ആറ്റിങ്ങൽ എ സി എ സി നഗറിൽ വാഹനാപകടം

ആറ്റിങ്ങൽ എ സി എ സി നഗറിൽ വാഹനാപകടം

ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ എ സി എ സി നഗറിൽ വാഹനാപകടം. സ്വകാര്യബസ് മിക്സർലോറിയും ഇടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ്സും എതിർദിശയിലേക്ക് പോയ മിക്സർലോറിയും തമ്മിലാണ് ഇടിച്ചത്. സമീപത്തുണ്ടായിരുന്ന ഒരു ഇലക്ട്രിക് പോസ്റ്റിൽ ബസ് ഇടിയ്ക്കുകയും പോസ്റ്റ് രണ്ടായി ഒടിയുകയും ചെയ്തു. ആർക്കും പരിക്കില്ല.

ബിരിയാണി ചലഞ്ച് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക് തുക കൈമാറി

ബിരിയാണി ചലഞ്ച് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക് തുക കൈമാറി

ഗവ. എൽ പി എസ് മേലാറ്റിങ്ങലിലെ കുരുന്നുകളും, അധ്യാപകരും, പി ടി എ, എസ് എം സി, പൂർവ്വവിദ്യാർത്ഥികളും, നാട്ടുകാരും, വ്യാപാര സ്ഥാപനങ്ങളും ചേർന്നു 2ദിവസം കൊണ്ട് ബിരിയാണി ചലഞ്ച് നടത്തി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ 20,000 രൂപ നൽകി.

ശ്രീനാരായണ ഗുരുവിൻ്റെ 170-ാം ജയന്തി ദിനാഘോഷം ഇന്ന്

ശ്രീനാരായണ ഗുരുവിൻ്റെ 170-ാം ജയന്തി ദിനാഘോഷം ഇന്ന്

ചിങ്ങമാസത്തിൽ തിരുവോണവും അവിട്ടവും കഴിഞ്ഞുള്ള ചതയദിനത്തിലാണ് സാധാരണ ഗുരുദേവ ജയന്തി. എന്നാൽ, ഇത്തവണ ഓണം കഴിഞ്ഞുള്ള ചതയദിനം കന്നി മാസം ഒന്നാം തീയതി ആയതിനാലാണ് ജയന്തി ആഘോഷം നേരത്തേയായത്. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വിപുലമായ പരിപാടികൾ ഒഴിവാക്കി.

ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ വൈകിട്ട് 6.30നു നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനാവും. രാവിലെ 10നു നടക്കുന്ന ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ഉച്ചകഴിഞ്ഞു മൂന്നിനു ള്ള ഘോഷയാത്ര മന്ത്രി ജി. ആർ.അനിലും ഉദ്ഘാടനം ചെയ്യും. വർക്കല ശിവഗിരി മഠത്തിൽ രാവിലെ 9.30നു നടക്കുന്ന ജയന്തി സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്‌റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായിരിക്കും. വൈകിട്ട് 5.30നു മഹാസമാധിയിൽനിന്നു തുടങ്ങുന്ന നാമസങ്കീർത്തന ഘോഷയാത്ര, ഗുരുദേവൻ സ്‌ഥാപിച്ച മാതൃകാ പാഠശാലയായ ശിവഗിരി സ്കൂൾ, എസ്എൻ കോളജ്, നാരായണ ഗുരുകുലം ജംക്ഷൻ എന്നിവ പിന്നിട്ട് മഹാസമാധിയിൽ തിരിച്ചെത്തി പ്രാർഥനയോടെ സമാപിക്കും.

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നതായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നതായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നതായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. തൊഴിലിന് പകരം ശരീരം ആവശ്യപ്പെടുന്നത് പതിവാണെന്നും ഷൂട്ടിങ് സമയത്ത് വാതിലില്‍ മുട്ടുന്നത് സ്ഥിരമാണെന്നും പലപ്പോഴും വാതില്‍ പൊളിഞ്ഞുവീഴുമെന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ടെന്നും കമ്മീഷന് നല്‍കിയ മൊഴിയില്‍ പറയുന്നു.

വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കും. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ ആവശ്യപ്പെടുന്നതായി ഒന്നിലേറെ താരങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. വിട്ടുവീഴ്ച ചെയ്യാത്തവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാകുന്നുവെന്നും സഹകരിക്കുന്നവര്‍ക്ക് പ്രത്യേക കോഡുകള്‍ നല്‍കുന്നുവെന്നും താരങ്ങള്‍ മൊഴി നല്‍കി. ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്. സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനല്‍ സംഘമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വള്‍ഗറായിട്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയില്‍ അടക്കം പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപം നല്‍കിയിട്ടിള്ള ഇന്റേണല്‍ കമ്മറ്റിക്ക് അപര്യാപ്തതകളുള്ളതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചപ്പോഴൊന്നും ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടായില്ലെന്ന് ഒരു നടി നല്‍കിയ മൊഴി. സര്‍ക്കാരിനെ അറിയിച്ചിട്ട് ഒരു കാര്യവുമില്ല. കോടതിയില്‍ പോകാനാണ് അവര്‍ പറയുന്നത്. പലപ്പോഴും തെളിവുകള്‍ അപര്യാപ്തമായതിനാല്‍ കേസുമായി മുന്നോട്ട് പോകാന്‍ കഴിയാറില്ലെന്നും മൊഴിയില്‍ പറയുന്നു. സിനിമയില്‍ സ്ത്രീ വിരുദ്ധ പവര്‍ ഗ്രൂപ്പുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാൽ സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയിൽ പലരും നിശബ്ദത പാലിക്കുന്നു. കേസിനു പോകുകയാണെങ്കില്‍, പ്രശസ്തരായതിനാൽ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് നടിമാർ ഭയക്കുന്നു. കോടതിയേയോ പൊലീസിനെയോ സമീപിച്ചാൽ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാർ ഭയക്കുന്നു.

ആർത്തവസമയത്ത് നടിമാർ സെറ്റിൽ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്നും റിപ്പോർട്ട്. പാഡ് മാറ്റുന്നതിന് പോലും സെറ്റിൽ നേരിടുന്നത് വലിയ പ്രതിസന്ധി. മൂത്രമൊഴിക്കാൻ പോകാൻ സാധിക്കാതെ മണിക്കൂറുകളോളം സെറ്റിൽ തുടരേണ്ടി വരാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമാ മേഖലയിലെ പലർക്കും മൂത്രാശയ അണുബാധ അടക്കമുള്ള രോഗങ്ങൾക്കും വിധേയരാകേണ്ടി വരുന്നു. പലപ്പോളും പ്രൊഡക്ഷൻ യൂണിറ്റിൽ ഉള്ളവർ ശുചിമുറി ഉപയോഗിക്കാൻ പോലും സ്ത്രീകളെ അനുവദിക്കാറില്ല.

പുരസ്കാരനിറവിൽ ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക്

പുരസ്കാരനിറവിൽ ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക്

മുദാക്കൽ കൃഷിഭവൻ അവാർഡും, കരകൃഷിയുമായി ബന്ധപ്പെട്ട് മംഗലപുരം കൃഷിഭവൻ അവാർഡും ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് നേടി. ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളാണ് ഇതിന് പ്രചോദനമായത്. മംഗലപുരം പഞ്ചായത്ത് കൃഷിഭവനിൽ നടന്ന ചടങ്ങിൽ വി ശശി എം എൽ എയിൽ നിന്നും, മുദാക്കൽ പഞ്ചായത്ത് കൃഷിഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി. ജയശ്രീയിൽ നിന്നും ബാങ്ക് പ്രസിഡന്റ് അഡ്വ.ദിലീപ്.വി.എൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി, ബാങ്ക് സെക്രട്ടറി ജെ.എസ്.ബിന്ദുമോൾ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.പുതുക്കുറിച്ചി തീരത്താണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ആയിരുന്നു മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശിയായ ബെനഡിറ്റിനെ കാണാതായത്. മത്സ്യത്തൊഴിലാളികളാണ് രാവിലെ കരയ്ക്കടിഞ്ഞ മൃതദേഹം കണ്ടത്. ഉടൻ കോസ്റ്റൽ പോലീസിനെയും കഠിനംകുളം പോലീസിനെയും വിവരം അറിയിച്ചു പോലീസ് എത്തി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.