by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാൽ പൊങ്കാല നാളെ നടക്കും. ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കാളികളാവുന്ന ആറ്റുകാൽ പൊങ്കാല ചടങ്ങിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നാളെ രാവിലെ 9.45ന് പണ്ടാര അടുപ്പിലേക്ക് തീപകരും. ഉച്ചയ്ക്ക് 2.15 നാണ് പൊങ്കാല നിവേദ്യം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ സൗകര്യങ്ങളാണ് എർപ്പെടുത്തിയിട്ടുള്ളതെന്ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ചൊവ്വാഴ്ച രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിക്കഴിഞ്ഞാലുടൻ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകരും.
ഇതേ ദീപം സഹമേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിക്കും. പണ്ടാര അടുപ്പിൽനിന്ന് പകരുന്ന ദീപം അകമ്പടിയിൽ ഏറ്റുവാങ്ങിയാണ് ഭക്തർ സ്വന്തം അടുപ്പുകളിൽ കത്തിക്കുക. ഉച്ചയ്ക്ക് 2.15ന് ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദ്യം. റോഡുകളിലെ നടപ്പാതകളിൽ അടുപ്പ് കൂട്ടാൻ പാടില്ലെന്ന് പൊലീസ് നിർദേശിച്ചു. ക്ഷേത്ര പരിസരത്ത് പൊങ്കാലയർപ്പിക്കുന്നതിനു കൂടുതൽ സ്ഥല സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ചന്ദ്രഗ്രഹണ ദിവസമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി ഏഴ് മണി വരെ നട അടയ്ക്കുന്നതിനാൽ ദർശനമുണ്ടാവില്ല. താലപ്പൊലിയിൽ പങ്കെടുക്കുന്ന ബാലികമാർ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. വൈകീട്ട് നാലിന് രാത്രി 9.45 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.
ഗതാഗത നിയന്ത്രണം
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച പകൽ ഒന്നുമുതൽ ചൊവ്വ രാത്രി എട്ടുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നഗരപരിധിയിൽ കണ്ടെയ്നർ വാഹനങ്ങൾ, ചരക്കുവാഹനങ്ങൾ എന്നിവ പ്രവേശിക്കാൻ പാടില്ല. റോഡുകളിലും സമീപത്തും നിർത്തിയിടാനും പാടില്ല. ആറ്റുകാൽ ക്ഷേത്രപരിസരത്തും തിരക്ക് അനുഭവപ്പെടുന്ന പ്രധാന റോഡിന്റെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുത്. പൊങ്കാലയിടാൻ വരുന്ന സ്വകാര്യ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്തെ പ്രധാന റോഡുകളിലോ എംസി, എംജി റോഡുകളിലോ പാർക്ക് ചെയ്യരുത്. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
ടെഹ്‌റാന്‍: സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭ്രാന്തമായ പ്രതീക്ഷകള്‍ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. ‘ഞങ്ങള്‍ അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കുമില്ല’. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായെന്ന യുഎസ് മാധ്യമവാര്‍ത്തകളെ തള്ളി ലാരിജാനി വ്യക്തമാക്കി.

‘അമേരിക്കന്‍ സൈനികരുടെ കൂടുതല്‍ ജീവഹാനിയെക്കുറിച്ച് ‘ട്രംപ് ഇപ്പോള്‍ ആശങ്കപ്പെടുകയാണ്’ ലാരിജാനി കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആദ്യം ആക്രമണം നടത്തിയിട്ടില്ല. ഇസ്രയേല്‍ ആദ്യം എന്ന അജണ്ട അമേരിക്കയാണ് നടപ്പാക്കിയത്. ഭ്രാന്തമായ പ്രവൃത്തികള്‍ നടത്തുന്ന ട്രംപ് തന്റെ അമേരിക്ക ആദ്യം എന്ന മുദ്രാവാക്യം ഇസ്രയേല്‍ ആദ്യം എന്നാക്കി മാറ്റുകയായിരുന്നുവെന്ന് ലാരിജാനി കുറ്റപ്പെടുത്തി.
ഇസ്രയേലിന്റെ അധികാരമോഹത്തിനായി അമേരിക്ക തങ്ങളുടെ സൈനികരെ ബലികഴിക്കുകയാണ്. പരമാധികാര രാഷ്ട്രം എന്ന നിലയില്‍ ഇറാന്‍ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നത്. ഇറാന്‍ സായുധസേന ആക്രമണം ആരംഭിച്ചിട്ടില്ലെന്നും അലി ലാരിജാനി പറഞ്ഞു. ഒമാന്റെ മധ്യസ്ഥതയില്‍ ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന അന്താരാഷ്ട്ര മാധ്യമവാര്‍ത്തകള്‍ക്കിടെയാണ് ലാരിജാനി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.
അതിനിടെ, കുവൈത്ത് വ്യോമാതിർത്തിയിൽ വച്ച് ഒരു അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നു വീണു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ മിന അൽ അഹമ്മദി റിഫൈനറിക്ക് ഉള്ളിലാണ് വീണതെന്ന് കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി അറിയിച്ചു. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇറാൻ ആക്രണത്തിൽ തകർന്നതാണോ എന്നതിൽ വ്യക്തതയില്ല. എംഐഎം -104 പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള മിസൈൽ ഏറ്റാണ് വിമാനം തകർന്നതെന്നും റിപ്പോർട്ടുകളുണ്ട്.

by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന് ജാമ്യമില്ല. കെ പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും വിജിലൻസ് കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹർജി സമർപ്പിച്ചിരുന്നത്. ശങ്കരദാസിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം കോടതി പരിശോധിച്ചിരുന്നു. തുടർന്നാണ് ജാമ്യം നിഷേധിച്ചത്. കട്ടിളപ്പാളി ദ്വാരപാലക കേസുകളിൽ പ്രതിയാണ് ശങ്കരദാസ്. ജനുവരി 14 നാണ് ശങ്കരദാസ് രണ്ട് കേസുകളിലും അറസ്റ്റിലായത്. എ.പത്മകുമാർ പ്രസിഡൻ്റായിരുന്ന ബോർഡിൽ അംഗമായിരുന്നു ശങ്കരദാസ്. മറ്റൊരു ബോർഡ് അംഗമായ എൻ.വിജയകുമാറും റിമാൻഡിൽ തുടരുകയാണ്.


by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മധ്യേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. വ്യാഴാഴ്ചത്തെ എസ്എസ്എല്‍സി പരീക്ഷയാണ് മാറ്റിയത്. ഈ മാസം 5, 6, 7 തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഗള്‍ഫിലും കേരളത്തിലും പരീക്ഷ സെന്ററുകളില്‍ എത്തിച്ചേരാനാകാതെ, പരീക്ഷ എഴുതാന്‍ കഴിയില്ല എന്ന ആശങ്കയില്‍ ചില വിദ്യാര്‍ത്ഥികള്‍ കഴിയുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മനസ്സിലാക്കുന്നു. പൊതു വിദ്യാഭ്യാസവകുപ്പ് അവര്‍ക്കൊപ്പമുണ്ട്. പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികള്‍ക്ക് അനുകൂലമായ തീരുമാനം വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും. ഇറാനിലെ സ്‌കൂളുകളില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടത് ഏറെ സങ്കടത്തോടെയാണ് കേട്ടത്. ഇതില്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികള്‍ക്ക് അനുകൂലമായ തീരുമാനം വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും. ഇറാനിലെ സ്‌കൂളുകളില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടത് ഏറെ സങ്കടത്തോടെയാണ് കേട്ടത്. ഇതില്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.


by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
പാലക്കാട് : ചലച്ചിത്ര- ടെലിവിഷന്‍ നടനും സംവിധായകനുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. പാലക്കാട് മത്സരിക്കാന്‍ രമേഷ് സന്നദ്ധത അറിയിച്ചതായാണ് സൂചന. ഇതേത്തുടര്‍ന്ന് സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയ പട്ടികയില്‍ പാലക്കാട് രമേഷിന്റെ പേരു മാത്രമാണ് ഉള്ളതെന്നാണ് വിവരം.
നേരത്തെ മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ അടക്കമുള്ളവരുടെ പേരുകള്‍ പാലക്കാട്ടേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ അന്തിമ പട്ടികയില്‍ രമേഷിന്റെ പേരാണ് ഇടംപിടിച്ചിട്ടുള്ളത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
രമേഷ് പിഷാരടി മത്സരിച്ചാല്‍ വിജയസാധ്യത ഏറുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. പാലക്കാട്ടെ സിറ്റിങ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലം നിലനിര്‍ത്താനായി യുഡിഎഫ് കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തേടുന്നത്. നേരത്തെ തൃപ്പൂണിത്തുറ മണ്ഡലത്തിലും രമേഷ് പിഷാരടിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു.


by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിൽ എച്ച് പി വി വാക്‌സിനേഷൻ ആരംഭിച്ചു. സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന സെർവിക്സ് ക്യാൻസർ തടയുന്നതിന്റെ ഭാഗമായി എച്ച് പി വി വാക്സിൻ നൽകുവാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളതിനാൽ 14 വയസ്സ് മുതൽ 15 വയസ്സും മൂന്നുമാസം വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്.
ഈ വാക്സിൻ രജിസ്റ്റർ ചെയ്യുന്നതിന് വാർഡിലെ ആരോഗ്യപ്രവർത്തകരായിട്ടുള്ള ആശാവർക്കർ അറിയിക്കേണ്ടതാണ്. വലിയകുന്ന് ആശുപത്രിയിൽ ഞായർ ഒഴികെ തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ ഒരു മണി വരെ വാക്‌സിൻ നൽകുന്നതാണ്. ആധാർ കാർഡ്, ആധാർ കാർഡ് ലിങ്ക് ചെയ്ത ഫോൺ നമ്പറുമായി രക്ഷകർത്താവ് കുട്ടിയെ കൊണ്ട് വരേണ്ടതാണ്.
മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രീത സോമന്റെ നേതൃത്വത്തിൽ 16 കുട്ടികൾക്ക് ഇന്ന് വാക്സിൻ നൽകിയിട്ടുണ്ട്. ബാക്ക് എടുത്ത കുട്ടികൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റും നൽകിയിട്ടുള്ളതാണ്. പീഡിയാട്രിക് വിഭാഗം ഡോക്ടർ മഞ്ജു വാക്സിൻ എടുക്കുന്നേണ്ടുന്ന ഗുണങ്ങളെ കുറിച്ച് ബോധ വൽക്കരണം നൽകി. ഗൈനറ്റ് വിഭാഗം ഡോക്ടർ ഗീത വേണുഗോപാൽ ഡോക്ടർ രാഹിത ജി. JPHN മാർ ആശാവർക്കർ മറ്റ് ആരോഗ്യ പ്രവർത്തക പങ്കെടുത്തു. ഈ വാക്‌സിൻ ഗർഭാശയമുഖ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള വളരെ സുരക്ഷിതമായ മാർഗ്ഗമാണ്ണ്.
വാക്‌സിനേഷൻ ആരംഭിച്ച തീയതി: 2026 ഫെബ്രുവരി 28.
വാക്സിൻ്റെ പേര്:ഗാർഡസിൽ 4 (Gardasil ) ഇത് ഒറ്റ ഡോസ് (0.5 ml) ആയി ഇടത് മേൽക്കൈയ്യിലാണ് നൽകുന്നത്.
14 വയസ്സ് തികഞ്ഞ പെൺകുട്ടികൾക്ക് (14-ാം ജന്മദിനം ആഘോഷിച്ചവർ, എന്നാൽ 15 വയസ്സ് തികയാത്തവർ).
ക്യാമ്പയിൻ ആരംഭിച്ച് 90 ദിവസത്തിനുള്ളിൽ 15 വയസ്സ് തികയുന്ന പെൺകുട്ടികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
ആർക്കെല്ലാം വാക്സിൻ നൽകരുത്…….
1 കഠിനമായ അസുഖമുള്ളവർക്ക് സുഖം പ്രാപിച്ച ശേഷം വാക്സിൻ നൽകാം
2 മുമ്പ് വാക്സിൻ എടുത്തപ്പോൾ അലർജി ഉണ്ടായവർ അല്ലെങ്കിൽ ഈസ്റ്റ് (Yeast) അലർജി ഉള്ളവർക്ക് വാക്സിൻ നൽകരുത്.
3 ഗർഭിണികൾ.
4 നിശ്ചിത പ്രായപരിധിയിൽ അല്ലാത്തവർ.
5 നേരത്തെ തന്നെ HPV വാക്സിൻ (Gardasil/Cervarix/Cervavac) ഒന്നോ അതിലധികമോ ഡോസ് എടുത്തവർ.
എവിടെ വെച്ച് ലഭിക്കും?…..
സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം (PHC, CHC, മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ തുടങ്ങിയവ).
സ്വീകരിക്കേണ്ട മുൻകരുതലുകൾ……
1 വാക്സിനേഷന് മുമ്പ്: പെൺകുട്ടികൾ ആഹാരം കഴിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
2 വെറും വയറ്റിൽ വാക്സിൻ നൽകരുത്.
വാക്സിനേഷന് ശേഷം:…….
1 വാക്സിൻ എടുത്ത ശേഷം 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരിക്കണം.
പ്രധാന വിവരങ്ങൾ……
1. പാർശ്വഫലങ്ങളും പരിഹാരങ്ങളും (AEFI Management)
HPV വാക്സിൻ സുരക്ഷിതമാണ്. കുത്തിവെപ്പെടുത്ത ഭാഗത്ത് ചെറിയ വേദന, ചുവപ്പ്, അല്ലെങ്കിൽ തടിപ്പ് എന്നിവ ഉണ്ടാകാം. ചിലപ്പോൾ പനി, തലവേദന, തലകറക്കം എന്നിവ അനുഭവപ്പെട്ടേക്കാം. ഇത് സാധാരണയായി രണ്ട് ദിവസത്തിനുള്ളിൽ മാറുന്നതാണ്.
ധാരാളം വെള്ളം കുടിക്കുക, പനിയുണ്ടെങ്കിൽ പാരാസെറ്റമോൾ കഴിക്കുക,
എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളും അടുത്തുള്ള ആശുപത്രികളുമായി ബന്ധിപ്പിച്ചിരിക്കും. അടിയന്തര സാഹചര്യങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പറുകളും ലഭ്യമായിരിക്കും.
2. സമ്മതപത്രം
പെൺകുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് മുമ്പ് രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാണ്.
U-WIN പോർട്ടൽ വഴിയോ അല്ലെങ്കിൽ നേരിട്ട് രേഖാമൂലമോ (Hard copy) സമ്മതം അറിയിക്കാം.
3. വാക്സിനേഷൻ കാലാവധി
പ്രത്യേക ക്യാമ്പയിൻ വഴി 3 മാസം (90 ദിവസം) വാക്സിൻ ലഭ്യമാകും. അതിനുശേഷം ഇത് സാധാരണ പ്രതിരോധ കുത്തിവെപ്പ് ദിവസങ്ങളിൽ ലഭ്യമായിരിക്കും.
4. രജിസ്ട്രേഷൻ രീതി……
U-WIN പ്ലാറ്റ്ഫോം വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
രക്ഷിതാക്കൾക്ക് സ്വയം രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ സഹായം തേടാം.
നേരിട്ട് വാക്സിനേഷൻ കേന്ദ്രത്തിലെത്തിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
5. മറ്റ് കാര്യങ്ങൾ
വിരലിൽ അടയാളം: വാക്സിൻ എടുത്ത ശേഷം ഇടത് കൈയിലെ ചൂണ്ടുവിരലിൽ മഷി കൊണ്ട് അടയാളപ്പെടുത്തും.
സർട്ടിഫിക്കറ്റ്: വാക്സിനേഷൻ പൂർത്തിയായാൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് U-WIN പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.


Recent Comments