‘കായിക്കര കടവ് പാലം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുക’; സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം

‘കായിക്കര കടവ് പാലം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുക’; സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം

അഞ്ചുതെങ്ങ്-വക്കം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കായിക്കര കടവ് പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് സിപിഐഎം അഞ്ചുതങ്ങ് ലോക്കൽ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. നടപടികൾ എത്രയും വേഗം പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം എ. ജയദേവൻ നഗറിൽ (കായിക്കര ആശാൻ സ്മാരകം) സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. വി. ലൈജു ആർ.ജറാൽഡ് ലിജാബോസ്, വിജയ് വിമൽ എന്നിവർ അടങ്ങിയ പ്രസിഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. അഡ്വ. എസ് ലെനിൻ, എം പ്രദീപ്, ആർ രാജു, അഞ്ചുതെങ്ങ് സുരേന്ദ്രൻ
സി. പയസ് എന്നിവർ സംസാരിച്ചു. വി ലൈജു, ആർ ജെറാൾഡ്, ബി. എൻ.സൈജുരാജ്, കെ ബാബു, ലിജാ ബോസ്, പി വിമൽരാജ്, സജി സുന്ദർ, വിഷ്ണു മോഹൻ, സി.തോബിയാസ്, സ്റ്റീഫൻ ലൂയിസ്, സോഫിയ, വിജയ് വിമല്‍, സെല്‍വന്‍, കിരൺ ജോസഫ് എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്കും എസ്.പ്രവീൺ ചന്ദ്രയെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും തെരഞ്ഞെടുത്തു.

പാറശാലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാറശാലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സെല്‍വരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് സൂചിപ്പിച്ചു. മകന്‍ എറണാകുളത്താണ് പഠിക്കുന്നത്. കഴിഞ്ഞദിവസം മകന്‍ എത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലും വാതിലുകള്‍ തുറന്ന നിലയിലുമായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

റേഷന്‍ മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി; ജിആര്‍ അനില്‍

റേഷന്‍ മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി; ജിആര്‍ അനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ ഒക്ടോബര്‍ നവംബര്‍ അഞ്ചുവരെ നീട്ടിയതായി മന്ത്രി ജിആര്‍ അനില്‍. ഇതുവരെ 84 ശതമാനം ആളുകള്‍ മസ്റ്ററിങില്‍ പങ്കെടുത്തു. മസ്റ്ററിങില്‍ പങ്കെടുത്തില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളില്‍ നിന്ന് ഒഴിവാക്കില്ലെന്ന് മന്ത്രി പറഞ്ഞു.

മസ്റ്ററിങിനുള്ള തീയതി നവംബര്‍ അഞ്ച് വരെ നീട്ടിയിട്ടുണ്ട്. 84 ശതമാനം ആളുകള്‍ മസ്റ്ററിങ്ങില്‍ പങ്കെടുത്തുകഴിഞ്ഞു. രണ്ടുമുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ അവരുടെ ആധാര്‍ പരിശോധയില്‍ കൃത്യതയില്ലാത്ത സാഹചര്യം നിലവിലുണ്ട്. ഇതില്‍ എകദേശം പത്തുലക്ഷത്തോളം കുട്ടികള്‍ ഉള്‍പ്പെടുന്നു. ആ പോരായ്മ പരിഹരിക്കുന്നതോടെ അവരും മസ്റ്ററിങിന്റെ ഭാഗമാകും. കിടപ്പുരോഗികളുടെ മസ്റ്ററിങ് പുരോഗമിക്കുമയാണ്.

അഞ്ചാം തീയതിക്കുള്ളില്‍ നല്ല ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിയും. ബാക്കിയുള്ളവര്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മുന്‍ഗണനാ കാര്‍ഡുകാരായിട്ടുള്ള ഒരുകോടി അന്‍പത്തിനാല് ലക്ഷം പേരാണ് മസ്റ്ററിങില്‍ പങ്കെടുക്കേണ്ടത്. വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ നിന്ന് ആരെയും ഒഴിവാക്കില്ല. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഊഹാപോഹം മാത്രമാണ്’ മന്ത്രി പറഞ്ഞു.

മസ്റ്ററിങിനായി നേരിട്ട് എത്താനാകാത്ത ശാരീരിക ബുദ്ധിമുട്ടുകളുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താല്‍ക്കാലികമായി താമസിക്കുന്നവര്‍ക്ക് അതത് സംസ്ഥാനത്തെ/ ജില്ലകളിലെ ഏതെങ്കിലും റേഷന്‍ കടകളില്‍ മസ്റ്ററിങ് നടത്താം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് മസ്റ്ററിങ് നടത്തുന്നത്.

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. വർക്കല വെട്ടൂർ വിളബ്ഭാഗം കാഞ്ഞിരംവിളാകത്തിൽ വിമൽ (58) ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടി പൊതുവേദിയിൽ തനിക്ക് നേരിട്ട അനുഭവം വ്യക്തമാക്കിയതോടെ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

കല്ലമ്പലം വടശ്ശേരിക്കോണത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇടവ ചെമ്പകത്തിൻമൂട് അഫ്ന മൻസിലിൽ അഫ്സൽ (19) ആണ് മരിച്ചത്. സുഹൃത്ത് മുഹസിൽ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച പുലർച്ചയായിരുന്നു അപകടം.

കല്ലമ്പലം ഭാഗത്ത് നിന്ന് വർക്കല ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ കോൺക്രീറ്റ് കുറ്റിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവരെയും ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇടവ ആലുംമൂട് പള്ളിയിൽ ഖബറടക്കി. ഷാജഹാന്റെയും സലീലയുടെയും മകനാണ്. അമൽ, അഫ്ന എന്നിവർ സഹോദരങ്ങളാണ്.

.

ഭാര്യയുടെ സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങി: ഭർത്താവ് അറസ്റ്റിൽ

ഭാര്യയുടെ സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങി: ഭർത്താവ് അറസ്റ്റിൽ

ഭാര്യയുടെ സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു (34) വാണ് അറസ്റ്റിലായത്.

2021 ആഗസ്റ്റിലായിരുന്നു വർക്കല പനയറ സ്വദേശിനിയായ യുവതിയും ഫിസിയോതെറാപിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം. വിവാഹശേഷം മൂന്നാംനാൾ ഭാര്യയുടെ 52 പവന്റെ സ്വർണാഭരണങ്ങൾ നിർബന്ധിപ്പിച്ച് പണയം വെച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കുകയായിരുന്നുവെന്നാണ് ഭാര്യയുടെ പരാതി .

യുവതിയുടെ ജാതകദോഷം മാറാൻ പൂജ നടത്തണമെന്നും ഇതിനായി ഒരു ലക്ഷം രൂപ യുവതി നൽകണമെന്ന് അനന്തുവിൻറെ അച്ഛനും അമ്മയും സഹോദരനും ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. കൂടാതെ വധുവിന്റെ കുടുംബ വീടും വസ്തുവും തന്റെ പേരിൽ പ്രമാണം ചെയ്തു കിട്ടണമെന്നും പുതിയ കാർ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് അനന്തു നിരന്തരമായി കലഹമുണ്ടാക്കിയിരുന്നതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വധു പൊലീസിന് മൊഴി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ അനന്തുവിനെയും അനന്തുവിന്റെ മാതാപിതാക്കളെയും സഹോദരനെയും പ്രതിയാക്കി ഇക്കഴിഞ്ഞ മാർച്ചിൽ പൊലീസ് കേസെടുത്തു. ഭാര്യ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അനന്തു കിട്ടിയ പണവുമായി മുങ്ങിയത്. കേരളത്തിൽ പലയിടങ്ങളിലായും ബംഗളൂരുവിലും മാറിമാറി ഒളിവിൽ താമസിച്ചു വരികയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ നിന്നാണ് ഇയാളെ വർക്കല പൊലീസ് പിടികൂടിയത്. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി.