by Midhun HP News | Dec 18, 2024 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: കവിയും ഗാനരചയിതാവുമായ കെ ജയകുമാറിന് 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മുന്‍ ചീഫ് സെക്രട്ടറിയാണ് കെ ജയകുമാര്‍.
പ്രഭാവര്‍മ, ഡോ. കവടിയാര്‍ രാമചന്ദ്രന്‍. ഡോ. എം കൃഷ്ണന്‍ നമ്പൂതിരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മാര്‍ച്ച് എട്ടിന് ന്യൂഡല്‍ഹിയില്‍ വച്ച് പുരസ്‌കാരവിതരണം നടക്കും. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. 9 പുസ്തകങ്ങളാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചത്. 21 ഭാഷകളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി നാല്‍പ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകനുമാണ്.
by Midhun HP News | Dec 18, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-121 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരൂരിൽ വിറ്റ FC 728408 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ FG 390551 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. 50 രൂപയാണ് ടിക്കറ്റ് വില.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Dec 18, 2024 | Latest News, ജില്ലാ വാർത്ത
കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. പരിയാരത്ത് ചികിത്സയിലുള്ള തലശേരി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെയും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ദുബായില്‍ നിന്ന് രണ്ടുദിവസം മുന്‍പാണ് തലശേരി സ്വദേശി നാട്ടില്‍ എത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാവ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പനിയും ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടലും അടക്കമുള്ള ലക്ഷണങ്ങളെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.ഇന്ന് പരിശോധനാഫലം വന്നപ്പോഴാണ് യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ചത്. പരിയാരത്ത് തന്നെ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിക്ക് കഴിഞ്ഞദിവസമാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ വയനാട് സ്വദേശിയെയും രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇരുവരും ഇതുവരെ ലക്ഷണങ്ങള്‍ ഒന്നും കാണിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
by Midhun HP News | Dec 18, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ് ലഭിച്ചെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN TRV 01 എന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ ലൊക്കേഷൻ കോഡ്. ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN NYY 1 എന്നതായിരുന്നു ആദ്യം ലഭിച്ച ലൊക്കേഷൻ കോഡ്.
അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണവും ഏകീകരണവും പ്രോത്സാഹിപ്പിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ അഞ്ച് പ്രാദേശിക കമീഷനുകളിൽ ഒന്നായ യുനൈറ്റഡ് നേഷൻസ് എക്കണോമിക് കമ്മീഷൻ ഫോർ യൂറോപ്പ് (UNECE) ഏകീകൃത ലോക്കേഷൻ കോഡ് വേണമെന്ന നിർദ്ദേശം വച്ചതിനെ തുടർന്നാണ് മാറ്റം വരുത്തിയത്.
രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ തിരുവനന്തപുരത്തിന്റെ ലൊക്കേഷൻ കോഡ് ടിആർവി എന്നതാണ്. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്നതിനാൽ നിർദ്ദേശം സ്വീകരിച്ചുകൊണ്ട് വിഴിഞ്ഞം പോർട്ട് അതിനായി അപേക്ഷ നൽകുകയായിരുന്നു. കേന്ദ്രസർക്കാരിന് കീഴിലെ ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിസ്റ്റം ആൻഡ് ഡാറ്റാ മാനേജ്‌മെന്റാണ് ലോക്കേഷൻ കോഡ് അനുവദിക്കുന്ന ഏജൻസി. പുതിയ കോഡിനു യുഎൻഇസിഇ ഇന്ന് അംഗീകാരം നൽകിയെന്നും നാവിഗേഷൻ, ഷിപ്പിങ്ങ് ഇതിനെല്ലാം ഇനി IN TRV 01 ലോക്കേഷൻ കോഡാണ് ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | Dec 18, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട നേരിയ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദമാണ് കൂടുതല്‍ ശക്തമായത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വടക്കു ദിശയില്‍ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
by Midhun HP News | Dec 18, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷയായ സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2025 ജൂലൈക്ക് ശേഷം വരുന്ന ഒഴിവിലേക്കാണ് പരിഗണിക്കുക.
എഡിജിപി റാങ്കില്‍ നിന്നും ഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളത് എം ആര്‍ അജിത് കുമാറിനും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിനുമാണ്. ഇരുവര്‍ക്കും അടുത്തു വരുന്ന ഒഴിവുകളില്‍ ഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ നല്‍കാനാണ് സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ നല്‍കിയത്.
വിജിലന്‍സ് അന്വേഷണം നേരിടുന്നത് പ്രമോഷന്‍ നല്‍കുന്നതിന് തടസ്സമില്ലെന്ന് സ്‌ക്രീനിങ് കമ്മിറ്റി വിലയിരുത്തി. സര്‍വീസ് ചട്ടപ്രകാരം ഒരാള്‍ സസ്‌പെന്‍ഷനിലാകുകയോ, കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാലോ മാത്രമാണ് തുടര്‍ സ്ഥാനക്കയറ്റത്തില്‍ നിന്നും പരിഗണിക്കാതിരിക്കൂ. അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും സ്‌ക്രീനിങ് കമ്മിറ്റി വിലയിരുത്തി. ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്. അനധികൃത സ്വത്തു സമ്പാദനം, തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ചാണ് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുന്നത്.
Recent Comments