കവടിയാർ വാഹനാപകടം: ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു

കവടിയാർ വാഹനാപകടം: ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു

തിരുവനന്തപുരം: കവടിയാർ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ആഷിക്ക്. ഇന്ന് രാവിലെ ആറരയ്ക്കാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവടിയാറിൽ വെച്ച് കാറിടിച്ച് ആഷിക്കിനും ഭാര്യ നൗഷിജയ്ക്കും ​ഗുരുതരമായി പരിക്കേറ്റത്. നൗഷിജ വെള്ളിയാഴ്ച മരിച്ചിരുന്നു. നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി, കാൽനടയാത്രക്കാരായിരുന്ന ആഷിക്കിനെയും നൗഷിജയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇവരെ ഇടിച്ചു തെറിപ്പിച്ച കാര്‍ രണ്ടു കാറുകളിലും ഒരു ബൈക്കിലും ഇടിച്ച് അപകടമുണ്ടാക്കിയിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് കാര്‍ ഓടിച്ചിരുന്ന കുറവൻകോണം സ്വദേശി മോഹൻ തോമസ് പൊലീസ് നൽകിയ മൊഴി. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കാണ് അപകടമുണ്ടായത്.

കുറവൻകോണത്ത് നിന്ന് കവടിയാറിലേയ്ക്ക് വരികയായിരുന്ന കാറാണ് അമിത വേഗത്തിലെത്തി ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറിയത്. നൗഷിജയെയും ആഷിക്കിനെയും ഇടിച്ചു തെറിപ്പിച്ച കാര്‍ സമീപത്തു കൂടി നടന്നു പോവുകയായിരുന്ന ബംഗാള്‍ സ്വദേശി അലി അക്ബറിനെയും ഇടിച്ചു തെറിപ്പിച്ചു. പിന്നീട് ഒരു ബൈക്കിലും രണ്ടു കാറുകളിലും ഇടിച്ചു. നിതീഷ് എന്നയാള്‍ ഓടിച്ചിരുന്ന കാറിൽ ഇടിച്ച ശേഷമാണ് നിയന്ത്രണം വിട്ടെത്തിയ കാര്‍ നിര്‍ത്തിയത്. നിതീഷിനും പരിക്കേറ്റിരുന്നു.

ഗുരുതരമായി പരിക്കേറ്റ നൗഷിജ ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരിച്ചിരുന്നു. ഒരുമാസം മുമ്പാണ് നൗഷിജയും ആഷിക്കും വിവാഹിതരായത്. തിരുവനന്തപുരം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇരുവരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗുരുതര പരിക്കേറ്റ ബംഗാള്‍ സ്വദേശി അലി അക്ബര്‍ ഫാഷൻ ഡിസൈനിങ്ങ് വര്‍ക്കറാണ്.

എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവുമായി വക്കം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ

എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവുമായി വക്കം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ

വക്കം: വക്കം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിനു ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷയിൽ മിന്നും വിജയം. 105 കുട്ടികൾ പരീക്ഷ എഴുതി. 5 ഫുൾ എ പ്ലസുകൾ ഉൾപ്പെടെ 100 % വിജയമാണ്
നേടിയിരിക്കുന്നത്. സാധാരണക്കാരിലും സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന ഈ സ്കൂളിൽ ഇത്തരത്തിലൊരു നേട്ടം കൈവരിക്കാൻ സാധിച്ചതിൽ നാട് അഭിമാനിക്കുന്നു. 125ആം വാർഷികം ആഘോഷിക്കുന്ന ഈ വർഷം തന്നെ മികച്ച വിജയം നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും.

ക്ലിഫ് ഹൗസിനു കൂടുതൽ മോടി വേണ്ട; മന്ത്രി മന്ദിരങ്ങൾക്കും അറ്റകുറ്റപ്പണി മാത്രം മതി; സതീശന്റെ നിർദ്ദേശം

ക്ലിഫ് ഹൗസിനു കൂടുതൽ മോടി വേണ്ട; മന്ത്രി മന്ദിരങ്ങൾക്കും അറ്റകുറ്റപ്പണി മാത്രം മതി; സതീശന്റെ നിർദ്ദേശം

തിരുവനന്തപുരം: അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിനു കൂടുതൽ മോടി വേണ്ടെന്നു പൊതുഭരണ വകുപ്പിനു വിഡി സതീശന്റെ നിർദ്ദേശം. വൻ തുക മുടക്കി മോടി പിടിപ്പിക്കേണ്ടതില്ലെന്നും ചില്ലറ അറ്റകുറ്റപ്പണി മാത്രം മതിയെന്നുമാണ് നിർദ്ദേശം. മന്ത്രി മന്ദിരങ്ങളും മോടി പിടിപ്പിക്കേണ്ടതില്ലെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഏറെ വിവാദ​മായിരുന്നു ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കൽ. സാമ്പത്തിക പ്രതിസന്ധികൾക്കിടെ ക്ലിഫ് ഹൗസിൽ നീന്തൽ കുളമുൾപ്പെടെയുള്ളവയുടെ മോടി പിടിപ്പിക്കലാണ് വിവാദമായത്. ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രി മന്ദിരങ്ങളിൽ മരപ്പട്ടി ശല്യം ഉണ്ടെന്ന പിണറായിയുടെ പരസ്യ പ്രതികരണവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

നീന്തൽക്കുളം മോടി പിടിപ്പിക്കാൻ 31,92,360 രൂപയാണ് പിണറായി കാലത്ത് ചെലവിട്ടത്. ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിതതും വിവാദമായിരുന്നു. 25.50 ലക്ഷം മുടക്കിയാണ് ലിഫ്റ്റ് പണിതത്.

മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിൽ ഏഴ് കിടപ്പ് മുറികളാണ് ഉള്ളത്. 15,000 ചതുരശ്ര അടിയാണ് വലിപ്പം. ഓഫീസ് മുറി, കോൺഫറൻസ് ഹാൾ എന്നിവയുമുണ്ട്. സുരക്ഷാ ഉദ്യോ​ഗസ്ഥർക്കും മറ്റ് ജീവനക്കാർക്കുമായുള്ള രണ്ട് ചെറിയ കെട്ടിടങ്ങളും ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുണ്ട്. 4.2 ഏക്കറിലായാണ് ക്ലിഫ് ഹൗസ് അടക്കമുള്ള കെട്ടിടങ്ങൾ നിൽക്കുന്നത്.

ആറ്റിങ്ങൽ അവനവഞ്ചേരി എച്ച് എസ്സിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം

ആറ്റിങ്ങൽ അവനവഞ്ചേരി എച്ച് എസ്സിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം

ആറ്റിങ്ങൽ: അവനവഞ്ചേരി എച്ച് എസ്സിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 97 % വിജയം. 233കുട്ടികൾ ആണ് പരീക്ഷ എഴുതിയത്. ഇതിൽ 226 പേർ വിജയിച്ചു. 38പേർ ഫുൾ എ പ്ലസ് നേടി.

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99 % വിജയം. 330 കുട്ടികൾ ആണ് പരീക്ഷ എഴുതിയത്. ഇതിൽ 328പേർ വിജയിച്ചു. 2 പേർ പരീക്ഷ എഴുതിയില്ല. 49പേർ ഫുൾ എ പ്ലസ് നേടി.

‘ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി ?’; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

‘ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി ?’; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. ചെന്നിത്തല തന്റെ നേതാവും, ജ്യേഷ്ഠ സഹോദര തുല്യനുമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വിഡി സതീശന്‍ പറഞ്ഞു. ഈ വീട് നിര്‍മ്മിച്ച കാലം മുതല്‍ താന്‍ ഇവിടെ വരുന്നതാണ്. അതിന് മാധ്യമങ്ങള്‍ പറയുന്നതുപോലെ മറ്റു കാര്യങ്ങളൊന്നുമില്ല. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും പുതിയ ദൗത്യം ഏറ്റെടുക്കുമ്പോള്‍ എനിക്ക് ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമോ എന്ന ചോദ്യത്തിന്, അതെല്ലാം പാര്‍ട്ടി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്നും, അദ്ദേഹവുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി. വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. വളരെയേറെ വ്യക്തിപരമായ ബന്ധങ്ങള്‍ ഉള്ളവരാണ് ഞങ്ങളെല്ലാവരും. ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം വിഡി സതീശനെയാണ് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചിട്ടുള്ളത്. അത് പാര്‍ട്ടി പ്രവര്‍ത്തകരും ഞങ്ങളെല്ലാവരും ചേര്‍ന്നു നിന്ന് നിറവേറ്റുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയില്‍ ഉണ്ടാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. എന്തെങ്കിലും ഉപാധിയുണ്ടോയെന്ന ചോദ്യത്തിന്, ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധിയെന്നും ചെന്നിത്തല തിരിച്ചു ചോദിച്ചു.