by Midhun HP News | Oct 23, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയത് ചോദ്യം ചെയ്ത് മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കളമശേരി മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ക്രിസ്ത്യന്‍ മതാചാരപ്രകാരം കതൃക്കടവ് പള്ളിയില്‍ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആശയുടെ ഹര്‍ജി.
പിതാവിന്റെ മൃതദേഹം ആശുപത്രിയ്ക്ക് വിട്ടുനല്‍കരുതെന്നും മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആശ ലോറന്‍സ് സെപ്റ്റംബര്‍ 23-ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ഉപദേശക സമിതി രൂപവത്കരിക്കുകയും, ഇവര്‍ മൂന്നുമക്കളുടെയും വാദം കേള്‍ക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് മൃതദേഹം വൈദ്യപഠനത്തിന് നല്‍കാമെന്ന തീരുമാനം എടുത്തത്.
ഈ തീരുമാനത്തിനെതിരെയാണ് മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല ഹിയറിങ് നടത്തിയതെന്നായിരുന്നു ആശയുടെ ആരോപണം. മെഡിക്കല്‍ കോളജ് ഉപദേശക സമിതി മൂത്ത മകന്റെയും പാര്‍ട്ടിയുടെയും സ്വാധീനത്തിന് വഴങ്ങിയാണ് തീരുമാനമെടുത്തത്. സമിതിക്ക് മുന്നില്‍ ഹാജരായ തനിക്ക് സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെട്ടു. ശരിയായ ഹിയറിങ് നടത്തി അന്തിമ തീരുമാനം കൈക്കൊള്ളണമെന്നുമായിരുന്നു ആശയുടെ വാദം.
ഏതെങ്കിലും വിധത്തില്‍ തന്റെ പിതാവ് മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്ന് പറഞ്ഞതിന് തെളിവില്ല. ഇക്കാര്യം മക്കളായ തങ്ങളോട് പിതാവ് ആവശ്യപ്പെട്ടല്ല. പിതാവ് കമ്യൂണിസ്റ്റ് നേതാവായിരുന്നെങ്കിലും മക്കളെല്ലാം ക്രിസ്ത്യന്‍ മതാചാരം പിന്തുടര്‍ന്നതായും പിതാവിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്നുമായിരുന്നു ആശയുടെ വാദം.
by Midhun HP News | Oct 23, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കടുവയിൽ പ്രദേശത്ത് വാനര ശല്യം രൂക്ഷമാകുന്നു. വാനര ശല്യമില്ലാത്ത പ്രദേശമായിരുന്നു ഇത്. ഇന്ന് രാവിലെയോടെയാണ് വാനരന്മാർ ഈ പ്രദേശത്ത് എത്തിയത്. വീടുകൾ തോറും ചാടിച്ചാടി പോകുകയും വൃക്ഷങ്ങളിൽ നിന്നും പലവർഗങ്ങൾ എടുത്ത് എറിയുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്യുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. അടിയന്തിരമായി ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
by Midhun HP News | Oct 23, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരള സംഗീത നാടക അക്കാഡമി സംസ്ഥാന പ്രൊഫെഷണൽ നാടക അവാർഡ് വിതരണത്തിൻ്റെ ഭാഗമായ സാംസ്കാരികോത്സവത്തിൻ്റെ ഉദ്ഘാടനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി അധ്യക്ഷത വഹിച്ചു. ഒ.എസ്.അംബിക എം.എൽ.എ, അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി, സെക്രട്ടറി കരിവള്ളൂർ മുരളി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്.പ്രദീപ്, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, കല്ലറ ഗോപൻ, കെ.എസ്.ഗീത രംഗ പ്രഭാത്, വി.കെ.അനിൽകുമാർ, ബി.എൻ.സൈജുരാജ് എന്നിവർ സംസാരിച്ചു.

by Midhun HP News | Oct 22, 2024 | Latest News, ജില്ലാ വാർത്ത
പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ സംസ്ഥാന അധ്യാപക അവാർഡ് ‘ഗുരുജ്യോതി പുരസ്‌കാരം’ കിഴുവിലം ഗവണ്മെന്റ് യു പി സ്കൂളിലെ സംസ്കൃതം അധ്യാപകൻ ടി ആർ ബാലമുരളീ കൃഷ്ണ നേടി. പാട്ടുകാരനും പ്രഭാഷകനുമായ ശാസ്താംകോട്ട രാമചന്ദ്രന്റെയും സരോജിനിയുടെയും മകനാണ്. 2009 ൽ അധ്യാപകൻ ആയി സർവീസിൽ പ്രവേശിച്ചു.
കുട്ടികൾക്കു വേണ്ടി മുപ്പതോളം നാടകങ്ങൾ എഴുതി സാമൂഹിക വിപത്തുകൾക്ക് എതിരെ പത്തോളം തെരുവ് നാടകങ്ങൾ വിവിധ വിദ്യാലയങ്ങളിലൂടെ അവതരിപ്പിച്ചു.
1997 ൽ ആദ്യമായി കലാകൗമുദിയിൽ കവിത പ്രസിദ്ധീകരിച്ചു. പിന്നീട് തുടർച്ചയായി ആനുകാലികങ്ങളിൽ എഴുതുന്നുണ്ട്. കുട്ടികൾക്ക് വേണ്ടി, പാട്ടും കവിതയും കുട്ടികളും എന്ന പരിപാടി ഇരുന്നൂറോളം സ്കൂളുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ചൊല്ലരങ്ങ് ഇന്ത്യയിൽ തന്നെ വിവിധ പ്രദേശങ്ങളിൽ അവതരിപ്പിച്ചു. സംസ്കൃത ഭാഷയിൽ രചിക്കപ്പെട്ട കൃതികൾ കോർത്തിണക്കി ‘ഗേയം’ എന്ന സംഗീത പരിപാടിയും അവതരിപ്പിക്കുന്നുണ്ട്.
കർണാട്ടിക് മ്യൂസിക്, നാടൻ പാട്ടുകൾ, ഗസൽ, കവിതകൾ, നാടക ഗാനങ്ങൾ
എന്നിവയെല്ലാം ഒറ്റവേദിയിൽ ‘രവം’എന്ന പേരിലും അവതരിപ്പിക്കുന്നുണ്ട്. നാലു ഷോട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ട്. മലയാള കവിതയെ പ്രതിനിധീകരിച്ചു ഭാരതത്തിന്റെ വിവിധ ഇടങ്ങളിൽ കവിത ചൊല്ലിയിട്ടുണ്ട്. യേശു ദേവൻ, മുഹമ്മദ് നബി എന്നിവരെ കുറിച്ചുള്ള സംസ്‌കൃത കൃതികൾ കർണാറ്റിക് മ്യൂസികിൽ ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്.
by Midhun HP News | Oct 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി 52 വയസുള്ള മധുവിനാണ് കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ 23 വയസുള്ള മകന്‍, മിഥുനാണ് കരള്‍ പകുത്ത് നല്‍കിയത്. സൂക്ഷ്മമായ പരിശോധനകള്‍ക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ട്രാന്‍സ്പ്ലാന്റ് ടീമിനെ അഭിനന്ദിക്കുകയും ചെയ്തു
കഴിഞ്ഞ മാസം 25നാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 10 മണിയോടെയാണ് പൂര്‍ത്തിയാക്കിയത്. സര്‍ജിക്കല്‍ ഗ്യാസ്ട്രോ, അനസ്തേഷ്യ ആന്റ് ക്രിട്ടിക്കല്‍ കെയര്‍, മെഡിക്കല്‍ ഗ്യാസ്ട്രോ, റേഡിയോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, കാര്‍ഡിയോളജി, മൈക്രോബയോളജി, നഴ്‌സിംഗ് വിഭാഗം എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നൂറോളം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, നോഡല്‍ ഓഫീസര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
ഏറെ പണച്ചെലവുള്ള അവയവമാറ്റ ശസ്ത്രക്രിയകള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സാധ്യമാവില്ല എന്ന ഒരു പൊതുബോധത്തെ മാറ്റിമറിച്ച രണ്ടുവര്‍ഷങ്ങളാണ് കടന്നുപോകുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് കോട്ടയം മെഡിക്കല്‍ കോളജിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ യാഥാര്‍ത്ഥ്യമാക്കി.
by Midhun HP News | Oct 22, 2024 | Latest News, ജില്ലാ വാർത്ത
കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ പ്രവർത്തക കൺവെൻഷൻ കെ.എസ്.കെ.റ്റി.യു സംസ്ഥാന കമ്മിറ്റി അംഗം ബി.പി മുരളി ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡന്റ് സി.എസ് അജയകുമാർ അധ്യക്ഷത വഹിച്ചു.
ഏര്യാ സെക്രട്ടറി ആർ രാജു, ജില്ലാ കമ്മിറ്റി അംഗം വിജയകുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ആർ എസ് അനൂപ്,എസ് സതീഷ് കുമാർ,വി വിശ്വംഭരൻ, സതീഷ് ശർമ,എ നജാം എന്നിവർ പങ്കെടുത്തു.
Recent Comments