by Midhun HP News | Oct 31, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: കോട്ടയത്ത് നടന്ന വാഹനാപകടത്തിൽ കിളിമാനൂർ സ്വദേശിയായ ഇമാം മരണപ്പെട്ടു. കിളിമാനൂർ, പുതിയകാവ്, ശിശു വിഹാർ സ്കൂളിന് സമീപം കണ്ണങ്കര ഹസൻ മനസ്സിലിൽ മുഹമ്മദ് അസ്ലാം (54) ആണ് മരണപ്പെട്ടത്. കോട്ടയം ചിങ്ങവനം ദേശീയപാതയിൽ നാട്ടകത്തിനും ചിങ്ങവനത്തിനും ഇടയിൽ നാട്ടകം പഞ്ചായത്ത് ഓഫീസിന് സമീപത്തായി ഇന്നലെ രാത്രി 7. 30 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
മുഹമ്മദ് അസ് ലാം സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം (ബുള്ളറ്റ്) നിയന്ത്രണം നഷ്ടമായി സമീപത്തെ മതിൽക്കെട്ടിൽ ഇടിച്ചാണ് അപകടം ഉണ്ടാതെന്നും ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതര പരുക്ക് പറ്റിയ മുഹമ്മദ് അസ് ലാം സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചിങ്ങവനം പോലീസ് മൃതദേഹം കോട്ടയം ജില്ല ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മുഹമ്മദ് അസ് ലാംമിന്റെ പക്കൽ നിന്നും ലഭിച്ച ആധാർ കാർഡ്, പാൻ കാർഡ് എന്നിവ പരിശോധിച്ച ചിങ്ങവനം പോലീസ് കിളിമാനൂർ സ്വദേശിയാണെന്ന് തിരിച്ചറിയുകയും കിളിമാനൂർ പോലീസുമായി ബന്ധപ്പെടുകയുമായിരുന്നു. കിളിമാനൂർ പോലീസ് വിവരമറിയിച്ച തുടർന്ന് ബന്ധുക്കൾ കോട്ടയത്തേക്ക് തിരിച്ചു.
അടൂർ നൂറനാട് മുസ്ലിം ജമാഅത്തിൽ ഇമാമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു മുഹമ്മദ് അസ്ലാം. പോലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്നുതന്നെ സ്വവസതിയിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഖബറടക്കം പാങ്ങോട് കൊച്ചാലുംമൂട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ – മാജിതാ ബീവി
മക്കൾ- മുഹമ്മദ് ഹസ്സൻ, മുഹമ്മദ് ഹുസൈൻ

by Midhun HP News | Oct 31, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിന് കൂടുതല്‍ വന്ദേഭാരത് റാക്കുകള്‍ ഉടന്‍ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി റെയില്‍വേ സൂചിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്.
ഒരെണ്ണം തിരുവനന്തപുരം-മംഗലാപുരം റൂട്ടിലും മറ്റൊന്ന് തിരുവനന്തപുരം- കാസര്‍കോട് റൂട്ടിലുമാണ് സര്‍വീസ് നടത്തുന്നത്. പുതിയ റാക്കുകള്‍ എത്തുന്നതോടെ, എട്ടു കോച്ചുകളുള്ള മംഗലാപുരം വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം 16 ആയി വര്‍ധിക്കും. നിലവില്‍ 16 കോച്ചുകളുള്ള തിരുവനന്തപുരം- കാസര്‍കോട് ട്രെയിനില്‍ നാലു കോച്ചുകള്‍ കൂട്ടിച്ചേര്‍ത്ത് 20 കോച്ചുകളായി വര്‍ധിപ്പിക്കും.
നിലവില്‍ തിരുവനന്തപുരത്തു നിന്നും മംഗലാപുരം വരെ വന്ദേഭാരത് ട്രെയിന്‍ 8 മണിക്കൂര്‍ 35 മിനിറ്റുകൊണ്ടാണ് സര്‍വീസ് നടത്തുന്നത്. സമാന റൂട്ടില്‍ ഓടുന്ന ട്രെയിനുകള്‍ 12 മണിക്കൂര്‍ 50 മിനിറ്റ് എടുക്കുമ്പോഴാണ് വന്ദേഭാരത് കുറഞ്ഞ സമയം കൊണ്ട് സര്‍വീസ് പൂര്‍ത്തിയാക്കുന്നത്. വന്ദേഭാരത് ട്രെയിനുകള്‍ വന്‍ വിജയമാണെന്ന് കണ്ടതോടെ, മൂന്നാമതൊരു വന്ദേഭാരത് കൂടി സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ബംഗലൂരു-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ മൂന്നു തവണയാണ് ഇതിന്റെ സര്‍വീസ്.

by Midhun HP News | Oct 31, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി 17 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതി അടക്കമുള്ള സംഘം പിടിയിൽ. ചേരമാൻ തുരുത്ത് കടയിൽ വീട്ടിൽ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സൽ (19), സുൽഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരുമാതുറയിൽ നിന്നും 17 കാരിയെ കാണാതായത്. വീട്ടുകാർ കഠിനംകുളം പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ തിരൂരിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
വിശദവിവരങ്ങൾ ഇങ്ങനെ
കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നൽകിയ പരാതിയിൽ കഠിനംകുളം പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി തിരിച്ചറിഞ്ഞത്. പെരുമാതുറയിൽ നിന്നും ചിറയിൻകീഴ് എത്തിച്ച പെൺകുട്ടിയെ തിരൂരിലേയ്ക്ക് ട്രെയിനിൽ കൊണ്ടുപോവുകയായിരുന്നു. ഇവർ ട്രെയിനിൽ തിരൂർ എത്തിയെന്ന് മനസ്സിലാക്കിയ കഠിനംകുളം പൊലീസ്, തിരൂർ പൊലീസിന്റെ സഹായത്തോടെ തെരച്ചിൽ ആരംഭിച്ചു. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയ സംഘം കുട്ടിയുമായി മറ്റൊരു ട്രെയിനിൽ വരുന്ന വഴിക്കാണ് കഠിനംകുളം പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. തട്ടിക്കൊണ്ടു പോകലിനടക്കം പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി മുമ്പ് പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. തുടർന്ന് പ്രതികൾക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
by Midhun HP News | Oct 31, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ് കോടി രൂപ തട്ടിയെന്ന് പരാതി. ഓഹരിവിപണിയില്‍ നിക്ഷേപിക്കാനെന്ന പേരില്‍ പണം തട്ടിയെടുത്തെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ എഞ്ചിനീയറുടെ പണമാണ് നഷ്ടമായത്. പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് തീരുമാനിച്ചു. വ്യാജ ഷെയര്‍ മാര്‍ക്കറ്റ് ആപ്ലിക്കേഷനുകള്‍ വഴിയാണ് പണം തട്ടിയതെന്നാണ് കണ്ടെത്തല്‍.
വിദേശത്ത് ഐടി മേഖലയില്‍ ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങി എത്തിയതായിരുന്നു ഇദ്ദേഹം. മടങ്ങിയെത്തിയതിന് പിന്നാലെ ഇദ്ദേഹം പ്രമുഖ ഓണ്‍ലൈന്‍ സൈറ്റ് വഴി ട്രേഡിങ് നടത്താറുണ്ടായിരുന്നു. ഇതിനിടെ വാട്‌സ്ആപ്പില്‍ വന്ന ഒരു ട്രേഡിങ് ലിങ്കില്‍ കയറി ട്രേഡിങ് നടത്തുകയായിരുന്നു. വലിയ ഓഫര്‍ ലഭിച്ചതോടെ പല സമയങ്ങളിലായി വന്‍ തുക നിക്ഷേപിച്ചു. പിന്നാലെ പണം പിന്‍വലിക്കാന്‍ നോക്കിയപ്പോള്‍ ലാഭത്തിന്റെ 20 ശതമാനം തുക നിക്ഷേപിച്ചാലേ പണം പിന്‍വലിക്കാൻ സാധിക്കുകയുള്ളുവെന്ന് തട്ടിപ്പ് സംഘം അറിയിച്ചത്. പിന്നാലെ പണം നഷ്ടമായെന്ന് മനസിലാക്കിയ പരാതിക്കാരന് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പരാതി അറിയിക്കുന്ന പോര്‍ട്ടലില്‍ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴേക്കും പണമെല്ലാം നഷ്ടമായിരുന്നു.

by Midhun HP News | Oct 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടുറോഡിലെ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരായി കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തള്ളി. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം ആയിരിക്കണമെന്ന് പറഞ്ഞ കോടതി ചില നിര്‍ദേശങ്ങളും അന്വേഷണ സംഘത്തിന് നല്‍കി.
നിലവിലുള്ള അന്വേഷണം തുടരാമെന്നും എന്നാല്‍ സത്യസന്ധമായിരിക്കണമെന്നും കോടതി പറഞ്ഞു. അന്വേഷണത്തില്‍ കാലതാമസം പാടില്ലെന്നും ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവും സ്വാധീനം ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു കോടതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തനാണെന്ന് ഹര്‍ജി തള്ളിയതിന് ശേഷം യദു മാധ്യമങ്ങളോട് പറഞ്ഞു. ”മൂന്ന് കാമറകളാണ് വാഹനത്തിലുണ്ടായിരുന്നത്. അത് ഞാനെടുത്തെന്നായിരുന്നു ആദ്യമൊക്കെ പറഞ്ഞിരുന്നത്. എന്നാല്‍ അത് എടുത്ത് കൊണ്ടുപോയാല്‍ ആര്‍ക്കാണ് പ്രയോജനം എന്ന് അറിയാമല്ലോ. ആംഗ്യം കാണിച്ചത് ഇതുവരെ അവര്‍ക്ക് തെളിയിക്കാനും കഴിഞ്ഞിട്ടില്ല. കണ്ടക്ടര്‍ തന്നെയാണ് ബസിന്റെ ഡോര്‍ തുറന്നു കൊടുത്തത്. ഒരാളോട് വഴക്ക് കൂടിക്കൊണ്ട് നില്‍ക്കുമ്പോള്‍ എനിക്കെന്തായാലും ഡോര്‍ തുറക്കാന്‍ കഴിയില്ല”, യദു പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പാളയത്തുവെച്ചാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതും വിവാദമാകുന്നതും. മേയറും കുടുംബവും കാറില്‍ സഞ്ചരിക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസ് ഉപയോഗിച്ച് ഇടിക്കാന്‍ ശ്രമിച്ചുവെന്നും അത് ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു എന്നുമായിരുന്നു മേയറുടെ പരാതി. കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കാര്‍ തടഞ്ഞ് ജോലി തടസപ്പെടുത്തിയെന്ന് യദുവും പരാതി നല്‍കി. എന്നാല്‍ തന്റെ പരാതിയില്‍ നീക്ക് പോക്കുകള്‍ നടക്കുന്നില്ലെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ചൂണ്ടിക്കാട്ടിയാണ് യദു ഹര്‍ജി നല്‍കിയത്.

by Midhun HP News | Oct 30, 2024 | Latest News, ജില്ലാ വാർത്ത
ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
ചികിത്സാ ചിലവ് വഹിക്കും
കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും.
ഭിന്നശേഷി നിയമപ്രകാരം ജോലി
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്ങാനൂര്‍ ഗവ. മോഡല്‍ എച്ച്.എസ് എസിലെ എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ് സന്ധ്യാറാണിക്ക് ഭിന്നശേഷി നിയമപ്രകാരം സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കും. വൈകല്യം സംഭവിച്ച 19.12.2023 മുതല്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ പ്രാപ്തയാകുന്ന തീയതി വരെയോ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെയാണ് എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റിന്റെ സൂപ്പര്‍ ന്യൂമററി തസ്തിക വെങ്ങാനൂര്‍ സര്‍ക്കാര്‍ മോഡല്‍ എച്ച് എസ് എസില്‍ സൃഷ്ടിക്കുക.
ദര്‍ഘാസ് അംഗീകരിക്കും
കാസർകോട് ബെല്ലൂര്‍ ഗ്രാമപഞ്ചായത്തിലേക്കുള്ള ജലനിധി കുടിവെള്ള പദ്ധതിയുടെ ബദിയഡുക്ക മുതല്‍ സുള്ള്യപടവ് വരെയുള്ള പൈപ്പ് ലൈന്‍, കെ ആര്‍ എഫ് ബിയുടെ ഡെപ്പോസിറ്റ് വര്‍ക്കായി പുനഃസ്ഥാപിക്കുന്നതിനുള്ള ദര്‍ഘാസ് അംഗീകരിക്കാന്‍ ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി.
മുദ്രവില ഒഴിവാക്കി
കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും 01.01.2012 മുതല്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത കൊച്ചി താലൂക്ക് തോപ്പുംപടി വില്ലേജിലെ 2.75 ഏക്കര്‍ സ്ഥലത്തിന്റെ ലീസ് ഡീഡ് റജിസ്‌ട്രേഷന് ആവശ്യമായി വരുന്ന മുദ്രവില ഒഴിവാക്കി.
അനുമതി നല്‍കി
കോഴിക്കോട് തൂണേരി വില്ലേജിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നാദാപുരം ജംഗ്ഷന്‍ മുതല്‍ കക്കംവെള്ളിക്കുന്ന് ജി എല്‍ എസ് ആര്‍ വരെ നിലവിലുള്ള 200 എം എം എസി ഗ്രാവിറ്റി മെയിന്‍ മാറ്റി 200 എം എം ഡി ഐ കെ 9 പൈപ്പ് സ്ഥാപിക്കുന്നതിന് ക്വാട്ട് ചെയ്ത കരാര്‍ നല്‍കുവാന്‍ അനുമതി നല്‍കി.
ടെണ്ടര്‍ അംഗീകരിച്ചു
ഇരവിപുരം നിയോജക മണ്ഡലത്തിലെ ബി എം ആന്റ് ബി സി ടു വൈ എം സി എ റോഡ് പ്രവര്‍ത്തിക്കായി സമര്‍പ്പിച്ച ടെണ്ടര്‍ അംഗീകരിച്ചു.
അങ്കമാലി നിയോജക മണ്ഡലത്തില്‍ കിഫ്ബി സഹായത്തോടെ പാര്‍ട്ട് 1 പാക്കേജ് 2 ല്‍ ഉള്‍പ്പെടുത്തി ജലവിഭവ ജോലികള്‍ക്കുള്ള ടെണ്ടര്‍ അംഗീകരിച്ചു.
Recent Comments