നടി ശ്രീലേഖ മിത്രയുടെ ആരോപണം അന്വേഷിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

നടി ശ്രീലേഖ മിത്രയുടെ ആരോപണം അന്വേഷിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. രഞ്ജിത്തിനെ സ്ഥാനത്തു നിന്നും നീക്കി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ നേതാവ് ആനിരാജ ആവശ്യപ്പെട്ടു. രഞ്ജിത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. നടി ശ്രീലേഖ മിത്രയുടെ ആരോപണം അന്വേഷിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോപണം തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും നടപടി ഉണ്ടാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. പരാതിപ്പെടുന്നവര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നും സതീദേവി പറഞ്ഞു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ വിമര്‍ശിച്ചു.

നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. സാംസ്‌കാരിക മന്ത്രിക്ക് സംവിധായകന്‍ രഞ്ജിത്ത് ഇതിഹാസമായിരിക്കാം. പക്ഷെ ലൈംഗിക ആരോപണം നിസാരമല്ല. നടി വെളിപ്പെടുത്തിയ ഘട്ടത്തില്‍ ഒരുനിമിഷം പോലും ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. അതിനാല്‍ രഞ്ജിത്തിനെ പുറത്താക്കണമെന്ന് സംവിധായകന്‍ ഡോ.ബിജു ആവശ്യപ്പെട്ടു.

രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്ന് നടി അന്‍സിബയും ആവശ്യപ്പെട്ടു. രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് വനിതാ ആക്റ്റിവിസ്റ്റുകളും കൂട്ട നിവേദനം നല്‍കി. രഞ്ജിത്ത് മാറുന്നതാണ് അദ്ദേഹത്തിനും അക്കാദമിക്കും നല്ലതെന്ന് സംവിധായകന്‍ മനോജ് കാന പറഞ്ഞു. കളങ്കമുണ്ടായാല്‍ ഏതു സ്ഥാനത്തു നിന്നും മാറിനില്‍ക്കണമെന്ന് നടന്‍ അനൂപ് ചന്ദ്രനും അഭിപ്രായപ്പെട്ടു. താനായിരുന്നെങ്കില്‍ മാറിനില്‍ക്കുമായിരുന്നു എന്നും അനൂപ് ചന്ദ്രന്‍ വ്യക്തമാക്കി. നടിയുടേത് ആരോപണമല്ല, വെളിപ്പെടുത്തലാണെന്നും രഞ്ജിത്തിനെ പദവിയില്‍ നിന്നു മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും സംവിധായകന്‍ ആഷിഖ് അബു ആവശ്യപ്പെട്ടു.

ആറ്റിങ്ങൽ നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

ആറ്റിങ്ങൽ നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

ആറ്റിങ്ങൽ: നഗരസഭ ഹെൽത്ത് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച രാത്രി നടത്തിയ തിരച്ചിലിൽ 2 കാട്ടുപന്നികളെ വെടി വെച്ചു കൊന്നു. കേരള സ്‌റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായിട്ടുള്ള വനം വകുപ്പിന് കീഴിലെ 4 എംപാനൽ ഷൂട്ടർമാരാണ് സംഘത്തിലുണ്ടായിരുന്നത്. സാധാരണയായി കൃഷിനശിപ്പിക്കുന്നെന്ന് പരാതി ലഭിക്കുന്ന നദീതീരത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും മറ്റ് ജനവാസ മേഖലകളിലുമാണ് പരിശോധന നടത്തിയത്.

10 മണിക്കൂർ നീണ്ട തിരച്ചിലിനിടയിൽ 4 കാട്ടുപന്നികൾക്കു നേരെ സംഘം വെടിയുതിർത്തു. എന്നാൽ വെടിയേറ്റ് വിരണ്ടോടിയ പന്നികളെ കണ്ടെത്താൻ നടത്തിയ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ വാമനപുരം ആറിനു സമീപം ചത്തുകിടക്കുന്ന 2 പന്നികളെ കണ്ടെത്തി. പൂർണ്ണ വളർച്ചയെത്തിയ ആൺ പന്നിക്ക് 200 കിലോയോളം ശരീരഭാരവും 11 വയസും, പെൺ പന്നിക്ക് 90 കിലോ ഭാരവും 6 വയസും ഉള്ളതായി അധികൃതർ കണക്കാക്കുന്നു.

ചത്ത പന്നികളെ ബ്ലീച്ചിംഗ് മിശ്രിതവും കെമിക്കൽ ലായനിയും തളിച്ച് സർക്കാർ മാനദണ്ഡപ്രകാരം കുഴിച്ചിട്ടു. കാട്ടുപന്നിയുടെ ശല്യമുള്ള പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ തുടർച്ചയായി പട്ടിയുടെ കുര കേട്ടാൽ മുൻകരുതലില്ലാതെ ജനങ്ങൾ വീടിനു വെളിയിലേക്ക് ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് റാഫി, ബിജു, ജീവനക്കാരായ ശശികുമാർ, മനോജ്, അജീഷ്, അജി ഷൂട്ടർമാരായ വിമൽകുമാർ, ജവഹർലാൽ, സുധർമ്മൻ, അനിൽകുമാർ എന്നിവരുടെ സംഘമാണ് സ്ക്വാഡിലുണ്ടായിരുന്നത്.

ആരോപണ വിധേയരുടെ പേര് പുറത്തു വിടണമെന്ന് നടി അന്‍സിബ

ആരോപണ വിധേയരുടെ പേര് പുറത്തു വിടണമെന്ന് നടി അന്‍സിബ

തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്ന് നടി അന്‍സിബ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണ വിധേയരുടെ പേരുവിവരങ്ങള്‍ പുറത്തു വരണം. റിപ്പോര്‍ട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമെന്ന് താരസംഘടനയായ അമ്മയ്ക്ക് പറയാനാകില്ല. സിനിമയിലെ പവര്‍ ഗ്രൂപ്പിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അന്‍സിബ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഞ്ചുവര്‍ഷത്തോളം പുറംലോകം കാണാതിരുന്നത് തെറ്റാണ്. നീതി വൈകുക എന്നത് നീതിനിഷേധം തന്നെയാണ്. ഇത്രയും സ്ത്രീകള്‍ അനുഭവിച്ചിട്ടുള്ള വേദനയാണ്, ഇത്രയും പേജുകളിലായി ആ റിപ്പോര്‍ട്ടിലുള്ളത്. വളരെക്കുറച്ചു പേര്‍ മാത്രമേ ആ റിപ്പോര്‍ട്ട് പൂര്‍ണമായി വായിച്ചിട്ടുണ്ടാകൂ.

ആ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേള്‍ക്കുമ്പോള്‍ വളരെ വിഷമം തോന്നുന്നു. ഇത്രയും പേര്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് നീതി കിട്ടുക തന്നെ വേണം. അവര്‍ അനുഭവിച്ചിട്ടുള്ള വേദനകള്‍ കമ്മീഷനോട് തുറന്നു പറഞ്ഞത്, ഇനിയാകും ഇരയാക്കപ്പെടരുതെന്ന് ഉള്ളതുകൊണ്ടാണ്. ഇരകളുടെ ഒപ്പം നിക്കണം. വേട്ടക്കാരന്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു.

നിയമസംവിധാനം തന്നെയാണ് നീതി ഉറപ്പാക്കാനായി മുന്നിട്ടിറങ്ങേണ്ടത്. സംഘടനകള്‍ക്ക് പരിമിതികളുണ്ട്. സംഘടനയില്‍ നിന്നും മാറ്റിനിര്‍ത്താനോ, പുറത്താക്കാനോ പറ്റുകയുള്ളൂ. അല്ലാതെ ശിക്ഷ കൊടുക്കാനാവില്ല. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം എന്തു പരമാവധി ശിക്ഷയാണോ വേട്ടക്കാര്‍ക്ക് വാങ്ങിക്കൊടുക്കാന്‍ കഴിയുക, അതു തന്നെ വാങ്ങിക്കൊടുക്കണം. ഇതിനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇനിഷ്യേറ്റീവ് ഉണ്ടാകണമെന്ന് അന്‍സിബ ആവശ്യപ്പെട്ടു.

സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റി രൂപീകരിക്കുന്നത് സ്ത്രീകള്‍ക്ക് വളരെ നല്ലതാണ്. സിനിമയിലുള്ളവര്‍ക്ക് മാത്രമല്ല, എല്ലാ തൊഴിലിടങ്ങളിലെയും സ്ത്രീകള്‍ക്കും പ്രയോറിറ്റിയുണ്ട്. അവര്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കിക്കൊണ്ട്, അവര്‍ക്ക് സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും തൊഴിലിടങ്ങളില്‍ ജോലി ചെയ്യാനുള്ള അവസരമൊരുക്കുകയാണ് സമൂഹവും സര്‍ക്കാരും ചെയ്യേണ്ടത്.

സഹകരണ സൊസൈറ്റിയിൽ കോടികളുടെ തട്ടിപ്പ്; ബിജെപി നേതാക്കൾക്കെതിരെ കേസ്

സഹകരണ സൊസൈറ്റിയിൽ കോടികളുടെ തട്ടിപ്പ്; ബിജെപി നേതാക്കൾക്കെതിരെ കേസ്

തിരുവനന്തപുരം: നിക്ഷേപകരുടെ 10 കോടിയിലധികം വരുന്ന തുക തട്ടിയെന്ന പരാതിയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാ​ഹികൾക്കെതിരെ പൊലീസ് കേസെടുത്തു. തകരപ്പറമ്പിലുള്ള തിരുവിതാംകൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോർഡ് അം​ഗങ്ങളുടെ പേരിലാണ് കേസ്.

ബിജെപി നേതാക്കളാണ് സംഘത്തിന്റെ ബോർഡിലുള്ളത്. മൂന്ന് കേസുകളാണ് പരാതിയിൽ പൊലീസ് എടുത്തത്. അഡ്മിനിസ്ട്രേറ്റർ ഭരണമാണ് നിലവിൽ സൊസൈറ്റിലെന്നും ബോർഡം​ഗങ്ങൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

100ലധികം പേർക്കാണ് പണം തിരികെ കിട്ടാനുള്ളത്. പലതവണ സൊസൈറ്റിയുമായി ബന്ധപ്പെട്ടെങ്കിലും പണം ലഭിച്ചില്ലെന്നാണ് നിക്ഷേപകരുടെ പരാതിയിൽ പറയുന്നത്.

സൊസൈറ്റിക്കു ആറ്റുകാലിലും ശാഖയുണ്ട്. പ്രധാന ഓഫീസും ശാഖയും പൂട്ടിയ നിലയിലാണ്. പത്ത് കോടിക്കു മുകളിൽ നിക്ഷേപകർക്കു നൽകാനുണ്ടെന്നാണ് വിവരമെന്നും കണക്കെടുക്കാൻ താമസിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സൊസൈറ്റി പ്രസിഡന്റ് ഒന്നാം പ്രതിയും സെക്രട്ടറി രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ 85 പേരാണ് പരാതി നൽകിയത്. ഇതിൽ മൂന്ന് പേരുടെ പരാതിയിൽ ഇന്നലെയോടെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്റ്റാച്യു സ്വദേശി ടി സുധാദേവിയുടെ പരാതിയിലാണ് ആദ്യം കേസെടുത്തത്. ഇവർക്ക് 85 ലക്ഷം രൂപ നഷ്ടമായി. കഴിഞ്ഞ ഏപ്രിൽ 28നു നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയായെങ്കിലും പണം നൽകിയില്ല. വഞ്ചിയൂർ ചിറക്കുളം സ്വദേശി വിഎസ് ദിവ്യയുടെ 4.70 ലക്ഷം രൂപ നഷ്ടമായെന്നാണ് പരാതി. വെള്ളനാട് സ്വ​ദേശി ദിനചന്ദ്രനു 20 ലക്ഷം രൂപയാണ് നഷ്ടമായത്. 50 ലക്ഷം രൂപ മുതൽ നിക്ഷേപിച്ചിട്ടുള്ളവർ തട്ടിപ്പിനു ഇരയായിട്ടുണ്ടെന്നാണ് വിവരം. പെൻഷൻ പറ്റിയവരാണ് നിക്ഷേപകരിൽ കൂടുതൽ.

കേസ് ക്രൈം ബ്രാഞ്ചിനു വിട്ടേക്കും. സാമ്പത്തിക കുറ്റാന്വേഷണ വിഭാത്തിനായിരിക്കും കൈമാറുക. ഇതു ചൂണ്ടിക്കാട്ടി ഫോർട്ട് പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിക്കും.

രാജധാനി ബിസിനസ് സ്കൂൾ എം ബി എ 2024;  പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ച്  വൈസ് ചാൻസിലർ

രാജധാനി ബിസിനസ് സ്കൂൾ എം ബി എ 2024; പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ച് വൈസ് ചാൻസിലർ

തിരുവനന്തപുരം: രാജധാനി ബിസിനസ് സ്കൂളിന്റെയും എം ബി എ ജനറൽ ജനറൽ മാനേജ്മെന്റ് പന്ത്രണ്ടാം ബാച്ചിന്റെയും എം ബി എ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് രണ്ടാം ബാച്ചിന്റെയും ഈ വർഷത്തെ പ്രാരംഭ ദിനം, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതി രാജ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസ ജീവിതത്തിൽ പാലിക്കേണ്ട ഘടകങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുകയും, അധ്യക്ഷ പ്രസംഗം നിർവഹിച്ച രാജധാനി കോളേജ് ചെയർമാൻ ഡോ. ബിജു രമേശ്, കുട്ടികൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ മുന്നേറാം എന്നതിനെക്കുറിച്ചുള്ള വിവരണവും നൽകി.

ഈ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച ഗവൺമെന്റ് ഓഫ് കേരള സ്പെഷ്യൽ സെക്രട്ടറി (കൃഷി വകുപ്പ്) പ്രശാന്ത് നായർ ഐ.എ.എസ്, വിദ്യാഭ്യാസവും, സയൻസ് ആൻഡ് ടെക്നോളജിയുമായുള്ള അഭേദ്യ ബന്ധത്തെ പ്രതിപാദിക്കുകയും, ‘അതെങ്ങനെ മനുഷ്യ പുരോഗതിക്ക് സ്വായത്തമാക്കാം’ എന്നുള്ള വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു.

ഈ ചടങ്ങിൽ സന്നിഹിതയായ ” റിവ്റി ഗ്ലോബൽ” കമ്പനിയുടെ സി ഇ ഒ ആയ ടീന ജയിംസ് കുട്ടികൾ വിദ്യാഭ്യാസ ജീവിതത്തിൽ പുലർത്തേണ്ട നിഷ്കർഷതയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ചടങ്ങിൽ രാജധാനി ഗ്രൂപ്പ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് അസോസിയേറ്റ് ഡയറക്ടർ (അക്കാഡമിക്) മേഘാ ബി രമേശ്, കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. സുരേഷ് ബാബു, ഡോ. മഹേഷ് കൃഷ്ണ, ഡോ. ബിജു ഭാസ്കരൻ എന്നിവർ സന്നിഹിതരായിരുന്നു.

രാജധാനി ബിസിനസ് സ്കൂൾ എച്ച് ഒ ഡി ഡോ. പ്രിയ പ്രസാദ് സ്വാഗതവും ഡയറക്ടർ പ്രൊഫ. രജിത് കരുണാകരൻ നന്ദിയും രേഖപ്പെടുത്തി. ഈ ചടങ്ങിൽ 2024 എംബിഎ ബാച്ചിൽ ജോയിൻ ചെയ്ത കുട്ടികളും അവരുടെ രക്ഷകർത്താക്കളും സന്നിഹിതരായിരുന്നു. ഈ ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
താല്പര്യമുള്ള, ഡിഗ്രി യോഗ്യതയുള്ളവർ കോളേജുമായി നേരിട്ടോ, താഴെപ്പറയുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക: 7510977773, 7025377773

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സംസ്ഥാന അവാർഡിനർഹയായി ബീന.പി

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സംസ്ഥാന അവാർഡിനർഹയായി ബീന.പി

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ദീർഘകാല സേവനത്തിന് സംസ്ഥാന അവാർഡ് ബീന.പി. യ്ക്ക് ലഭിച്ചു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സംസ്ഥാന കൗൺസിൽ യോഗത്തിൽ വൈസ് പ്രസിഡന്റ് പി.അനിതകുമാരിയുടെ അധ്യക്ഷതയിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഷാനവാസ്. എസ് ഐ എ എസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ വച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് സലാഹുദീൻ നൽകി.

അധ്യാപന ജീവിതത്തോടൊപ്പം 2000-ൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിലൂടെ 300 ഓളം ഗൈഡ്സ് കുട്ടികൾക്ക് രാജ്യ പുരസ്കാർ അവാർഡുകളും 60 ഓളം രാജ്യ പുരസ്കാർ അവാർഡുകളും നേടികൊടുക്കാനായിട്ടുണ്ട്. 36 വർഷത്തെ അധ്യാപന സേവനത്തിനിടയിൽ ചിറയിൻകീഴ് ശ്രീ ചിത്തിരവിലാസം എൽ. പി. സ്കൂൾ, ഗവൺമെന്റ് ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ, ഗവ. ഹൈസ്കൂൾ ഞെക്കാട് എന്നിവിടങ്ങളിൽ അധ്യാപികയായും ഗവൺമെന്റ് എൽ. പി. എസ് ചായം, ഗവൺമെന്റ് യു. പി. എസ്. ശ്രീനാരായണപുരം എന്നിവിടങ്ങളിൽ പ്രഥമാധ്യാപികയായും പ്രവർത്തിച്ചു.

സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്നേഹഭവനം പദ്ധതിയിൽ ശ്രീനാരായണപുരം സ്കൂളിലെ ഗൈഡ് വിഭാഗം കുട്ടിയ്ക്ക് വീടു നിർമ്മിച്ചു നൽകുന്നതിന് നേതൃത്വം നൽകി. റിട്ടയർമെന്റിനു ശേഷവും സ്കൗട്ട്, ഗൈഡ് പ്രസ്ഥാനത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. സ്കൗട്ട്സ് ആന്റ്ഗൈഡ്സ് ആറ്റിങ്ങൽ ജില്ലാ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നു.