by Midhun HP News | Oct 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മകള്‍ ശ്രുതി തൂങ്ങിമരിച്ചതല്ലെന്നും അന്നേദിവസം രാത്രി വീട്ടില്‍ എന്താണു സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പിതാവ് ബാബു. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതിയെ (24) ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാഗര്‍കോവില്‍ ആര്‍ഡിഒ എസ് കാളീശ്വരി ശ്രുതിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. മരിക്കുന്നതിനു മുന്‍പ് ശ്രുതി അമ്മയ്ക്ക് അയച്ച ശബ്ദസന്ദേശങ്ങള്‍ ഉള്‍പ്പെടെ ആര്‍ഡിഒയ്ക്കു നല്‍കിയെന്നും രണ്ടു മണിക്കൂറോളം ആര്‍ഡിഒ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും ബാബു പറഞ്ഞു.
21ന് രാത്രിയാണ് ശ്രുതിയെ ഭര്‍ത്താവ് കാര്‍ത്തിക്കിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിനുള്ളില്‍ ശ്രുതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും. അതിനു ശേഷം നടപടി സ്വീകരിക്കാമെന്ന് ആര്‍ഡിഒ കുടുംബത്തെ അറിയിച്ചു. നവംബര്‍ ഏഴിന് വീണ്ടും ഹാജരാകാന്‍ ആര്‍ഡിഒ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ശ്രുതിയുടെ ഭര്‍തൃമാതാവ് ചെമ്പകവല്ലിയുടെ സംസ്‌കാരം ഇന്നലെ നടന്നു.

’21ന് രാത്രി വീട്ടില്‍ എന്താണു സംഭവിച്ചതെന്ന് മൂന്നു പേര്‍ക്കു മാത്രമേ അറിയൂ. അതില്‍ ശ്രുതിയും ചെമ്പകവല്ലിയും മരിച്ചു. ഈ സാഹചര്യത്തില്‍ ശ്രുതിയുടെ ഭര്‍ത്താവ് കാര്‍ത്തിക്കിനെ ചോദ്യം ചെയ്ത് സത്യം പുറത്തുകൊണ്ടുവരണം. ശ്രുതി തൂങ്ങി മരിച്ചെന്നു കാര്‍ത്തിക്കിന്റെ കുടുംബം പറഞ്ഞ കാര്യം മാത്രമേ എല്ലാവര്‍ക്കും അറിയു. മകള്‍ അങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. അത്ര ഉയരത്തിലുള്ള കമ്പിയില്‍ കയര്‍ കുരുക്കാനൊന്നും അവള്‍ക്കു കഴിയില്ല. അതുകൊണ്ടാണ് സത്യം പുറത്തുവരണമെന്ന് ആവശ്യപ്പെടുന്നത്”- ബാബു പറഞ്ഞു. കാര്‍ത്തിക്കിന്റെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തുമെന്നും ആര്‍ഡിഒ അറിയിച്ചു.
തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനും ശുചീന്ദ്രം തെക്കുമണ്‍ സ്വദേശിയുമായ കാര്‍ത്തിക്കിന്റെ ഭാര്യ ശ്രുതിയെ തിങ്കളാഴ്ചയാണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ചെമ്പകവല്ലി മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് നവവധു മരിച്ചതെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍തൃമാതാവിന്റെ മാനസിക പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്ന് ശ്രുതി 21ന് അമ്മയ്ക്ക് വാട്സാപ്പില്‍ സന്ദേശം അയച്ചിരുന്നു. പീഡനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന സന്ദേശങ്ങളും പൊലീസിന് കൈമാറിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നും സന്ദേശത്തിലുണ്ട്.
ഭര്‍ത്താവിനൊപ്പം ഇരിക്കാനോ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനോ അനുവദിച്ചിരുന്നില്ലെന്നും ശ്രുതി പറഞ്ഞതായി വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണാഭരണവും വിവാഹ സമ്മാനമായി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞു പോയെന്നു പറഞ്ഞ് ചെമ്പകവല്ലി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും ശ്രുതിയുടെ വാട്സാപ് സന്ദേശത്തില്‍ പരാമര്‍ശിച്ചിരുന്നു.
by Midhun HP News | Oct 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രശസ്ത പത്രപ്രവര്‍ത്തകനായ ടിജെഎസ് ജോര്‍ജിനെ 2024ലെ വക്കം മൗലവി സ്മാരക പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. വക്കം മൗലവി മെമ്മോറിയല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (വക്കം) ഏര്‍പ്പെടുത്തിയ പുരസ്‌കാരം പത്ര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ടിജെഎസ് ജോര്‍ജിന്റെ മികച്ച സംഭാവനകളെയും പ്രവര്‍ത്തനങ്ങളെയും പരിഗണിച്ചാണ് നല്‍കുന്നത്.
എഴുത്തുകാരനും കോളമിസ്റ്റും ജീവചരിത്രകാരനുമായ ജോര്‍ജ്ജ് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണ്. ഫാര്‍ ഈസ്‌റ്റേണ്‍ ഇക്കണോമിക് റിവ്യൂ, ദി ഫ്രീ പ്രസ് ജേര്‍ണല്‍, ഏഷ്യാവീക്ക്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സമകാലിക മലയാളം വാരികയുടെ എഡിറ്റോറിയല്‍ ഉപദേഷ്ടാവാണ്. 2011 ല്‍ പദ്മഭൂഷണ്‍ ലഭിച്ചിരുന്നു.
ഡിസംബറില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ഒക്‌ടോബര്‍ 31ന് വക്കം മൗലവി അനുസ്മരണ ദിനത്തോടനുബന്ധിച്ച് സെന്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും. എഴുത്തുകാരിയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് പ്രൊഫസറും കേരള സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. മീന ടി.പിള്ള ‘എഴുത്തും സ്വാതന്ത്ര്യവും’ എന്ന വിഷയത്തില്‍ സൂം പ്ലാറ്റഫോമില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത സാഹിത്യകാരന്‍ എസ്.ഹരീഷ് അധ്യക്ഷത വഹിക്കുമെന്ന് വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം പ്രസിഡന്റ പ്രൊഫ. എം. താഹിര്‍ അറിയിച്ചു.

by Midhun HP News | Oct 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബെവ്കോയ്ക്ക് വാടകയ്ക്ക് നൽകാൻ കെട്ടിടമുണ്ടെങ്കിൽ ഉടമകൾക്ക് നേരിട്ട് അറിയിക്കാം. ഔട്‌ലെറ്റ് തുടങ്ങാൻ കെട്ടിടം വാടക്കെടുക്കുന്നതിൽ നിലവിലുള്ള നൂലാമാലകളും സാമ്പത്തിക ക്രമക്കേടുകളും ഒഴിവാക്കാനാണ് പുതിയ രീതി. വെബ്സൈറ്റിൽ കെട്ടിട ഉടമകൾക്ക് കെട്ടിടം സംബന്ധിച്ച വിവരങ്ങൾ നൽകാൻ സൗകര്യമൊരുക്കി.
ബിവറേജസ് കോര്‍പറേഷൻ വെബ് സൈറ്റിൽ ബെവ് സ്പേസ് എന്ന ലിങ്ക് വഴി കെട്ടിടം ഉടമയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പേരും വിലാസവും ഫോട്ടോയും ബന്ധപ്പെട്ട രേഖകളും എല്ലാം ഈ ലിങ്കിൽ നൽകണം. ബെവ്കോ അധികൃതര്‍ ആവശ്യം അനുസരിച്ച് കെട്ടിടം ഉടമയെ നേരിട്ട് വിളിക്കും. സ്ഥലം സന്ദര്‍ശിച്ച് വാടക തുക സംസാരിച്ച് നിശ്ചയിക്കും. ഇത് ധാരണയായാൽ കെട്ടിടത്തിൽ ബെവ്കോ ഔട്‌ലെറ്റ് തുറക്കും.
സ്വകാര്യ സ്ഥലത്ത് സൗകര്യമുള്ള കെട്ടിടങ്ങൾ ബെവ്കോക്ക് സ്വന്തം വെബ്സൈറ്റിൽ കയറി തെരഞ്ഞെടുക്കാനാവുമെന്നാണ് ഇതിൽ പ്രധാന നേട്ടമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇടനിലക്കാരെയും വാടക കാരാറിന്‍റെ പേരിൽ നടക്കുന്ന സാമ്പത്തിക തിരിമറിയും ഒഴിവാക്കാനാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഔട്‌ലെറ്റുകൾ വാടകക്കെടുക്കുന്ന കാര്യത്തിൽ കേന്ദ്രീകൃത സംവിധാനവും ബെവ്കോയ്ക്ക് കിട്ടും. നല്ല കെട്ടിടങ്ങള്‍ തെരഞ്ഞെടുത്ത് വൈകാതെ നടപടികള്‍ തുടങ്ങുമെന്ന് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി വ്യക്തമാക്കിയിട്ടുണ്ട്.

by Midhun HP News | Oct 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നിലയില്‍ ജീവനക്കാരുടെ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തില്‍ കൂട്ടായ്മകളും രൂപീകരിക്കുന്നത് വിലക്കി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് വിജ്ഞാപനം ഇറക്കി.
ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ, ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നിലയില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ഉണ്ടാകുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.അത് ഒഴിവാക്കേണ്ടതാണെന്ന് കര്‍ശന നിര്‍ദേശം നല്‍കുന്നു. ഈ വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനു വേണ്ടി സ്‌പെഷല്‍ സെക്രട്ടറി വീണ എന്‍ മാധവന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.


by Midhun HP News | Oct 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും പുതിയ റെക്കോർഡിട്ടു. പവന് ഇന്ന് 520 രൂപയാണ് വർധിച്ചത്. ഇന്നലെ 480 രൂപ ഉയർന്ന് സ്വർണവില ആദ്യമായി 59,000 തൊട്ടിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 59,520 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 25 ഡോളറിൽ അധികം വർധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 2,778 ഡോളറിലും,ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.07 ആണ്. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് അടുക്കുംതോറും സ്വർണ്ണവില വർധിക്കുകയാണ്. നവംബർ 5ന് മുമ്പ് തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2800 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കും എന്നാണ് സൂചനകൾ.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,440 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6,130 രൂപയാണ്. വെള്ളിയുടെ വിലയിലും വര്ധനവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 106 രൂപയാണ്. ദീപാവലി ആഘോഷങ്ങൾക്ക് മുമ്പുള്ള ധൻതേരസ് ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഒന്നുകൂടി ഉയർന്നിട്ടുണ്ട് സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും നല്ല മുഹൂർത്തമായി ധൻതേരസ് കണക്കാക്കുന്നത്.

by Midhun HP News | Oct 30, 2024 | Latest News, ജില്ലാ വാർത്ത
മുംബൈ: യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതിലും അധികമുള്ള ലഗേജുകള്‍ക്ക് പിഴ ഈടാക്കുമെന്ന് വെസ്റ്റേണ്‍ റെയില്‍വേ. ബാന്ദ്ര ടെര്‍മിനല്‍സില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റ് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ അറിയിപ്പ്.
യാത്രക്കാര്‍ക്ക് ഒരു നിശ്ചിത ലഗേജ് ചാര്‍ജില്ലാതെ കൊണ്ടുപോകാന്‍ അനുവാദമുണ്ട്. എന്നാല്‍ സ്‌കൂട്ടറുകള്‍, സൈക്കിളുകള്‍, 100സെ.മീX100സെ.മീX70 സെ.മീ ല്‍ കൂടുതലുള്ള ചരക്കുകള്‍ എന്നിവ കൊണ്ടുപോകാന്‍ അനുമതിയില്ലെന്ന് റെയില്‍വേ അറിയിച്ചു. അനുവദിച്ചിട്ടുള്ള ലഗേജ് പരിധികള്‍ പാലിക്കാനും ട്രെയിന്‍ ഷെഡ്യൂളുകള്‍ അനുസരിച്ച്, ആവശ്യത്തിനനുസരിച്ച് മാത്രം സ്റ്റേഷന്‍ പരിസരത്ത് പ്രവേശിക്കാനും എല്ലാ യാത്രക്കാരോടും റെയില്‍വെ അഭ്യര്‍ഥിച്ചു. സ്‌റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനുമാണ് ഇത്തരം നിര്‍ദേശങ്ങള്‍. നിര്‍ദേശം ഉടന്‍ പ്രാബല്യത്തില്‍ വരും.
ഉത്സവസീസണുകളില്‍ ബാന്ദ്ര ടെര്‍മിനല്‍സ്, വാപി, വല്‍സാദ്, ഉദ്‌ന, സൂറത്ത് എന്നിവിടങ്ങളിലെ പാഴ്‌സല്‍ ഓഫീസുകളില്‍ പാഴ്‌സല്‍ ബുക്കിങില്‍ ഗണ്യമായ വര്‍ധനയുണ്ടായി. പ്ലാറ്റ്‌ഫോമുകളില്‍ അടുക്കി വെച്ചിരിക്കുന്ന പാഴ്‌സലുകള്‍ മൂലം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും റെയില്‍വെ പറഞ്ഞു. ദീര്‍ഘനേരം പാഴ്‌സലുകള്‍ ഇങ്ങനെ വെക്കരുതെന്നും നിര്‍ദേശമുണ്ട്. പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ നല്‍കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച മുംബൈയിലെ ബാന്ദ്ര ടെര്‍മിനല്‍സില്‍ അന്ത്യോദയ എക്‌സ്പ്രസ് ട്രെയിനില്‍ കയറാനുള്ള തിരക്കിനിടയില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് തിരക്ക് നിയന്ത്രിക്കുന്നതിനാണ് വെസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ നിര്‍ദേശങ്ങള്‍.


Recent Comments