ഷിബിന്‍ വധക്കേസ്: പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

ഷിബിന്‍ വധക്കേസ്: പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ സി കെ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഏഴു പ്രതികള്‍ക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരില്‍ ആറു പേര്‍ വിദേശത്തും ഒരാള്‍ ചെന്നൈയിലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസില്‍ വിചാരണ കോടതി നേരത്തെ വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. കേസിലെ ആദ്യ ആറു പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ വിധിക്കുന്നതിനായി ഈ പ്രതികളെ ഈ മാസം 15 ന് കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് നാദാപുരം പൊലീസ് ലുക്ക് പ്രതികള്‍ക്കായി ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 2015 ജനുവരി 22 നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. കേസില്‍ ആകെ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എരഞ്ഞിപ്പാലത്തെ വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടത്.

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് ‘റെഡി’

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് ‘റെഡി’

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് അടുത്ത ആഴ്ച മുതല്‍ ഓടിത്തുടങ്ങും. സര്‍വീസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ആദ്യഘട്ടത്തില്‍ പത്തുബസുകളാണ് സര്‍വീസ് നടത്തുക. സൂപ്പര്‍ഫാസ്റ്റിനും എക്സ്പ്രസിനും ഇടയിലായിരിക്കും നിരക്ക്. വൈഫൈ കണക്ഷന്‍, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് എന്നിവയുണ്ടാകും. 40 സീറ്റുകളാണ് ഉള്ളത്. മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇടയ്ക്ക് യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഗുണനിലവാരമുള്ള ഹോട്ടലുകളില്‍ സൗകര്യം ഒരുക്കും.

തിരുവനന്തപുരം-കോഴിക്കോട്, കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട്, പാലക്കാട്- തൃശൂര്‍ റൂട്ടുകളിലാണ് പരിഗണിക്കുന്നത്. ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ തുടക്കത്തില്‍ എംസി റോഡിനാണ് മുന്‍ഗണനയെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. കുറഞ്ഞ ചെലവില്‍ സൗകര്യപ്രദമായ യാത്രയാണ് ലക്ഷ്യം.

സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറുകൾക്ക് 12 ന് തുടക്കമാകും

സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറുകൾക്ക് 12 ന് തുടക്കമാകും

സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറുകൾക്ക് 12 ന് തുടക്കമാകും. തൊഴിലുറപ്പ് പദ്ധതി നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാർ ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നെടുംങ്ങണ്ടയിൽ വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി ഉദ്ഘാടനം ചെയ്യും. മത്സ്യ മേഖല നേരിടുന്ന വെല്ലുവിളികളെന്ന വിഷയത്തെ സംബന്ധിച്ച സെമിനാർ 13 ഞായറാഴ്ച രാവിലെ 10 മണിക്ക് മത്സ്യ സംഘം ഹാളിൽ ചേരും. സിഐടി നേതാവ് പുല്ലുവിള സ്റ്റാൻലി സെമിനാർ ഉദ്ഘാടനം ചെയ്യും.

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

തിരുവന്തപുരം: അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു.

പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ഐഎഎസ് വിദ്യാര്‍ഥിനിക്ക് ഒരു പ്രണയമുണ്ട്. ആ യുവാവിന്റെ സുഹൃത്താണ് ദീപു. സുഹൃത്തിനെ കുറിച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. അതിന് പിന്നാലെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ദീപു ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നും യുവതി പറയുന്നു. പ്രതിക്കായി കഴക്കൂട്ടം പൊലീസ് അന്വേഷണം ഉര്‍ജിതമാക്കി. പ്രതി സംസ്ഥാനം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഉപജില്ലാ ശാസ്ത്രോത്സവം: ഗാർമെൻറ് മേക്കിങിൽ ഒന്നാം സ്ഥാനം നേടി ശ്രീരുദ്ര

ഉപജില്ലാ ശാസ്ത്രോത്സവം: ഗാർമെൻറ് മേക്കിങിൽ ഒന്നാം സ്ഥാനം നേടി ശ്രീരുദ്ര

ആറ്റിങ്ങൽ: ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വർക്ക് എക്സ്പീരിയൻസ് ഗാർമെൻറ് മേക്കിങിൽ (എച്ച് എസ് എസ് വിഭാഗം) ഒന്നാം സ്ഥാനം നേടി ശ്രീരുദ്ര. ആറ്റിങ്ങൽ സി എസ് ഐ ഇ എം എച്ച് എസ് എസ് വിദ്യാർത്ഥിനിയാണ്.

ശാന്തിഗിരി ഫെസ്റ്റ് 2024 ഗവർണർ ഉദ്ഘാടനം ചെയ്തു

ശാന്തിഗിരി ഫെസ്റ്റ് 2024 ഗവർണർ ഉദ്ഘാടനം ചെയ്തു

പോത്തൻകോട് : നവജ്യോതിശ്രീകരുണാകരഗുരുവിന്റെ മഹത്തായ ആശയങ്ങളുടെ വിഭവസമാഹരണമാണ് ശാന്തിഗിരി ഫെസ്റ്റെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോത്തൻകോട് തുടക്കമായ ശാന്തിഗിരി ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.

വൈവിദ്ധ്യങ്ങള്‍ക്കിടയിലെ ഏകത്വമാണ് ഭാ‍രതത്തിന്റെ പ്രത്യേകത. അതു ഗുരുക്കന്‍മാരിലുടെ നമുക്ക് പകര്‍ന്നുകിട്ടിയതാണ്. വാക്കാണ് സത്യം , സത്യമാണ് ഗുരു , ഗുരുവാണ് ദൈവം എന്ന ഗുരുവചനത്തെ അന്വര്‍ത്ഥമാക്കുന്ന ആദ്ധ്യത്മികകേന്ദ്രമാണ് ശാന്തിഗിരി. ഗുരുവിന്റെ നൂറാം ജന്മദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന ശാന്തിഗിരി ഫെസ്റ്റിലൂടെ ഗുരുവിന്റെ ആത്മീയദര്‍ശനങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ കൂടുതല്‍ പ്രതിഫലിക്കും.

ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കനുസരിച്ച് അന്നദാനം, ആതുരസേവനം, ആത്മബോധനം എന്നീ സത്കര്‍മ്മങ്ങള്‍ക്ക് ആശ്രമം പ്രാധാന്യം നല്‍കുന്നു. അതോടൊപ്പം പരമ്പരാഗത ചികിത്സരീതികളായ ആയൂര്‍വേദത്തിന്റെയും സിദ്ധയുടെയും വളര്‍ച്ചയ്ക്കും ഗവേഷണത്തിനും നല്‍കുന്ന പ്രോത്സാഹനം ഫെസ്റ്റിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ അഭിപ്രായപ്പെട്ടൂ.

ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻനായർ, മാണിക്കൽ ഗ്രാമപഞ്ചായത്ത് കെ.ജയൻ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. അനിൽകുമാർ, മാണിക്കല്‍ ഗ്രാ‍മപഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, ശാന്തിഗിരി ആത്മവിദ്യാലയം പ്രിൻസിപ്പൽ മെന്റർ ഡോ.ജി.ആർ.കിരൺ, അഡ്വൈസർ സബീർ തിരുമല എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വൈകുന്നേരം 6 മണിക്ക് ഫെസ്റ്റ് നഗരിയില്‍ എത്തിയ ഗവർണറെ ഗുരുധർമ്മപ്രകാശസഭയിലെ അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോട് കൂടിയാണ് ഗവർണറെ വേദിയിലേക്ക് ആനയിച്ചത്. ഫെസ്റ്റ് നഗരിയിൽ എൺപതടി നീളത്തിലും അറുപതടി വീതിയിലും ഒൻപതടി ഉയരത്തിലും പണികഴിപ്പിച്ച വേദിയിലാണ് ഉദ്ഘാടനചടങ്ങുകൾ നടന്നത്. ഉദ്ഘാടനത്തിനു ശേഷം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഒരുക്കിയ കലാസന്ധ്യയും അരങ്ങേറി.

പ്രദർശന വിപണനമേളകൾക്ക് പുറമെ പ്രമുഖ പത്ര- ദൃശ്യ മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മെഗാഷോകൾ, വിശ്വസംസ്ക്രൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കലാകാരൻമാരെ ഉൾപ്പെടുത്തി നടത്തുന്ന കലാജ്ഞലി, ജനകീയ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകൾ, സാഹിത്യോത്സവം, മാധ്യമ സെമിനാറുകൾ, സംവാദങ്ങൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി വരുംദിവസങ്ങളിൽ നടക്കും. ( 10/10/2024) വൈകുന്നേരം 6 മണിക്ക് കലാജ്ഞലി വേദിയിൽ യു.കെ. ബ്രദേഴ്സ് അവതരിപ്പിക്കുന്ന ദഫ് മുട്ട്, സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ ഗായകർ നടത്തുന്ന ഗാനകൈരളി എന്നിവയും ഉണ്ടാകും.