by Midhun HP News | Nov 6, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രശസ്ത വിവർത്തകനും യുക്തിവാദിയും നിരൂപകനുമായ എം പി സദാശിവൻ (89) അന്തരിച്ചു. ദീർഘകാലം കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിലുള്ള യുക്തിരേഖ മാസികയുടെ എഡിറ്റർ ആയിരുന്നു. ഇന്ത്യൻ ഓഡിറ്റ് ഡിപ്പാർട്ടുമെൻ്റിൽ സീനിയർ ഓഡിറ്റ് ഓഫീസറായും പ്രവർത്തിച്ചു. ആയിരത്തൊന്ന് രാവുകള്‍, ഡ്രാക്കുള, ഡെകാമെറണ്‍ കഥകള്‍, ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട്, ഡോ ബി ആർ അംബേദ്കറുടെ സമ്പൂർണ കൃതികൾ തുടങ്ങി നിരവധി പുസ്തകങ്ങള്‍ വിവർത്തനം ചെയ്തിട്ടുണ്ട്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാഠി എന്നീ ഭാഷകളിൽ നിന്നാണ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്. ഭാഷയും പരിഭാഷയും, ഇന്ദ്രജാല സർവ്വസ്വം തുടങ്ങി 13 കൃതികൾ രചിച്ചിട്ടുണ്ട്. കെആർ നാരായണൻ, എപിജെ അബ്‌ദുൽ കലാം എന്നിവരുടെയുൾപ്പെടെ നൂറ്റിപ്പത്തോളം പുസ്തകങ്ങൾ വിവർത്തനം ചെയ്‌തിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാർഡ്, സംസ്ഥാന ബാലസാഹിത്യ അവാർഡ്, അയ്യപ്പപണിക്കർ അവാർഡ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കന്യാകുമാരി മലയാള അക്ഷരലോകം അവാർഡ്, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ സീനിയർ ഫെല്ലോഷിപ്പ് എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
കൂടുതൽ പുസ്‌തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും സ്ഥാനം നേടി. 2021 ൽ ഗിന്നസ് റിക്കാഡിലും ഇടംപിടിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

by Midhun HP News | Nov 6, 2024 | Latest News, ജില്ലാ വാർത്ത
പിവി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പോലീസ് കേസെടുത്തത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അൻവറും പ്രവർത്തകരും ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഇന്നലെ രാവിലെ 9.30നാണ് അൻവറും കോൺഗ്രസ് വിമത സ്ഥാനാർഥി എൻ കെ സുധീറും സംഘം ചേർന്ന് താലൂക്ക് ആശുപത്രിയിലെത്തിയത്.

by Midhun HP News | Nov 6, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇടുങ്ങിയ റോഡുകളിലും വളവുകളിലും ദേശീയ പാതകളിലും വിപരീത ദിശയിൽ ‘Carriage Way’യിലേയ്ക്ക് തള്ളി നിൽക്കുന്ന വിധത്തിൽ സ്വന്തം സൗകര്യം മാത്രം നോക്കി ഇരുചക്രവാഹനം പാർക്ക് ചെയ്യുന്നത് ഒരു ശീലമാണ്. സുഗമമായ ട്രാഫിക്കിന് ഇത് വലിയ അസൗകര്യമാണ് ഉണ്ടാക്കുന്നതെന്ന് കേരള മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.
‘ഈ ‘കൈയ്യേറ്റം’, ഞാൻ എൻ്റെ സൗകര്യം എൻ്റെ കാര്യം എന്ന സ്വാർത്ഥചിന്തയുടെ പ്രദർശനമാണ്. ഇത് മറ്റുള്ള വാഹന യാത്രക്കാർക്കുണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. സുഗമമായ ഗതാഗതത്തിനും ഡ്രൈവിംഗിനും പരോക്ഷമായി വൈവിദ്ധ്യമാർന്ന അപകടങ്ങൾക്കും മാത്രമല്ല ഈ അശ്രദ്ധസ്വഭാവം കാരണമാകുന്നത്. അനാവശ്യമായ ട്രാഫിക് ബ്ലോക്കുകൾ അതുമൂലമുണ്ടാകുന്ന സമയനഷ്ടം, ഇന്ധന നഷ്ടം, ധനനഷ്ടം ഒക്കെ ദേശീയ നഷ്ടം തന്നെയാണ്’ – മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറിപ്പ്:
അണ്ണാറക്കണ്ണനും തന്നാലായത്
ഇടുങ്ങിയ റോഡുകളിലും വളവുകളിലും ദേശീയ പാതകളിലും ഇത്തരത്തിൽ ട്രാഫിക്കിന് വിപരീത ദിശയിൽ Carriage Way യിലേയ്ക്ക് തള്ളി നിൽക്കുന്ന വിധത്തിൽ സ്വന്തം സൗകര്യം മാത്രം നോക്കി ഇരുചക്രവാഹനം പാർക്ക് ചെയ്യുന്നത് മലയാളിയുടെ ഒരു ശീലമാണ്. സുഗമമായ ട്രാഫിക്കിന് ഇതുണ്ടാക്കുന്ന അസൗകര്യം എത്രത്തോളമാണെന്നത്, അനുഭവമില്ലാത്ത ഒരു മലയാളി ഈ കേരനാട്ടിൽ ഉണ്ടാവില്ല
ഈ ‘കൈയ്യേറ്റം’, ഞാൻ എൻ്റെ സൗകര്യം എൻ്റെ കാര്യം എന്ന സ്വാർത്ഥചിന്തയുടെ പ്രദർശനമാണ്. ഇത് മറ്റുള്ള വാഹന യാത്രക്കാർക്കുണ്ടാക്കുന്ന അപകടങ്ങളും കുറവല്ല.
സുഗമമായ ഗതാഗതത്തിനും ഡ്രൈവിംഗിനും പരോക്ഷമായി വൈവിദ്ധ്യമാർന്ന അപകടങ്ങൾക്കും മാത്രമല്ല ഈ അശ്രദ്ധസ്വഭാവം കാരണമാകുന്നത്. അനാവശ്യമായ ട്രാഫിക് ബ്ലോക്കുകൾ അതുമൂലമുണ്ടാകുന്ന സമയനഷ്ടം ഇന്ധന നഷ്ടം ധനനഷ്ടം ഒക്കെ ദേശീയ നഷ്ടം തന്നെയാണ്.
കൂടാതെ ഡ്രൈവിംഗിലെ അത്യാവശ്യ മനോനിലയായ സമചിത്തതയ്ക്കും ക്ഷമയ്ക്കും ക്ഷമതയ്ക്കും ഉണ്ടാക്കുന്ന കോട്ടം, വാഹനങ്ങൾക്കും റോഡുകൾക്കുമുണ്ടാക്കുന്ന തേയ്മാനം ക്ഷതം, പരിസ്ഥിതിയ്ക്കുണ്ടാക്കുന്ന ആഘാതം ഒക്കെ പലതുള്ളി പെരുവെള്ളം എന്ന കണക്കെ അധികരിക്കുന്ന കാണാപ്പുറങ്ങളുമാണ്.
അണ്ണാറക്കണ്ണനും തന്നാലായത്. ഈയൊരു ചെറിയ ശീലം മാറ്റുന്നതിന് ഒരു നയാപൈസയുടെ നഷ്ടമില്ല ലാഭിക്കുന്നതോ രാജ്യത്തിൻ്റെ തന്നെ കോടിക്കണക്കിന് സമ്പത്തിൻ്റെ വ്യയവും അപകടദുരന്തങ്ങളും വിലപ്പെട്ട ജീവനുകളും ഭാവിതലമുറകൾക്കുള്ള പരിസ്ഥിതിയേയും ആണ് …..!! ചിന്തിക്കുക
ഈ ദുഃശീലം മാറ്റുക
മാറ്റാൻ പരിശീലിക്കുക
വീണ്ടും ഓർമ്മിപ്പിക്കട്ടെ.
”പലതുള്ളി പെരുവെള്ളം“
അണ്ണാറക്കണ്ണനും തന്നാലായത് –
നമുക്കൊന്നായ് നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം
by Midhun HP News | Nov 6, 2024 | Latest News, കായികം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ ദിനം 646 പോയിന്റുമായി തിരുവനന്തപുരം മുന്നില്‍. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്. ഒളിംപിക്‌സ് മാതൃകയില്‍ നടത്തുന്ന കായിക മേളയില്‍ ഭിന്നശേഷി വിഭാഗത്തിലെ അത്ലറ്റിക്സ്സ്, ഗെയിംസ് മത്സരങ്ങള്‍ നടന്നു.
ആദ്യ ദിനത്തില്‍ ട്രാക്കിലും ഫീല്‍ഡിലും മൂന്ന് മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്. 14 വയസിന് മുകളിലുള്ള കുട്ടികളുടെ മിക്‌സഡ് സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പില്‍ തിരുവനന്തപുരം സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ പാലക്കാട് വെള്ളിയും പത്തനംതിട്ട വെങ്കലവും സ്വന്തമാക്കി.
കായികമേളയിലെ ആദ്യ മീറ്റ് റെക്കോര്‍ഡ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ തിരുവനന്തപുരത്തിന്റെ മോഗം തീര്‍ഥു സമദേവ് നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് നീന്തലില്‍ തിരുവനന്തപുരത്തിന്റെ അഭിനവ് എസും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് നീന്തലില്‍ കണ്ണൂരിന്റെ ദേവിക കെയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.
by Midhun HP News | Nov 6, 2024 | Latest News, ജില്ലാ വാർത്ത
പാലക്കാട്: തനിക്കെതിരെ പരാതി കിട്ടിയതായി പൊലീസ് പറഞ്ഞിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് അര്‍ധരാത്രിയില്‍ യുഡിഎഫ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് നടത്തിയ പരിശോധനയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. ബിജെപിയും സിപിഎമ്മും ഒരുമിച്ച് ഇത് ചെയ്യണമെങ്കിൽ ആസൂത്രിതമായ ഗൂഢാലോചനയില്ലേയെന്നും രാഹുൽ ചോദിച്ചു. ഗൂഢാലോചനയൊക്കെ പരാജയഭീതി മൂലമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും പാലക്കാട്ടെ ജനത 20-ാം തീയതി പ്രതികരിക്കുമെന്നും രാഹുല്‍ പറഞ്ഞു.
“എനിക്കെതിരെ എന്തെങ്കിലും പരാതിയുണ്ടോയെന്ന് ഞാൻ നോർത്ത് സർക്കിൾ ഇൻസ്പെക്ടറെ വിളിച്ച് ചോദിച്ചു. പരാതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിലാണോ, ഒന്നുമില്ലെന്നാണ് പറഞ്ഞത്. പതിവ് പരിശോധനയാണ്. നഗരത്തിലെ എല്ലാ ഹോട്ടലുകളും പരിശോധിക്കുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞൊരു വിഷയം പെട്ടെന്ന് എന്റെ നേർക്ക് തിരിച്ചു വിടണമെന്നുണ്ടെങ്കിൽ അതിനകത്ത് ആസൂത്രിതമായൊരു ഗൂഢാലോചനയില്ലേ.
ബിജെപിയും സിപിഎമ്മും ഒരുമിച്ച് അത് ചെയ്യണമെങ്കിൽ ആസൂത്രിതമായ ഗൂഢാലോചനയില്ലേ. ഗൂഢാലോചനയൊക്കെ പരാജയഭീതി മൂലമാണ്. പരാജയം അവർ ഉറപ്പിച്ചു. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. അനധികൃതമായിട്ടുള്ള പണം തടയാൻ വേണ്ടിയിട്ടാണ് നടത്തിയതെങ്കിൽ സിപിഎം നേതാക്കളുടെ മുറിയും പരിശോധിച്ചിട്ടുണ്ട്. അനധികൃതമായി സിപിഎം നേതാക്കൻമാർ പണം കടത്തുന്നുവെന്ന ആക്ഷേപവുമുണ്ട്.
വനിതാ പൊലീസുമായി വരണമെന്ന് പറയുന്നത് എങ്ങനെയാണ് തടസപ്പെടുത്തുന്നത് ആകുന്നത്. വനിതാ പൊലീസില്ലാതെ വനിതകൾ ഒറ്റയ്ക്ക് താമസിക്കുന്ന മുറിയിലേക്ക് കടന്നുവരുന്നത് ശരിയാണോ. സാമാന്യ നീതിയുടെ ലംഘനമല്ലെ അത്. അവർ അവിടുന്ന് ഒളിച്ചോടി പോയിട്ടൊന്നുമില്ലല്ലോ. മുൻ എംഎൽഎ ആണെന്ന് പറഞ്ഞ് മുറി തുറന്നു കൊടുക്കാറുണ്ടോ. കൊള്ളരുതായ്മകളെ ന്യായീകരിക്കണമെന്ന ബാധ്യത സിപിഎമ്മിനും ബിജെപിക്കുമുണ്ട്.
മാധ്യമപ്രവർത്തകർ ഈ ചോദ്യങ്ങൾ അവരോടാണ് ചോദിക്കേണ്ടത്. കെകെ ഷൈലജയുടെ മുറിയിൽ നാല് പൊലീസുകാർ ഇങ്ങനെ കയറിയാൽ, അവർ ആ പൊലീസ് സ്റ്റേഷൻ കത്തിക്കത്തില്ലേ. പരാജയം ഉറപ്പിച്ചിട്ട് എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ. ഇതൊക്കെ ജനം കാണുന്നുണ്ട്. പാലക്കാട്ടെ ജനത 20-ാം തീയതി പ്രതികരിക്കും. സ്ഥാനാർഥിയെന്ന നിലയിൽ എനിക്കെതിരെ അടിസ്ഥാനരഹിതമായി ഒരു ആരോപണം ഉന്നയിച്ചാൽ ഞാൻ നിയമപരമായി നേരിടും.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായിട്ടുള്ള പരാതിയാണെങ്കിൽ എന്തിനാണ് ബിജെപി നേതാക്കളുടെ മുറി റെയ്ഡ് ചെയ്യുന്നത്. ഈ സ്ക്രിപ്റ്റ് പാളിപ്പോയതാണ്. അല്ലെങ്കിൽ റഹീമിനും പ്രഫുല്ലിനും അബദ്ധം പറ്റില്ലായിരുന്നു. കോൺഗ്രസിന്റെ ഭാഗത്തു നിന്ന് ഒരു തടസവും ഉണ്ടായിട്ടില്ല. പൊലീസിന് വേണമെങ്കിൽ എന്റെ ഫോൺ റെക്കോർഡുകൾ പരിശോധിക്കാം. “- രാഹുൽ പറഞ്ഞു.
by Midhun HP News | Nov 6, 2024 | Latest News, ജില്ലാ വാർത്ത
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് മാമാങ്കത്തിനു തിരികൊളുത്തുന്നു. സ്വയംവര സിൽക്‌സ് അവതരിപ്പിക്കുന്ന ചലഞ്ചേഴ്സ് കപ്പ് 2024 ഡിസംബർ 13,14,15 തീയതികളിൽ ആറ്റിങ്ങൽ ഗവൺമെന്റ കോളേജ് ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിക്കുന്നു..
ടൂർണമെന്റിന്റെ ഒന്നാം സമ്മാനമായ 1,11,111/- രൂപ സ്പോൺസർ ചെയ്യുന്നത് സിറ്റി മൊബൈൽ, ബ്ലൂ കൂൾ & സൺ ഓഡിറ്റോറിയം
രണ്ടാം സമ്മാനമായ 55,555/- രൂപ സ്പോൺസർ ചെയ്യുന്നത് ആനോൺ ഹോംസ് & വിശ്വാസ് മെഡിക്കൽസ്
സെമിഫൈനലിസ്റ്റ് ക്യാഷ് പ്രൈസായ 11,111/- രൂപ സ്പോൺസർ ചെയ്യുന്നത് ഫിസ മെൻസ് വെയർ & സിഗ്നേചർ സ്പോർട്സ്
ക്വാർട്ടർ ഫൈനൽ എത്തുന്ന ടീമുകളുടെ സമ്മാനതുകയായ 5,555/- രൂപ സ്പോൺസർ ചെയ്യുന്നത് എ വി മോട്ടോഴ്സ് & സഞ്ചു ട്രാവൽസ്
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ചലഞ്ചേഴ്സ് കപ്പ് തത്സമയം വീക്ഷിക്കുന്നതിന് ‘YouTube Live’ സ്പോൺസർ ചെയ്യുന്നത് സ്വയംവര സിൽക്‌സ്.
Recent Comments