തിരുവനന്തപുരത്ത് വൻ ലഹരി വേട്ട; പുകയില ഉൽപ്പന്നങ്ങളും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട; പുകയില ഉൽപ്പന്നങ്ങളും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു

തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട. 1300 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും 5 ലക്ഷം രൂപയും നെയ്യാറ്റിൻകര എക്സൈസ് ടീം പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ റാഫി (25), ഷാഹിത് (22) എന്നിവർ പിടിയിലായി.

ശനിയാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു എക്സൈസിൻ്റെ നടപടി. പ്രതികൾ പെരുമ്പാവൂരിൽ നിന്നും കൊണ്ടുവന്നതാണ് ലഹരി ഉൽപ്പന്നങ്ങളെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടിയെടുത്ത് മന്ത്രി

ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടിയെടുത്ത് മന്ത്രി

തിരുവനന്തപുരം: സിനിമാ ഷൂട്ടിങ്ങിനുള്ള പന്തൽപണിക്കായി സാധനങ്ങൾ ഇറക്കാൻ വൻ തുക നോക്കുകൂലിയായി ചോദിച്ച ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടി. 70,000 രൂപയുടെ പന്തൽ കെട്ടാൻ 25,000 രൂപയാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. പരാതി ഉയർന്നതോടെ മന്ത്രി വി ശിവൻകുട്ടി നേരിട്ടെത്തി തൊഴിലാളികൾക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

നോക്കുകൂലി ചോദിച്ച ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം സസ്പെൻഡ്‌ ചെയ്തു. സ്റ്റാച്യു മേഖലയിലെ പത്ത് ചുമട്ടുതൊഴിലാളികളെയാണ് മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശപ്രകാരം ക്ഷേമനിധി ബോർഡ് ചെയർമാൻ പുറത്താക്കിയത്. വെള്ളിയാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ സിനിമാ ഷൂട്ടിങ്ങിനുള്ള സാധനങ്ങളെത്തിച്ചപ്പോഴാണ് ചുമട്ടുതൊഴിലാളികൾ നോക്കുകൂലി ചോദിച്ച് ജോലി തടഞ്ഞത്.

70,000 രൂപയ്ക്കാണ് പന്തൽപണിക്കാരൻ കരാറെടുത്തിരുന്നത്. മൂവായിരം ചതുരശ്രയടി പന്തലിനുള്ള ഷീറ്റും ഇരുമ്പുകമ്പികളുമടങ്ങിയതായിരുന്നു സാമഗ്രികൾ. പതിനായിരം രൂപ വരെ കൊടുക്കാൻ കരാറുകാരൻ തയ്യാറായെങ്കിലും ചുമട്ടുതൊഴിലാളികൾ വഴങ്ങിയില്ല. സാധനങ്ങളിറക്കുന്നതു തടസ്സപ്പെടുത്തിയതോടെയാണ് കരാറുകാരൻ കന്റോൺമെന്റ് പൊലീസിൽ പരാതിപ്പെട്ടത്. പിന്നീട് മന്ത്രി വി ശിവൻകുട്ടിയെ നേരിട്ടു വിളിച്ചും പരാതിയറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പത്ത് തൊഴിലാളികളെ മന്ത്രിയുടെ നിർദേശപ്രകാരം ചുമട്ടുതൊഴിലാളി നിയമത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇവർ ജോലിക്കുകയറരുതെന്നാണ് ഉത്തരവ്.

ചൈനീസ് ഫുഡിന് ഫൈവ് സ്റ്റാർ നൽകിയാൽ പണം; യുവാവിൽ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ്

ചൈനീസ് ഫുഡിന് ഫൈവ് സ്റ്റാർ നൽകിയാൽ പണം; യുവാവിൽ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ്

തിരുവനന്തപുരം: ചൈനീസ് ഭക്ഷ്യ ഉത്‌പന്നങ്ങൾക്ക് ഫൈവ്സ്റ്റാർ റേറ്റിങ് നൽകിയാൽ പണം നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയ രണ്ട് പേർ പിടിയിൽ. കോഴിക്കോട് നരിക്കുനി പാറന്നൂർ ആരീക്കൽ ഹൗസിൽ അസർ മുഹമ്മദ് (29), കൊയിലാണ്ടി കോതമംഗലം വരണ്ട സ്വദേശി അക്ഷയ (28) എന്നിവരാണ് അറസ്റ്റിലായത്.

കുളത്തൂർ സ്വദേശിയായ ഷൈൻ ആണ് തട്ടിപ്പിന് ഇരയായത്. ചൈനീസ് ഭക്ഷ്യ ഉത്‌പന്നങ്ങൾക്ക് ഓൺലൈനിൽ ഫൈവ്സ്റ്റാർ റേറ്റിങ് നൽകുന്ന ജോലിയുടെ പരസ്യം ഇൻസ്റ്റഗ്രാമിൽ കണ്ടാണ് ഷൈൻ തട്ടിപ്പു സംഘത്തെ സമീപിച്ചത്. ഓരോഘട്ടം കഴിയുമ്പോഴും പണം അക്കൗണ്ടിൽ വരുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആദ്യഘട്ടത്തിൽ പതിനായിരം രൂപ അവർ പറഞ്ഞ അക്കൗണ്ടിൽ നിക്ഷേപിച്ചതിനു പിന്നാലെ തട്ടിപ്പുസംഘം 999 രൂപ ഷൈനിന്റെ അക്കൗണ്ടിലേക്കു നൽകി. ഇത്തരത്തിൽ ഷൈനിന്റെ വിശ്വാസം പിടിച്ചുപറ്റിയ സംഘം പല തവണയായി 26 ലക്ഷത്തോളം രൂപ ഇയാളിൽനിന്നു തട്ടിയെടുത്തു. ഓരോ തവണയും ലഭിക്കേണ്ട പണം ആവശ്യപ്പെടുമ്പോൾ സാങ്കേതികത്തകരാറാണെന്നും നിങ്ങളുടെ പണം അക്കൗണ്ടിൽ സുരക്ഷിതമാണെന്നും ഇവർ ഷൈനിനെ വിശ്വസിപ്പിച്ചു. പിന്നീട് ഇവരെ ബന്ധപ്പെടാൻ സാധിക്കാതായപ്പോഴാണ് താൻ പറ്റിക്കപ്പെട്ടെന്ന് മനസിലാക്കിയത്. തുടർന്ന് പൊഴിയൂർ പൊലീസിൽ പരാതി നൽകുതയായിരുന്നു.

തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇത്തരത്തിൽ ഇവർ നിരവധിപ്പേരെ തട്ടിപ്പിന് ഇരയാക്കിയതായി സംശയിക്കുന്നതായി പൊഴിയൂർ പോലീസ് അറിയിച്ചു. പൊഴിയൂർ എസ്എച്ച്ഒ അബ്ദുൾ കലാം ആസാദിന്റെ നേതൃത്വത്തിൽ എഎസ്ഐ‌ ജയലക്ഷ്മി, സാജൻ, സിപിഒ അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

പുതിയ ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തു

പുതിയ ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകീഴ് ഘടകത്തിന്റെ അടുത്ത വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ സ്ഥാനമേറ്റെടുത്തു. പ്രസിഡന്റ് ഡോ. പത്മപ്രസാദ് പി എസ്, സെക്രട്ടറി ഡോ. അശ്വതി ജയപാൽ, ട്രഷറർ ഡോ. ഗോപീകൃഷ്ണൻ എന്നിവർ സ്ഥാനമേറ്റു. ഐഎംഎ ഹൗസ് ആറ്റിങ്ങലിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ ദേശീയ അധ്യക്ഷൻ ഡോക്ടർ.എ. മാർത്താണ്ഡപിള്ള സത്യവാചകം ചൊല്ലി കൊടുത്തു. ദേശീയ സംസ്ഥാന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

പ്രണബ് ജ്യോതി നാഥ് പുതിയ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ

പ്രണബ് ജ്യോതി നാഥ് പുതിയ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ

തിരുവനന്തപുരം: പ്രണബ് ജ്യോതിനാഥിനെ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറായി നിയമിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിന് അംഗീകാരം നൽകി. സിഇഒ തസ്തിക മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമനം.

ഉപതിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ സിഇഒയുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് ഭരണപരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ കേന്ദ്ര ഡെപ്യൂട്ടിഷനിലേക്ക് പോയ ശേഷം സിഇഒ തസ്തികയില്‍ നിയമനം നല്‍കിയിരുന്നില്ല. നേരത്തെ രണ്ടു തവണ സംസ്ഥാന സര്‍ക്കാര്‍ പട്ടിക കേന്ദ്രത്തിലേയ്ക്ക് അയച്ചിരുന്നെങ്കിലും തിരിച്ചയക്കുകയായിരുന്നു. 2005 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പ്രണബ് കൊല്ലം മുൻ കലക്ടറാണ്. കായിക വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് പുതിയ നിയമനം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയ്ക് കഠിന തടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയ്ക് കഠിന തടവും പിഴയും

ആറ്റിങ്ങൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയ്ക് കഠിന തടവും പിഴയും. മുദാക്കൽ സ്വദേശി ബിജു എന്ന് വിളിക്കുന്ന കൊച്ചാപ്പിയെയാണ് പോക്‌സോ കേസ് പ്രകാരം ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 20 വർഷം തടവും മൂന്നുലക്ഷം രൂപയുമാണ് പിഴ.