by Midhun HP News | Aug 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെയും സ്മിതാ സുധാകരന്റെയും മകന്‍ സൗരഭ് സുധാകരന്‍ വിവാഹിതനായി. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലായിരുന്നു ചടങ്ങുകള്‍. കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പിഎന്‍ സജീവിന്റെയും എന്‍ എന്‍ ജിന്‍ഷയുടെയും മകള്‍ ഡോ ശ്രേയാ സജീവാണ് വധു.
വിവാഹ ചടങ്ങുകൾക്ക് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ മുഖ്യകാര്‍മികത്വം വഹിച്ചു.രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക- ആത്മീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹസത്കാരം കണ്ണൂരില്‍ നടക്കും. സൗരഭ് സുധാകരന്‍ ന്യൂഡല്‍ഹി പ്രീത് വിഹാറിലുള്ള എന്‍എബിഎച്ച് അക്രെഡിറ്റേഷന്‍ കോർഡിനേറ്ററും ശ്രേയാ സജീവ് ഒറ്റപ്പാലം പി കെ ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറുമാണ്.
by Midhun HP News | Aug 26, 2024 | Latest News, ജില്ലാ വാർത്ത
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുള്ളവരെക്കുറിച്ച് കൂടുതല്‍ ലൈംഗിക അതിക്രമ ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടി ടൊവിനോ തോമസ്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും സിനിമാ മേഖലയില്‍ മാത്രമല്ല ഏത് രംഗത്തായാലും തൊഴില്‍ രംഗത്ത് എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ടൊവിനോ പറഞ്ഞു. നിലവിലുള്ള നിയമ സംവിധാനത്തില്‍ വിശ്വസിച്ചു മുന്നോട്ട് പോകുകയാണ്. ആള്‍ക്കൂട്ട വിചാരണ അല്ല എല്ലാം നിയമത്തിന്റെ വഴിക്ക് എല്ലാം നടക്കണം. മാറ്റം എല്ലാ ജോലിസ്ഥലത്തും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമൊക്കെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുറത്തുവരുന്ന ലൈംഗിക ആരോപണങ്ങളില്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ടൊവിനോ സ്വാഗതം ചെയ്തു. കുറ്റാരോപിതര്‍ മാറിനില്‍ക്കുന്നത് അന്വേഷണത്തിന് ആവശ്യമാണ്. പൊലീസ് വിളിച്ചാല്‍ താനും മൊഴി നല്‍കാന്‍ തയ്യാറാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
ലൈംഗിക ആരോപണങ്ങളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് സര്‍ക്കാര്‍ അന്വേഷണം നടത്തുക. ആരോപണം ഉന്നയിക്കുന്നവര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ കേസെടുക്കനാണ് സര്‍ക്കാര്‍ നീക്കം. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നത്.
by Midhun HP News | Aug 26, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: ലൈംഗിക ആരോപണം ഉയര്‍ന്നതോടെ നടന്‍ സിദ്ദിഖ് രാജിവെച്ചതിനെത്തുടര്‍ന്ന് പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനായി താരസംഘടനയായ അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയില്‍ ചേരും. സിദ്ദിഖ് ഒഴിഞ്ഞതിനെത്തുടര്‍ന്ന് ജോയിന്റ് സെക്രട്ടറി ബാബുരാജിനാണ് താത്കാലിക ചുമതല നല്‍കിയിട്ടുള്ളത്. താരങ്ങളില്‍ പലര്‍ക്കും നേരെയുള്ള ആരോപണങ്ങളെത്തുടര്‍ന്ന് സംഘടന കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി സിദ്ദിഖ് ഊട്ടിയില്‍ നിന്ന് ഇന്ന് കൊച്ചിയില്‍ മടങ്ങി എത്തുമെന്നാണ് വിവരം. സിദ്ദിഖിനെതിരെ പോക്‌സോ കേസ് ചുമത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. സിനിമയിലെ പ്രമുഖര്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ, അന്വേഷണത്തിനായി സര്‍ക്കാര്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെ പൂര്‍ണമായും നിയമ വഴിയില്‍ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. അതേസമയം സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം നാളെ യോഗം ചേരും. പരസ്യമായി ആരോപണം ഉന്നയിച്ചവരുടെ മൊഴിയെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സംഘം പരിശോധിക്കും. ഐ ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ, വനിതാ പൊലീസ് ഓഫീസര്‍മാരായ ഡിഐജി എസ് അജീത ബീഗം, എസ് പി മെറിന്‍ ജോസഫ്, എഐജി ജി പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ എന്നിവരും എഐജി അജിത്ത് വി, എസ്പി എസ് മധുസൂദനന്‍ എന്നിവരും ഉൾപ്പെടുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ മേൽനോട്ടം.
by Midhun HP News | Aug 26, 2024 | Latest News, ജില്ലാ വാർത്ത
നാടെങ്ങും ഉണ്ണിക്കണ്ണനെ വരവേല്‍ക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വർണ്ണശബളമായ ഘോഷയാത്രകളാണ് സംസ്ഥാനത്തെങ്ങും അരങ്ങേറുക.കുഞ്ഞു കൈകളില്‍ ഓടക്കുഴലുമായി വാർമുടിക്കെട്ടില്‍ മയില്‍പ്പീലി വച്ച് കള്ളച്ചിരിയുമായ് കുഞ്ഞ് അമ്പാടിക്കണ്ണന്മാരും ഗോപികമാരും നഗരവീഥികള്‍ കീഴടക്കും.
കാർമുകിൽ വർണ്ണന്മാരും ഗോപികമാരും നിറഞ്ഞ നഗരവീഥികളും ക്ഷേത്രമുറ്റങ്ങളും ഭക്തമനസുകളില്‍ ആനന്ദക്കാഴ്ചയൊരുക്കും
അഷ്ടമിരോഹിണിക്ക് പ്രാധാന്യമുള്ള ഗുരുവായൂരില്‍ പതിനായിരങ്ങള്‍ ദർശനത്തിനെത്തും. ഇന്നലെ രാത്രി മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹമായിരുന്നു. ക്ഷേത്രത്തില്‍ ഇന്ന് കാല്‍ലക്ഷം പേർക്ക് പിറന്നാള്‍ സദ്യ നല്‍കും. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ഇന്ന് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ മഹാശോഭായാത്രകള്‍ നടക്കും.
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഏർപ്പെടുത്തിയിട്ടുള്ള ശോഭായാത്രയില്‍ നൂറുക്കണക്കിന് കൃഷ്ണവേഷങ്ങളും പൗരാണികവേഷങ്ങളും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ഗോപികാനൃത്തങ്ങളും അണിനിരക്കും. കൃഷ്ണന്റെയും രാധയുടെയും കംസന്റെയും യശോദയുടെയും ദേവകിയുടെയും വസുദേവരുടെയും വേഷമണിഞ്ഞ കുരുന്നുകൾ വീഥികളെ അമ്പാടിയാക്കും.
പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്ന സന്ദേശത്തിലൂന്നിയാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങള്‍ നടക്കുന്നത്. പ്രകൃതിയോടൊത്ത് പ്രകൃതിയെ സംരക്ഷിച്ച് വളർന്ന കണ്ണൻ രാഷ്‌ട്ര രക്ഷകനായി വളരുകയായിരുന്നു. ശ്രീകൃഷ്ണൻ വിശ്വരൂപം കാണിക്കുന്നത് മണ്ണുതിന്നുമ്ബോഴും മണ്ണിനു വേണ്ടി പൊരുതുമ്ബോഴുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ടാണ് ഈ വർഷത്തെ ജന്മാഷ്ടമി ധ്യേയവാക്യം ബാലഗോകുലം തെരഞ്ഞെടുത്തത്. കലാ സാഹിത്യ സാംസ്കാരിക നായകരും ബാലപ്രതിഭകളും വിവിധയിടങ്ങളിലെ ശോഭായാത്രകള്‍ ഉദ്ഘാടനം ചെയ്യും.
ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയാണ് ഉത്തരഭാരതത്തില്‍ ജന്മാഷ്ടമി. എന്നാല്‍ കേരളത്തിനിത് ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയാണ്. കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാർത്ഥനയും നടക്കും. മഹാവിഷ്ണുവിന്റെ ഒമ്ബതാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ.
by Midhun HP News | Aug 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രഞ്ജിത്തിനെതിരെ നിയമനടപടിക്കില്ലെന്നും രാജിവെച്ചതിലൂടെ ചെയ്ത തെറ്റ് സമ്മതിക്കുകയാണെന്നും ബംഗാളി നടി ശ്രീലേഖ മിത്ര. ഇനിയെങ്കിലും സ്ത്രീകള്‍ സ്വന്തം ശക്തി തിരിച്ചറിയണം. അതിക്രമം നടന്നിട്ടില്ല. സമീപിച്ചത് മോശം സമീപനത്തോടെയാണ്. പെരുമാറ്റമാണ് ശരിയാവാത്തതെന്നും നടി പ്രതികരിച്ചു.
കേസെടുക്കുന്ന കാര്യത്തില്‍ കേരള പൊലീസ് തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. പൊലീസ് സമീപിച്ചാല്‍ നടപടികളോട് സഹകരിക്കുമെന്നും നിയമ സഹായം നല്‍കാന്‍ ഏറെപ്പേര്‍ ഇന്നലെ സമീപിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. ഒരു രഞ്ജിത്ത് മാത്രമല്ല, നിരവധിപ്പേരുണ്ട്. രാജിയില്‍ ദുഃഖവും സന്തോഷവും ഇല്ല. ഇത് അവസാനിക്കാത്ത പോരാട്ടമാണ്. ഒറ്റരാത്രികൊണ്ട്ഒന്നും മാറ്റാന്‍ കഴിയില്ല. ധൈര്യത്തോടെ സംസാരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്തുണ ലഭിക്കാറില്ല. ഇത് വളരെ പ്രധാനപ്പെട്ട സമയം. എല്ലാം പുറത്തുവരട്ടെയെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
രഞ്ജിത്ത് നാഷണല്‍ അവാര്‍ഡ് നേടിയ ഡയറക്ടര്‍ തന്നെയാണ്. അതിന് സംശയമില്ല. ഇതൊന്നും ഒരാളോട് മോശമായി പെരുമാറാനുള്ള കാരണമല്ല. നിരവധി പേര്‍ക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്, ഇത് ബംഗാളി, ബോളിവുഡ് തുടങ്ങി എല്ലായിടത്തുമുണ്ട്. ഞാന്‍ മനുഷ്യര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഒരു സ്ത്രീ പുരുഷനെ ആക്രമിച്ചാല്‍ പുരുഷനൊപ്പം നില്‍ക്കുമെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോടാണ്. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറഞ്ഞിരുന്നു.
by Midhun HP News | Aug 25, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: നടന്‍ സിദ്ധിഖിനെതിരെ പോക്‌സോ കേസ് ചുമത്തണമെന്ന് പൊലീസില്‍ പരാതി. വൈറ്റില സ്വദേശിയാണ് കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സംവിധായകന്‍ രഞ്ജിത്തിനെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്.
പരാതിയില്‍ അന്വേഷണം നടത്തണമെന്ന് പൊലീസ് അറിയിച്ചു. ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെയും യുവനടിയുടെ പരാതിയില്‍ സിദ്ധിഖിനെതിരെയും അന്വേഷണം നടത്തണമെന്നാണ് ആവശ്യം. യുവനടിയുടെ ആരോപണത്തിന് പിന്നലെ താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചിരുന്നു അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് അയക്കുകയായിരുന്നു. ആരോപണങ്ങളെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ല എന്നാണ് സിദ്ദിഖ് പ്രതികരിച്ചത്. ധാര്‍മികമായി തുടരുന്നത് ശരിയല്ലെന്ന് തോന്നി അതുകൊണ്ടാണ് മോഹന്‍ലാലിന് നേരിട്ട് രാജിക്കത്ത് നല്‍കിയത്. ഇപ്പോഴുള്ളത് ഊട്ടിയിലാണ്. നേരിട്ടെത്തി വിശദീകരണം നല്‍കുമെന്നും സിദ്ദിഖ് വ്യക്തമാക്കി.
ഇന്നലെ ആണ് യുവനടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ രംഗത്തെത്തിയത്. സിനിമ ചര്‍ച്ച ചെയ്യാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു എന്നാണ് നടി ആരോപിച്ചത്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ചാണ് പീഡനം നടന്നത്. തന്റെ സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. 2019ലും സിദ്ദിഖിനെതിരെ നടി രംഗത്തെത്തിയിരുന്നു.
Recent Comments