പത്മനാഭ സ്വാമി ക്ഷേത്രത്തിന് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

പത്മനാഭ സ്വാമി ക്ഷേത്രത്തിന് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്നാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷത്തെ നികുതി കുടിശ്ശികയാണ് ഇത്. ജിഎസ്ടിയിൽ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് നോട്ടീസ്.

ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നൽകുന്ന വസ്ത്രങ്ങളിൽ നിന്നുള്ള തുക, ചിത്രങ്ങളും ശിൽപ്പങ്ങളും വിൽക്കുന്നതിൽ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നൽകുന്നതിൽ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടിവി വകുപ്പ് പറയുന്നത്. നികുതി അടയ്ക്കുന്നില്ലെന്ന രഹസ്യ വിവരത്തെ തുടർന്ന് മതിലകം ഓഫീസിൽ പരിശോധന നടത്തിയിരുന്നു.

എന്നാൽ ക്ഷേത്രത്തിന് പല ഇളവുകള്‍ ഉണ്ടെന്നും ഈ കാലയളവിൽ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രണമെന്നാണ് ക്ഷേത്രം വിശദീകരണം നൽകിയത്. മൂന്ന് ലക്ഷം ജിഎസ്ടി അടച്ചതായും മറുപടി നൽകി. ഈ മറുപടി തള്ളിയാണ് കഴിഞ്ഞ മാസം വീണ്ടും നോട്ടീസ് നൽകിയത്.

1.57 കോടി രൂപ നികുതി അടയ്ക്കണമെന്നാണ് നോട്ടീസ്. 2017 മുതലുള്ള ഏഴ് വർഷത്തെ കുടിശികയാണിത്. തുക അടച്ചില്ലെങ്കിൽ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസിൽ പറയുന്നു. ഭരണസമിതി അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന കുടിശികയിൽ 77 ലക്ഷം വീതം കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ക്ക് ലഭിക്കേണ്ട ജിഎസ്ടി വിഹിതമാണ്. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന പ്രളയ സെസാണ്.

അഞ്ചുതെങ്ങ് കേന്ദ്രീകരിച്ചു അനധികൃത മദ്യവില്പന നടത്തുന്നതിൽ പ്രധാനിയെ  എക്സ്സൈസ് സംഘം പിടികൂടി

അഞ്ചുതെങ്ങ് കേന്ദ്രീകരിച്ചു അനധികൃത മദ്യവില്പന നടത്തുന്നതിൽ പ്രധാനിയെ എക്സ്സൈസ് സംഘം പിടികൂടി

അഞ്ചുതെങ്ങ് കേന്ദ്രീകരിച്ചു അനധികൃത മദ്യവില്പന നടത്തുന്നതിൽ പ്രധാനിയായ കായിക്കര മൂലയിൽതോട്ടം മൂർത്തൻവിളാകം വീട്ടിൽ സുന്ദരൻ മകൻ സുജിത് (32 വയസ്) എന്ന മുൻ അബ്കാരി കേസുകളിലെ പ്രതിയെ അനധികൃതമദ്യവില്പനയ്കിടെ ചിറയിൻകീഴ് എക്സ്സൈസ് പിടികൂടി. എക്സ്സൈസ് പാർട്ടിയെ കണ്ടു വാഹനവും മദ്യവും ഉപേക്ഷിച്ചു ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് എക്സ്സൈസ് ഉദ്യോഗസ്ഥർ കീഴടക്കിയത്.

സുജിത്തിന്റെ മദ്യവില്പനയെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ എക്സ്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു. മദ്യവില്പന നടത്തികൊണ്ടിരുന്ന ഇയാളിൽ നിന്നും 40 കുപ്പി വിദേശമദ്യവും മദ്യവിൽപനയ്ക്കായ് മദ്യം സൂക്ഷിച്ചിരുന്ന KL 16 A B 1132 ഡിയോ 125 സ്കൂട്ടറും മദ്യം വിറ്റ വകയിൽ കിട്ടിയ പണവും ഇയാളിൽ നിന്നും പിടിച്ചെടുത്തു. സുജിത്തിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എക്സ്സൈസ് ഇൻസ്‌പെക്ടർ ദീപുക്കുട്ടന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ കെ. ഷിബുകുമാർ, പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഹാഷിം, ദേവിപ്രസാദ്, സിവിൽ എക്സ്സൈസ് ഓഫീസർമാരായ വൈശാഖ്, ശരത്ബാബു, എക്സ്സൈസ് ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ ഉൾപ്പെട്ട എക്സ്സൈസ് ടീം ആണ് പ്രതിയെ പിടികൂടിയത്.

ഐ എം എ വെഞ്ഞാറമൂട് ബ്രാഞ്ച് വാർഷിക ജനറൽ ബോഡി യോഗം നടന്നു

ഐ എം എ വെഞ്ഞാറമൂട് ബ്രാഞ്ച് വാർഷിക ജനറൽ ബോഡി യോഗം നടന്നു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വെഞ്ഞാറമൂട് ബ്രാഞ്ച് വാർഷിക ജനറൽ ബോഡി യോഗം വെഞ്ഞാറമൂട് നക്ഷത്ര റസിഡൻസിയിൽ നടന്നു. ഐ എം എ വെഞ്ഞാറൂട് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ: സതീഷ് കുമാർ സി അധ്യക്ഷത വഹിച്ചു. ഐ എം എ സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ: ജോസഫ് ബെനവൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ: മനോജൻ കെ കെ മുഖ്യാധിതിയിരുന്നു. ഐ എം എ മുൻ നാഷണൽ പ്രസിഡൻ്റ് ഡോ: മാർത്താഡൻ പിള്ള, ഐ എം എ മുൻ സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ: സുൽഫി നൂഹു, ഡോ. ശ്യാംലാൽ, ഡോ: ശ്രീജിത്, ഡോ: രാമു ഉണ്ണിത്താൻ, ഡോ: ബെന്നി എന്നിവർ പ്രസംഗിച്ചു.
ഡോ: നിജു സ്വാഗതവും ഡോ: സതീഷ് എം നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഡോ: സതീഷ് കുമാർ സി പ്രസിഡൻ്റ്. ഡോ: സതീഷ് എം സെക്രട്ടറി. ഡോ: രാമു ഉണ്ണിത്താൻ ട്രഷർ എന്നിവരെ തെരഞ്ഞെടുത്തു.

വാഹനാപകടത്തിൽ പൊലീസുകാരന് ദാരുണാന്ത്യം

വാഹനാപകടത്തിൽ പൊലീസുകാരന് ദാരുണാന്ത്യം

പാലോട് വാഹനാപകടത്തിൽ പൊലീസുകാരന് ദാരുണാന്ത്യം. പെരിങ്ങമ്മല കാട്ടിലക്കുഴി സ്വദേശി കാർത്തിക് (29) ആണ് മരിച്ചത്. പാലോട് പെരിങ്ങമ്മല റോഡിലെ പാപ്പനംകോട് വെച്ച് സ്വകാര്യ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ കാർത്തിക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തൃശ്ശൂർ ടെമ്പിൾ സ്റ്റേഷനിലെ പൊലിസുകാരനാണ് കാർത്തിക്.

ഗ്രീഷ്മ കഷായത്തിൽ കലക്കിയത് പാരക്വിറ്റ് കളനാശിനി

ഗ്രീഷ്മ കഷായത്തിൽ കലക്കിയത് പാരക്വിറ്റ് കളനാശിനി

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്താൻ ​ഗ്രീഷ്മ കഷായത്തിൽ കലക്കിയത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റ്. ഡോക്ടർമാരുടെ സംഘമാണ് കോടതിയിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ഏത് കളനാശിനി നൽകിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നതു സംബന്ധിച്ച് നേരത്തെ വ്യക്തതയില്ലായിരുന്നു.

നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ എം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കൽ കോളജിലെ വിദഗ്ധരായ ഡോക്ടർമാർ മൊഴി നൽകിയത്. വിഷം ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ അരുണ കോടതിയിൽ വിശദീകരിച്ചു.

2022 ഒക്ടോബർ 14-നാണ് ഗ്രീഷ്മ ആൺസുഹൃത്തായ ഷാരോൺരാജിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. വിഷം നൽകുന്നതിന് മണിക്കൂറുകൾക്ക് മുൻപ്‌ ഗ്രീഷ്മ പാരക്വിറ്റ് എങ്ങനെയാണ് മനുഷ്യശരീരത്തിൽ പ്രവർത്തിക്കുന്നതെന്ന് ഇന്റർനെറ്റിൽ തിരഞ്ഞു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് മനസിലാക്കി. ഗ്രീഷ്മ വിഷത്തേക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞതിന്റെ തെളിവ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

ഷാരോണിന് വിഷം കലർത്തി നൽകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഗ്രീഷ്മ ജ്യൂസ് ചലഞ്ച് എന്ന പേരിൽ പാരസെറ്റമോൾ ഗുളികകൾ കലർത്തിയ പഴച്ചാർ നൽകിയിരുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇത് ചെയ്തത്. ഇത് നൽകുന്നതിന് മുൻപും ഗ്രീഷ്മ പലപ്രാവശ്യം ഇന്റർനെറ്റിൽ തിരഞ്ഞിരുന്നു. ഗ്രീഷ്മയ്ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനൽകിയത് മൂന്നാം പ്രതിയായ അമ്മാവൻ നിർമൽകുമാറാണ്. ഷാരോണിന് നൽകിയ വിഷത്തിന്റെ കുപ്പിയും മറ്റുതെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പാറശ്ശാല സമുദായപ്പറ്റ് സ്വദേശിയായ ഷാരോൺ രാജും തമിഴ്‌നാട്ടിലെ ദേവിയോട് സ്വദേശിനിയായ ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് ആർമി ഉദ്യോഗസ്ഥന്റെ വിവാഹാലോചന വന്നു. ഗ്രീഷ്മയുടെ ജാതകപ്രകാരം ആദ്യ ഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഷാരോണിനെ താലികെട്ടിയശേഷം കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയത്. ഗ്രീഷ്മ ഒന്നാം പ്രതിയും അമ്മ സിന്ധു രണ്ടാം പ്രതിയും അമ്മാവൻ നിർമൽകുമാർ മൂന്നും പ്രതിയുമാണ്.

വർക്കല ഏണിക്കൽ ബീച്ചിൽ രണ്ട് യുവാവക്കൾ കടലിൽ കുളിക്കവേ തിരയിൽപ്പെട്ടു; ഒരാളെ കാണാതായി

വർക്കല ഏണിക്കൽ ബീച്ചിൽ രണ്ട് യുവാവക്കൾ കടലിൽ കുളിക്കവേ തിരയിൽപ്പെട്ടു; ഒരാളെ കാണാതായി

വർക്കല ഏണിക്കൽ ബീച്ചിൽ കർണാടക സ്വദേശികളായ രണ്ട് യുവാവക്കൾ കടലിൽ കുളിക്കവേ തിരയിൽപ്പെട്ടു. ഒരാളെ തമിഴ്നാട് സ്വദേശികൾ രക്ഷപ്പെടുത്തി.
മറ്റൊരാൾ കടലിൽ മുങ്ങി താഴ്ന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കർണാടക സ്വദേശി നെൽസൺ(26) നെ കാണാതായി. ഉത്തർ പ്രദേശ് സ്വദേശി ക്വസിമന്യൂമാൻ (24) നെ ശിവഗിരി ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഐ. ടി മേഖലയിൽ പ്രവർത്തിക്കുന്ന നാല് പേര് അടങ്ങുന്ന സുഹൃത്തുക്കൾ ഇന്നലെയാണ് വർക്കലയിൽ എത്തിയത്. ഫയർ ഫോഴ്‌സും വർക്കല പൊലീസും രക്ഷ പ്രവർത്തനം നടത്തി.