നടൻ ടി പി മാധവൻ അന്തരിച്ചു

നടൻ ടി പി മാധവൻ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടൻ നടൻ ടി പി മാധവൻ അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ ജനങ്ങൾ അതീവ ജാ​ഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 12 വരെയും ,കർണാടക തീരത്ത് ഈ മാസം 11 നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

അൻവറിന് പുതിയ കസേര അനുവദിച്ച് സ്പീക്കർ, ഇന്ന് സഭയിലെത്തും

അൻവറിന് പുതിയ കസേര അനുവദിച്ച് സ്പീക്കർ, ഇന്ന് സഭയിലെത്തും

തിരുവനന്തപുരം: പി വി അൻവർ എംഎൽഎയ്ക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ കസേര അനുവദിക്കുമെന്നാണ് സ്പീക്കർ അൻവറിനെ അറിയിച്ചു. അൻവറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം.

അൻവറിന്റെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു. നാലാം നിരയിലെ സീറ്റാണ് പ്രത്യേക ബ്ലോക്കായി കണക്കാക്കുക. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് അന്‍വര്‍ നേരത്തെ സ്പീക്കറെ അറിയിച്ചിരുന്നു. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. തുടർന്നാണ് സ്പീക്കറുടെ അനുമതി.

പ്രത്യേക ബ്ലോക്ക് അനുവദിക്കാത്തതിനാൽ അൻവർ ഇന്നലെ നിയമസഭയിൽ എത്തിയിരുന്നില്ല. സ്പീക്കറുടെ തീരുമാനം വന്നതോടെ ഇന്ന് മുതൽ അൻവർ നിയമസഭയിൽ എത്തിയേക്കും. സിപിഎമ്മിനും പിണറായി വിജയനുമെതിരെ രം​ഗത്തെത്തിയതിനു പിന്നാലെ ആദ്യമായാണ് അൻവർ നിയമസഭയിൽ എത്തുന്നത്.

25 കോടിയുടെ ഭാഗ്യവാൻ ആര്? തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്

25 കോടിയുടെ ഭാഗ്യവാൻ ആര്? തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്നു നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തുക. പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിക്കും.

പ്രിന്‍റ് ചെയ്ത 80 ലക്ഷം ടിക്കറ്റുകളില്‍ 72 ലക്ഷം ടിക്കറ്റുകളാണ് ഇന്നലെ വൈകിട്ടു വരെ വിറ്റുപോയത്. നറുക്കെടുപ്പിന് തൊട്ടുമുമ്പുവരെ വില്‍പന തുടരും. അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് വില. പരമാവധി ടിക്കറ്റുകൾ വിൽക്കുന്നതിനായി ഏജൻറുമാർ കമ്മീഷനിൽ വൻ ഇളവുവരുത്തിയിട്ടുണ്ട്. 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. ഇരുപത് പേര്‍ക്ക് രണ്ട് കോടി വീതമാണ് രണ്ടാം സമ്മാനം. ഇരുപത് പേര്‍ക്ക് അമ്പത് ലക്ഷം വീതമാണ് മൂന്നാം സമ്മാനം. ഇവയടക്കം ഒമ്പത് സമ്മാനങ്ങളാണ് ഉള്ളത്. 125. 54 കോടി രൂപയാണ് ആകെ സമ്മാനമായി നല്‍കുക.

സ്കൂൾ കലോത്സവം; അപ്പീലിനുള്ള ഫീസ് ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന മത്സരയിനം അഞ്ചായി ചുരുക്കി

സ്കൂൾ കലോത്സവം; അപ്പീലിനുള്ള ഫീസ് ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന മത്സരയിനം അഞ്ചായി ചുരുക്കി

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി. സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും അടക്കം ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനങ്ങളുടെ എണ്ണമാണ് രണ്ട് ​ഗ്രൂപ്പ് അടക്കം അഞ്ചായി ചുരുക്കിയത്. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ മത്സര അപ്പീലിനു നൽകേണ്ട ഫീസ് ഇരട്ടിയാക്കി. ഉപജില്ലാ കലോത്സവ നടതിതിപ്പിനായി സ്കൂളുകളിൽ നിന്ന് നൽകേണ്ട വിഹിതവും ഉയർത്തി.

നിലവിൽ ജനറൽ, സംസ്കൃതം, അറബിക് കലോത്സവങ്ങളിൽ ഓരോന്നിലും രണ്ട് ​ഗ്രൂപ്പ് ഇനങ്ങൾ അടക്കം പരമാവധി അഞ്ച് ഇനങ്ങളിലും മത്സരിക്കാമായിരുന്നു. എന്നാൽ ഇനി എല്ലാ കലോത്സവങ്ങളിലുമായി മൂന്ന് വ്യക്തി​ഗത ഇനങ്ങളിലും 2 ​ഗ്രൂപ്പ് ഇനങ്ങളിലും മാത്രമാകും പങ്കെടുക്കാവുക.

കലോത്സവ മത്സരങ്ങൾ സംബന്ധിച്ച അപ്പീൽ നൽകുന്നതിനുള്ള ഫീസ് സ്കൂൾ തലത്തിൽ 500ൽ നിന്ന് 1000 ആക്കി. ഉപജില്ലാ തലത്തിൽ 1000 രൂപയിൽ നിന്ന് 2000 ആയും ജില്ലയിൽ 2000ത്തിൽ നിന്ന് 3000 ആയും ഉയർത്തി. സംസ്ഥാന തലത്തിൽ അപ്പീൽ നൽകാനുള്ള ഫീസ് 2500ൽ നിന്ന് 5000 രൂപയായും വർധിപ്പിച്ചു. ജില്ലാതല അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തിൽ കെട്ടിവെക്കേണ്ട നിരതദ്രവ്യം 5000ത്തിൽ നിന്ന് 10,000 രൂപയാക്കി. ജില്ലാതല വിജയിയേക്കാൾ ഉയർന്ന സ്കോർ ലഭിച്ചില്ലെങ്കിൽ തുക തിരിച്ചു ലഭിക്കില്ല.

‘റോഡില്‍ തടഞ്ഞു നിര്‍ത്തി കൂളിങ് പേപ്പര്‍ വലിച്ചു കീറരുത്, ആളുകളെ ബുദ്ധിമുട്ടിക്കരുത്’

തിരുവനന്തപുരം: വാഹനങ്ങളില്‍ നിയമപരമായ രീതിയില്‍ കൂളിങ് പേപ്പര്‍ ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഈ വിധി കൃത്യമായി പാലിക്കണമെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. പരിശോധനയുടെ പേരില്‍ വാഹനങ്ങള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി കൂളിങ് പേപ്പര്‍ വലിച്ചു കീറരുതെന്നും മന്ത്രി പറഞ്ഞു.

വഴിയില്‍ വാഹനം തടഞ്ഞുനിര്‍ത്തി കൂളിങ് ഫിലിം വലിച്ചുകീറുന്ന നടപടികള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. ഇത് വാഹന ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണ്. വാഹനങ്ങളില്‍ മുന്‍ ഗ്ലാസില്‍ 70 ശതമാനവും സൈഡ് ഗ്ലാസില്‍ 50 ശതമാനവും വിസിബിലിറ്റി മതി എന്നാണു കോടതി പറഞ്ഞിരിക്കുന്നത്. ഇതു കൃത്യമായി പാലിക്കണം. ഇതിന്റെ പേരില്‍ ഇനി ആളുകളെ ബുദ്ധിമുട്ടിക്കരുത്.

കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് ഇപ്പോഴത്തെ ചൂട് അസഹനീയമാണ്. നിയമം പാലിക്കാതെ കട്ടി കൂടിയ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കില്‍ ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി എടുക്കാം. ഫൈന്‍ അടിച്ച് ഫിലിം മാറ്റി വാഹനം കൊണ്ടുവന്ന് കാണിക്കാന്‍ ആവശ്യപ്പെടാം. റോഡില്‍ വച്ച് ഒരു കാരണവശാലും ഉദ്യോഗസ്ഥര്‍ ഫിലിം വലിച്ചുകീറരുതെന്നും മന്ത്രി പറഞ്ഞു.