ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഒക്ടോബർ 25, 26, 27 (വെള്ളി, ശനി, ഞായർ) തീയതികളിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.

ഓർത്തോപീഡിക്സ‌് വിഭാഗത്തിലെ വിദഗ്ദ്ധരും പ്രശസ്‌തരുമായ ഡോ. വിഷ്‌ണു ഉണ്ണിത്താൻ, ഡോ. ഷെറിൻ ഷാജി, ഡോ. അഭിലാഷ് രാമൻ, ഡോ. രാഹുൽ എന്നിവർ നേതൃത്വം നൽകുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷനും, കൺസൾട്ടേഷനും 1500 രൂപ വരുന്ന അസ്ഥിബലക്ഷയ നിർണ്ണയ ടെസ്റ്റും (BMD), ഡയബറ്റിക് പെരിഫറൽ ന്യൂറോപതി നിർണ്ണയ (DPN) ടെസ്റ്റും സൗജന്യമായിരിക്കും.

മുട്ട്, ഇടുപ്പ്, തോൾ മാറ്റിവെയ്ക്കൽ, സന്ധി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ, ആർത്തോസ്കോപ്പി, ആർത്തോ പ്ലാസ്റ്റി, മുട്ട് തേയ്‌മാനത്തിനുള്ള PRP ചികിത്സ, ഓർത്തോ സംബന്ധമായ എല്ലാവിധ ശസ്ത്രക്രിയകൾക്കും കുറഞ്ഞ നിരക്കിൽ പ്രത്യേക പാക്കേജ് നൽകുന്നു. കൂടാതെ X-Ray 50%, C.T, M.R.I.Scan 20%, Lab Test 20%, Physiotherapy 50% ഇളവ് ലഭിക്കുന്നതാണ്. ഈ സേവനം ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്ക് ലഭിക്കുന്നതാണ്. പരമാവധി ഈ സേവനം പ്രയോജനപ്പെടുത്തുക.

Book Now: Ph: 9400050200

ഭിന്നശേഷിക്കാര്‍ക്കൊപ്പം നൃത്തം വെച്ച് മന്ത്രി ബിന്ദു

ഭിന്നശേഷിക്കാര്‍ക്കൊപ്പം നൃത്തം വെച്ച് മന്ത്രി ബിന്ദു

തിരുവനന്തപുരം: ഭിന്നശേഷി ‘മക്കള്‍ക്കൊപ്പം’ നൃത്തം വെച്ച് മന്ത്രി ആര്‍ ബിന്ദു. തിരുവനന്തപുരം ലുലു മാളില്‍ സാമൂഹ്യനീതി വകുപ്പ് നേതൃത്വം നല്‍കുന്ന ഭിന്നശേഷിക്കാരായ കലാപ്രതിഭകളുടെ സംസ്ഥാന ആര്‍ട് ഗ്രൂപ്പായ അനുയാത്ര റിഥം എന്ന പരിപാടി ഉദ്ഘാടനം ചെയ്തശേഷമാണ് അവര്‍ക്കൊപ്പം മന്ത്രി നൃത്ത ചുവടുകള്‍ വെച്ചത്.

നര്‍ത്തകി മേതില്‍ ദേവികയ്ക്കൊപ്പമായിരുന്നു നൃത്തം. കറുകറെ കാര്‍മുകില്‍ എന്ന പാട്ടിന് ആണ് മന്ത്രി ചുവടുവെച്ചത്. കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും സംയുക്തമായി രണ്ടു ഘട്ടമായി നടപ്പിലാക്കിയ ‘ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്’ എന്ന പദ്ധതി വഴി മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച 28 പ്രതിഭകളെ ഉള്‍പ്പെടുത്തിയാണ് അനുയാത്ര റിഥം ഒരുക്കിയത്. ‘തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍’ എന്ന തലക്കെട്ടോടെ നൃത്തത്തിന്റെ ദൃശ്യങ്ങള്‍ മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

എഡിഎമ്മിനെ ആക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ; ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തല്‍

എഡിഎമ്മിനെ ആക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ; ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തല്‍

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിനെ ആക്ഷേപിക്കുന്ന പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ തന്നെയെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. യാത്രയയപ്പ് ചടങ്ങിലെ പരിപാടി കണ്ണൂരിലെ ഒരു പ്രാദേശിക ചാനല്‍ മാത്രമാണ് റെക്കോര്‍ഡ് ചെയ്തത്. ചടങ്ങില്‍ ദിവ്യയുടെ പ്രസംഗം ചാനല്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ വീഡിയോയാണ് പ്രചരിച്ചത്. ഈ ദൃശ്യങ്ങള്‍ കട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതിനു പിന്നില്‍ പി പി ദിവ്യക്ക് പങ്കുണ്ടെന്നാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രാദേശിക ചാനലില്‍ നിന്നും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ വിവരങ്ങളും ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്രാദേശിക ചാനലില്‍ നടത്തിയ തെളിവെടുപ്പില്‍, ഈ ദൃശ്യങ്ങള്‍ ദിവ്യ ശേഖരിച്ചിരുന്നതായി ചാനല്‍ പ്രവര്‍ത്തകര്‍ മൊഴി നല്‍കി. മാധ്യമങ്ങള്‍ക്ക് നല്‍കിയതും ദിവ്യയാണ്. തങ്ങള്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിട്ടില്ലെന്നും ചാനല്‍ പ്രവര്‍ത്തകര്‍ എ ഗീത ഐഎഎസിന് മൊഴി നല്‍കിയതായാണ് വിവരം. തനിക്ക് ഈ വിവാദങ്ങളിൽ ഒരു പങ്കുമില്ലെന്നാണ് ജില്ലാ കലക്ടര്‍ മൊഴി നല്‍കിയിട്ടുള്ളത്.

ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ട് ഇന്നു തന്നെ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയേക്കും. യാത്രയയപ്പ് യോഗത്തില്‍ എഡിഎമ്മിനെതിരെ സംസാരിച്ചു എന്നു മാത്രമല്ല, അത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച് നവീന്‍ബാബുവിനെ താറടിക്കാന്‍ ദിവ്യ മുന്‍കൈയെടുത്തു എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതെന്നാണ് വിവരം.

ആകസ്മികമായി വന്നുവെന്നാണ് ദിവ്യ യാത്രയയപ്പ് യോഗത്തിലെ പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ ജില്ലാ കലക്ടര്‍ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തതെന്ന് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിവ്യ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് കലക്ടറുടെ വാദം. പ്രോട്ടോക്കോള്‍ മാനിച്ചാണ് ദിവ്യയുടെ പ്രസംഗം തടയാതിരുന്നതെന്നുമാണ് കലക്ടര്‍ പറയുന്നത്.

പി പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്. പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി ഇന്ന് പരിഗണിക്കും. പൊലീസ് ദിവ്യയ്ക്ക് എതിരായ റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കുക എന്നാണ് സൂചന. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ബാബുവിന്റെ കുടുംബവും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ദിവ്യയ്ക്കെതിരേ പൊലീസ് ചുമത്തിയത്.

സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും ആത്മഹത്യ; മരിച്ചത് കോളജ് അധ്യാപിക

സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും ആത്മഹത്യ; മരിച്ചത് കോളജ് അധ്യാപിക

കൊല്ലം: മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി (25) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ശ്രുതി ജീവനൊടുക്കിയത് എന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആറു മാസം മുന്‍പായിരുന്നു ശ്രുതിയുടെ വിവാഹം.

കൊല്ലം സ്വദേശികളായ ബാബു- ദേവി ദമ്പതികളുടെ മകളാണ് ശ്രുതി. ബാബു തമിഴ്‌നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്‍ജിനിയറാണ്. ശ്രുതി എംഎ പൂര്‍ത്തിയാക്കി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത് വരികയാണ്. അതിനിടെയാണ് തമിഴ്‌നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ തന്നെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി കാര്‍ത്തിക്കുമായി ശ്രുതിയുടെ വിവാഹം നടക്കുന്നത്.

വിവാഹ സമ്മാനമായി കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്ക് പത്തുലക്ഷം രൂപയും 50 പവനും നല്‍കിയതായി ശ്രുതിയുടെ ബന്ധുക്കള്‍ പറയുന്നു. എന്നിട്ടും കാര്‍ത്തിക്കിന്റെ അമ്മയില്‍ നിന്ന് കടുത്ത പീഡനമാണ് ശ്രുതി നേരിട്ടതെന്നും ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് അമ്മായിയമ്മ സ്ഥിരമായി ശ്രുതിയുമായി വഴക്കിട്ടിരുന്നു. മരണത്തിന് തൊട്ടുമുന്‍പ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ ശ്രുതിയെ നിര്‍ബന്ധിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍ സമ്മതിക്കുന്നില്ല. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിച്ചതായും ശ്രുതിയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. വീട്ടിലേക്ക് മടങ്ങിപ്പോയി വീട്ടുകാര്‍ക്ക് നാണക്കേട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് കടുംകൈ ചെയ്യുന്നത് എന്നും ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നതായും ബന്ധുക്കള്‍ പറയുന്നു.

സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധം, സർക്കുലർ ഇറക്കി വിദ്യാഭ്യാസ വകുപ്പ്

സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധം, സർക്കുലർ ഇറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളിൽ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണത്തിൽ നിന്ന് രസവും അച്ചാറും ഒഴിവാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. ഇവ രണ്ടും കറികളായി കണക്കാക്കാനാകില്ലെന്നാണ് മേൽനോട്ട ചുമതലയുള്ള ഓഫിസർമാർ സ്കൂളുകൾക്കു നൽകുന്ന വിശദീകരണം. എന്നാൽ പണമില്ലാതെ കടം പറഞ്ഞ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുമ്പോൾ ഇത്തരത്തിൽ ചെലവു കുറഞ്ഞ കറികളെ ആശ്രയിച്ചേ മതിയാകുവെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

ദിവസവും രണ്ടു കറികൾ വേണമെന്നും അതിൽ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധമാണെന്നും സർക്കുലറിൽ നിർദേശമുണ്ട്. ഫണ്ട് ലഭ്യതയനുസരിച്ചു മത്സ്യ, മാംസ വിഭവങ്ങളും ഉൾപ്പെടുത്താമെന്ന് പറയുന്നുണ്ടെങ്കിലും തുച്ഛമായ സർക്കാർ ഫണ്ട് തന്നെ സ്ഥിരമായി കുടിശികയായതിനാൽ നിലവിലുള്ള രീതിയിൽ പദ്ധതി നടത്താൻ പോലും ബുദ്ധിമുട്ടുകയാണു സ്കൂൾ അധികൃതർ പറഞ്ഞു.

എൽപി സ്കൂളിൽ 6 രൂപയും യുപിയിൽ 8.17 രൂപയുമാണ് ഒരു കുട്ടിക്കുള്ള പ്രതിദിന ഉച്ചഭക്ഷണ വിഹിതം. സ്കൂളിലെ ഏതു ഫണ്ടും ഉപയോഗിച്ച് പദ്ധതി മുടക്കം വരാതെ മുന്നോട്ടു കൊണ്ടുപോകാമെന്നാണു വകുപ്പിന്റെ നിർദേശം. തദ്ദേശസ്ഥാപന സഹകരണത്തോടെയും സ്പോൺസർഷിപ്പിലൂടെയും എല്ലാ പ്രൈമറി സ്കൂളുകളിലും പ്രഭാത ഭക്ഷണം കൂടി ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.

ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ട അല്ലെങ്കിൽ നേന്ത്രപ്പഴം നൽകുന്ന അധിക പോഷണ പദ്ധതിയിൽ ഉൾപ്പെടുത്താൻ രക്ഷിതാക്കളിൽ നിന്നു പ്രത്യേക സമ്മതപത്രം വാങ്ങണമെന്നും നിർദേശമുണ്ട്. കൂടാതെ പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമർപ്പിക്കാൻ പ്രത്യേകം പെട്ടി സ്ഥാപിക്കണമെന്നും സർക്കുലറിൽ പറയുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷനകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആര്‍ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സര്‍ക്കാരിന്റെ വാര്‍ഷിക ചെലവില്‍ ഏകദേശം 2000 കോടി രൂപയുടെ വര്‍ധനവുണ്ടാകും. അനുവദിച്ച ഡിഎ, ഡിആര്‍ അടുത്ത മാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം കിട്ടിതുടങ്ങും.

ഒരു ഗഡു ഡിഎ, ഡിആര്‍ ഈവര്‍ഷം ഏപ്രിലില്‍ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ടു ഗഡു ഡിഎ, ഡിആര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദ്ദ്യേശിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം കേരളത്തില്‍ നടപ്പാക്കിയിരുന്നു.

ഡിഎ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ പണമായും നല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികൂല സമീപനങ്ങള്‍ കാരണം കേരളം നേരിട്ട അസാധാരണ പണഞെരുക്കം ജീവനക്കാരുടെ ചില ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് കാലതാമസത്തിന് കാരണമായി. ജീവനക്കാരുടെയേും പെന്‍ഷന്‍കാരുടെയു ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.