by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കൂൾ ബാറിൻ്റെ മേശയിൽ നിന്ന് തുക തട്ടിയെടുത്തതായി പരാതി. ആറ്റിങ്ങൽ നഗരസഭ കാര്യാലയത്തിന് മുന്നിലെ മദീന കൂൾബാറിൽ നിന്ന് കഴിഞ്ഞ രാത്രിയിലാണ് മേശയിൽ സൂക്ഷിച്ചിരുന്ന 28,000 രൂപ മോഷ്ടിച്ചത്. രാത്രി പത്ത് മണിയോടെ കടയുടമ റോഡരുകിലെ വേസ്റ്റ് ഡ്രമിൽ വേസ്റ്റ് കൊണ്ടിടുന്നതിനിടെ പുറത്ത് നിന്നയാൾ കടയിൽ കയറി പണവും എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. കടയുടമ മോഷ്ടാവിനെ പിൻ തുടർന്നെങ്കിലും ഇരുളിൽ ഓടി മറഞ്ഞു. ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
വർക്കല: കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ വിനോദസഞ്ചാര മേഖലയായ വർക്കല ഹെലിപ്പാടിൽ കുന്നുകൾ ഇടിഞ്ഞു. രാത്രി 9 മണിയോടുകൂടിയാണ് സംഭവം. മുന്നേ ഇടിഞ്ഞ ഭാഗത്താണ് വീണ്ടും ചെറിയതോതിൽ കുന്നിടിച്ചിലുണ്ടായത്. ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന് വിരുദ്ധമായി വീണ്ടും ഹെലിപാട് മേഖലയിൽ വലിയ ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലമാണ് കുന്നിടിച്ചിൽ ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. ടൂറിസം പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ബാരിക്കേടുകൾ സ്ഥാപിക്കുകയും കയർ കെട്ടി ആ ഭാഗത്തേക്ക് സഞ്ചാരികളെ കടക്കുന്നതിന് വിലക്കും ഏർപ്പെടുത്തി.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
വാമനപുരം നദിയുടെയും കരമന നദിയുടേയും കരയിലുള്ളവർ ജാഗ്രത പാലിക്കുക.
വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
സംസ്ഥാന ജലസേചന വകുപ്പിൻറെ മൈലാംമൂട് സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ വാമനപുരം നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. കരമന നദിയിലെ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
കേന്ദ്ര ജലകമ്മീഷന്റെ (CWC) വെള്ളൈക്കടവ് സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ കരമന നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നിരോധിത മയക്കുമരുന്നുകളുമായി യുവാവ് ആറ്റിങ്ങൽ പൊലീസിൻ്റെ പിടിയിലായി. നാവായികുളം വെട്ടിയറ വിളയിൽ പുത്തൻ വീട്ടിൽ പാച്ചൻ എന്നു വിളിക്കുന്ന പ്രവീൺ (28) ആണ് പിടിയിലായത്. ഇന്നലെ രാവിലെ ഒമ്പതര മണിയോടെ പൂവൻപാറ പാലത്തിനു സമീപം വച്ച് കഞ്ചാവ്, എം.ഡി.എം എ, മാരക മയക്ക് മരുന്നായ ഡയസി ഫാം തുടങ്ങിയ മയക്ക് മരുന്നിനത്തിൽപ്പെട്ട ഉൽപന്നങ്ങളുമായാണ് പ്രതി പൊലീസിൻ്റെ പിടിയിലായത്.
ഇയാളിൽ നിന്ന് 2.65 ഗ്രാം എം.ഡി.എം.എ, 8.60 ഗ്രാം കഞ്ചാവ്, 4.82 ഗ്രാം ഇളം മഞ്ഞ നിറത്തിലുള്ള മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട പൗഡർ എന്നിവ വിൽപനയ്ക്കായി കൈവശം വച്ചത് കണ്ടെത്തി. പ്രവീൺ എൻ.ഡി.പി.എസ് കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ജിഷ്ണു, സജിത്ത്, എ. എസ്.ഐ രാധാകൃഷ്ണൻ, എസ്.സി. പി. ഒ മാരായ അരുൺ കുമാർ, പ്രശാന്ത്, ശരത് കുമാർ, പ്രശാന്ത കുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല തീർഥാടനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാൻ വിവിധ സംഘടനകൾ ലക്ഷ്യമിടുന്നുവെന്നും ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നും ഇന്റലിജൻസ് ചൂണ്ടിക്കാണിക്കുന്നു.
സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്തതുപോലൊരു പ്രതിസന്ധി സ്‌പോട്ട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നൽകിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്ത പ്രതിഷേധം സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തതോടെ പലതവണ സന്നിധാനമുള്‍പ്പെടെ പ്രദേശങ്ങളിൽ പ്രതിഷേധമുണ്ടായിരുന്നു. സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി വെര്‍ച്വല്‍ ക്യൂ മാത്രമാക്കിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ സമാനമായ സമരമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റാനാണ് എന്ന പ്രചാരണം ബിജെപി ഉള്‍പ്പെടെയുള്ളവർ ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. മണ്ഡലകാലം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടാല്‍ പ്രതിപക്ഷവും രാഷ്ട്രീയമായി ഇടപെടും. പ്രതിസന്ധി ഒഴിവാക്കാന്‍ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് പോലെ സൗകര്യം ഒരുക്കിയില്ലെങ്കില്‍ പ്രതിഷേധത്തിന് കളമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനഃപരിശോധിച്ചേക്കും. വ്രതം നോറ്റെത്തുന്ന ഒരുഭക്തനും അയ്യപ്പദർശനം കിട്ടാതെ മടങ്ങേണ്ടിവരില്ലെന്ന് ഉറപ്പാക്കുമെന്നും സർക്കാരുമായി ആലോചിച്ച് ക്രമീകരണം ഒരുക്കുമെന്നും ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. 2023ല്‍ മൂന്ന് ലക്ഷത്തിലധികം പേരായിരുന്നു സ്‌പോട്ട് ബുക്കിങ് വഴി ബുക്ക് ചെയ്തത്. 2023- 24 ല്‍ അത് നാലുലക്ഷമായി. ശബരിമലയില്‍ ദര്‍ശന സമയം പുനഃക്രമീകരിച്ചു. പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയായിരിക്കും. ശേഷം മൂന്നുമുതല്‍ രാത്രി 11 മണിവരെയായിരിക്കും ദര്‍ശന സയമം.
by Midhun HP News | Oct 11, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിന്റെ കലാ-സാംസ്‌കാരിക രംഗത്ത് കഴിഞ്ഞ 24 വർഷമായി പ്രവർത്തിച്ചുവരുന്ന സർഗ്ഗ ആർട്‌സ് & സ്പോർട്‌സ് സെൻ്ററിൻ്റെ വാർഷികാഘോഷം ഒക്ടോബർ 13 (ഞായറാഴ്‌ച) കാർട്ടൂണിസ്റ്റ് സുകുമാർ നഗറിൽ (ആറ്റിങ്ങൽ ടൗൺ യു.പി.എസ് ആഡിറ്റോറിയത്തിൽ) വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ.എസ് കുമാരി, ആറ്റിങ്ങൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് മഞ്ജുലാൽ എസ്, ആറ്റിങ്ങൽ അമർ ഹോസ്പിറ്റൽ എം ഡി ഡോ രാധാകൃഷ്ണൻ, സർഗ്ഗ ഭാരവാഹികൾ തുടങ്ങി മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
ചിത്രരചനാ മത്സരം, ക്വിസ് മത്സരം, സാംസ്‌കാരിക സമ്മേളനം, സിലബം കളരിപ്പയറ്റ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം, ദിവംഗതനായ പ്രശസ്ത ഹാസ്യ സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ സുകുമാറിൻ്റെ സ്മരണാർത്ഥം ഏറ്റവും മികച്ച നർമ്മകഥയ്ക്ക് സർഗ്ഗ ഏർപ്പെടുത്തിയ സുകുമാർ സ്‌മാരക പുരസ്ക്‌കാരം കവിയും ഹാസ്യകഥാകൃത്തും പ്രഭാഷകനുമായ കുടിയേല ശ്രീകുമാറിന് സമർപ്പിക്കുന്നു. ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സുമംഗലയ്ക്ക് സർഗ്ഗ, സ്നേഹാദരവ് നൽകും.
Recent Comments