by Midhun HP News | Sep 3, 2024 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ പോലീസുകാരനെ ആക്രമിച്ചു കുത്തി പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. വർക്കല പോലീസ് സ്റ്റേഷനിലെ ബിജുവിനെ ആണ് ഇക്കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആക്രമിച്ചത്. വർക്കല പാളയംകുന്ന് ജംഗ്ഷന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്.
നിരവധി കേസുകളിലെ പ്രതിയായ ഹെൽമറ്റ് മനുവും സംഘവും ആണ് ആക്രമിച്ചത്. ഇവർക്കെതിരെ പോലീസ് കേസെടുത്തു പ്രതികൾ ഒളിവിലാണ്.
by Midhun HP News | Sep 3, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം. പാപ്പനംകോടുള്ള ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. 2 പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്.
ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മുകൾ നിലയിൽ പ്രവർത്തിച്ച ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ് പൂർണമായി കത്തിനശിച്ചു. റോഡരികിൽ താഴത്തെ നിലയിൽ സ്ഥാപനങ്ങൾക്ക് ഒന്നും സംഭവിച്ചില്ല. തീ ആളിപ്പടർന്ന ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. തീ അതിവേഗം ആളിപ്പടർന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തീ ആളിപ്പടർന്നതിന് പിന്നാലെ ഓഫീസിൻ്റെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. തീ ആളിപ്പടർന്ന് ഓഫീസിലെ ഫർണിച്ചറുകളടക്കം കത്തിനശിച്ചു.
by Midhun HP News | Sep 3, 2024 | Latest News, ജില്ലാ വാർത്ത
പോത്തൻകോട്: റോഡിലെ കുഴിയിൽ വീണ കെഎസ്ആർടിസി ബസിന്റെ പിൻവശത്തെ ഗ്ലാസ് പൊട്ടി ഉള്ളിൽ നിന്ന വിദ്യാർഥി പുറത്തേക്കു തെറിച്ചു വീണു. തലയ്ക്കു പരുക്കേറ്റ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർഥി ആറ്റിങ്ങൽ വലിയകുന്ന് നവഭാരത് ഹയർസെക്കൻഡറി സ്കൂളിനു സമീപം ‘നിലാവ്’ ൽ പി.നവനീത് കൃഷ്ണ (17) യെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർമാണം നടക്കുന്ന ദേശീയപാത 66ൽ പള്ളിപ്പുറം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കു മുന്നിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ആറ്റിങ്ങലിലേക്കു പോകുകയായിരുന്നു ബസ്. പള്ളിപ്പുറം ജംക്ഷനിൽ നിന്നാണ് നവനീത് കൃഷ്ണ ബസിൽ കയറിയത്. ബസ് റോഡിലെ കുഴിയിൽ വീണതും ഗ്ലാസ് പൊട്ടുകയും പിടിവിട്ട് നവനീത് കൃഷ്ണ പുറത്തേക്കു തെറിക്കുകയുമായിരുന്നു. ദേശീയപാത 66 നിർമാണത്തിനായുള്ള വലിയ വാഹനങ്ങൾ കയറി റോഡിൽ വൻ കുഴികളുണ്ടായിട്ടും കരാർ കമ്പനി അധികൃതർ അനങ്ങുന്നില്ല. അപകടങ്ങളും വർധിച്ചു. മംഗലപുരം ജംക്ഷനിൽ നിന്നു കാരമൂട് സിആർപിഎഫ് ജംക്ഷൻ വഴിയാണ് വാഹനങ്ങൾ തിരിച്ചു വിടുന്നത്. ഈ ഭാഗത്തും റോഡിൽ വൻ കുഴികളാണ്. ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെടുന്നുണ്ടെങ്കിലും കരാർ ഏറ്റെടുത്തിട്ടുള്ള ആർഡിഎസ് കമ്പനി അനങ്ങാപ്പാറ നയത്തിലാണ്.
by Midhun HP News | Sep 3, 2024 | Latest News, ജില്ലാ വാർത്ത
സ്റ്റാർസ് പദ്ധതിയുടെ കീഴിൽ എസ്. എസ്. കെ. നടപ്പിലാക്കിയ നിലയ്ക്കാമുക്ക് ഗവ. യു. പി. എസിലെ വർണ്ണക്കൂടാരം, ബാല പദ്ധതികളുടെ ഉദ്ഘാടനം ഒ. എസ്. അംബിക എം. എൽ. എ നിർവഹിച്ചു.
വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ലാലിജ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ദേവദാസ് സ്വാഗതം ആശംസിക്കുകയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
എസ്. എസ്. കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ശ്രീകുമാരൻ പദ്ധതി വിശദീകരണം നടത്തി. വക്കം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരുൺ, വർക്കല ബി. ആർ. സി. ബി പി സി ദിനിൽ കെ. എസ്, സ്കൂൾ വികസന സമിതി ചെയർമാൻ പ്രവീൺ കുമാർ എന്നിവർ ആശംസ അറിയിച്ചു. എസ്. എം. സി. ചെയർമാൻ എസ്. വിജയൻ കൃതജ്ഞത രേഖപ്പെടുത്തുകയും വിശിഷ്ടാതിഥികളെല്ലാപേരും ചേർന്ന് വർണ്ണക്കൂടാരത്തിലെ വിവിധയിടങ്ങൾ സന്ദർശിക്കുകയും ചെയ്തു.
by Midhun HP News | Sep 3, 2024 | Latest News, ജില്ലാ വാർത്ത
ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച അധ്യാപകർക്കുള്ള സംസ്ഥാന തല പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ അധ്യാപകൻ എൻ. സാബുവിന് ലഭിച്ചു. വിദ്യാഭ്യാസമേഖലയിലെ പാഠ്യ – പാഠ്യേതര നൂതന പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. 25 വർഷത്തിലേറെയായി അധ്യാപന മേഖലയിൽ മികവുറ്റ സേവനം നടത്തുന്ന എൻ. സാബു കുട്ടികളുടെ ക്രിയാത്മകവും സർഗപരവുമായ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട്.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് 40 ഓളം പുരസ്കാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. കെപിഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. സെപ്റ്റംബർ അഞ്ചിന് ദേശീയ അധ്യാപക ദിനത്തിൽ തിരൂർ തുഞ്ചൻ പറമ്പിൽ വച്ച് പുരസ്‌കാരം ഏറ്റുവാങ്ങും.
by Midhun HP News | Sep 3, 2024 | Latest News, ജില്ലാ വാർത്ത
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹൈക്കോടതിക്ക് കൈമാറി സർക്കാർ കൈകഴുകും. റിപ്പോർട്ട് നൽകണമെന്ന ഉത്തരവിനെതിരേ അപ്പീൽ നൽകേണ്ടെന്നാണ് തീരുമാനം. റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിലെത്തിക്കാനുള്ള അവസാനതീയതി ഒൻപതാണ്. അതിനുമുൻപുതന്നെ നൽകാനുള്ള തയ്യാറെടുപ്പ് പൂർത്തിയായി.
റിപ്പോർട്ട് പുറത്തുവന്നതിനുശേഷമുള്ള വെളിപ്പെടുത്തലുകളിൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ, രജിസ്റ്റർചെയ്ത കേസുകളുടെ വിശദാംശങ്ങളും ഇതുവരെയെടുത്ത നടപടികളും കോടതിയെ അറിയിക്കും.
റിപ്പോർട്ടിന്റെ പുറത്തുവിടാത്ത ഭാഗങ്ങളും മൊഴിപ്പകർപ്പുകളും ആരോപണവിധേയരുടെ വിശദാംശങ്ങളുമുള്ള അനുബന്ധവും നൽകുന്നതിൽ നിയമോപദേശത്തിന് കഴിഞ്ഞ ദിവസം എ.ജി.യുമായി കൂടിയാലോചനനടത്തി.
കമ്മിറ്റിയുടെ പരാമർശങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. ഒൻപതിന് കേസ് പരിഗണിക്കുന്ന കോടതി വനിതാകമ്മിഷനെയും സ്വമേധയാ കക്ഷിചേർത്തിട്ടുണ്ട്.
താരങ്ങൾക്കെതിരേ വ്യക്തിപരമായ പരാമർശമുള്ളതിനാൽ റിപ്പോർട്ട് ഹാജരാക്കുന്നതിൽ സർക്കാരിന് തുടക്കത്തിൽ ആശയക്കുഴപ്പമുണ്ടായി. ഇതോടെയാണ് അപ്പീൽ സാധ്യതയും ചർച്ചചെയ്തത്.
വ്യക്തിപരമായ പരാമർശമുള്ള ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനാണ് വിവരാവകാശ കമ്മിഷണർ ഉത്തരവിട്ടത്. ഒഴിവാക്കാൻ കമ്മിഷണർ നിർദേശിച്ച ഒരു ഖണ്ഡികയിലെ ‘ഉന്നതരിൽനിന്നുപോലും ലൈംഗികാതിക്രമം ഉണ്ടായെ’ന്നഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ അബദ്ധത്തിൽപ്പെട്ടത് സർക്കാരിനെ വെട്ടിലാക്കി. ഇതിനുശേഷമുള്ള അഞ്ചുപേജ് മറച്ചുവെച്ചത് റിപ്പോർട്ടിൽ പേരുണ്ടെന്നുകരുതുന്ന ഉന്നതരെ സംരക്ഷിക്കാനാണെന്ന ആരോപണവും നേരിടേണ്ടിവന്നു. ഇതൊക്കെ കണക്കിലെടുത്താണ് ഇനിയെല്ലാം കോടതി തീരുമനിക്കട്ടെയെന്ന നിലപാട് സർക്കാർ കൈക്കൊണ്ടതും.
Recent Comments