എഡിഎമ്മിന്റെ മരണത്തിൽ അവ്യക്തത നീങ്ങാതെ ജില്ലാ കളക്ടറുടെ മൊഴി

എഡിഎമ്മിന്റെ മരണത്തിൽ അവ്യക്തത നീങ്ങാതെ ജില്ലാ കളക്ടറുടെ മൊഴി

എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ അവ്യക്തത നീങ്ങാതെ ജില്ലാ കളക്ടറുടെ മൊഴി. തെറ്റുപറ്റിയെന്ന് നവീൻ ബാബു യാത്രയയപ്പ് ചടങ്ങിനു ശേഷം പറഞ്ഞുവെന്ന കളക്ടർ അരുൺ കെ വിജയന്റെ മൊഴി ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണറുടെ റിപ്പോർട്ടിലുമുണ്ട്. നേരത്തെ പോലീസിനും സമാനമൊഴിയാണ് നൽകിയിരുന്നത്. എന്നാൽ എന്താണ് തെറ്റെന്ന വിശദീകരണം മൊഴിയിൽ ഇല്ല.
ഇതോടെ കളക്ടറുടെ മൊഴി വീണ്ടുമൊടുക്കുന്നത് അന്വേഷണസംഘം പരിഗണിച്ചേക്കും.

അതേസമയം കസ്റ്റഡിയിലെ ചോദ്യംചെയ്യലിൽ ബിനാമി ആരോപണം പി പി ദിവ്യ നിഷേധിച്ചു. പെട്രോൾ പമ്പിന് അംഗീകാരം ലഭിക്കാൻ കൈക്കൂലി നൽകിയെന്ന് അവകാശപ്പെട്ട ടിവി പ്രശാന്തനുമായി മുൻ പരിചയമില്ലെന്ന് മൊഴി.

ജില്ലാ പഞ്ചായത്തിലെ നിക്ഷേപക സഹായ ഡെസ്കിൽ വന്ന അപേക്ഷകനാണ് പ്രശാന്ത് എന്നും വാദം. കളക്ടർ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്തതെന്ന മൊഴിയും പി പി ദിവ്യ ആവർത്തിച്ചു.

കേരളപിറവിദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

കേരളപിറവിദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം ബി ആർ സി കിളിമാനൂരിൻ്റെ നേതൃത്വത്തിൽ വിഭിന്നശേഷി വിദ്യാർഥികളുടെ കലാ സന്ധ്യയും കുടുംബ സംഗമവും സംഘടിപ്പിച്ചു. വൈകുന്നേരം 3 മണിമുതൽ രാജാരവിവർമ്മ സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന കേളികൊട്ട് 2024 പരിപാടി സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. ബി നജീബ് ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് പരിപാടികൾ സംഘടിപ്പിച്ചത്. രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ രുചിമേളം -2024 ഭക്ഷ്യമേളയും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കൊട്ടറ മോഹൻകുമാർ, റൊട്ടറി ക്ലബ് ഗവർണർ കെ ജി പ്രിൻസ്, കിളിമാനൂർ എ ഇ ഒ പ്രദീപ് വി എസ് എന്നിവർ സംസാരിച്ചു. ബിപിസി നവാസ് കെ അധ്യക്ഷത വഹിച്ചു. ട്രെയിനർ വിനോദ് സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ മഞ്ജു മാത്യു നന്ദിയും പറഞ്ഞു.ട്രെയിൻർമാർ, ക്ലസ്സ്റ്റർ കോർഡിനേറ്റർസ് സ്പെഷ്യൽ എഡ്യൂക്കേറ്റർസ് സെപ്ഷ്യലിസ്റ്റ് അധ്യാപകർ മറ്റ് ബി ആർ സി പ്രവർത്തകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ആറ്റിങ്ങൽ നഗരസഭ കൗൺസിലറുടെ വീട്ടിനു നേരേ ആക്രമണം

ആറ്റിങ്ങൽ നഗരസഭ കൗൺസിലറുടെ വീട്ടിനു നേരേ ആക്രമണം

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ കൗൺസിലറുടെ വീട്ടിനു നേരേ ആക്രമണം. ആറ്റിങ്ങൽ നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡ് കൗൺസിലർ കെ. ജെ. രവികുമാറിന്റെ വീടിനു നേരേ വെള്ളിയാഴ്ച വെളുപ്പിന് നാലുമണിയ്ക്കാണ് ആക്രമണം നടന്നത്. വീടിന്റെ താഴത്തെ നിലയിലെ മുറിയിലെ ജനലിന്റെ ഗ്ലാസ്‌ അടിച്ചു തകർത്തു. ശബ്ദം കേട്ട് വീട്ടിലുളളവർ ഉണർന്നപ്പോൾ ആക്രമി ഓടി രക്ഷപെട്ടു. ഒരുമാസം മുമ്പ് വീട്ടിൽ ആളില്ലാത്ത സമയത്തു മുകളിലത്തെ നിലയിലെ മുൻ വശത്തെ ജന്നൽ എറിഞ്ഞു തകർത്തിരുന്നു. കൗൺസിലർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്  ആൻഡ് ടെക്നോളജി ബിരുദധാന ചടങ്ങ് സംഘടിപ്പിച്ചു

രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ബിരുദധാന ചടങ്ങ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ (RIET) ബിരുദധാന ചടങ്ങ് ഡോ. രാജു നാരായണസ്വാമി.ഐ.എ.എസ് നിർവഹിച്ചു. കോളേജ് ചെയർമാൻ ഡോ. ബിജു രമേശിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, വൈസ് ചെയർമാൻ RIET അജയ് കൃഷ്ണ പ്രകാശ് സന്നിഹിതനായിരുന്നു. പ്രിൻസിപ്പൽ ഡോ. എസ്. സുരേഷ് ബാബു സ്വാഗതം ആശംസിക്കുകയും, ബിരുദധാന ചടങ്ങിലെ മുഖ്യ അതിഥിയായ ഡോ. രാജു നാരായണ സ്വാമി, കുട്ടികൾ ബിരുദ ജ്ഞാനം ഉൾക്കൊണ്ട് കാലാനുസൃതമായി പ്രവർത്തിക്കാൻ കഴിയേണ്ടുന്ന ആവശ്യകതയെ കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു. രാജധാനി ബിസിനസ് സ്കൂൾ ഡയറക്ടർ പ്രൊഫസർ. രജിത് കരുണാകരൻ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാവാജകം ചൊല്ലി കൊടുക്കുകയും, കോളേജ് ചെയർമാനും, വൈസ് ചെയർമാനും, കോളേജിന്റെ വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളും കൂടി വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും, മെഡലുകളും വിതരണം ചെയ്തു.

രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ബിജു രമേശ് ചടങ്ങിലെ മുഖ്യ അതിഥിയെയും, കോളേജിൽ കഴിഞ്ഞവർഷം മികച്ച സേവനം കാഴ്ചവച്ച അധ്യാപകരെയും ആദരിച്ചു. ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. മഹേഷ് കൃഷ്ണ, കോളേജ് വൈസ് പ്രിൻസിപ്പലും, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ് മേധാവിയും, രാജധാനി പോളിടെക്നിക് കോളേജ് പ്രിൻസിപ്പലുമായ ഡോ. സംഗീത ഷിബു എന്നിവർ വിദ്യാർത്ഥികൾക്ക് അനുഗ്രഹ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

മെക്കാനിക്കൽ എൻജിനീയറിങ് വകുപ്പ് മേധാവിയായ ഡോ. ബിന്ദു. എസ് എസ്, ചടങ്ങിൽ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും, RIET വൈസ് ചെയർമാൻ അജയ് കൃഷ്ണ പ്രകാശ് വിരുദ്ധദാന ചടങ്ങുകളുടെ സമാപനം കുറിക്കുകയും ചെയ്തു. ബിരുദധാന ദിനം വിദ്യാർത്ഥികളുടെ ഭാവി ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായത്തിന്റെ ആഹ്ലാദവും പ്രതീക്ഷയും നിറഞ്ഞതായി ഈ ദിനം മാറി.

ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി അനുവദിച്ചു; ബുധനാഴ്ച മുതല്‍ വിതരണം

ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി അനുവദിച്ചു; ബുധനാഴ്ച മുതല്‍ വിതരണം

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപവീതം ലഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം ഒക്ടോബര്‍ 21നാണ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചത്. രണ്ടാഴ്ച തികയും മുന്‍പാണ് അടുത്ത ഗഡു കേരളപ്പിറവി ദിനത്തില്‍ അനുവദിച്ചത്.

ബുധനാഴ്ച മുതല്‍ തുക പെന്‍ഷന്‍കാര്‍ക്ക് കിട്ടിത്തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചു മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നശേഷം 33,000 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചത്.

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യെല്ലോ അലര്‍ട്ട്:

01/11/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം

02/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്

03/11/2024: തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍:

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ഡ്രൈവര്‍ പുറത്തുപോയപ്പോള്‍ ഓടിക്കാന്‍ ശ്രമിച്ചു; ജെസിബി മറിഞ്ഞ് അടിയില്‍ കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക.

അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത മുന്നില്‍ കാണണം. ജലാശയങ്ങള്‍ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്.

സ്വകാര്യ പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.