മാമം ദേശീയ പാതയിൽ വാഹനാപകടം

മാമം ദേശീയ പാതയിൽ വാഹനാപകടം

ആറ്റിങ്ങൽ: മാമം ദേശീയ പാതയിൽ സൺ ഓഡിറ്റോറിയത്തിന് സമീപം വാഹനാപകടം. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയുടെ വാഗണർ കാറും മാമം സ്വദേശിയുടെ ഡിയോ സ്കൂ‌ട്ടിയും തമ്മിൽ കൂട്ടി മുട്ടുകയായിരുന്നു. ആൾ അപായമില്ല. പരിക്കേറ്റ മാമം സ്വദേശിയെ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ ഇടിയിൽ കാർ ഭാഗികമായി തകർന്നു.

ജെ സി ഐ ആറ്റിങ്ങൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

ജെ സി ഐ ആറ്റിങ്ങൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

ജെ സി ഐ ആറ്റിങ്ങൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 20 നു ലയൺസ് ഹാളിൽ 9 മണി മുതൽ ആണ് പ്രസംഗ മത്സരം നടക്കുന്നത്. ഒന്നാം സമ്മാനം 10,000 രൂപയാണ്. രണ്ടാം സമ്മാനം 5000, മൂന്നാം സമ്മാനം 3000. പ്രോത്സാഹന സമ്മാനം 1000 രൂപ വീതം 3 പേർക്ക്. എട്ടാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

രജിസ്‌ട്രേഷനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്:
മൊബൈൽ നമ്പർ: 7306503828, 9846997946, 9995078509

കല്ലമ്പലത്ത് റംബൂട്ടന്റെ കുരു തൊണ്ടയിൽ കുടുങ്ങി 6 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കല്ലമ്പലത്ത് റംബൂട്ടന്റെ കുരു തൊണ്ടയിൽ കുടുങ്ങി 6 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കല്ലമ്പലം: കല്ലമ്പലം കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആറ് മാസം പ്രായമുള്ള ആദവാണ് മരണപെട്ടത്. ഇന്നലെ വൈകിട്ട് 6 മണിയോടെ വീട്ടിൽ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്നും കൂടെ ഉണ്ടായിരുന്ന വല്യച്ഛന്റെ കുട്ടികൾ റംബൂട്ടൻ എടുത്തു തൊലികളഞ്ഞ ശേഷം കുഞ്ഞിന് കഴിക്കാനായി വായിൽ വച്ചു കൊടുക്കുകയായിരുന്നു.

ഉടൻതന്നെ കുട്ടി അത് വിഴുങ്ങി. ഈ സമയം അമ്മ അടുക്കളയിൽ ആയിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി കുട്ടി വെപ്രാളം കാണക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടൻ തന്നെ മാതാവും ബന്ധുക്കളും ചേർന്ന് കെ ടി സി ടി ആശുപത്രി കാഷ്വാലിറ്റിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ച് തൊണ്ടയിൽ കുടുങ്ങിയ റംബൂട്ടാന്റെ കുരു പുറത്തെടുത്തെങ്കിലും കുട്ടിക്ക് ശ്വാസം എടക്കാൻ കഴിയാത്തതിനാൽ കൃത്രിമ ശ്വാസം നൽകി ഉടൻ തന്നെ കുട്ടിയെ ആംബുലൻസിൽ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ എത്തിച്ചു.

അവിടെ ഡോക്ടർ പരിശോധിച്ച് ഐ സി യുവിൽ അഡ്മിറ്റ്‌ ചെയ്തു. ഡോക്ടർമാർ സാധ്യമായതെല്ലാം ജീവൻ രക്ഷിക്കുവാൻ വേണ്ടി ചെയ്തെങ്കിലും ഇന്ന് വെളിപ്പിന് കുട്ടി മരണപ്പെടുകയായിരുന്നു. നിലവിൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ആണ് ഉള്ളത്. കല്ലമ്പലം പോലീസ് കേസ് എടുത്തു അന്വഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു പോസ്റ്റുമോർട്ടും പരിശോധന നടത്തി കുട്ടിയുടെ മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.

ഡെക്കാൻ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പൂനെയിൽ നിന്നും ആറ്റിങ്ങൽ സ്വദേശിക്ക് ഗോൾഡ് മെഡൽ

ഡെക്കാൻ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പൂനെയിൽ നിന്നും ആറ്റിങ്ങൽ സ്വദേശിക്ക് ഗോൾഡ് മെഡൽ

ആറ്റിങ്ങൽ: മഹാരാഷ്ട്ര ഗവൺമെന്റ് കീഴിലുള്ള ഡെക്കാൻ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പൂനെയിൽ നിന്നും ആറ്റിങ്ങൽ സ്വദേശിക്ക് ഗോൾഡ് മെഡൽ. ആറ്റിങ്ങൽ മാമം ചൈതന്യ ജംഗ്ഷനിൽ സൂര്യപ്രിയയിൽ സുരേഷ്- പ്രീത സുരേഷ് ദമ്പതികളുടെ മകളായ പി എസ് സൂര്യയാണ് മഹാരാഷ്ട്ര ഗവൺമെന്റിലെ ഡെക്കാൻ കോളേജിൽ എം എ ആർക്കോളോജിയിൽ ഒന്നാം റാങ്കും, ഗോൾഡ് മെഡലും നേടിയത്. ഗോൾഡ് മെഡൽ, പ്രശസ്ത ആർക്കിയോളജിസ്റ്റായ പ്രൊഫസർ എച്ച് ഡി സങ്കാലിയയുടെ പേരിൽ കോളേജ് ഏർപ്പെടുത്തിയിട്ടുള്ളതാണ്.

തിരുവനന്തപുരത്ത് മുറിൻ ടൈഫസ്; ചെള്ള് പനിക്ക് സമാനമായ അപൂർവ രോ​ഗം, സ്ഥിരീകരിച്ചത് വിദേശത്തുനിന്നെത്തിയ 75കാരന്

തിരുവനന്തപുരത്ത് മുറിൻ ടൈഫസ്; ചെള്ള് പനിക്ക് സമാനമായ അപൂർവ രോ​ഗം, സ്ഥിരീകരിച്ചത് വിദേശത്തുനിന്നെത്തിയ 75കാരന്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ‘മുറിൻ ടൈഫസ്’ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന 75 വയസ്സുകാരനാണു രോഗബാധ. ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേകതരം ചെള്ളിലൂടെയാണ് രോഗാണു പകരുന്നത്. സെപ്റ്റംബർ എട്ടിനാണ് ശരീര വേദനയും വിശപ്പില്ലായ്മയും തളർച്ചയും മൂലം ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യനില വഷളായ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി.

തുടർന്ന് നടത്തിയ പരിശോധനകളിൽ കരളിന്റെയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലായതായും കണ്ടെത്തി. സാധാരണ കേരളത്തിൽ കണ്ടുവരുന്ന ചെള്ള്പനി അടക്കമുള്ളവയുടെ പരിശോധന ഫലങ്ങൾ നെഗറ്റീവായിരുന്നു. പിന്നാലെ സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചത്. അതിഗുരുതാവസ്ഥയിലായിരുന്ന രോഗിയുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്.

എസ്പി മെഡ് ഫോർട്ട് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ സംഘം ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ പാനലാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. മ്യൂറിൻ ടൈഫസിന് കാരണമാകുന്ന രോഗാണു പകരുന്നത് പ്രത്യേകതരം ചെള്ളിലൂടെയാണ്. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

സ്വര്‍ണക്കടത്ത് രാജ്യദ്രോഹക്കുറ്റം, എന്തുകൊണ്ട് അറിയിച്ചില്ല?; മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായെന്ന് ഗവര്‍ണര്‍

സ്വര്‍ണക്കടത്ത് രാജ്യദ്രോഹക്കുറ്റം, എന്തുകൊണ്ട് അറിയിച്ചില്ല?; മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി സ്വര്‍ണക്കള്ളക്കടത്ത് വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സ്വര്‍ണകള്ളക്കടത്ത് രാജ്യത്തിന് എതിരായ കുറ്റമാണ്. ഇതറിഞ്ഞിട്ടും എന്തു കൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ല. കാര്യങ്ങള്‍ തന്നെ ധരിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

വലിയ തോതില്‍ സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നതായി മുഖ്യമന്ത്രി തന്നെയാണ് പറയുന്നത്. സ്വര്‍ണ കള്ളക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണ്, കേരളത്തെ മാത്രം ബാധിക്കുന്നതല്ല. അതുകൊണ്ടു തന്നെ രാഷ്ട്രപതിയെ വിവരം അറിയിക്കേണ്ട വിഷയമാണ്. ഇതുമായി ബന്ധപ്പെട്ട വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചില്ല. രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. കസ്റ്റംസ് നടപടികളില്‍ പോരായ്മകളുണ്ടെങ്കില്‍ എന്തുകൊണ്ട് അക്കാര്യം അറിയിച്ചില്ല?.

മലപ്പുറം പരാമര്‍ശത്തില്‍ താന്‍ നല്‍കിയ കത്തിന് മുഖ്യമന്ത്രി മറുപടി വൈകിച്ചു. 20 ദിവസത്തിന് ശേഷമാണ് വിശദീകരണം നല്‍കിയത്. സ്വര്‍ണ കള്ളക്കടത്ത് ഗുരുതരമായ കുറ്റകൃത്യമാണ്. ദേശദ്രോഹ കുറ്റം നടന്നാല്‍ അതു തന്നെ അറിയിക്കേണ്ടതാണ്. സാധാരണ ഭരണപരമായ നടപടികളെക്കുറിച്ചല്ല താന്‍ ചോദിച്ചത്. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച രാഷ്ട്രപതിയെ അറിയിക്കേണ്ടതാണ്. ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം വന്ന ഹിന്ദു പത്രം പറയുന്നത്, മുഖ്യമന്ത്രിയുടെ അഭിമുഖ സമയത്ത് രണ്ട് പി ആര്‍ ഏജന്‍സി പ്രതിനിധികള്‍ ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് ഒരു പി ആര്‍ ഏജന്‍സിയുമായും ബന്ധമില്ലെന്നാണ്. അങ്ങനെയെങ്കില്‍ തെറ്റായ വിവരം നല്‍കിയ ഹിന്ദു പത്രത്തിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായെന്നും ഗവര്‍ണര്‍ പറഞ്ഞു.