സംസ്‌കൃതി അനുമോദന സംഗമം നടത്തി

സംസ്‌കൃതി അനുമോദന സംഗമം നടത്തി

ചിറയിൻകീഴ്: അഴൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ അനുമോദന സംഗമം നടന്നു. അഴൂർ കാർത്തിക
ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി പോലീസ്
സൂപ്രണ്ട് ബി. അനിൽകുമാർ നിർവഹിച്ചു. സംസ്കൃതി പ്രസിഡന്റ്‌ വിജു ടി അധ്യക്ഷതവഹിച്ചു. സംസ്കൃതി രക്ഷാധികാരി വിശ്വനാഥൻ ചെട്ടിയാർ, സംസ്കൃതി നിർ വാഹക സമിതി അംഗങ്ങളായ ബിജു കാർത്തിക, ബിന്ദു ബി. എ ൽ, എന്നിവർ ആശംസകൾ നേർന്നു.

സംസ്കൃതി സെക്രട്ടറി എം. സുരേഷ് ബാബു സ്വഗതവും വൈസ് പ്രസിഡന്റ്‌ ഷൈൻദാസ് നന്ദിയും പറഞ്ഞു. ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും റിട്ട. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഹരിലാലിനെയും പി എച്ച് ഡി നേടിയ പ്രൊഫ. പി. ജയകുമാറിനെയും, യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് ദേവിക. വി എസിനെയും യോഗത്തിൽ ആദരിച്ചു. സമ്മേളത്തിന് ശേഷം സംസ്കൃതി വാർഷിക ആഘോഷ പരിപാടിക്ക് വേണ്ടിയുള്ള സ്വഗത സംഘ രൂപീകരണ യോഗവും നടന്നു.

തുമ്പയില്‍ ബോംബേറ്; രണ്ടു പേര്‍ക്ക് പരിക്ക്

തുമ്പയില്‍ ബോംബേറ്; രണ്ടു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ ബോംബേറ്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരിക്ക്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

ഗുണ്ടാംസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബേറിന് കാരണമെന്നാണ് സംശയിക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. സുഹൃത്തിനെ റോഡരികില്‍ നില്‍ക്കുകയായിരുന്ന അഖിലിനും വിവേകിനും നേര്‍ക്ക് നാടന്‍ ബോംബ് എറിയുകയായിരുന്നു.ബോംബ് വീണ് അഖിലിന്റെ കൈക്ക് ഗുരുതര പരിക്കുണ്ട്. അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അഖിലിനെതിരെ കാപ്പ കേസുകള്‍ അടക്കം നിരവധി കേസുകളുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കെഎസ്ഇബി ഓഫീസ് അതിക്രമം: ജീവനക്കാർക്കെതിരെ വീട്ടുകാർ പരാതി നൽകി

കെഎസ്ഇബി ഓഫീസ് അതിക്രമം: ജീവനക്കാർക്കെതിരെ വീട്ടുകാർ പരാതി നൽകി

തിരുവനന്തപുരം: തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസ് ആക്രമണത്തെത്തുടർന്ന് അജ്മലിന്റെ വീട്ടിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കും. ഇതിന് കെഎസ്ഇബി ചെയർമാന് മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വൈദ്യുതി വകുപ്പ് ഉദ്യോ​ഗസ്ഥരെ ആക്രമിക്കരുതെന്ന് വീട്ടുകാരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് സുരക്ഷ ഒരുക്കാമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. അതിനിടെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ കെഎസ്ഇബി ജീവനക്കാർക്കെതിരെ അജ്മലിന്റെ കുടുംബം പരാതി നൽകി. തിരുവമ്പാടി പൊലീസിലാണ് പരാതി നൽകിയിട്ടുള്ളത്. വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാർ അപമര്യാദയായി പെരുമാറി. ലൈൻമാൻ മർദ്ദിച്ചെന്നും കയ്യേറ്റം ചെയ്തെന്നും അജ്മലിന്റെ അമ്മ മറിയം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കെ എസ്ഇബി ഓഫീസിലെത്തി അസിസ്റ്റന്റ്‌ എന്‍ജിനീയർ അടക്കം ജീവനക്കാരെ മര്‍ദിച്ചെന്നും ഏതാണ്ട്‌ മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നും ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം മുന്‍ പ്രസിഡന്റ് യു സി അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. വൈദ്യുതിബില്‍ കുടിശ്ശിക വരുത്തിയതു മൂലം കണക്ഷന്‍ വിച്ഛേദിച്ച ലൈന്‍മാന്‍ പ്രശാന്തിനെയും സഹായി അനന്തുവിനെയും വെള്ളിയാഴ്ച വൈകീട്ട് അജ്മലിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചിരുന്നു.

ഈ സംഭവത്തിൽ പൊലീസിൽ പരാതി നല്‍കിയതിലുള്ള ദേഷ്യമാണ് എന്‍ജിനിയറുടെ നേര്‍ക്ക് കാണിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. ഓഫീസിലെ കസേരകള്‍, ബെഞ്ചുകള്‍, കംപ്യൂട്ടര്‍ തുടങ്ങിയവ നശിപ്പിച്ചതായും ജീവനക്കാർ സൂചിപ്പിച്ചു. ഉദ്യോഗസ്ഥരോട് പ്രതിഷേധിക്കുകയും, വീട്ടിലുണ്ടായിരുന്ന പഴയ കറി എടുത്ത് തലയിൽ ഒഴിക്കുകയും ചെയ്തിരുന്നു. വേറെ പറയുന്നതൊക്കെ കള്ളമാണെന്നുമാണ് കേസിലെ പ്രതിയായ അജ്മൽ പറയുന്നത്.

പാലോട് അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

പാലോട് അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പാലോട് പേരയം ചെല്ലഞ്ചിയില്‍ അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഇന്നു രാവിലെ എട്ടരയോടെ ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമാണ് കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണു ബന്ധുക്കള്‍ പറയുന്നത്. 12 സെന്റ് വസ്തുവുമായി ബന്ധപ്പെട്ട് സിവില്‍ കേസില്‍ മൂന്നു ദിവസം മുന്‍പ് വന്ന വിധി ഇവര്‍ക്ക് പ്രതികൂലമായിരുന്നു. തുടര്‍ന്ന് ഇവര്‍ മാനസികമായി തളര്‍ന്നിരുന്നു. സംഭവം നടക്കുമ്പോള്‍ ഗീതയുടെ ഭര്‍ത്താവ് വത്സലന്‍ വീട്ടില്‍ ഉണ്ടായിരുന്നു.

ആറ്റിങ്ങൽ കുന്നുവാരം യു പി. സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം വിപുലമായി ആഘോഷിച്ചു

ആറ്റിങ്ങൽ കുന്നുവാരം യു പി. സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം വിപുലമായി ആഘോഷിച്ചു

ആറ്റിങ്ങൽ കുന്നുവാരം യു പി. സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം വിപുലമായി ആഘോഷിച്ചു. എൽ.പി.വിഭാഗം കുട്ടികൾ ഇമ്മിണി ബല്യ ഒന്ന് എന്ന കൃതിയെ ആസ്പദമാക്കി അവതരിപ്പിച്ച നാടകം, അതുപോലെ യു.പി.വിഭാഗത്തിലെ കുട്ടികൾ മതിലുകൾ എന്ന കൃതിയെ ആസ്പദമാക്കിയും, ൻ്റെ ഉപ്പാപ്പയ്ക്ക് ഒരു ആന ഉണ്ടായിരുന്നു എന്ന കൃതിയെ ആസ്പദമാക്കി നടത്തിയ നാടകങ്ങളും കാണികളെ ആകർഷിച്ചു.

കൂടാതെ കുട്ടികളെ ഫ്രണ്ട്‌സ് അസോസിയേഷൻ ലൈബ്രറി കൊണ്ട് പോയി കാണിക്കുകയും അവിടെ വച്ച് പ്രശ്സ്ത കവിയും സാംസ്കാരിക പ്രവർത്തകനുമായ മണമ്പൂർ രാജൻബാബു ബഷീറിൻ്റെ കൃതികളെ സംബന്ധിച്ച് കവിത ചൊല്ലിയും കൂട്ടമായി ആലപിച്ചും കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ മധു.ജി. ആർ, ശശിധരൻ നായർ, ആറ്റിങ്ങൽ മോഹൻലാൽ, നന്ദകുമാർ, രാമചന്ദ്രൻ നായർ, വേണു ഗോപാൽ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ കേരളത്തിൽ

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ കേരളത്തിൽ

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തിനൊപ്പമുണ്ട്. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി തിരുവനതപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഐ.ഐ.എസ്.ടിയിൽ 11.30 ന് നടക്കുന്ന ബിരുദദാന ചടങ്ങിൽ പങ്കെടുക്കും. പിന്നീട് ഹെലിക്കോപ്റ്ററിൽ കൊല്ലത്തേക്ക് യാത്ര തിരിക്കും.
വൈകുന്നേരം അഷ്ടമുടി കായലിൽ ബോട്ട് ക്രൂയിസ് നടത്തുകയും ചെയ്യും. തുടർന്ന് കൊല്ലത്തായിരിക്കും ഉപരാഷ്ട്രപതി രാത്രി തങ്ങുന്നത്. ഞായറാഴ്ച രാവിലെ 9.15ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തും.
രാവിലെ 9.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങും.