത്തിന്റെയും ആചരണ ചടങ്ങുകളോടാനുബന്ധിച്ച് എസ്. എസ് ഹരിഹരയ്യർ ഫൗണ്ടഷൻ അവാർഡുകൾ പ്രഖ്യാപിച്ചു.
കർമ്മസേവ അവാർഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് വി. അജിത് ഐ പി എസ്സിനും കർമ്മശ്രേഷ്ഠ അവാർഡ് ഡോ. വി. ഗിരിജയ്ക്കും നൽകുമെന്നു ജഡ്ജിംഗ് കമ്മിറ്റി തീരുമാനിച്ചതായി ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി. എസ് അജിത് കുമാർ അറിയിച്ചു. അവാർഡ്‌കൾ നവംബർ 30 ന് ആറ്റിങ്ങൽ കിഴക്കേനാലുമുക്ക് വക്കംജി സ്ക്വയറിൽ വൈകുന്നേരം 4.30 മണിക്ക് അടൂർ പ്രകാശ് എം. പി വിതരണം ചെയ്യും.
വെടിവെയ്പ്പിൽ മരണമടഞ്ഞ ധീര രക്തസാക്ഷികളോടുള്ള ആദരസൂചകമായി സമ്മേളനനഗരിയിൽ സ്ഥാപിക്കുന്ന രക്ത സാക്ഷി മണ്ഡപത്തിൽ കെ. പി. സി. സി ജനറൽ സെക്രട്ടറി എം. ലിജു ആദ്യ ദീപം തെളിക്കും. വാർഷികാചാരണ സമ്മേളനം
യു. ഡി . എഫ് കൺവീനർ എം. എം ഹസ്സൻ ഉദ്ഘാടനം ചെയ്യും. പാവപ്പെട്ടവർക്കുള്ള ചികിത്സാ സഹായം എൻ. പീതാംബരകുറുപ്പ് എക്സ് എം. പി നൽകുന്നതാണ്. ചരിത്ര സംഭവവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ ലെവലിൽ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഫലകവും സമ്മേളനനഗരിയിൽ വെച്ച് വിതരണം ചെയ്യും.
ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിക്കും. കെ. പി. സി. സി മെമ്പർ എൻ. സുദർശനൻ, ചരിത്ര പുസ്തകരചയിതാവ് ആറ്റിങ്ങൽ കെ. മോഹൻലാൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌മാരായ ബി. ബിഷ്‌ണു, കെ. ആർ അഭയൻ, ഡി. ഷാജി എന്നിവർ സംസാരിക്കും.

by Midhun HP News | Nov 7, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ആലംകോട് സ്വദേശിയായ യുവാവ് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടു. ആലംകോട് പള്ളിമുക്കിൽ ഹാരിസ് നിവാസിൽ മുഹമ്മദ് ഹാരിസ് ആണ് മരണപ്പെട്ടത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ചെന്നൈയിലേക്ക് പോകുകയായിരുന്നു മരണപ്പെട്ട ഹാരിസ്. വാതിലിൽ നിന്നോ, ഇരുന്നോ യാത്ര ചെയ്യവേ അപകടത്തിൽപ്പെട്ടതാകാം എന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞു ബന്ധുക്കൾ കോയമ്പത്തൂരിലേക്ക് തിരിച്ചു.
Recent Comments