‘ഒരു പി ആര്‍ ഏജന്‍സിയേയും അറിയില്ല, ഒരു പൈസ പോലും ചെലവഴിച്ചിട്ടുമില്ല; അഭിമുഖത്തിനായി ഇങ്ങോട്ടു സമീപിച്ചു’

തിരുവനന്തപുരം: താനോ സര്‍ക്കാരോ ഒരു പി ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പൈസ പോലും സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചിട്ടുമില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദി ഹിന്ദുവില്‍ വന്ന വിവാദ അഭിമുഖം പത്രം ഇങ്ങോട്ട് സമീപിച്ചതിനെത്തുടര്‍ന്നു നല്‍കിയതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ദി ഹിന്ദു ദിനപ്പത്രത്തിലെ അഭിമുഖത്തില്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു ജില്ലയേയോ, ഒരു വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന ഒരു രീതി തനിക്കില്ല. എന്നാല്‍ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചപ്പോള്‍, ഞാന്‍ പറയാത്ത കാര്യങ്ങള്‍ അച്ചടിച്ചു വന്നു. ഇതില്‍ എതിര്‍പ്പ് അറിയിച്ചപ്പോള്‍ ഹിന്ദു ദിനപ്പത്രം മാന്യമായ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തെറ്റായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഹിന്ദു പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ പിണറായി വിജയന്‍ ഒഴിഞ്ഞുമാറി.

‘ഇന്റര്‍വ്യൂവിന് വേണ്ടി ഹിന്ദു ആഗ്രഹിക്കുന്നുവെന്ന് എന്നോട് പറയുന്നത് ആലപ്പുഴയിലെ മുന്‍എംഎല്‍എ ദേവകുമാറിന്റെ മകനാണ്. ഹിന്ദുവിന് ഇന്റര്‍വ്യൂ കൊടുക്കുന്നതിന് എതിര്‍പ്പില്ലെന്ന് അറിയിച്ചു. ഒരു ഒറ്റപ്പാലംകാരിയായ ലേഖിക അടക്കം രണ്ടുപേര്‍ വന്നു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. അന്‍വറിന്റെ കാര്യത്തില്‍ നേരത്തെ വിശദീകരിച്ചതിനാല്‍ മറുപടി പറയുന്നില്ലെന്ന് പറഞ്ഞു. ഇന്റര്‍വ്യൂവില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരാള്‍ കൂടി കടന്നു വന്നിരുന്നു. പിന്നീടാണ് വന്നയാള്‍ ഏജന്‍സിയുടെ ആളാണെന്ന് അറിയുന്നത്.’

‘ ദേവകുമാറിന്റെ മകന്‍ ചെറുപ്പം മുതലേ അറിയാവുന്ന ചെറുപ്പക്കാരനാണ്. അതുകൊണ്ടാണ് ഇന്റര്‍വ്യൂ നല്‍കിയത്. ഖേദം പ്രകടിപ്പിച്ചതില്‍ ഹിന്ദു മാന്യമായ നിലപാടാണ് സ്വീകരിച്ചത്. അവരുമായി ബന്ധപ്പെട്ട് എന്താണ് നടന്നതെന്ന് എനിക്കറിയില്ല. താന്‍ ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, അറിയുകയുമില്ല. സര്‍ക്കാരും ഒരു പി ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല.’

‘മുഖ്യമന്ത്രി പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് ഹിന്ദു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഗള്‍ഫിലെ പല ഏജന്‍സികളും വര്‍ഷങ്ങള്‍ക്ക് മുമ്പേ എടുത്തിട്ടുണ്ട്. അതൊക്കെ ഏതാ എന്താ എന്നൊന്നും ഇപ്പോഴറിയില്ല. എനിക്ക് എത്രമാത്രം ഡാമേജ് ഉണ്ടാക്കാനാകുമെന്നാണ് മാധ്യമങ്ങള്‍ നോക്കുന്നത്. അങ്ങനെയൊരു ഡാമേജ് ഉണ്ടാക്കാന്‍ കഴിയുന്ന വ്യക്തിത്വമല്ല തന്റേത്. ഹിന്ദുവിന് അഭിമുഖത്തിന് താല്‍പ്പര്യമുണ്ടെന്നാണ് ദേവകുമാറിന്റെ മകന്‍ അറിയിച്ചത്. അയാള്‍ ആവശ്യം ഉന്നയിച്ചപ്പോള്‍ സമ്മതിക്കുകയാണ് ചെയ്തത്. വിവാദത്തില്‍ ദേവകുമാറിന്റെ മകന്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും’ മുഖ്യമന്ത്രി പറഞ്ഞു.

കിളിമാനൂർ കൊട്ടാരത്തിൽ രാജാ രവിവർമയ്ക്ക് സ്മരണാഞ്‌ജലി

കിളിമാനൂർ കൊട്ടാരത്തിൽ രാജാ രവിവർമയ്ക്ക് സ്മരണാഞ്‌ജലി

കിളിമാനൂർ: ലോക പ്രസിദ്ധ ചിത്രകാരൻ രാജാ രവിവർമയുടെ 118-ാം ചരമവാർഷികം കിളിമാനൂർ പാലസ് ട്രസ്റ്റും, കേരള ചിത്രകലാ പരിഷത്തും ചേർന്ന് വിവിധ പരിപാടികളോടെ കിളിമാനൂർ കൊട്ടാരത്തിൽ ആചരിച്ചു. കൊട്ടാരത്തിലെ രവിവർമ ചിത്രശാലയിൽ മുതിർന്ന രാജകുടുംബാംഗം കെ.സി. വസുമതീഭായി ആദ്യദീപം തെളിയിച്ചു.

തുടർന്ന് രാജകുടുംബാംഗങ്ങൾ, ജനപ്രതിനിധികൾ, കലാകാരൻമാർ എന്നിവർ ചേർന്ന് 118 ദീപങ്ങൾ തെളിയിച്ചു. രവിവർമ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന ചിത്രകലാ ക്യാമ്പ് പാലസ് ട്രസ്റ്റ് പ്രസിഡന്റ് കെ.സി.ദിവാകരവർമ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ചിത്രരചനയും, സമൂഹചിത്രരചനയും നടന്നു.

സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചാരം ലഭിച്ച, എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള രവിവർമ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ചലനാവിഷ്ക്കാരമൊരുക്കിയ യുഹാബ് ഇസ്മായിലിനെ പാലസ് ട്രസ്റ്റ് ചടങ്ങിൽ ആദരിച്ചു.കിളിമാനൂർ പാലസ് ട്രസ്റ്റ് സെക്രട്ടറി കെ.ആർ.രാമവർമ, ചലച്ചിത്ര സംവിധായകനും നടനമായ ശങ്കർ രാമകൃഷ്ണൻ, അമൃതാനന്ദമയീ മഠം പ്രതിനിധി വേദാമൃതപുരി, ചിത്രകലാകാരന്മാരായ കിളിമാനൂർ ഷാജി, ഡോ.എസ്.ഹരികൃഷ്ണൻ, അനിൽ കാരൂർ, കിളിമാനൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കൊട്ടറ മോഹൻകുമാർ, വാർഡംഗം എം.എൻ.ബീന എന്നിവർ പ്രസംഗിച്ചു.

ഇരുചക്രവാഹനം നിയന്ത്രണം വിട്ട് ഓടയിലേക്ക് വീണ് യുവതിക്ക് പരിക്ക്

ഇരുചക്രവാഹനം നിയന്ത്രണം വിട്ട് ഓടയിലേക്ക് വീണ് യുവതിക്ക് പരിക്ക്

ആറ്റിങ്ങൽ ഇരുചക്രവാഹനം നിയന്ത്രണം വിട്ട് ഓടയിലേക്ക് വീണ് അപകടം. ആറ്റിങ്ങൽ അയിലം റോഡിൽ വേലാകോണത്ത് രാവിലെ 7.45 നാണ് അപകടം. ആറ്റിങ്ങൽ കൈപ്പറ്റ്മുക്ക് സ്വദേശി നസില ഓടിച്ച് വന്ന ഹോണ്ട ഡിയോ സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിയുകയായിരുന്നു. കൈപ്പറ്റ്മുക്കിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോകും വഴി വേലാംകോണം ഗ്യാസ് എജൻസിക്ക് സമീപം ഉള്ള കയറ്റത്തിലാണ് അപകടം നടന്നത്. അപകടത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി.

സമത്വം റെസിഡൻസ് അസോസിയേഷൻ  വയോജനങ്ങൾക്ക് പൊന്നാട അണിയിച്ച് ആദരിച്ചു

സമത്വം റെസിഡൻസ് അസോസിയേഷൻ വയോജനങ്ങൾക്ക് പൊന്നാട അണിയിച്ച് ആദരിച്ചു

ചിറയിൻകീഴ് – പുകയിലത്തോപ്പ്, ആക്കോട്ടുവിള -സമത്വം റെസിഡൻസ് അസോസിയേഷൻ ഒക്ടോബർ 1-ലോക വയോജന ദിനവും ഒക്ടോബർ 2 ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട് അംഗങ്ങളായ 22 വയോജനങ്ങൾക്ക് അവരവരുടെ വീടുകളിൽ ചെന്ന് പൊന്നാട അണിയിച്ച് ആദരവ് നൽകി. എസ് ആർ എ പ്രസിഡന്റ്‌ ബിന്ദു ശശികുമാർ, സെക്രട്ടറി കെ എസ് അനിൽകുമാർ, ട്രഷറർ എസ് ശ്രീജിത്ത്‌, മെമ്പർ അബ്ദുൽ റഹിം, മായാസന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ പ്രതിയുടെ ഭാര്യയോട് 10 ലക്ഷം ആവശ്യപ്പെട്ടു; പരാതിക്കാരിക്കെതിരെ കേസ്

പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ പ്രതിയുടെ ഭാര്യയോട് 10 ലക്ഷം ആവശ്യപ്പെട്ടു; പരാതിക്കാരിക്കെതിരെ കേസ്

കൊച്ചി: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ പ്രതിയുടെ ഭാര്യയിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട പരാതിക്കാരിക്ക് എതിരെ കേസ്. മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ ചേരാനെല്ലൂര്‍ പൊലീസാണ് കേസെടുത്തത്. കൊച്ചി നോര്‍ത്ത് പൊലീസാണ് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ പേരില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. തുടർന്ന് യുവതി ഭർത്താവിനെ ജാമ്യത്തിൽ ഇറക്കുകയായിരുന്നു. പിന്നാലെയാണ് അതിജീവിത യുവതിയുമായി ബന്ധപ്പെടുന്നത്. കേസ് പിന്‍വലിക്കാന്‍ 10 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.

തുക സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ തന്റെ അഭിഭാഷകനെ വിളിക്കാനും അതിജീവിത ആവശ്യപ്പെട്ടു. അഭിഭാഷകനും യുവതിയോട് അപമര്യാദയായി സംസാരിച്ചു. തുടർന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ കേസെടുക്കാൻ തയാറായില്ല. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പരാതിക്കാരിക്കെതിരെ കേസെടുത്തത്.

സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും

സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും

മണമ്പൂർ ലയൺസ് ക്ലബ്ബിന്റെയും തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിന്റെയും കൈരളി ജ്വല്ലറിയുടെയും കെറ്റിസിറ്റി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 5 ശനിയാഴ്ച രാവിലെ 8 മണി മുതൽ 1 മണി വരെ കെടിസിടി ഓഡിറ്റോറിയത്തിൽ വെച്ച് തികച്ചും സൗജന്യമായി നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തുന്ന വിവരം ക്ലബ്ബ് പ്രസിഡന്റ് Ln. ഷിജു ഷറഫ് അറിയിച്ചു.
contact :-
Ln.Shijusharaf (Pres): 8606224050
Ln. Sanalkumar (sec):
9447655573
Ln. Vijayakumar(treas):
9249714234