കാർ ലോറിയിലിടിച്ച് പിതാവിനും മകൾക്കും ദാരുണാന്ത്യം; അപകടം മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ

കാർ ലോറിയിലിടിച്ച് പിതാവിനും മകൾക്കും ദാരുണാന്ത്യം; അപകടം മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ

മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ വാഹനാപകടത്തിൽ പിതാവിനും മകൾക്കും ദാരുണാന്ത്യം. വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത് വിളയിൽ അബ്ദുൽ സത്താർ (52) മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ കരുവാറ്റ കെ.വി. ജെട്ടി ജങ്ഷനിൽ ഇന്ന് രാവിലെ ഏഴുമണിക്ക് ആയിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിക്കുകയായിരുന്നു.

ആലിയയുടെ വിവാഹത്തിനായി ഗൾഫിൽ നിന്നും വരുന്ന സത്താറിനെ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും വഴിയാണ് ഹരിപ്പാട് അപകടം ഉണ്ടായത്. നിർത്തിയിട്ട ലോറിക്ക് പിന്നിൽ കുടുംബം സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ബന്ധുക്കളും ഡ്രൈവറും അടക്കം മറ്റ് നാലുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വാർഷിക സപ്ത ദിന ക്യാമ്പ്  സംഘടിപ്പിച്ചു

വാർഷിക സപ്ത ദിന ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: തിരുവനന്തപുരം എൻജിനിയറിംഗ് കോളജ് എൻ.എസ്.എസ് യൂണിറ്റുകൾ നടത്തുന്ന വാർഷിക സപ്ത ദിന ക്യാമ്പ് ആയ ‘ഒപ്പം’ കരവാരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വഞ്ചിയൂർ ഗവണ്മെന്റ് യൂ.പി. സ്കൂളിൽ ആരംഭിച്ചു. കരവാരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഉല്ലാസ് കുമാർ എസും പി.റ്റി. എ. അംഗം പ്രാശാന്തും ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി. ചെയർമാൻ ഗോപാലകൃഷ്ണൻ പിള്ളൈയും എൻ.എസ്.എസ്. സി.ഈ.റ്റി. പ്രോഗ്രാം ഓഫീസർമാരായ ഡോ. ബ്രിംഗിൾ സി. ദാസ്, ഡോ. ജോയ് വർഗീസ്സ് എന്നിവരും എൻ.എസ്.എസ്. സി.ഈ.റ്റി. വോളന്റീർ സെക്രട്ടറിമാരായ അതുൽ, ഭവ്യ എന്നിവരും സാന്നിധ്യം അറിയിച്ചു.

ക്യാമ്പിന്റെ പ്രവർത്തന ഉദ്ദേശങ്ങളുടെ ഭാഗമായി സ്കൂൾ പരിസരം വൃത്തിയാക്കുകയും സി.ഈ.റ്റി. അസിസ്റ്റന്റ് പ്രൊഫസർ ആർക്കിട്രാക്ചർ വിഭാഗം അധ്യാപകൻ പ്രദീപ്‌ വിദ്യാർത്ഥികളോടൊപ്പം ചേർന്നു ചുമർ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. തുടർന്ന് വഞ്ചിയൂർ ജംഗ്ഷനിൽ വർഷങ്ങളോളം പൂട്ടികിടന്ന പാർക്ക് ഏറ്റെടുത്ത് പുനരുധാരണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർത്ഥികളുടെ സ്വയം സുരക്ഷ കരുതലിനായി ആറ്റിങ്ങൽ കരാട്ടെ സംഘത്തിന്റെ ഒരു കരാട്ടെ ഡ്രിൽ കരാട്ടെ മാസ്റ്റർ രംഗൻ സാറിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു. തിരുവോണദിനത്തിലും സാമൂഹിക പ്രവർത്തനം ലക്ഷ്യമാക്കി വിദ്യാർത്ഥികൾ ക്യാമ്പിൽ നിന്നുകൊണ്ട് പ്രവർത്തനങ്ങൾ നടത്തിവരുകയും ചെയ്യുന്നു. ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് വഴി കുട്ടികളിൽ അവരുടെ മുന്നോട്ടുള്ള ജീവിതത്തിന് ഉപകരിക്കുന്ന ചില നല്ല സ്വഭാവ രീതികൾ രൂപപ്പെടാൻ ഇടയാകുമെന്ന് കരുതുന്നു. സെപ്റ്റംബർ 13ന് ആരംഭിച്ച ക്യാമ്പ് 19തിന് അവസാനിക്കും.

തിരുവനന്തപുരത്ത് നിർത്തിയിട്ട കാറിനുള്ളിൽ മൂന്ന് ദിവസം പഴക്കമുള്ള പുരുഷൻ്റെ മൃതദേഹം

തിരുവനന്തപുരത്ത് നിർത്തിയിട്ട കാറിനുള്ളിൽ മൂന്ന് ദിവസം പഴക്കമുള്ള പുരുഷൻ്റെ മൃതദേഹം

തിരുവനന്തപുരം കുളത്തൂരിൽ ദേശീയപാതയ്ക്ക് സമീപം നിർത്തിയിട്ട കാറിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. സർവ്വീസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ സീറ്റിനടിയിൽ കിടക്കുന്ന നിലയിലാണ് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്റർ ആണ് മരിച്ചത്. കഴക്കൂട്ടം അസി കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി.

രാവിലെ റോഡിലൂടെ നടന്നുപോയവർ ദുർഗന്ധം എവിടെ നിന്നാണെന്ന് നോക്കിയപ്പോഴാണ് കാറിനുള്ളിൽ ഒരാളെ കാണുന്നതും പൊലീസിനെ അറിയിക്കുന്നതും. പരിശോധനകൾക്കൊടുവിലാണ് ആളെ തിരിച്ചറിഞ്ഞത്. അതേസമയം, കാറും പീറ്ററിന്റെ ഉടമസ്ഥതയിലുള്ളതാണ്. എങ്ങനെയാണ് മരണം സംഭവിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷമെ വ്യക്തമാകൂ. സ്വാഭാവിക മരണമല്ല എന്നാണ് മനസ്സിലാകുന്നത്. മൃതദേഹത്തിൽ പാടുകളുണ്ട്. അതിലൊരു വ്യക്തത പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ അറിയാൻ കഴിയൂ.

ലെബനനിലുണ്ടായ പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നു

ലെബനനിലുണ്ടായ പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നു

ബെയ്റൂട്ട്: ലെബനനിലുണ്ടായ പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമാണ്. ശക്തമായ തിരിച്ചടി നൽകുമെന്ന് ലെബനൻ വ്യക്തമാക്കിയതിനു പിന്നാലെ ഇസ്രയേലിൽ സുരക്ഷ ശക്തമാക്കി. ടെൽ അവീവിലേക്കുള്ള സർവീസുകൾ വിമാന കമ്പനികള്‍ നിര്‍ത്തിവെച്ചു. 2800ലധികം പേര്‍ക്കാണ് ഇന്നലത്തെ സ്ഫോടനങ്ങളിൽ പരിക്കേറ്റത്.

അതേസമയം, യുദ്ധങ്ങളുടെ ചരിത്രത്തിൽ തന്നെ അസാധാരണമായൊരു സംഭവമാണ് ലെബനനിലെ പേജർ സ്ഫോടനമെന്ന് വിലയിരുത്തപ്പെടുന്നു. പേജര്‍ പോലെയൊരു ചെറിയ വസ്തുവിനെ എങ്ങനെയാണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. പേജറിനെ മാരകായുധമാക്കി മാറ്റിയ ബുദ്ധി ഇസ്രയേൽ ചാരസംഘടന മൊസാദിന്‍റേതാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്.

സയൻസ് ഫിക്ഷൻ കഥകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള ആക്രമണരീതി സാധ്യമാക്കിയതിന് രണ്ട് സാധ്യതകളാണ് സൈനിക രംഗത്തെ വിദഗ്ധർ മുന്നോട്ട് വെയ്ക്കുന്നത്. നിർമ്മാണ സമയത്തോ അതിനുശേഷം പേജർ ഹിസ്ബുല്ലയുടെ കയ്യിൽ എത്തുന്നതിന് മുമ്പോ പേജറുകൾക്ക് അകത്ത് ചെറിയ അളവിൽ സ്ഫോടകവസ്തു ഉൾപ്പെടുത്തി എന്നതാണ് ആദ്യ സാധ്യത. നിർമ്മാണ കമ്പനിയേയോ, കമ്പനിക്ക് വേണ്ടി ഘടകങ്ങൾ എത്തിച്ച് നൽകുന്നവരെ സ്വാധീനിച്ചോ, അവരുടെ ഇടയിലേക്ക് നുഴഞ്ഞു കയറിയോ ആകാം ഇത് സാധ്യമാക്കിയെന്ന് വിലയിരുത്തപ്പെടുന്നു. പേജറിനെ ഹാക്ക് ചെയ്ത്, അതിലെ ബാറ്ററിയെ ചൂടാക്കി പൊട്ടിത്തെറിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതാകാമെന്നതാണ് രണ്ടാമത്തെ സാധ്യത. പ്രത്യേക ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളിലൂടെയോ, അല്ലെങ്കിൽ തുടരെ തുടരെ സന്ദേശങ്ങൾ അയച്ച് പേജറിനെ ചൂടാക്കിയോ ആയിരിക്കാം ഇത് സാധിച്ചെടുത്തത്.

തായ്വാൻ ആസ്ഥാനമായ ഗോൾഡ് അപ്പോളോ കമ്പനിയുടെ പേജറുകളാണ് പൊട്ടിത്തെറിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അ‌ഞ്ച് മാസം മുമ്പാണ് ഹിസ്ബുല്ല പുതിയ പേജറുകൾ ഇറക്കുമതി ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടായിരത്തിന്‍റെ തുടക്കത്തോടെ കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണ് പേജറുകളുടേത്. ചെറു സന്ദേശങ്ങൾ കൈമാറുന്നതിനുള്ള ശേഷി മാത്രമാണ് ഇവയ്ക്കുള്ളത്. ഇൻ്റർനെറ്റുമായി ബന്ധവുമില്ല. മൊസാദിൻ്റെ ചാര സംവിധാനത്തിന്റെ കെൽപ്പ് കണക്കിലെടുത്താണ് ഹിസ്ബുല്ല പേജറുകളിലേക്ക് തിരിഞ്ഞത്. സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ പേജറിലേക്ക് മാറിയ ഹിസ്ബുല്ലയ്ക്ക് ഒടുവിൽ ആ ഉപകരണത്തിൽ തന്നെ അപകടം പൊതിഞ്ഞു കിട്ടി.

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

സര്‍വകാല റെക്കോര്‍ഡിന് തൊട്ടടുത്തുവരെ കുതിച്ചെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. ഈ മാസത്തെ റെക്കോര്‍ഡ് വിലയില്‍ നിന്ന് ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 54800 രൂപ എന്ന നിരക്കിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6850 രൂപയായി.

തിരുവോണത്തിന് പിന്നാലെ സ്വര്‍ണം ഗ്രാമിന് 6880 രൂപ എന്ന നിരക്കിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 55040 രൂപയുമായിരുന്നു. കഴിഞ്ഞ മേയ് 20നാണ് സ്വര്‍ണവില റെക്കോഡ് കടന്നത്. പവന് 55,120 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുറയാന്‍ തുടങ്ങി. ഇപ്പോള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകള്‍ ശക്തമായതോടെ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി കരുതി നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയാന്‍ തുടങ്ങി. തുടര്‍ന്ന് രാജ്യാന്തര സ്വര്‍ണവില കഴിഞ്ഞ കുറേ ദിവസങ്ങളായി റെക്കോഡ് കടക്കുകയാണ്.

മുൻ‌​ഗണനാ റേഷൻ കാർഡുകാരുടെ മസ്റ്ററിങ് ഇന്ന് മുതൽ

മുൻ‌​ഗണനാ റേഷൻ കാർഡുകാരുടെ മസ്റ്ററിങ് ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കും. മഞ്ഞ, പിങ്ക് കാർഡം​ഗങ്ങളുടെ മസ്റ്ററിങാണ് ഇന്ന് തുടങ്ങുന്നത്. മുൻഗണനേതര (വെള്ള, നീല) കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കും.

മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്. ഒന്നാംഘട്ടം 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. 25 മുതൽ ഒക്ടോബർ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും മസ്റ്ററിങ് നടക്കും. മൂന്നാം ഘട്ടമായ ഒക്ടോബർ മൂന്നു മുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലാണ് മസ്റ്ററിങ്. ഒക്ടോബർ 15-നുമുമ്പ് മസ്റ്ററിങ് പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും.

നേരിട്ടെത്താൻ കഴിയാത്ത, ശാരീരിക ബുദ്ധിമുട്ടുകളുള്ള കിടപ്പുരോഗികൾക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി താമസിക്കുന്നവർക്ക് അതതിടങ്ങളിലെ ഏതെങ്കിലും റേഷൻ കടകളിൽ മസ്റ്ററിങ് നടത്താം.