by Midhun HP News | Oct 30, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: കേരള ഹൈക്കോടതിയിൽ അഞ്ച് ജഡ്ജിമാരെ പുതിയതായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പി കൃഷ്ണകുമാർ, കെ വി ജയകുമാർ, എസ് മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി വി ബാലകൃഷ്ണൻ എന്നിവരെയാണ് നിയമിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യും. എറണാകുളം എന്‍ഐഎ/ സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജിയായിക്കെ കനകമല തീവ്രവാദ കേസ്, സുബാനി ഹാജ ഐഎസ്‌ഐഎസ് കേസ്, നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് തുടങ്ങിയ സുപ്രധാന കേസുകളില്‍ കൃഷ്ണകുമാര്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്.
ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറായ കെ വി ജയകുമാര്‍ തൃശൂർ സ്വദേശിയാണ്. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജിയാണ് എസ് മുരളികൃഷ്ണ, ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാറാണ് ജോബിന്‍ സെബാസ്റ്റ്യന്‍. നിലവില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനും ആണ് പി വി ബാലകൃഷ്ണൻ.
സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത 5 പേരെ നിയമിച്ച് രാഷ്ട്രപതി നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഈ അഞ്ച് ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതോടെ ഹൈക്കോടതിയിൽ ജഡ്ജിമാരുടെ എണ്ണം 45 ആയി ഉയരും.

by Midhun HP News | Oct 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിദേശത്തെ തൊഴിലവസരം അടക്കം നവമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക. നിക്ഷേപ അവസരങ്ങൾ, മണി ചെയിൻ, സ്റ്റുഡന്റ് വിസാ ഓഫറുകൾ, സന്ദർശനവിസ തുടങ്ങിയ പേരുകളിൽ വ്യാജ പരസ്യങ്ങളിലൂടെ ഉദ്യോഗാർഥികളെ കബളിപ്പിക്കുന്നെന്ന പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. വിദേശമന്ത്രാലയത്തിന്റെ ഇ–- മൈഗ്രേറ്റ് പോർട്ടൽ (https://emigrate.gov.in) മുഖേന റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് അംഗീകാരമുണ്ടോ എന്ന് പരിശോധിക്കാം.
പരസ്യങ്ങളിൽ ഏജൻസികളുടെ റിക്രൂട്ട്മെന്റ് ലൈസൻസ് നമ്പർ പ്രദർശിപ്പിക്കണമെന്ന് നിർദേശമുണ്ട്. ഏജൻസികളുടെ എല്ലാ ബ്രാഞ്ചുകൾക്കും പ്രത്യേക ലൈസൻസും വേണം. പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവുകൾക്ക് അംഗീകൃത ഏജൻസികൾക്കും കേന്ദ്ര വിദേശമന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമായതിനാൽ ഇതും ഇ–– മൈഗ്രേറ്റ് പോർട്ടലിലൂടെ ഉറപ്പാക്കാം. കരിമ്പട്ടികയിലുള്ള ഏജൻസികളുടെ വിവരവും പോർട്ടലിലുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും പ്രവർത്തിക്കുന്ന വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (പിഒഇ) ഓഫീസുകളിൽ നേരിട്ടോ ഫോൺ മുഖേനയോ പരസ്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാം. വിവരങ്ങൾ സ്ഥിരീകരിച്ച ശേഷമേ പണമിടപാടുകൾ (നിയമാനുസൃതമായ ഫീസ് മാത്രം) നടത്താവൂ എന്ന് നോർക്ക അറിയിച്ചു.
തട്ടിപ്പിന് ഇരയാകുന്നവർ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സിലും നോർക്കയിലെ ഓപ്പറേഷൻ ശുഭയാത്രയിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകണം. പരാതികൾ നൽകാൻ: https://digitalseva.csc.gov.in/, https://www.madad.gov.in/. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ: 1800 11 3090, അന്താരാഷ്ട്ര ഹെൽപ്പ് ലൈൻനമ്പർ (കോൾ നിരക്കുകൾ ബാധകം): +91 11 26885021,+91 11 40503090, 0484-2314900, 2314901. ഇ–- മെയിൽ: helpline@mea.gov.in.
by Midhun HP News | Oct 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് ഒരു മാസം കൂടി നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നവംബർ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ചുള്ള ഉത്തരവ് വരുന്നതുവരെയോ ആയിരിക്കും നിലവിലെ നിരക്ക് ബാധകമാവുക.
നിരക്ക് വർധന സംബന്ധിച്ച അപേക്ഷയിൽ തെളിവെടുപ്പ് നടപടിക്രമങ്ങൾ റെഗുലേറ്ററി കമ്മീഷൻ പൂർത്തിയാക്കി. ഇലക്ട്രിസിറ്റി ആക്ടിലെ സെക്ഷൻ 64 പ്രകാരം നിരക്ക് പരിഷ്കരിക്കാനുള്ള അപേക്ഷ ലഭിച്ച് 120 ദിവസത്തിനകം തെളിവെടുപ്പ് പൂർത്തിയാക്കി അന്തിമ തീരുമാനം എടുക്കണം. ഓഗസ്റ്റ് രണ്ടിനാണ് കെഎസ്ഇബി അപേക്ഷ നൽകിയത്.
വേനൽക്കാലത്തെ വലിയതോതിലെ വൈദ്യുതി ഉപയോഗം, ഉയർന്ന വിലയ്ക്ക് സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന്റെ അധികബാധ്യത എന്നിങ്ങനെയുള്ള ചെലവുകൾ നികത്താനുള്ള നിരക്ക് പരിഷ്‌കരണമാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. കെഎസ്‌ഇബിയുടെ നിർദ്ദേശങ്ങളും പൊതുതെളിവെടുപ്പിൽ ഉയർന്നതും സെപ്‌തംബർ 18 വരെ ലഭിച്ച രേഖാമൂലമുള്ള വിവിധ അഭിപ്രായങ്ങളും പരിഗണിച്ച് താരിഫ് നിർണ്ണയത്തിന്റെ മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ കുറച്ച് ആഴ്ചകൾ കൂടി എടുക്കുമെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.

by Midhun HP News | Oct 29, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മംഗലം കളിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ആറ്റിങ്ങൽ അവനവഞ്ചേരി എച്ച് എസ്. ഈ വർഷം ആദ്യമായാണ് മംഗലം കളിയ്ക്ക് കലോത്സവത്തിൽ വേദിയൊരുങ്ങുന്നത്.
by Midhun HP News | Oct 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2025ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള ഒമ്പത് നിയമസഭാ നിയോജക മണ്ഡലങ്ങള്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലില്‍ നിന്നും ഒഴിവാക്കി.

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍(www.ceo.kerala.gov.in) കരട് വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും കരട് വോട്ടര്‍ പട്ടിക ലഭിക്കുന്നതാണ്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താവുന്നതാണ്.
കരട് പട്ടികയിന്‍മേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബര്‍ 28 വരെ സമര്‍പ്പിക്കാമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രണബ്ജ്യോതി നാഥ് അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുന്നതിനും അപേക്ഷകള്‍ ഇക്കാലയളവില്‍ സമര്‍പ്പിക്കാം.
voters.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ച ശേഷം, ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന്, എന്നീ നാല് യോഗ്യതാ തീയതികളില്‍ എന്നാണോ 18 വയസ് പൂര്‍ത്തിയാകുന്നത്, ആ യോഗ്യതാ തീയതിയില്‍ അപേക്ഷ പരിശോധിക്കുകയും അര്‍ഹത അനുസരിച്ച് വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. 2025 ജനുവരി ആറിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്നിന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.
by Midhun HP News | Oct 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭരണത്തിന്റെ വിവിധ തലങ്ങളില്‍ മലയാള ഭാഷയുടെ ഉപയോഗം സാര്‍വത്രികമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന ഭരണഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മികച്ച രീതിയില്‍ ഭരണഭാഷാമാറ്റ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വകുപ്പായി തെരഞ്ഞെടുക്കപ്പെട്ടത് ഹോമിയോപ്പതിവകുപ്പാണ്. മികച്ച ജില്ല പത്തനംതിട്ട ജില്ലയാണ്.
ഉദ്യോഗസ്ഥര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഭരണഭാഷാ സേവനപുരസ്‌ക്കാരം ക്ലാസ് I വിഭാഗത്തില്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ കെകെ.സുബൈര്‍ അര്‍ഹനായി. ക്ലാസ് II വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ (ഹോമിയോപ്പതി) സീനിയര്‍ സൂപ്രണ്ടായ വിദ്യ പി.കെ, ജഗദീശന്‍ സി. (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, സബ് റീജിയണല്‍ സ്റ്റോര്‍, പടിഞ്ഞാറത്തറ, കെഎസ്ഇബി ലിമിറ്റഡ്, വയനാട് എന്നിവരും, ക്ലാസ് III വിഭാഗത്തില്‍ കോഴിക്കോട് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായ കണ്ണന്‍ എസ്, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായ പി.ബി.സിന്ധു എന്നിവരും,
ക്ലാസ് III (ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫര്‍) വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റിലെ യു.ഡി ടൈപ്പിസ്റ്റായ ബുഷിറാ ബീഗം എല്‍, തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റായ സൂര്യ എസ്.ആര്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തിന് അര്‍ഹരായി.
ഗ്രന്ഥരചനാ പുരസ്‌കാരത്തിന് കേരള സര്‍വകലാശാലയിലെ പ്രൊഫസര്‍ ആന്‍ഡ് ഹെഡ് ആയ ഡോ. സീമാജെറോം അര്‍ഹയായി. നവംബര്‍ 1ന് ഉച്ചയ്ക്കുശേഷം 3.30ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന മലയാള ദിന-ഭരണഭാഷാവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Recent Comments