കാലാവസ്ഥ പ്രതികൂലം; മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല

കാലാവസ്ഥ പ്രതികൂലം; മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല

അഞ്ചുതെങ്ങ്: കഴിഞ്ഞദിവസം മുതലപ്പൊഴിയിൽ ഉണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചിൽ ഫലം കണ്ടില്ല. പ്രതികൂല കാലാവസ്ഥയാണ് പ്രതിസന്ധിക്ക് കാരണമായി തീർന്നിരിക്കുന്നത്. രാവിലെ മുതൽ തന്നെ, മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരമാലകളും അടിയൊഴുക്കും രൂപപ്പെടുകയായിരുന്നു. ഇതോടെ കോസ്റ്റൽ പോലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും ബോട്ടുകൾക്ക് അഴിമുഖം കടന്നു പോകുവാൻ നന്നേ പാടുപെടേണ്ടി വന്നു.

തുടർന്ന്, പല ഘട്ടങ്ങളിലായി പരിശോധനകൾ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാലാവസ്ഥ പ്രതികൂലമായതിനാൽ തന്നെ പൂർണ്ണതയുള്ള തിരച്ചിലിന് കഴിയാതെപോകുകയായിരുന്നു. ഉച്ചയോടെ നാവിക സേനയുടെ മുങ്ങൽ വിദ്ഗദ്ധർ മുതലപ്പൊഴിയിലെത്തിയെങ്കിലും കടൽ പ്രക്ഷുപ്തമായതിനാൽ നേവി സംഘത്തിന് കടലിൽ ഇറങ്ങി തെരച്ചിൽ നടത്താനായില്ല. തുടർന്ന് ഇന്നത്തേക്ക് തിരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെയോടെ തിരച്ചിൽ വീണ്ടും പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അഞ്ചുതെങ്ങ് കോട്ടയ്ക്ക് മുകളിൽ നിന്ന് വീണ് 24 കാരന് പരുക്ക്

അഞ്ചുതെങ്ങ് കോട്ടയ്ക്ക് മുകളിൽ നിന്ന് വീണ് 24 കാരന് പരുക്ക്

അഞ്ചുതെങ്ങ് കോട്ടയ്ക്ക് മുകളിൽനിന്ന് വീണ് 24 കാരന് പരുക്ക് പറ്റി. കോട്ടയ്ക്ക് മുകളിലെ പടപ്പാതയിൽ നിന്ന് കാൽവഴുതി വീണാണ് യുവാവിന് പരിക്കു പറ്റിയത്. ബാംഗ്ലൂർ സ്വദേശികളായ മൂന്ന് അംഗ സംഘത്തിലെ ആയുഷ് (23) നാണ് പരുക്ക് പറ്റിയത്. 32 അടിയോളം ഉയരമുള്ള കോട്ടയ്ക്ക് മുകളിലെ നടപ്പാതയിൽ നിന്ന് കാൽവഴുതി താഴെയുള്ള വെട്ടുകല്ല് പാകിയ നടപ്പാതയിലേക്ക് വീഴുകയായിരുന്നു. ഈ ഭാഗങ്ങളിൽ സംരക്ഷണ കവചം ഇല്ലാത്തതാണ് അപകടത്തിന് കാരണമായത്.

വീഴ്ചയിൽ കൈയ്ക്കും മുഖത്തും ഗുരുതര പരുക്കുണ്ട്. അപകടം സംഭവിച്ചയുടെ യുവാവിനെ അഞ്ചുതെങ്ങ് സി എച്ച് സി യിൽ എത്തിക്കുകയും തുടർന്ന്, പ്രാഥമിക ചികിത്സ നൽകി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് അയക്കുകയുമായിരുന്നു. അവിടെനിന്ന് വിദ്ഗ്ദ്ധ പരിശോധനകൾക്കായി കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

ആറ്റിങ്ങൽ: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ആലംകോട് സ്വദേശിനി ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ കൈയ്യിൽ നിന്നും 25 പവൻ സ്വർണ്ണാഭരണങ്ങളും 2.5 ലക്ഷം രൂപയും കൈക്കലാക്കി പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ പ്രതി രണ്ട് വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിലായി.

പാലോട് വിതുര പെരിങ്ങമല എൻ.ടി ബംഗ്ലാവിൽ ഷജിൻ സിദ്ദിഖ് (33) ആണ് പോലീസ് പിടിയിലായത്. വിവാഹിതനായ ഷജിൻ സിദ്ദിഖ് അവിവാഹിതനാണെന്ന് പറഞ്ഞ് പെൺകുട്ടിയെ സ്നേഹം നടിച്ച് വിവാഹം കഴിക്കാമെന്നു പറഞ്ഞ് 2022 സെപ്റ്റംബറിൽ പെൺകുട്ടിയെ ആറ്റിങ്ങൽ നിന്നും കൊണ്ടു പോയി തിരുവന്തപുരത്തെ ഹോട്ടലിൽ വച്ച് നിരവധി തവണ പീഡിപ്പിച്ച ശേഷം സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുകയും തുടർന്ന് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയ പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

2023 ജനുവരി മാസത്തിൽ പെൺകുട്ടിയുടെ പരാതിയിന്മേൽ ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗൾഫിലേക്ക് മുങ്ങിയ പ്രതി തിരികെ വരുന്നു എന്നുള്ള വിവരം പോലീസിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ എറണാകുളം കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ. ജിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്.ഐ മാരായ സജിത്ത്.എസ്, ജിഷ്ണു എം.എസ്, ഷാനവാസ്, പോലീസുകാരായ അനിൽ കുമാർ, ശരത് കുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വിവാഹിതനായ പ്രതി അവിവാഹിതനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ പീഡിപ്പിച്ചിട്ടുള്ള വിവരം ലഭിച്ചതായും ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

17കാരിയെ പീഡിപ്പിച്ച പ്രതി 13 വർഷങ്ങൾക്ക് ശേഷം പോലീസ്  പിടിയിൽ

17കാരിയെ പീഡിപ്പിച്ച പ്രതി 13 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ

ആറ്റിങ്ങൽ: പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോയ പ്രതി 13 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ. ആറ്റിങ്ങൽ നഗരൂർ സ്വദേശിനിയായ പതിനേഴുകാരിയെ 2011 ൽ നിരവധി തവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോയ പ്രതി 13 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിലായി.

വർക്കല ചെമ്മരുതി തുണ്ടുവിള കുന്നത്തുമല പറങ്കിമാംവിള വീട്ടിൽ പ്രവീൺ (35) നെയാണ് 2011 ൽ ആറ്റിങ്ങൽ പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ 13 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്ന് ആറ്റിങ്ങൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി കുവൈറ്റിലേക്ക് രക്ഷപെട്ടു. വിദേശത്തു നിന്നും 6 വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ പ്രതി കൊല്ലം പുനലൂരിൽ കുറച്ചു നാൾ താമസിച്ചു.

തുടർന്ന് കഴിഞ്ഞ വർഷം വർക്കല ഞെക്കാട് എത്തി താമസിച്ചു വരികയായിരുന്നു. ഈ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്.ഐമാരായ സജിത്ത്.എസ്, ജിഷ്ണു എം.എസ്, എ.എസ്.ഐ മാരായ രാധാകൃഷ്ണൻ, ഉണ്ണിരാജ്, സി.പി.ഒ നിധിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

വയനാട് ദുരന്തബാധിതർക്കായി ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കുന്നുവാരം യൂണിറ്റ് തുക കൈമാറി

വയനാട് ദുരന്തബാധിതർക്കായി ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കുന്നുവാരം യൂണിറ്റ് തുക കൈമാറി

വയനാട് ദുരന്തവുമായി(REBUILD WAYANAD)ബന്ധപ്പെട്ട് ഡി വൈ എഫ് ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ ധനശേഖരണാർത്ഥo ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയിലെ കുന്നുവാരം യൂണിറ്റ് സ്വകാര്യ വ്യക്തിയുടെ പുരയിടം വൃത്തിയാക്കി നൽകുന്ന ജോലി ഏറ്റെടുത്ത് ചെയ്ത് കിട്ടിയ തുക ഡി വൈ എഫ് ഐ കുന്നുവാരം യൂണിറ്റ് സെക്രട്ടറി വിനീഷ് ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടുവിന് കൈമാറി

കർഷക ദിനാചരിച്ച് ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്കൂൾ

കർഷക ദിനാചരിച്ച് ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്കൂൾ

ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്കൂളിലെ എക്കോ ക്ലബ്ബിൻ്റെയും, സീഡ് ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ തോട്ടവാരം ജി എസ് ഭവനിലെ തേനീച്ച വളർത്തൽ ഫാം സന്ദർശിക്കുകയും കർഷകൻ ഗോപിനാഥൻ നായരുമായി അഭിമുഖം നടത്തുകയും ചെയ്തു. തുടർന്ന് ഗോപിനാഥൻ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ എക്കോ ക്ലബ്ബ്, സീഡ് ക്ലബ്ബ് കൺവീനർമാരുമായ അഞ്ജലി ടീച്ചർ, വിന്നി ചന്ദ്രൻ ടീച്ചർ, താഹിറ ടീച്ചർ പങ്കെടുത്തു.