by Midhun HP News | Aug 18, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനിടെയുണ്ടായ പൊലീസ് അതിക്രമങ്ങളെയും ലാത്തിച്ചാർജ്ജിനെയും കുറിച്ച് അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി തീരുമാനം. വിരമിച്ച ജഡ്ജിമാർ, മുൻ സംസ്ഥാന ഡിജിപി, സിബിഐ മുൻ ഡയറക്ടർ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയെയാണ് ഇതിനായി നിയോഗിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായക തീരുമാനം വ്യക്തമാക്കിയത്.

സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച അന്തിമ ഉത്തരവ് ബുധനാഴ്ച പുറപ്പെടുവിക്കും. ജൂലൈ 20-ന് ഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിനിടെ അരങ്ങേറിയ സംഘർഷങ്ങളുടെയും പൊലീസ് നടപടികളുടെയും സിസിടിവി ദൃശ്യങ്ങളും വീഡിയോ റെക്കോർഡിംഗുകളും സുപ്രീം കോടതി നിർദ്ദേശിക്കുന്ന സമിതിക്ക് മുൻപാകെ കൈമാറും. വനിതാ വിദ്യാർത്ഥികൾക്കെതിരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികളും സമിതി പ്രത്യേകമായി പരിശോധിക്കും.
വിദ്യാർഥികളുടെ ഭാവി പ്രധാനം; എഫ്ഐആറുകൾ റദ്ദാക്കാൻ ഇടപെടും
സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ പൂർണ്ണ വിവരങ്ങൾ കൈമാറാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. വിദ്യാർഥികൾക്കെതിരായ കേസുകൾ റദ്ദാക്കുന്നതിനായി ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള പ്രത്യേക അധികാരം കോടതി പ്രയോഗിച്ചേക്കുമെന്നും ബെഞ്ച് സൂചന നൽകി.

“വിദ്യാർഥികളുടെ ജീവിതവും ഭാവിയുമാണ് ഇവിടെ ഉൾപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 19 പ്രകാരം സമാധാനപരമായി പ്രതിഷേധിക്കാനുള്ള മൗലികാവകാശം അവർക്കുണ്ട്,” എന്ന് മാപ്പപേക്ഷയില്ലാതെ വിദ്യാർഥികൾക്കെതിരായ കേസുകൾ റദ്ദാക്കരുതെന്ന് വാദിച്ച അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുൻപ് ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമില്ലാത്ത എല്ലാ സാധാരണ വിദ്യാർഥികൾക്കെതിരെയുള്ള എഫ്ഐആറുകളും പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കുമെന്ന് കോടതി നേരത്തെയും വ്യക്തമാക്കിയിരുന്നു.

by Midhun HP News | Aug 18, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: 2025 ലെ കായികരംഗത്തെ മികവിനുള്ള അര്‍ജുന, ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 17 കായികതാരങ്ങളാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്. മലയാളി അത് ലറ്റ് മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം. ബാഡ്മിന്റണ്‍ താരമാണ് ട്രീസ. കണ്ണൂര്‍ സ്വദേശിനിയാണ്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സ്വദേശിയായ അജ്മല്‍ ഇന്ത്യയുടെ 4×400 മീറ്റര്‍ റിലേ ടീമിലെ പ്രധാന ഓട്ടക്കാരനാണ്.

അത് ലറ്റുകളായ തേജസ്വിന്‍ ശങ്കര്‍, പ്രിയങ്ക ഗോസ്വാമി, ബ്ഡാമിന്റണ്‍ താരം പുല്ലേ ഗായത്രി ഗോപിചന്ദ്, ബോക്‌സിങ് താരം നരേന്ദര്‍, ചെസ് താരങ്ങളായ വിദിത് സന്തോഷ് ഗുജറാത്തി, ദിവ്യ ജിതേന്ദ്ര ദേശ്മുഖ് എന്നിവര്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചവരില്‍ പെടുന്നു.
ഡഫ് ഷൂട്ടിങ് താരം ധനുഷ് ശ്രീകാന്ത്, ഹോക്കി താരം ലാല്‍റെംസിയാമി, രാജ് കുമാര്‍ പാല്‍, കബഡി താരങ്ങളായ സുര്‍ജിത്, പൂജ, പാരാ-ഷൂട്ടിങ് താരം രുദ്രാഷ് ഖണ്ഡേല്‍വാല്‍, പാരാ അത് ലറ്റ് ഏക്താ ഭ്യാന്‍, റോവിങ് താരം അരവിന്ദ് സിങ്, ഷൂട്ടിങ് താരം അഖില്‍ ഷോറന്‍ എന്നിവര്‍ക്കാണ് അര്‍ജുന പുരസ്‌കാരം ലഭിച്ചത്.
ഫുട്‌ബോള്‍ താരം അരുമൈനായകം സമഗ്ര സംഭാവനയ്ക്ക് ലൈഫ് ടൈം അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹനായി. അഞ്ച് പരിശീലകര്‍ ദ്രോണാചാര്യ പുരസ്‌കാരത്തിനും അര്‍ഹരായി. അത്‌ലറ്റിക് പരിശീലകന്‍ പാര്‍വീര്‍ സിങ്. ബോക്‌സിങ് കോച്ച് ഛോട്ടെ ലാല്‍ യാദവ്, ഷൂട്ടിങ് കോച്ച് നേഹ നന്ദകുമാര്‍ ചവാന്‍ എന്നിവര്‍ക്കും, സമഗ്ര സംഭാവന വിഭാഗത്തില്‍ ബോക്‌സിങ് കോച്ച് ധര്‍മ്മേന്ദ്ര സിങ് യാദവ്, ഗുസ്തി പരിശീലകന്‍ വീരേന്ദ്രകുമാര്‍ എന്നിവര്‍ക്കാണ് ദ്രോണാചാര്യ പുരസ്‌കാരം ലഭിക്കുക.


by Midhun HP News | Aug 18, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വയോജന സംരക്ഷണത്തില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്നും ഇറക്കി വിടാം. മുതിര്‍ന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ മക്കളെ സ്വത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ വയോജന ട്രൈബ്യൂണലുകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഉചിതവും അനിവാര്യവുമെങ്കില്‍ ഒഴിപ്പിക്കല്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ ട്രൈബ്യൂണലുകള്‍ക്കു കഴിയുമെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം അടക്കം ഭരണഘടനാ തത്വങ്ങള്‍ പരിഗണിച്ചു വേണം നിയമത്തെ വ്യാഖാനിക്കാനെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
പ്രായമേറുന്നു എന്നത് അവഗണന, അരക്ഷിതാവസ്ഥ, അപമാനം എന്നിവയ്ക്കു കാരണമാകരുത്. മുതിര്‍ന്നപൗരര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള 2007ലെ നിയമം ഈ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ ലക്‌നൗ വികാസ് നഗറില്‍ എണ്‍പത്തിയൊന്നുകാരിയായ അമ്മയെ സംരക്ഷിക്കാന്‍ രവികാന്ത് ഗുപ്ത എന്നയാള്‍ സ്വന്തം മകനുമായി നടത്തിയ നിയമപോരാട്ടമാണ് കേസിന് ആധാരം.
രവികാന്തിന്റെ മകനും മരുമകളും മുത്തശ്ശിയെ (രവികാന്തിന്റെ അമ്മ) വൃദ്ധസദനത്തിലാക്കി. താന്‍ സമ്പാദിച്ച വീട്ടില്‍ തന്റെ അമ്മയെ താമസിപ്പിക്കുന്നില്ലെന്ന പരാതിയുമായി രവികാന്ത് സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ടിനെ സമീപിച്ചു. മകനും ഭാര്യയും വീട് ഒഴിയണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍, അപ്പീല്‍ പരിഗണിച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവു റദ്ദാക്കി. റിവ്യൂ ഹര്‍ജി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഉതേത്തുടര്‍ന്നാണ് രവികാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.


by Midhun HP News | Aug 17, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഇവരുടെ അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അന്തിമ ഫലം വരുന്നതു വരെ ഇരുവരെയും ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ട് അപകടമുണ്ടായ പശ്ചാത്തലത്തിലാണ്, പൈലറ്റുമാരെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കാന്‍ എയര്‍ എന്ത്യ തീരുമാനിച്ചത്.

പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിന്റെ (SOP) ഭാഗമായി, എല്ലാ പൈലറ്റുമാരോടും മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാകാൻ എയര്‍ ഇന്ത്യ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. 300-ലേറെ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ഇതുവരെ പരിശോധനയ്ക്ക് വിധേയമായതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ട വിമാനം നിലത്തിറക്കിയശേഷം പൈലറ്റ് ഇന്‍ കമാന്‍ഡില്‍ നടത്തിയ രണ്ട് ലഹരിപരിശോധനയും പോസ്റ്റീവ് ആയിരുന്നു. മരിജുവാനയുടെ അംശം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
പൈലറ്റ് മുമ്പ് ‘പോട്ട്’ വലിച്ചതായി വിമാനത്തിലുണ്ടായിരുന്ന ഒരു ക്യാബിന്‍ ക്രൂ അംഗം പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് 4-ന് ഫൂക്കറ്റിൽ നിന്ന് 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി ഡൽഹിയിലേക്ക് വന്ന AI2379 എയർബസ് A320 വിമാനം പറക്കലിനിടെ പെട്ടെന്ന് 300 അടിയോളം (91 മീറ്റർ) താഴേക്ക് പതിച്ചിരുന്നു. അപകടത്തിൽ 20 യാത്രക്കാർക്കും മൂന്ന് കാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റിരുന്നു. അപകടത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയവും വിശദമായി അന്വേഷിക്കുന്നുണ്ട്.


by Midhun HP News | Aug 17, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്തൃ പരാതികള്‍ നേരിടുന്ന 10 ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. 2025ല്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്ലൈനില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, മീഷോ എന്നീ പ്ലാറ്റ്ഫോമുകള്‍ക്കെതിരെയാണ്. ലോക്സഭയില്‍ കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി ബിഎല്‍ വര്‍മ്മയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.

1.33 ലക്ഷം പരാതികളാണ് ഫ്‌ളിപ്കാര്‍ട്ടിനെതിരെ ലഭിച്ചത്. ആമസോണ്‍ (91,248), മീഷോ (29,284) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. മിന്ത്ര, നെറ്റ്മെഡ്സ്, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, നാപ്തോള്‍, വിഎല്‍ഇ ബസാര്‍, നൈക്ക എന്നിവയാണ് പട്ടികയിലെ മറ്റ് കമ്പനികള്‍. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ശേഷം അത് ലഭിക്കാത്തതാണ് (നോണ്‍ ഡെലിവറി) ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. 2025ല്‍ മാത്രം ഇത്തരത്തില്‍ 79,818 പരാതികള്‍ ലഭിച്ചു. തെറ്റായ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക, കൃത്യസമയത്ത് റീഫണ്ട് നല്‍കാതിരിക്കുക, കേടുപാടുകള്‍ സംഭവിച്ച സാധനങ്ങള്‍ നല്‍കുക, വാറന്റി/ റീഫണ്ട് നിഷേധിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന പരാതികള്‍.
ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്ലൈന്‍ വലിയ നേട്ടമാണ് കൈവരിച്ചത്. 2025 ഏപ്രില്‍ 25 മുതല്‍ 2026 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 91 കോടി രൂപയിലധികം തുക ഉപഭോക്താക്കള്‍ക്ക് തിരികെ ലഭിക്കാന്‍ ഹെല്‍പ്ലൈന്‍ വഴിയൊരുക്കി. ഇതില്‍ 63 കോടി രൂപയും ഇ-കൊമേഴ്സ് മേഖലയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടതാണ്. പരാതികള്‍ കോടതിയിലെത്തും മുമ്പുതന്നെ പരിഹരിക്കാന്‍ ഈ സംവിധാനം സഹായിക്കുന്നുണ്ട്. അന്യായമായ വ്യാപാര രീതികള്‍ക്കെതിരെ കര്‍ശന നടപടിയാണ് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 47 പ്ലാറ്റ്ഫോമുകള്‍ക്ക് 1.12 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പരാതികള്‍ 1915 എന്ന ടോള്‍-ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കാം. മലയാളം ഉള്‍പ്പെടെ 17 ഭാഷകളില്‍ സേവനം ലഭ്യമാണ്. വാട്സ്ആപ്പ് (8800001915), ഇമെയില്‍, നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്ലൈന്‍ ആപ്പ്, ഉമാംഗ് ആപ്പ് എന്നിവ വഴിയും പരാതികള്‍ നല്‍കാവുന്നതാണ്.


by Midhun HP News | Aug 17, 2026 | Latest News, ദേശീയ വാർത്ത
ലണ്ടൻ: ഇംഗ്ലണ്ടിൽ അരങ്ങേറിയ ദി ഹണ്ട്രഡ് ആറാം സീസണിൽ പുരുഷ വിഭാഗത്തിൽ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സും വനിതാ വിഭാഗത്തിൽ ട്രെന്റ് റോക്കറ്റ്സും കിരീടം നേടി. ഇരു ടീമുകളും തങ്ങളുടെ ആദ്യ കിരീട നേട്ടം കൂടിയാണ് ആഘോഷിച്ചത്. പുരുഷ പോരിൽ സൂപ്പർ ജയന്റ്സ് ട്രെന്റ് റോക്കറ്റ്സിനേയും വനിതാ വിഭാഗത്തിൽ ട്രെന്റ് റോക്കറ്റ്സ് സൺറൈസേഴ്സ് ലീഡ്സിനെയും വീഴ്ത്തി. ലോർഡ്സിൽ അരങ്ങേറിയ രണ്ട് ഫൈനലുകളിൽ മിന്നും ജയങ്ങളാണ് ഇരു ടീമുകളും സ്വന്തമാക്കിയത്. പുരുഷ, വനിതാ വിഭാഗങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഒരു ടീമിന് ഇത്തവണ മുതൽ സംയോജിത പുരസ്കാരവും നൽകുന്നുണ്ട്. ഹെലിക്സ് ട്രോഫിയാണ് ടീമിനു സമ്മാനിക്കുന്നത്. പ്രഥമ പുരസ്കാരം ട്രെന്റ് റോക്കറ്റ്സ് വനിതകൾക്കാണ്.
സീഫെർട്ട് വെടിക്കെട്ട്
ട്രെന്റ് റോക്കറ്റ്സിനെ 5 വിക്കറ്റിനു വീഴ്ത്തിയാണ് മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് തങ്ങളുടെ ആദ്യ ദി ഹണ്ട്രഡ് ട്രോഫി ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ട്രെന്റ് റോക്കറ്റ്സ് 100 പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് സ്വന്തമാക്കിയത്. അനൂറിൽ ഡൊണാൾഡ് (19 പന്തിൽ 38 റൺസ്), ക്യാപ്റ്റൻ ലൂയിസ് ഗ്രിഗറി (19 പന്തിൽ 32 റൺസ്) എന്നിവരുടെ ബാറ്റിങാണ് ടീമിനു പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ബെൻ ഡക്കറ്റ് ടീമിനു മികച്ച തുടക്കം നൽകിയെങ്കിലും മാഞ്ചസ്റ്റർ സ്പിന്നർ നൂർ അഹമദ് തുടരെ വിക്കറ്റുകൾ വീഴ്ത്തി മത്സരം നിയന്ത്രിച്ചു.
159 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സിനായി ന്യൂസിലൻഡ് ഓപ്പണർ ടിം സീഫെർട് തകർപ്പൻ ബാറ്റിങാണ് പുറത്തെടുത്തത്. താരം 38 പന്തിൽ 7 സിക്സുകൾ ഉൾപ്പെടെ 72 റൺസ് അടിച്ചെടുത്തു. പോൾ വാൾട്ടർ (14 പന്തിൽ 22 റൺസ്) മികച്ച പിന്തുണ നൽകിയതോടെ ടീം ലക്ഷ്യത്തിലെത്തി. ഇരുവരും ചേർന്ന് 31 പന്തിൽ 66 റൺസ് ചേർത്തു.
അവസാന നിമിഷത്തിൽ മത്സരം നാടകീയമായി. മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് വിജയമുറപ്പിച്ചെന്നു കരുതിയ ഘട്ടത്തിൽ മുൻ പാക് പേസർ മുഹമ്മദ് ആമിർ (29 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ്) മികച്ച ബൗളിങ് പുറത്തെടുത്ത് ഒരുവേള ഞെട്ടിച്ചു. അവസാന രണ്ട് പന്തുകൾ ബാക്കി നിൽക്കെ ലിയാം ഡോസൻ സിക്സർ തൂക്കി മാഞ്ചസ്റ്ററിനെ 98 പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെന്ന നിലയിലെത്തിച്ച് ജയവും കിരീടവും സമ്മാനിച്ചു.
അനായാസം റോക്കറ്റ്സ്
പുരുഷ ഫൈനൽ അവസാന നിമിഷം വരെ നീണ്ടെങ്കിൽ വനിതാ പോരാട്ടം ട്രെന്റ് റോക്കറ്റ്സിന്റെ അനായാസ വിജയത്തോടെ അതിവേഗം അവസാനിച്ചു. സൺറൈസേഴ്സ് ലീഡ്സിനെ 8 വിക്കറ്റിനു തകർത്താണ് വനിതകൾ കിരീടം ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ലീഡ്സിന് തുടക്കം മുതൽ പിഴച്ചു. പവർപ്ലേയിൽ 26 റൺസ് മാത്രമാണ് അവർക്ക് ചേർക്കാനായത്. 3 വിക്കറ്റും നഷ്ടമായി. പിന്നീടൊരിക്കൽ പോലും മത്സരത്തിലേക്ക് തിരിച്ചെത്താനും അവർക്കായില്ല.
അന്നബെൽ സതർലാൻഡ‍് (23 പന്തിൽ 25 റൺസ്), ഡാനി ഗിബ്സൻ (16 പന്തിൽ 22 റൺസ്), എന്നിവർ മാത്രമാണ് ചെറുത്തു നിന്നത്. ട്രെന്റ് റോക്കറ്റ്സിനായി ജോർജിയ ആദംസ് (9 റൺസിന് 2 വിക്കറ്റ്), ചാർലി ഫിലിപ്സ് (12 റൺസിന് 2 വിക്കറ്റ്) എന്നിവർ മികച്ച ബൗളിങ് പുറത്തെടുത്തു. ലീഡ്സിന്റെ പോരാട്ടം ഒടുവിൽ 91 പന്തിൽ 91 റൺസിൽ അവസാനിച്ചു.
അനായാസ ലക്ഷ്യമായ 92 റൺസിലേക്ക് ബാറ്റെടുത്ത ട്രെന്റ് റോക്കറ്റ്സ് ഒരിക്കൽ പോലും മികവ് കൈവിട്ടില്ല. സോഫി ഡങ്ക്ലി (23 പന്തിൽ 41 റൺസ്), ബെത് മൂണി (21 പന്തിൽ പുറത്താകാതെ 31 റൺസ്) എന്നിവർ ചേർന്ന് ടീം ജയം ഉറപ്പിച്ചു. വെറും 54 പന്തിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ട്രെന്റ് റോക്കറ്റ്സ് 92 റൺസ് അടിച്ചെടുത്തു. 46 പന്തുകൾ അപ്പോഴും ബാക്കിയുണ്ടായിരുന്നു.
Recent Comments