യൂണിഫോം പോര, ഇളവ് കണ്‍സഷന്‍ കാര്‍ഡുള്ളവര്‍ക്കു മാത്രമെന്ന് ബസ്സുടമകള്‍

യൂണിഫോം പോര, ഇളവ് കണ്‍സഷന്‍ കാര്‍ഡുള്ളവര്‍ക്കു മാത്രമെന്ന് ബസ്സുടമകള്‍

തിരുവനന്തപുരം: കണ്‍സഷന്‍ കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സ്വകാര്യ ബസില്‍ നിരക്ക് ഇളവ് നല്‍കുകയുള്ളൂവെന്ന് ബസ് ഉടമകള്‍. കണ്‍സഷന്‍ നേടാന്‍ സ്‌കൂള്‍ യൂണിഫോം മാനദണ്ഡമായിരിക്കില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും കണ്‍സഷന്‍ അനുവദിക്കുകയെന്നും ബസ് ഉടമകള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനം ഏറ്റിരുന്നു. യൂണിഫോമും കാര്‍ഡും ഇല്ലാതെ കണ്‍സഷന്‍ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ തീരുമാനം.

ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഭയന്ന് പല ജീവനക്കാരും ജോലിക്കെത്തുന്നില്ലെന്നും ബസ് ഉടമകള്‍ പറയുന്നു. ഇനിയും ഇത്തരം സംഘര്‍ഷങ്ങള്‍ തുടര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ ഒഴിവാക്കുന്ന കാര്യം ആലോചിക്കുമെന്നും ഇക്കാര്യം സര്‍ക്കാര്‍, മോട്ടര്‍ വാഹന വകുപ്പ് എന്നിവരെ അറിയിക്കുമെന്നും ബസ് ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ആറ്റിങ്ങൽ കെൽട്രോൺ നോളജ് സെന്ററിൽ ജേർണലിസം ഡിപ്പാർട്മെന്റിന്റെ ഉദ്ഘാടനം നാളെ

ആറ്റിങ്ങൽ കെൽട്രോൺ നോളജ് സെന്ററിൽ ജേർണലിസം ഡിപ്പാർട്മെന്റിന്റെ ഉദ്ഘാടനം നാളെ

ആറ്റിങ്ങൽ കെൽട്രോൺ നോളജ് സെന്ററിൽ ജേർണലിസം ഡിപ്പാർട്മെന്റിന്റെ ഉദ്ഘാടനം നാളെ നടക്കും. കെൽട്രോൺ നോളജ് സർവീസസ് & കോർപ്പറേറ്റ് പ്ളാനിങ് ഹെഡ്
അജയകുമാർ സി പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം
എഡിജിപി ലോ ആൻഡ് ഓർഡർ എം ആർ അജിത് കുമാർ ഐ പി എസ് നിർവഹിക്കും. ‘ദി ഫോർത്ത്’ കോർഡിനേറ്റിംഗ് എഡിറ്റർ ഷീജ ശ്യാം മുഖ്യപ്രഭാഷണം നടത്തും. ആറ്റിങ്ങൽ നഗരസഭാ ചെയർ പേഴ്സൺ അഡ്വ എസ് കുമാരി ചടങ്ങിൽ വിശിഷ്ടതിഥിയാകും.

നഗരൂരിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ സംഘർഷം

നഗരൂരിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. നഗരൂർ ആലിന്റെമുട് ഭാഗത്ത് കഴിഞ്ഞ ദിവസം വൈകിട്ട് 7.30ഓടെയാണ് സംഭവം ഉണ്ടായത്. മുൻപുള്ള വാക്കുതർക്കത്തിന്റെ പേരിലാണ് സംഘർഷമുണ്ടായത് എന്നാണ് വിവരം. സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകി വീണു; ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകി വീണു; ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങലില്‍: ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിക്ക് കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകിവീണ് ഗുരുതര പരിക്ക്. ആറ്റിങ്ങലില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയുടെ ദേഹത്തേക്കാണ് ബസ്‌റ്റോപ്പിന് സമീപത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകിവീണത്.

പാലസ് റോഡ് ഗവണ്‍മെന്റ് ടൗണ്‍ യുപിഎസിന് സമീപത്തെ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയുടെ ദേഹത്തേക്കാണ് മേല്‍ക്കൂരയുടെ ഒരു ഭാഗം ഇളകി വീണത്

ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ പിറവിയെടുത്ത “ലിഫ്റ്റ് ” എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ പിറവിയെടുത്ത “ലിഫ്റ്റ് ” എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ പിറവിയെടുത്ത “ലിഫ്റ്റ് ” എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. സൗണ്ട് ഒഴികെ ഇതിലെ എല്ലാ മേഖലയിലും പ്രവർത്തിച്ചിരിക്കുന്നത് വിവിധ ബാങ്കുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ആണ്. ഇതിന്റെ തിരക്കഥ, എഡിറ്റിംഗ്, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനും ആറ്റിങ്ങൽ സ്വദേശിയുമായ അനുശീലൻ എസ് ആണ്.

എസ് ബി ഐ ഉദ്യോഗസ്ഥനായ സ്വപ്നരാജിന്റെ കഥക്ക് ദൃശ്യഭാഷ്യം ഒരുക്കിയപ്പോൾ ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥനായ സുധി ക്യാമറ കൈ കാര്യം ചെയ്തിരിക്കുന്നു. ഇതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മുൻ എസ് ബി ഐ ഇദ്യോഗസ്ഥനും ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലെ ഗന്ധർവ്വന്റെ ശബ്ദമായി മാറിയ നന്ദകുമാർ ആണ്. അങ്ങനെ ക്യാമെറക്ക് മുന്നിലും പിന്നിലുമായി ഒട്ടനവധി ബാങ്ക് ജീവനക്കാർ ഒന്നിക്കുന്നു.
പലവിധ ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്ന ആറു പേർ. അവർ ഒരു ലിഫ്റ്റിനുള്ളിൽ കണ്ടു മുട്ടുന്നു. കുറച്ചു സമയത്തിനുള്ളിൽ അവിടെ ഉണ്ടാകുന്ന ഭീതിയേറിയ ഒരു സാഹചര്യത്തോടെ കാര്യങ്ങൾ ആകെ കീഴ്മേൽ മറിയുന്നു. എല്ലാവരും കടുത്ത മാനസിക സംഘർഷത്തിലാകുന്നു.

https://youtu.be/_MbDPes9r08

ഞെക്കാട് സ്കൂളിൽ “പൂവനി” പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി പൂകൃഷി ആരംഭിച്ചു

ഞെക്കാട് സ്കൂളിൽ “പൂവനി” പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി പൂകൃഷി ആരംഭിച്ചു

“ഓണത്തിന് ഒരു കൈകുമ്പിൾ പൂവ്” എന്ന ലക്ഷ്യത്തിനായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന “പൂവനി പദ്ധതി”യുടെ ഭാഗമായി ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പുഷ്പകൃഷിയ്ക്ക് തുടക്കമായി. ഒറ്റൂർ കൃഷിഭവനുമായി ചേർന്നാണ് “പൂവനി പദ്ധതി”യിൽ ചെണ്ടുമല്ലി പൂകൃഷി നടപ്പിലാക്കുന്നത്. ഓണക്കാലത്തേയ്ക്ക്‌ ആവശ്യമായ പൂക്കൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ കേരള സർക്കാർ ലക്ഷ്യമിടുന്നത്. ഒറ്റൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ മതിരക്കോട് പ്രദേശത്തുള്ള പത്ത് സെന്റ് സ്ഥലത്താണ് വ്യത്യസ്ത ഇനങ്ങളിലുള്ള ചെണ്ടുമല്ലി തൈകൾ നട്ടത്.

ഒറ്റൂർ കൃഷി ഭവനിലെ കൃഷി ഓഫീസർ എൻ.ലീന ചെണ്ടുമല്ലിയുടെ തൈ നട്ടു കൊണ്ട് ‘പൂവനി പദ്ധതി’യുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ അധ്യാപക രക്ഷകർതൃ സമിതി പ്രസിഡന്റ്‌ ഒ.ലിജ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്. അനിൽകുമാർ, സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി വൈസ് പ്രസിഡന്റ്‌ സി.വി രാജീവ്‌, ഹൈസ്കൂൾ പ്രഥമാദ്ധ്യാപകൻ എൻ.സന്തോഷ്‌, സ്റ്റാഫ്‌ കൗൺസിൽ സെക്രട്ടറി ദീപ, അധ്യാപികമാരായ പ്രീതി, ദീപ, ശ്രീപ്രിയ എന്നിവർ സംസാരിച്ചു. ഞെക്കാട് ഗവ. വി എച്ച് എസ് സ്കൂളിലെ അപ്പർ പ്രൈമറി വിഭാഗം, എക്കോ ക്ലബ്ബ്, സയൻസ് ക്ലബ്ബ് എന്നിവയിലെ അംഗങ്ങൾ സംയുക്തമായാണ് ചെണ്ടുമല്ലി പൂകൃഷിക്ക് നേതൃത്വം നൽകുന്നത്.