കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സംസ്ഥാന അവാർഡിനർഹയായി ബീന.പി

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സംസ്ഥാന അവാർഡിനർഹയായി ബീന.പി

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ദീർഘകാല സേവനത്തിന് സംസ്ഥാന അവാർഡ് ബീന.പി. യ്ക്ക് ലഭിച്ചു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സംസ്ഥാന കൗൺസിൽ യോഗത്തിൽ വൈസ് പ്രസിഡന്റ് പി.അനിതകുമാരിയുടെ അധ്യക്ഷതയിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഷാനവാസ്. എസ് ഐ എ എസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ വച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് സലാഹുദീൻ നൽകി.

അധ്യാപന ജീവിതത്തോടൊപ്പം 2000-ൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിലൂടെ 300 ഓളം ഗൈഡ്സ് കുട്ടികൾക്ക് രാജ്യ പുരസ്കാർ അവാർഡുകളും 60 ഓളം രാജ്യ പുരസ്കാർ അവാർഡുകളും നേടികൊടുക്കാനായിട്ടുണ്ട്. 36 വർഷത്തെ അധ്യാപന സേവനത്തിനിടയിൽ ചിറയിൻകീഴ് ശ്രീ ചിത്തിരവിലാസം എൽ. പി. സ്കൂൾ, ഗവൺമെന്റ് ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ, ഗവ. ഹൈസ്കൂൾ ഞെക്കാട് എന്നിവിടങ്ങളിൽ അധ്യാപികയായും ഗവൺമെന്റ് എൽ. പി. എസ് ചായം, ഗവൺമെന്റ് യു. പി. എസ്. ശ്രീനാരായണപുരം എന്നിവിടങ്ങളിൽ പ്രഥമാധ്യാപികയായും പ്രവർത്തിച്ചു.

സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്നേഹഭവനം പദ്ധതിയിൽ ശ്രീനാരായണപുരം സ്കൂളിലെ ഗൈഡ് വിഭാഗം കുട്ടിയ്ക്ക് വീടു നിർമ്മിച്ചു നൽകുന്നതിന് നേതൃത്വം നൽകി. റിട്ടയർമെന്റിനു ശേഷവും സ്കൗട്ട്, ഗൈഡ് പ്രസ്ഥാനത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. സ്കൗട്ട്സ് ആന്റ്ഗൈഡ്സ് ആറ്റിങ്ങൽ ജില്ലാ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്

വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്

വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സ്വരൂപിച്ച 10,000 രൂപയുടെ ചെക്ക് ആറ്റിങ്ങൽ എം എൽ എ ഒ.എസ്.അംബികയ്ക്ക്, ക്ലബ്ബ് മുഖ്യ രക്ഷാധികാരി അഡ്വ. സി.ജെ.രാജേഷ്കുമാർ, പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, സെക്രട്ടറി അനൂജ് എന്നിവർ ചേർന്ന് കൈമാറി

സ്വന്തമായി കളിസ്ഥലമില്ലാത്ത മുഴുവൻ പഞ്ചായത്തുകളിലും  കളിസ്ഥലം യാഥാർത്ഥ്യമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി

സ്വന്തമായി കളിസ്ഥലമില്ലാത്ത മുഴുവൻ പഞ്ചായത്തുകളിലും കളിസ്ഥലം യാഥാർത്ഥ്യമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി

ആറ്റിങ്ങൽ: സംസ്ഥാനത്ത് സ്വന്തമായി കളിസ്ഥലമില്ലാത്ത മുഴുവൻ പഞ്ചായത്തുകളിലും എൽ ഡി എഫ് സർക്കാർ കളിസ്ഥലം യാഥാർത്ഥ്യമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. ഒരു കോടി രൂപ ചിലവിട്ട് മുദാക്കൽ പഞ്ചായത്തിൽ നിർമ്മിക്കുന്ന കോളൂർ സ്റ്റേഡിയത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വി ശശി എം എൽ എ അധ്യക്ഷനായി. മുദാക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് പള്ളിയറ ശശി സ്വാഗതവും വാർഡംഗം മനോജ് നന്ദിയും പറഞ്ഞു. വാർഡംഗങ്ങളായ എ ചന്ദ്രബാബു, ബാദുഷ, സി പി ഐ എം മുദാക്കൽ ലോക്കൽ സെക്രട്ടറി എം ബി ദിനേശ്, ഇടയ്ക്കോട് ലോക്കൽ സെക്രട്ടറി ബി രാജീവ്, സി പി ഐ ഇടയ്ക്കോട് ലോക്കൽ സെക്രട്ടറി ഷാജി എന്നിവർ സംസാരിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ പി കെ അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

നാവായിക്കുളത്ത് ഹെൽത്തി കേരള പരിശോധന

നാവായിക്കുളത്ത് ഹെൽത്തി കേരള പരിശോധന

കല്ലമ്പലം: നാവായിക്കുളം മേഖലയിൽ ഭക്ഷണ വിൽപ്പന ശാലകളിലും സ്ഥാപനങ്ങളിലും ആരോഗ്യ വിഭാഗം റെയ്ഡ്. നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നാവായിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആണ് ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി വ്യാപക റെയ്ഡ് നടത്തിയത്. പഞ്ചായത്തിലെ 12 ഭക്ഷണ വിൽപന കേന്ദ്രങ്ങളിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി.

മിക്ക കടകളും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതായും ശുചിത്വം പാലിക്കുന്നില്ലെന്നും കണ്ടെത്തി. ചില ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഇല്ല. ഇവ പരിഹരിക്കുന്നതിന് സമയം അനുവദിച്ച് ഉടമകൾക്ക് നോട്ടിസ് നൽകി. അനുവദനീയമല്ലാത്ത പ്ലാസ്‌റ്റിക്‌ ക്യാരി ബാഗുകൾ പാടില്ല എന്ന കർശന നിർദേശം നൽകി. പുകയില ഉൽപന്നങ്ങളുടെ വിൽപന നടത്തുന്നില്ല എന്ന മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാത്ത മൂന്ന് കടകൾക്ക് പിഴ ചുമത്തി.

മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാത്ത കുളമടയിലെ സ്വകാര്യ ആശുപത്രിക്ക് നോട്ടിസ് നൽകി. മെഡിക്കൽ ഓഫിസർ ഡോ.എസ്.സുരേഷ്‌കുമാർ, ഹെൽത്ത് ഇൻസ്പെക്‌ടർ കെ.ഷാ, ജുനിയർ ഹെൽത്ത് ഇൻസ്പെക്‌ടർമാരായ വൈ.റാഫി, വി.വിജീഷ്, എൻ.രാജേഷ്, വി.ലിജോ എന്നിവർ നേതൃത്വം നൽകി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

അവനവഞ്ചേരിയില്‍ ആധാര്‍മേള ആഗസ്റ്റ് 28 ന്

അവനവഞ്ചേരിയില്‍ ആധാര്‍മേള ആഗസ്റ്റ് 28 ന്

ആറ്റിങ്ങല്‍: അവനവഞ്ചേരിയില്‍ ആധാര്‍മേള ആഗസ്റ്റ് 28 ന് പുതിയതായി ആധാര്‍ കാര്‍ഡ് എടുക്കുന്നതിനും, നിലവിലെ ആധാര്‍ കാര്‍ഡിലെ അപാകതകള്‍ തിരുത്തുന്നതിനും, താപല്‍ വകുപ്പിലെ പുതിയ സ്കീമുകളെക്കുറിച്ച് അറിയുന്നതിനും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പുതിയ ആരോഗ്യഇൻഷുറൻസകൾ, അപകട ഇൻഷുറൻസ്, പോസ്റ്റാഫീസ് നിക്ഷേപ പദ്ധതികള്‍, സേവിംഗ് ബാങ്ക് അക്കൌണ്ടുകള്‍, റെക്കറിംഗ് ഡിപ്പോസിറ്റ്, ടൈം ‍ഡിപ്പോസിറ്റ്, മാസവരുമാന പദ്ധതി, അഞ്ചു വര്‍ഷത്തെ നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്, പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്കീം, സുകന്യ സമൃദ്ധി യോജന അക്കൌണ്ട്, കിസാന്‍ വികാസ് പത്ര, സത്രീകള്‍ക്കായി മാത്രമായിട്ടുളള മഹിളാസമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഒട്ടനവധി പദ്ധതികളെക്കുറിച്ച് മനസ്സിലാക്കുവാനും അതില്‍ പങ്കാളികളാകുവാനുമായി ആഗസ്റ്റ് 28-ാം തീയതി രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണിവരെയാണ് അവനവഞ്ചേരി മുസ്ലീം ജമാ അത്ത് ഹാളില്‍ തപാല്‍വകുപ്പും നഗരസഭാ അമ്പലുമു്ക്ക് വാര്‍ഡും സംയുക്തമായിട്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

മേളയില്‍ പങ്കടുക്കുന്നവര്‍ക്കായി ആറ്റിങ്ങല്‍ നഗരസഭാ അമ്പലമുക്ക് പതിമൂന്നാം വാര്‍ഡ് ഓഫീസില്‍ തലേദിവസം എത്തിയാല്‍ ആധാര്‍മേളയുടെ രജിസ്ട്രേക്ഷനും, ടോക്കണും നല്‍കുമെന്ന് താപല്‍വകുപ്പ് അറിയിച്ചു.

വേങ്ങൂരിൽ യുവതിയുടെ ആത്മഹത്യ; ഉത്തരേന്ത്യൻ ഓൺലൈൻ ലോൺ ആപ് സംഘത്തിന്റെ ഭീഷണിയെന്ന് പൊലീസ്

വേങ്ങൂരിൽ യുവതിയുടെ ആത്മഹത്യ; ഉത്തരേന്ത്യൻ ഓൺലൈൻ ലോൺ ആപ് സംഘത്തിന്റെ ഭീഷണിയെന്ന് പൊലീസ്

കൊച്ചി: വേങ്ങൂരിൽ യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഉത്തരേന്ത്യൻ ഓൺലൈൻ ലോൺ ആപ് സംഘത്തിന്റെ ഭീഷണിയെന്ന് പൊലീസ്. ലോൺ എടുക്കുന്നതിനുവേണ്ടിയുള്ള പ്രോസസിങ് ഫീസ് തിരികെ ചോദിച്ചതോടെയാണ് യുവതിയെ ലോണ്‍ ആപ്പ് മാഫിയ ഭീഷണിപ്പെടുത്തിയത്. ഈസി ലോണ്‍, ഇന്‍സ്റ്റ ലോണ്‍ തുടങ്ങി അഞ്ചോളം ലോണ്‍ ആപ്പുകളാണ് ആരതി ഉപയോഗിച്ചിരുന്നത്. ലോൺ ആപ് സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു.

ഓണ്‍ലൈന്‍ റമ്മികളിച്ച് സാമ്പത്തിക നേട്ടമുണ്ടായതാണ് ആരതിയെ ലോണ്‍ ആപ്പുകളിലേക്ക് എത്തിച്ചത്. റമ്മി കളിച്ച് ആദ്യം പണം ലഭിച്ചു. പിന്നീട് പണം നഷ്ടപ്പെടാന്‍ തുടങ്ങിയതോടെയാണ് ഓണ്‍ലൈന്‍ ആപ്പിലൂടെ പണം കടമെടുക്കാന്‍ തുടങ്ങിയത്. പതിനായിരത്തില്‍ താഴെ ലോണാണ് ആരതി എടുത്തത്. ഒരു ലക്ഷം രൂപ ലോണിനു വേണ്ടിയായി പിന്നീടുള്ള ശ്രമം. പ്രോസസിങ് ഫീസായി പതിനായിരം രൂപ നല്‍കിയെങ്കിലും ലോണ്‍ ലഭിച്ചില്ല. ഈ പണം തിരിച്ചു ചോദിച്ചതിനു പിന്നാലെയാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്.

മുൻപ് എടുത്ത ലോണുകൾ പെട്ടെന്ന് അടച്ചു തീർക്കാനാണ് ആവശ്യപ്പെട്ടത്. പിന്നാലെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ അയച്ചു തുടങ്ങി. ആരതിയുടെ ഭർത്താവിന് ഓൺലൈൻ ലോൺ ആപ്പുകളെക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് വിവരം. റമ്മി കളിച്ച് പണം ലഭിച്ച കാര്യം മാത്രമാണ് ആരതി പറഞ്ഞിരുന്നത്. പ്രദേശവാസികളിൽ നിന്നും യുവതി പണം കടംവാങ്ങിയിരുന്നു. വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് ലോൺ ആപ്പുകാരുടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഫോൺ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തലവൻ കുറുപ്പംപടി ഇൻസ്പെക്ടർ വി എം കഴ‌്സന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.