തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ മോഷണം; 15 പവൻ മോഷ്ടിച്ച കള്ളൻ 10 പവൻ മറന്നു വച്ചു

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ മോഷണം; 15 പവൻ മോഷ്ടിച്ച കള്ളൻ 10 പവൻ മറന്നു വച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ മോഷണം. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. ആളില്ലാത്ത വീട് കുത്തിത്തുറന്ന് 15 പവനാണ് കള്ളൻ കവർന്നത്. എന്നാൽ 10 പവൻ വീട്ടിൽ മറന്നുവച്ചിട്ടാണ് കള്ളൻ പോയത്.

പിൻവാതിൽ വഴി രക്ഷപ്പെടുന്നതിനിടെ അടുക്കളയിലാണ് കള്ളൻ സ്വണ്ണം മറന്നുവെച്ചത്. ഊരൂട്ടമ്പലം ഗോവിന്ദമംഗലം കട്ടറക്കുഴി നന്ദാവനത്തിൽ വർക്‌ഷോപ്പ് ജീവനക്കാരൻ പ്രതാപചന്ദ്രൻനായരുടെ വീട്ടിലാണ് മോഷണം നടന്നത്. സംഭവം നടന്ന സമയം വീട്ടിൽ ആളില്ലായിരുന്നു.

മക്കൾ പഠിക്കുന്ന സ്കൂളിലെ വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു കുടുംബം. തിരികെ വീട്ടിലെത്തിയപ്പോഴായാണ് മോഷണ വിവരം അറിഞ്ഞത്. രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ പിൻവാതിൽ തുറന്നു കിടക്കുന്നത് കണ്ടത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണവും ഒരുലക്ഷം രൂപയും നഷ്ടപ്പെട്ടതായി മനസിലായത്. സ്ഥിരമായി ഉപയോഗിക്കുന്ന ആഭരണങ്ങൾ അലമാരയിൽ ഒരിടത്തും പത്തുപവൻ തുണിയിൽ കെട്ടി മറ്റൊരിടത്തുമാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് അടുക്കളയിലെത്തി നോക്കിയപ്പോളാണ് 10 പവൻ സ്വർണം അവിടെയിരിക്കുന്നത് കാണുന്നത്. കുടുംബം പോലീസിൽ പരാതി നൽകി.

കണ്ഠര് രാജീവര് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം, ജയിലിലേക്ക് മാറ്റി

കണ്ഠര് രാജീവര് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം, ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് കണ്ഠര് രാജീവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ ഞായറാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജീവരെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സി എസ് മോഹിതിന്റെ വീട്ടില്‍ ഹാജരാക്കിയത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.

പിന്നാലെ തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയ അദ്ദേഹത്തിന് ശനിയാഴ്ച രാവിലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. ഇതോടെ ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും ശേഷം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ കാര്‍ഡിയാക് ഇഷ്യൂ കണ്ടതോടെയാണ് കൂടുതല്‍ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ ഉച്ചയോടെ ഐസിയുവില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ ഞായറാഴ്ച വൈകീട്ട് മുന്ന് മണിയോടെയാണ് ഡിസ്ചാർജ് ചെയ്തത്. ഒബ്സര്‍വേഷനുവേണ്ടിയാണ് രാജീവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചത് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം. പിന്നാലെ ജയിലിലേക്ക് മാറ്റുകയായിരുന്നു.

ബി. സരസ്വതി (80) അന്തരിച്ചു

ബി. സരസ്വതി (80) അന്തരിച്ചു

ആറ്റിങ്ങൽ അമ്പലംമുക്ക് ആർ പി ഭവനിൽ ബി. സരസ്വതി (80) അന്തരിച്ചു.

ഭർത്താവ്: പരമേശ്വരൻ
മക്കൾ: കുമാരി ശോഭന (8 ആം വാർഡ് മെമ്പർ), ഗിരിജ, അരവിന്ദാക്ഷൻ, ഷീല, അനിൽ കുമാർ, ഗീത, അജിത്, ലത, വിക്രമൻ

പോറ്റിയെ കേറ്റിയത് കെ സി വേണുഗോപാൽ ? സ്വർണക്കൊള്ളയുടെ ആസൂത്രകൻ ശബരിമലയിൽ എത്തിയത് 2004 ൽ

പോറ്റിയെ കേറ്റിയത് കെ സി വേണുഗോപാൽ ? സ്വർണക്കൊള്ളയുടെ ആസൂത്രകൻ ശബരിമലയിൽ എത്തിയത് 2004 ൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെതിരെ കോൺഗ്രസ് ആക്രമണം ശക്തമാക്കുമ്പോൾ, കൊള്ളയുടെ മുഖ്യ സൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയത് എന്നെന്ന ചോദ്യം ചർച്ചയാവുന്നു. കോൺഗ്രസ് നേതാക്കളായ ജി കാർത്തികേയനും കെ സി വേണുഗോപാലും ദേവസ്വം മന്ത്രിമാരായിരുന്ന കാലയളവിലാണ് പോറ്റി ശബരിമലയിൽ എത്തിയതെന്നാണ് വിവരം.

തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. 2004ലാണ്, ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിയത്. ഈ സമയത്ത് ശബരിമലയിലെ താന്ത്രികച്ചുമതല കണ്ഠരര് രാജീവരായിരുന്നു. വളരെപ്പെട്ടെന്നു തന്നെ പരികര്‍മികളില്‍ പ്രധാനിയായി ഉണ്ണികൃഷ്ണന്‍ പോറ്റി മാറി. കണ്ഠരര് രാജീവരും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ 2004 ന് മുമ്പേ തന്നെ ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

2004 നു മുമ്പ് ഉണ്ണികൃഷ്ണന്‍ പോറ്റി ബംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു. ഈ ക്ഷേത്രത്തിലെ തന്ത്രി കണ്ഠരര് രാജീവരാണ്. ഈ സമയത്ത് ഇരുവരും തമ്മില്‍ അടുപ്പം തുടങ്ങിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. കീഴ്ശാന്തിയുടെ സഹായിയായി തുടങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റി, വളരെപ്പെട്ടെന്നു തന്നെ സന്നിധാനത്തെ പ്രധാനികളിലൊന്നായി വളര്‍ന്നു. 2007-ലെ ഉത്സവച്ചടങ്ങുകളില്‍ തന്ത്രിയുടെ പിന്നില്‍ പ്രധാന റോളില്‍ ഉണ്ണികൃഷ്ണന്‍ നില്‍ക്കുന്ന ചിത്രവും പുറത്തു വന്നിരുന്നു.

വര്‍ഷങ്ങള്‍ക്കുള്ളില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും ദേവസ്വം മന്ത്രി അടക്കമുള്ള ഉന്നതരുടെയും അടുത്തയാളായി മാറുന്ന പോറ്റിയെയാണ് എല്ലാവരും കണ്ടത്. ഇടക്കാലത്ത് പൂജകളില്‍ നിന്നു മാറിയ പിന്നീട് സ്‌പോണ്‍സറായി വീണ്ടും ശബരിമലയില്‍ രംഗത്തെത്തി. ആദ്യം ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞ വാതില്‍ മാറ്റി പുതിയ വാതില്‍ നിര്‍മ്മിച്ച് സ്വര്‍ണം പൂശി നല്‍കി. മറ്റു സംസ്ഥാനങ്ങളിലെ സമ്പന്നരെ ശബരിമലയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി വളര്‍ന്നു. തന്ത്രിയും പോറ്റിയുംതമ്മില്‍ അടുത്തബന്ധം ഉണ്ടായിരുന്നതായും, കാലാകാലങ്ങളായി ഇരുവരും ഈ ബന്ധം കാത്തുസൂക്ഷിച്ചിരുന്നതായും എസ്ഐടി സ്ഥിരീകരിച്ചിട്ടുണ്ട്.

വർക്കലയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

വർക്കലയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

വർക്കല ഇടവ ജനതാ മുക്ക് ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കാപ്പിൽ അമ്പാടിയിൽ സുനിൽകുമാർ 41 ആണ് മരണപ്പെട്ടത്. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന വഞ്ചിനാട് എക്സ്പ്രസ് ആണ് തട്ടിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

നിയുക്തി മെഗാ തൊഴിൽമേള, ജനുവരി 31 ന് തിരുവനന്തപുരത്ത്

നിയുക്തി മെഗാ തൊഴിൽമേള, ജനുവരി 31 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖല ‘നിയുക്തി മെഗാ തൊഴിൽ മേള 2025-26’ നടത്തുന്നു. ജനുവരി 31ന് ആണ് മെഗാ തൊഴിൽ മേള നടക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവർക്ക് ഇതിൽ പങ്കെടുക്കാം.

തിരുവനന്തപുരം പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ വച്ചാണ് നിയുക്തി മെഗാ തൊഴിൽ മേള നടക്കുക.

തൊഴിൽ മേളയിൽ ഐ ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്മെന്റ്, ടെക്‌നിക്കൽ, മാർക്കറ്റിങ്, മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും.എസ് എസ് എൽസി, പ്ലസ്ടു, ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബിടെക്, നഴ്സിങ്, പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്കായി നിരവധി ഒഴിവുകളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽവിവരങ്ങൾക്ക് ഫോൺ: 8921916220 (തിരുവനന്തപുരം), 8304852968 (കൊല്ലം), 8304057735 (ആലപ്പുഴ), 9496443878 (പത്തനംതിട്ട).