പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം; വിവാദ വഖഫ് ബില്‍ അടക്കം പട്ടികയില്‍

പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം; വിവാദ വഖഫ് ബില്‍ അടക്കം പട്ടികയില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കം. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് നടക്കും. പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് രാഷ്ട്രീയപാര്‍ട്ടികളുടെ സഹകരണം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് സര്‍വകക്ഷിയോഗം വിളിച്ചിട്ടുള്ളത്. ഡിസംബര്‍ 20 വരെയാണ് ശൈത്യകാല സമ്മേളനം നടക്കുക.

വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞു. വഖഫ് ഉള്‍പ്പെടെ അഞ്ച് പുതിയ ബില്ലുകളും ഉള്‍പ്പെടെ 15 ബില്ലുകളാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പുതിയ കരട് നിയമനിര്‍മാണങ്ങളില്‍ ഒരു സഹകരണ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വഖഫ് (ഭേദഗതി) ബില്ലും മുസ്സൽമാൻ വഖഫ് (റദ്ദുചെയ്യൽ) ബില്ലും ഉൾപ്പെടെ എട്ട് ബില്ലുകളാണ് ലോക്‌സഭയിലുള്ളത്​. മുസ്ലിം സമുദായം ഏറെക്കുറെ നിയന്ത്രിക്കുന്ന ബോർഡുകളിൽ നിന്നും ട്രിബ്യൂണലുകളിൽ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം സർക്കാരുകൾക്ക് മാറ്റുന്നതാണ് പുതിയ ഭേദഗതി. തീരദേശ ഷിപ്പിങ് ബില്ലും ഇന്ത്യൻ തുറമുഖ ബില്ലും അവതരിപ്പിക്കുന്നതിനും അന്തിമമായി പാസാക്കുന്നതിനുമായി പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്.

രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് പ്രിയങ്കാഗാന്ധി

രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് പ്രിയങ്കാഗാന്ധി

ഡല്‍ഹി: രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വോട്ടു ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനായിട്ടാണ് പ്രിയങ്ക എത്തുന്നത്. 4.10 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പ്രിയങ്ക വയനാട്ടില്‍ തകര്‍പ്പന്‍ വിജയം നേടിയത്. വയനാട്ടിലെ പ്രിയങ്കയുടെ വിജയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തു വന്നു. ‘വയനാട്ടിലെ എന്റെ കുടുംബം പ്രിയങ്കയില്‍ വിശ്വാസമര്‍പ്പിച്ചതില്‍ അഭിമാനം തോന്നുന്നു. നമ്മുടെ പ്രിയങ്കരമായ വയനാടിനെ പുരോഗതിയുടെയും സമൃദ്ധിയുടെയും വിളക്കുമാടമാക്കി മാറ്റാന്‍ പ്രിയങ്ക അനുകമ്പയോടെയും അചഞ്ചലമായ അര്‍പ്പണബോധത്തോടെയും നയിക്കുമെന്ന് എനിക്കറിയാം’. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങുമെങ്കിലും, പ്രിയങ്കാ ഗാന്ധി ലോക്‌സഭാംഗമായി നാളെ സത്യപ്രതിജ്ഞ ചെയ്യുമോയെന്നതില്‍ വ്യക്തതയില്ല. ഷിംലയിലുള്ള അമ്മ സോണിയ ഗാന്ധി മടങ്ങിവന്ന ശേഷമേ സത്യപ്രതിജ്ഞയുണ്ടാകുവെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ഭാരവാഹിത്വം ഏറ്റെടുത്ത് അഞ്ചു വര്‍ഷത്തിനു ശേഷമാണ് 52കാരിയായ പ്രിയങ്ക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നത്.

പവാര്‍ ശക്തികേന്ദ്രത്തില്‍ അജിത് പവാര്‍ തന്നെ; ബാരാമതിയില്‍ വന്‍ ലീഡ്

പവാര്‍ ശക്തികേന്ദ്രത്തില്‍ അജിത് പവാര്‍ തന്നെ; ബാരാമതിയില്‍ വന്‍ ലീഡ്

മുംബൈ: പവാര്‍ കുടുംബത്തിന്റെ ശക്തികേന്ദ്രമായ ബാരാമതിയില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ വിജയം ഉറപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. സഹോദര പുത്രനും എന്‍സിപി ശരദ് പവാര്‍ പക്ഷ സ്ഥാനാര്‍ഥി യുഗേന്ദ്ര പവാറിനെക്കാള്‍ അജിത് പവാര്‍ ബഹുദൂരം മുന്നിലാണ്.

ഒന്‍പത് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ അജിത് പവാറിന്‍റെ ലീഡ് 43619 ആയി ഉയര്‍ന്നു. യുഗേന്ദ്ര പവാറിന് ലഭിച്ചത് 38436 വോട്ടുകളാണ്. ഇരുപത് റൗണ്ട് വോട്ടാണ് ആകെ എണ്ണാനുള്ളത്.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ അജിത് പവാര്‍ എന്‍ഡിഎയില്‍ ചേര്‍ന്നതോടെയാണ് എന്‍സിപി പിളര്‍ന്നത്. പിളര്‍പ്പിന് ശേഷമുള്ള ആദ്യ മത്സരമായതിനാല്‍ അജിത്തിന് ഈ പോരാട്ടം നിര്‍ണായകമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയുമാണ് ഏറ്റുമുട്ടിയത്. ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുപ്രിയ വിജയിക്കുകയും ചെയ്തിരുന്നു.

അഞ്ച് വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

അഞ്ച് വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

ന്യൂഡല്‍ഹി: അഞ്ചുവയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം. ദീപ്ചന്ദ് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പൊലീസ് അന്വേഷണത്തില്‍ കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് പൊലീസ് കുട്ടിയുമായി ബന്ധപ്പെട്ട എല്ലാവരേയും സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കുട്ടിയുടെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചത്.

കുട്ടിയുടെ അമ്മയുടെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. പിന്നീട് യുവതി ഇന്‍സ്റ്റഗ്രാം വഴി രാഹുല്‍ എന്ന വ്യക്തിയുമായി അടുപ്പത്തിലാവുകയായിരുന്നു. എന്നാല്‍ രാഹുലും കുടുംബവും കുട്ടിയെ സ്വീകരിച്ചില്ല. അതിനാല്‍ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിന്റെ നിരാശയിലാണ് അമ്മ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പൊലീസിന് മൊഴി നല്‍കി. ഡല്‍ഹിയിലേയ്ക്ക് വരുന്നതിന് മുമ്പ് കുട്ടി അമ്മയുടെ ഒരു ബന്ധുവിനൊപ്പം ഹിമാചല്‍പ്രദേശിലാണ് താമസിച്ചിരുന്നത്. അവിടെ വെച്ച് ബന്ധു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ഈ കേസില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് അമ്മ തന്നെ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിന് വമ്പന്‍ കുതിപ്പ്; മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക്

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിന് വമ്പന്‍ കുതിപ്പ്; മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക്

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപിയുടെ കുതിപ്പ്. ആദ്യ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 216 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ലീഡ് 59 സീറ്റിലേക്ക് ചുരുങ്ങി. 13 ഇടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു.

മഹാരാഷ്ട്രയില്‍ 288 അംഗ അസംബ്ലിയില്‍ കേവല ഭൂരിപക്ഷത്തിന് 145 എംഎല്‍എമാരാണ് വേണ്ടത്. ലീഡില്‍ കേവലഭൂരിപക്ഷവും കടന്ന് ബിജെപി-ശിവസേന( ഷിന്‍ഡെ)-എന്‍സിപി(അജിത് പവാര്‍) സഖ്യത്തിന്റെ മഹായുതി മുന്നണി കുതിക്കുകയാണ്. കര്‍ഷക മേഖലയായ വിദര്‍ഭയിലെ 62 സീറ്റില്‍ 40 ഇടത്തും ബിജെപി സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ ലീഡ് ചെയ്യുന്നു. അതേസമയം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോളെ ആദ്യ റൗണ്ടില്‍ പിന്നിലായിരുന്നു.

മരണം സ്ഥിരീകരിച്ചു, മോര്‍ച്ചറിയില്‍ സൂക്ഷിച്ചു; സംസ്‌കാരത്തിന് തൊട്ടുമുമ്പ് ഉയിര്‍ത്തെഴുന്നേറ്റ് യുവാവ്

മരണം സ്ഥിരീകരിച്ചു, മോര്‍ച്ചറിയില്‍ സൂക്ഷിച്ചു; സംസ്‌കാരത്തിന് തൊട്ടുമുമ്പ് ഉയിര്‍ത്തെഴുന്നേറ്റ് യുവാവ്

മരിച്ചുവെന്ന് ഉറപ്പിച്ചയാള്‍ ചിതയിലേക്ക് വച്ചപ്പോള്‍ ഉണര്‍ന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന അന്ധനും ബധിരനുമായ രോഹിതാഷ് കുമാറാണ് ശവസംസ്‌കാരത്തിന് തൊട്ടുമുന്നേ ഉണര്‍ന്നത്. ഇയാളെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിയാള്‍. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രോഹിതാഷിനെ ജുന്‍ജുനുവിലെ ബിഡികെ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയോടെ മരിച്ചതായി അറിയിച്ച ഡോക്ടര്‍മാര്‍ ഇയാളെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം സംസ്‌കാരത്തിനായി ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോയി. മൃതദേഹം ചിതയില്‍ വെച്ച സമയത്ത് പെട്ടെന്ന് ഇയാള്‍ ഉണര്‍ന്നു. ശ്വാസം മുട്ടിയപ്പോഴാണ് കണ്ണു തുറന്നതെന്നാണ് രോഹിതാഷ് പറയുന്നത്.

ഇയാളെ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ഡോ. യോഗേഷ് ജാഖര്‍, ഡോ.നവനീത് മീല്‍, ഡോ.സന്ദീപ് പച്ചാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ രൂപീകരിക്കാന്‍ മെഡിക്കല്‍ വകുപ്പ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ഡോ.മീണ പറഞ്ഞു.