ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്;  ആരെയും സംരക്ഷിക്കേണ്ട കാര്യം സര്‍ക്കാരിനില്ലെന്ന് പി രാജീവ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ആരെയും സംരക്ഷിക്കേണ്ട കാര്യം സര്‍ക്കാരിനില്ലെന്ന് പി രാജീവ്

കൊച്ചി: ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍ സര്‍ക്കാരിന് ആരേയും സംരക്ഷിക്കാനില്ലെന്ന് നിയമന്ത്രി പി രാജീവ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരുടേയും പേരുകളില്ല. ഇപ്പോഴാണ് പേരുകള്‍ പുറത്തേക്ക് വരുന്നത്. നിയമപരമായ എല്ലാകാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ആരോപണങ്ങളില്‍ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും. സര്‍ക്കാരിന് ആരേയും സംരക്ഷിക്കാനില്ല. അമ്മയുടെ ഭാരവാഹികളെല്ലാം ഏത് പാര്‍ട്ടിയുമായാണ് ചേര്‍ന്നു നില്‍ക്കുന്നത്? ഞങ്ങള്‍ക്ക് എന്തിനാണ് ആരേയെങ്കിലും സംരക്ഷിക്കേണ്ട ആവശ്യം. സര്‍ക്കാര്‍ എന്ന നിലയില്‍ പരിശോധിച്ച് നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ഉചിതമായി ചെയ്യും’, രാജീവ് പറഞ്ഞു. ബംഗാളി നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും യുവനടിയുടെ ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് താരസംഘടനയായ ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖും രാജിവെച്ചിരുന്നു.

പ്രീ പ്രൈമറി ശാക്തീകരണ പദ്ധതിയായ ‘ബാല’ യുടെ ഉദ്ഘാടനം  നടന്നു

പ്രീ പ്രൈമറി ശാക്തീകരണ പദ്ധതിയായ ‘ബാല’ യുടെ ഉദ്ഘാടനം നടന്നു

പുരവൂർ ഗവൺമെന്റ് എസ് വി യു പി സ്കൂളിൽ എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച പ്രീ പ്രൈമറി ശാക്തീകരണ പദ്ധതിയായ ബാല യുടെ ഉദ്ഘാടനം ചിറയിൻകീഴ് എം എൽ എ വി ശശി നിർവഹിച്ചു.

യോഗത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ രജിത അധ്യക്ഷത വഹിച്ചു. ബി ആർ സി ട്രെയിനർ ലീന പദ്ധതി വിശദീകരണം നടത്തി. ഉദ്ഘാടനത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ, ആറ്റിങ്ങൽ എ ഇ ഒ സജി, വാർഡ് മെമ്പർമാരായ ആശ, അനന്തകൃഷ്ണൻ, എസ്എംസി ചെയർമാൻ ഷാബു വി എസ്, വികസന കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രഥമ അധ്യാപിക ബിന്ദു കെ ബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുൽഫത് നന്ദിയും രേഖപ്പെടുത്തി.

ഗത്യന്തരമില്ലാതായി; രഞ്ജിത്ത് രാജിവച്ചു

ഗത്യന്തരമില്ലാതായി; രഞ്ജിത്ത് രാജിവച്ചു

കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. യുവനടിയുടെ ലൈംഗിക ആരോപണത്തില്‍ താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന നടന്‍ സിദ്ദിഖ് രാജിവെച്ചതിന്റെ പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.

വയനാട്ടില്‍നിന്നും ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങിയെത്തിയ രഞ്ജിത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രഞ്ജിത്ത് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനത്തതോടെ കോഴിക്കോട് ചാലപ്പുറത്തുള്ള രഞ്ജിത്തിന്റെ വീടിന് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇന്നലെ അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു.

അതിനിടെ രഞ്ജിത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ ഇന്നലെ തന്നെ നിലപാട് മാറ്റിയിരുന്നു. രഞ്ജിത്തിനെ പിന്തുണച്ച മന്ത്രി സജി ചെറിയാന്റെ നിലപാട് വന്‍ വിവാദമായതിനു പിന്നാലെയാണ് നിലപാട് മാറ്റം. രഞ്ജിത്തിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി ശ്രീലഖ മിത്രയ്ക്കു നേരിട്ടെത്തി പരാതി നല്‍കാന്‍ കഴിയില്ലെങ്കില്‍ ഏതു തരത്തില്‍ പരാതി സ്വീകരിക്കാന്‍ കഴിയുമെന്നു ചിന്തിക്കുമെന്നു മന്ത്രി പറഞ്ഞു. അക്കാര്യം നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും. അന്വേഷണം നടത്തി ആരോപണവിധേയന്‍ കുറ്റക്കാരനാണെന്നു കണ്ടാല്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാജിയില്‍ തീരുമാനമെടുക്കേണ്ടത് രഞ്ജിത്ത് ആണെന്നും മന്ത്രി വ്യക്തമാക്കി.

സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി തന്നോട് രഞ്ജിത് മോശമായി പെരുമാറിയെന്നായിരുന്നു കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയത്. ‘പാലേരിമാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ലൈംഗിക അതിക്രമത്തിന് ശ്രമിച്ചത്. എന്നാല്‍ നടിയുടെ ആരോപണം തെറ്റാണെന്നായിരുന്നു രഞ്ജിത്ത് പ്രതികരിച്ചത്. സിനിമയുടെ ഒഡിഷന് വേണ്ടിയാണ് ശ്രീലേഖയെ വിളിച്ചതെന്നും കഥാപാത്രത്തിന് ചേരാത്തതിനാല്‍ മടക്കി അയച്ചുവെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം. എന്നാല്‍ ഇത് നടി നിഷേധിച്ചു. രഞ്ജിത്ത് മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടു.

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച് നടൻ സിദ്ദിഖ്

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച് നടൻ സിദ്ദിഖ്

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച് നടൻ സിദ്ദിഖ്. തനിക്കെതിരെ നടി ഉയര്‍ത്തിയ ആരോപണത്തിന്‍റെ വെളിച്ചത്തിലാണ് രാജിയെന്നും തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും, അത് സംഘടനയ്ക്ക് മോശമാണെന്നുമാണ് മോഹന്‍ലാലിന് നല്‍കിയ രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞത്. ഈ രാജിക്കത്ത് സിദ്ദിഖ് അമ്മയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടിട്ടുണ്ട്.

2016 ല്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് പീഡിപ്പിച്ചുവെന്ന് യുവ നടി ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെ നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാലിനാണ് സിദ്ദിഖ് കത്ത് നല്‍കിയത്. സിദ്ദിഖിനെതിരെ കടുത്ത ആരോപണങ്ങള്‍ വന്ന അവസ്ഥയില്‍ സര്‍ക്കാര്‍ കേസ് എടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇത്തരത്തില്‍ സിദ്ദിഖിന്‍റെ നീക്കം.

തിരുവനന്തപുരത്ത് 300 കോടി ചിലവിൽ പുതിയ ഫുട്ബോൾ സ്റ്റേഡിയം

തിരുവനന്തപുരത്ത് 300 കോടി ചിലവിൽ പുതിയ ഫുട്ബോൾ സ്റ്റേഡിയം

തിരുവനന്തപുരത്ത് 300 കോടി ചിലവിൽ പുതിയ ഫുട്ബോൾ സ്റ്റേഡിയം. സൂപ്പർ ലീഗിലെ ഏറ്റവും ശക്തരായ നിക്ഷേപകരുള്ള ടീമാണ് തിരുവനന്തപുരം കൊമ്പൻസ്.
കോവളം എഫ്സിയുടെ നടത്തിപ്പുകാരൻ ടി ജെ മാത്യു തയ്യിൽ, കിംസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടർമായ എം എ സഹദുള്ള, കേരള ട്രാവൽസ് എംഡി കെസി ചന്ദ്രഹാസൻ, തിരുവനന്തപുരം ടെക്നോപാർക്ക് മുൻസിഇഒ ജി വിജയരാഘവൻ, ടോറസ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അനിൽകുമാർ, എൻ എസ് അഭയകുമാർ എന്നിവർ മുൻനിരയിലും.

കൂടാതെ വ്യവസായികളായ അഹമ്മദ് കോയ, ഡോക്ടർ ബി ഗോവിന്ദൻ, എബിൻ ജോസ്, എസ് ഗണേഷ് കുമാർ, ക്രിസ് ഗോപാലകൃഷ്ണൻ, ജോർജ് എം തോമസ്, ഗൗരി പാർവതി ഭായ്, കെ മുരളീധരൻ, ഇ എം നജീബ്, കെ നന്ദകുമാർ, എസ് നൗഷാദ്, ഡോക്ടർ ബി രവി പിള്ള, എസ് ഡി ഷിബുലാൽ, ശശി തരൂർ, ജേക്കബ് പുന്നൂസ് തുടങ്ങിയ പ്രമുഖർ എല്ലാം തിരുവനന്തപുരം കൊമ്പൻ ടീമിന്റെ നിക്ഷേപകരാണ്.

തിരുവനന്തപുരം നഗരത്തിൽ മുപ്പതിനായിരം കോടിയോളം നിക്ഷേപിക്കുന്ന അദാനി ഗ്രൂപ് ടീമിന്റെ സ്പോൺസർ ആകുന്നത് നഗരത്തിലെ സ്പോർട്ട്സ് വികസനത്തെ നല്ലരീതിയിൽ സ്വാധീനിക്കും.

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയുമായി പൊലീസ് കേരളത്തിലേക്ക്

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയുമായി പൊലീസ് കേരളത്തിലേക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയുമായി പൊലീസ് കേരളത്തിലേക്ക്. വിശാഖപട്ടണത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുമായി നാളെ പൊലീസ് സംഘം തിരുവനന്തപുരത്തെത്തും. കുട്ടിയെ കണ്ടെത്തി സുരക്ഷിതയായി തിരിച്ചയക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്ന് വിശാഖപട്ടണത്തെ മലയാളികൾ പറഞ്ഞു.

വിശാഖപട്ടണം സിഡബ്ല്യുസി സംരക്ഷണയിലായിരുന്ന കുട്ടിയെ ഇന്നലെ വൈകിട്ടാണ് കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് കൈമാറിയത്. ഇന്ന് രാവിലെ വരെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലായിരുന്നു കുട്ടി. ഇന്ന് 12 മണിയോടെയാണ് കുട്ടിയുമായി പോലീസ് കേരളത്തിലേക്ക് തിരിച്ചത്. നാളെ കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടിയുടെ സംരക്ഷണ കാര്യത്തിൽ തീരുമാനമെടുക്കും.

പഠനം തുടരണമെന്നാണ് കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച വീടു വിട്ടിറങ്ങിയ കുട്ടിയെ ബുധനാഴ്ചയാണ് വിശാഖപട്ടണത്തെ കേരള കലാസമിതി പ്രവർത്തകർ ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന് കേരള പൊലീസിനെയും ആർ പി എഫിനെയും വിവരമറിയിക്കുകയായിരുന്നു.

ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. താംബരം എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ ലഭിച്ചത്. ചൊവ്വാഴ്ചയാണ് അമ്മയോട് പിണങ്ങി കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്നും അസം സ്വദേശിയായ കുട്ടി ഇറങ്ങിപ്പോയത്. ട്രെയിൻ കയറി സ്വദേശമായ ആസാമിലേക്ക് പോകാനായിരുന്നു ശ്രമം.

ആസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. വീട്ടിലെ ഉപദ്രവത്തെ തുടർന്നാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. അതേസമയം മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ജനങ്ങളോടും പൊലീസിനോടും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കൾ പ്രതികരിച്ചു. കുട്ടി സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവർ അറിയിച്ചു.