റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം; ‘തെളിമ’ പദ്ധതി 15 മുതല്‍

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം; ‘തെളിമ’ പദ്ധതി 15 മുതല്‍

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കാനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബര്‍ 15 വരെ പദ്ധതി നീണ്ടു നില്‍ക്കും.

തെറ്റു തിരുത്താനും മാറ്റം വരുത്താനും കാര്‍ഡ് ഉടമകള്‍ ഇനി റേഷന്‍ കടകളില്‍ പോയാല്‍ മതി. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാര്‍ നമ്പര്‍ ചേര്‍ക്കാനും അവസരമുണ്ട്. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ടു റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ആര്‍സിഎംഎസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റു തിരുത്താനും വിവരങ്ങള്‍ പുതുക്കാനും അവസരമുണ്ടാകും. ഓരോ റേഷന്‍ കടകളില്‍ ഇതിനായി പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്.

റേഷന്‍ കടകള്‍ക്ക് മുന്നില്‍ താഴിട്ടുപൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്‌സില്‍ പരാതികളും അപേക്ഷകളും ഇടാം. അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തി നല്‍കും. പാചക വാതക കണക്ഷന്‍, വൈദ്യുതി കണക്ഷന്‍ വിവരങ്ങളും ചേര്‍ക്കാം. മതിയായ രേഖകള്‍ക്കൊപ്പം വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷകള്‍ റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടികളില്‍ നിക്ഷേപിച്ചാല്‍ മതി.

അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന മുന്‍ഗണനാ, അന്ത്യോദയ അന്നയോജന കാര്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കാം.ഡിസംബര്‍ 15നു ശേഷം അപേക്ഷകളും അനുബന്ധ രേഖകളും പരിശോധിച്ചു തെറ്റുകള്‍ തിരുത്തും. ബുക്ക് രൂപത്തിലെ കാര്‍ഡുകള്‍ മാറ്റി സ്മാര്‍ട്ട് കാര്‍ഡുകളാക്കുന്നതിനു മുന്‍പു വിവരങ്ങള്‍ എല്ലാം ശരിയാണെന്ന് ഉറപ്പാക്കുകയാണു തെളിമയുടെ ലക്ഷ്യം.

മുന്‍ഗണനാവിഭാഗത്തിലെ മഞ്ഞ്, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ കാര്‍ഡിലെ തെറ്റുകള്‍ കാരണം മസ്റ്ററിങ്ങ് നിരസിക്കപ്പെട്ടവര്‍ക്ക് ഈ അവസരം വിനിയോഗിക്കാം. കാര്‍ഡിലെ തെറ്റുകള്‍ തിരുത്തിയാല്‍ ഇവര്‍ക്ക് വീണ്ടും മസ്റ്ററിങ്ങ് നടത്താനാകും. അതേസമയം, റേഷന്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള വരുമാനം, വീടിന്റെ വിസ്തീര്‍ണ്ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്താനുള്ള അപേക്ഷകള്‍ ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. അത്തരം അപേക്ഷകള്‍ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍, സിറ്റിസണ്‍ ലോഗിന്‍ മുഖേന വകുപ്പിന്റെ പോര്‍ട്ടലില്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; 6 ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം തലസ്ഥാനമടക്കം ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ശബരിമല തീര്‍ത്ഥാടനം, സന്നദ്ധ സേവനം നടത്താന്‍ താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

ശബരിമല തീര്‍ത്ഥാടനം, സന്നദ്ധ സേവനം നടത്താന്‍ താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കല്‍, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും.

ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരമൊരുക്കുന്നത്. താത്പര്യമുള്ളവര്‍ dhssabarimala@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നവംബര്‍ 11നകം രേഖകള്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കൂടാതെ മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധ കാര്‍ഡിയോളജി ഡോക്ടര്‍മാരേയും ഫിസിഷ്യന്‍മാരേയും വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിയോഗിക്കും. ഇത് കൂടാതെയാണ് പരിചയ സമ്പന്നരായ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കൂടി ലഭ്യമാക്കുന്നത്.

കേരള വ്യാപാര വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് രാജ് ഭവൻ മാർച്ച് സംഘടിപ്പിക്കുന്നു

കേരള വ്യാപാര വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് രാജ് ഭവൻ മാർച്ച് സംഘടിപ്പിക്കുന്നു

കേരള വ്യാപാര വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് രാജ് ഭവൻ മാർച്ച് സംഘടിപ്പിക്കുന്നു. വാടകയുടെ ജി എസ് റ്റി വ്യാപാരികൾക്ക് ചുമത്തുന്ന ജി എസ് റ്റി കൗൺസിലിന്റെ അനീതിയ്‌ക്കെതിരെ ചെറുകിട വ്യാപാരികളെ ഇല്ലാതാക്കുന്ന കുത്തക വൽക്കരണ നയങ്ങൾക്കെതിരെയാണ് നവംബർ 7 നു രാവിലെ 9 മണിയ്ക്ക് (വ്യാഴാഴ്ച) രാജ് ഭവൻ മാർച്ച് സംഘടിപ്പിക്കുന്നത്.

നവംബർ 7നു 10. 30 ന് മ്യൂസിയം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന വമ്പിച്ച പ്രതിഷേധ മാർച്ച് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്നു. ജാഥ രാജ് ഭവന് മുന്നിൽ എത്തിച്ചേരുമ്പോൾ ധർണ്ണ സമരം ഭാരതീയ ഉദ്യോഗ് മണ്ഡൽ പ്രസിഡന്റ് ബാബുലാൽ ഗുപ്ത ഉദ്ഘാടനം ചെയ്യും. കേരള വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധികൾ പങ്കെടുക്കും.

മുദാക്കൽ സ്വദേശിനിയെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

മുദാക്കൽ സ്വദേശിനിയെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

മുദാക്കൽ സ്വദേശിനിയെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വലിയവിള ജംഗ്ഷനിൽ മുദാക്കൽ സ്വദേശി ലിസിയെ ആക്രമിച്ച ഇളമ്പ സ്വദേശിയായ 37 വയസ്സുള്ള
ജെ അനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അനീഷിന്റെ പേരിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ സമാന രീതിയിലുള്ള കേസുകൾ ഉള്ളതായും പോലീസ് പറയുന്നുണ്ട്

മുതലപ്പൊഴി ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു

മുതലപ്പൊഴി ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു

ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചിറയിൻകീഴ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. പൊഴിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യുന്നതിന് കൊണ്ടുവന്ന രണ്ട് ബാർജുകൾ കേടായി പൊഴിയിൽ രണ്ടു മാസമായി അപകടകരമായി കിടക്കുന്ന സാഹചര്യത്തിൽ പൊഴിമുഖത്ത് എത്രയും വേഗം അവിടെ നിന്ന് നീക്കം ചെയ്യാൻ വേണ്ട നടപടി എടുക്കുക, ഹാർബറിൽ ടോയ്ലറ്റ് സംവിധാനങ്ങൾ എത്രയും പെട്ടെന്ന് ഒരുക്കുക, പൊഴിമുഖത്ത് വെളിച്ചക്കുറവ് പരിഹരിക്കുക, ഹാർബർ റോഡുകൾ എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധിച്ചത്. ഉപരോധ സമരത്തെ തുടർന്ന് രണ്ടാഴ്ച്ചക്കകം മേൽപറഞ്ഞ ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയറിംഗ് ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിപ്പിച്ചു.

ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി എസ് അനൂപ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ സുനിൽ പെരുമാതുറ, മോനി ശാർക്കര, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പുതുക്കിരി പ്രസന്നൻ പഞ്ചായത്തംഗം മനുമോൻ ഐഎൻടിയുസി നേതാക്കളായ ജോയി താഴം പള്ളി തൗഫീഖ് പെരുമാതുറ, എസ്.സുജിൻ രാജ് എന്നിവർ നേതൃത്വം നൽകി.