റഷ്യന്‍ ഫോട്ടോഗ്രാഫറുടെ ഫോട്ടോഷൂട്ട്, ആനയ്ക്ക് പിങ്ക് ചായമടിച്ചു, പിന്നാലെ ചരിഞ്ഞു, വിവാദം

റഷ്യന്‍ ഫോട്ടോഗ്രാഫറുടെ ഫോട്ടോഷൂട്ട്, ആനയ്ക്ക് പിങ്ക് ചായമടിച്ചു, പിന്നാലെ ചരിഞ്ഞു, വിവാദം

ജയ്പുര്‍: ഫോട്ടോഷൂട്ടിനായി ഉപയോഗിച്ച പിങ്ക് ചായമടിച്ച ആന ചരിഞ്ഞ സംഭവത്തില്‍ വിവാദം. റഷ്യന്‍ ഫോട്ടാഗ്രാഫറായ ജൂലിയ ബുറുലേവ കഴിഞ്ഞ ഡിസംബറിലാണ് പിങ്ക് നിറം പെയിന്റുചെയ്ത ആനയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നവംബറില്‍ രാജസ്ഥാനിലെ ജയ്പുരില്‍ നടത്തിയ ഷൂട്ടില്‍ ചഞ്ചല്‍ എന്ന പിടിയാനയും യശസ്വി എന്ന മോഡലുമാണ് പങ്കെടുത്തത്.

ഫോട്ടോഷൂട്ടിനായി ആനയുടെ ദേഹത്ത് പിങ്ക് ചായമടിച്ചിരുന്നു. ഇതോടെ, ചായംപൂശിയതാണ് ചരിയാന്‍ കാരണമെന്ന വാദവുമായി മൃഗസ്‌നേഹികള്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ പ്രായാധിക്യത്തെത്തുടര്‍ന്നാണ് ആന ചരിഞ്ഞതെന്ന് ഉടമ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞെങ്കിലും ആനയോടു ചെയ്ത ക്രൂരതയാണിതെന്ന വാദവുമായാണ് മൃഗസ്‌നേഹികള്‍ രംഗത്തുവന്നത്.

ഫെബ്രുവരിയിലാണ് ആന ചരിഞ്ഞത്. ഹോളി ആഘോഷത്തിലും മറ്റും ഇങ്ങനെ ആനകളുടെ പുറത്ത് ചായംപൂശാറുണ്ടെന്നും അത് അപകടത്തിന് കാരണമാകില്ലെന്നും ആനകളെ പരിപാലിക്കുന്നവര്‍ പറയുന്നു.

ഒരുഭാഗം മാത്രമേ ചായമടിച്ചുള്ളൂയെന്നും ഫോട്ടോയെടുത്ത് പത്തുമിനിറ്റിനകം നിറം കഴുകിക്കളഞ്ഞെന്നും അനയുടെ ഉടമ സാദിഖ് ഖാന്‍ പറഞ്ഞു. എന്നാല്‍ മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം വേണമെന്നാണ് മൃഗസംരക്ഷണസംഘടനയുടെ ആവശ്യം.

വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവ് മരിച്ച നിലയില്‍; പതിനേഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി ടെക്കി യുവതി, അന്വേഷണം

വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവ് മരിച്ച നിലയില്‍; പതിനേഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി ടെക്കി യുവതി, അന്വേഷണം

ബംഗളൂരു: ബംഗളൂരുവില്‍ ടെക്കി ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ടെക് പ്രൊഫഷണലുകളായ തെലങ്കാന സിദ്ദിപേട്ട് സ്വദേശികളാണ് മരിച്ചത്. കുടുംബ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി 9.45 ഓടെ യുവതി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ പല തവണ മുട്ടിയിട്ടും ഭര്‍ത്താവ് പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് യുവതി അയല്‍ക്കാരുടെയും അപ്പാര്‍ട്ട്‌മെന്റ് സുരക്ഷാ ജീവനക്കാരുടെയും സഹായം തേടി. പൂട്ടുതുറന്ന് അകത്ത് കയറിയപ്പോള്‍ ഭര്‍ത്താവിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം കണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ സ്ത്രീ പുറത്തേക്ക് ഓടി അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരും തമ്മിഇല്‍ ദാമ്പത്യപ്രശന്ങ്ങളുണ്ടായിരുന്നുവെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂ,’ പൊലീസ് പറഞ്ഞു. ദമ്പതികള്‍ ബാല്യകാല സുഹൃത്തുക്കളായിരുന്നു, 2024 ല്‍ കുടുംബാംഗങ്ങളെ അറിയിക്കാതെയാണ് ഇവര്‍ വിവാഹിതരായത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കുടുംബാംഗങ്ങള്‍ക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

‘എന്തോ ഭാ​ഗ്യം സഞ്ജു ഭയ്യ ഔട്ടായത്, പാളിയിരുന്നെങ്കിൽ ഇളിഭ്യനായേനെ’; മുൻ ക്യാപ്റ്റനെ കുരുക്കിയ തന്ത്രം

‘എന്തോ ഭാ​ഗ്യം സഞ്ജു ഭയ്യ ഔട്ടായത്, പാളിയിരുന്നെങ്കിൽ ഇളിഭ്യനായേനെ’; മുൻ ക്യാപ്റ്റനെ കുരുക്കിയ തന്ത്രം

ഗുവാഹത്തി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായുള്ള അരങ്ങേറ്റം മലയാളി താരം സഞ്ജു സാംസണു നിരാശപ്പെടുത്തുന്നതായിരുന്നു. സഞ്ജുവിനെ പുറത്താക്കിയത് കൃത്യമായ പ്ലാനിങ്ങോടെയെന്നു വെളിപ്പെടുത്തുകയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പ​രാ​ഗ്. മത്സരത്തിൽ ബാറ്റിങിലും ബൗളിങിലും രാജസ്ഥാന്റെ സർവാധിപത്യമാണ് മൈതാനത്ത് കണ്ടത്.

സഞ്ജു സാംസൺ നേരിട്ട ആദ്യ നാല് പന്തുകൾ നിരീക്ഷിച്ച ശേഷമാണ് തന്ത്രം നടപ്പാക്കിയതെന്നു റിയാൻ പ​രാ​ഗ് പറയുന്നു. നിരന്തരം കളിക്കുന്ന ഷോട്ട് മാറ്റി മറ്റൊരു ഷോട്ട് കളിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു നീക്കമെന്നും റിയാൻ വ്യക്തമാക്കി.

‘സഞ്ജു ഭയ്യ ആദ്യ നാല് പന്തുകൾ എങ്ങനെയാണ് കളിക്കുന്നത് എന്നു ഞങ്ങൾ നോക്കി. അതിനനുസരിച്ച് ഫീൽഡിങ് വിന്യസിച്ചു. അദ്ദേഹത്തിനു പ്രിയപ്പെട്ട ഷോട്ടിനു പകരം മറ്റൊരു ഷോട്ട് കളിക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അതൊരു ചൂതാട്ടം പോലെ ഉറപ്പില്ലാത്ത പരിപാടിയാണ്. കിട്ടിയാൽ കിട്ടി. പക്ഷേ കാര്യങ്ങൾ ഞങ്ങളുടെ വഴിക്കു തന്നെ വന്നു.’

‘സഞ്ജു ഭയ്യ പുൾ ഷോട്ടുകൾ കളിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. അതു കളിക്കാൻ സമ്മതിക്കാതെ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്ന തരത്തിൽ പന്തെറിയാനാണ് ഞാൻ ബൗളർമാരോട് പറഞ്ഞത്. ഔട്ടായ ആ ഷോട്ടില്ലേ അതു അദ്ദേ​ഹം കളിക്കണമെന്നു ഞങ്ങൾ അതിയായി ആ​ഗ്രഹിച്ചിരുന്നു. അതിനാൽ ഷോട്ട് പിച്ച് പന്തുകൾ എറിഞ്ഞ് പുൾ ചെയ്യാൻ അനുവദിക്കാതെ അസ്വസ്ഥതനാക്കുകയായിരുന്നു ലക്ഷ്യം. ആ തന്ത്രം ശരിക്കും ഫലിച്ചു. അതെങ്ങാനും പാളിപ്പോയെങ്കിൽ ഇളിഭ്യനായി ഇരിക്കേണ്ടി വന്നേനെ’- റിയാൻ പരാ​ഗ് വ്യക്തമാക്കി.

തന്റെ മുൻ ടീമിനെതിരായ പോരാട്ടത്തിൽ സഞ്ജു 7 പന്തുകൾ നേരിട്ട് 6 റൺസുമായി പുറത്തായി. നാന്ദ്രെ ബർ​ഗർ എറിഞ്ഞ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡാകുകയായിരുന്നു.

ബിഹാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും എട്ടു മരണം; നിരവധി പേര്‍ക്ക് പരിക്ക്

ബിഹാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും എട്ടു മരണം; നിരവധി പേര്‍ക്ക് പരിക്ക്

പട്‌ന: ബിഹാറിലെ നളന്ദയില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചതെല്ലാം സ്ത്രീകളാണ്. മഘ്രയിലെ ഷീട്ല മാതാ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ച ആയിരുന്നതിനാൽ, ധാരാളം ഭക്തർ ക്ഷേത്രത്തിൽ ആരാധനയ്ക്കായി എത്തിയിരുന്നു. നിയന്ത്രണാതീതമായി ഭക്തർ തടിച്ചുകൂടിയതാണ് വൻ തിക്കിനും തിരക്കിനും കാരണമായതെന്ന് പൊലീസ് പറയുന്നു.

ക്ഷേത്രത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനം അധികൃതർ ഒരുക്കിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഭക്തർ ക്യൂ നിൽക്കാതെ ആദ്യം തന്നെ ദർശനം നടത്തുക എന്ന തരത്തിൽ തിരിക്കുകൂട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ ബിഹാർ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഭര്‍ത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാന്‍ മരുമകള്‍ക്കു ബാധ്യതയില്ല: അലഹാബാദ് ഹൈക്കോടതി

ഭര്‍ത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാന്‍ മരുമകള്‍ക്കു ബാധ്യതയില്ല: അലഹാബാദ് ഹൈക്കോടതി

പ്രയാഗ്രാജ്: ഭര്‍ത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാന്‍ മരുമകള്‍ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഭര്‍തൃ മാതാപിതാക്കള്‍ക്കു മരുമകളില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസ് മദന്‍ പാല്‍ സിങ്് വ്യക്തമാക്കി.

നിയമത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുള്ള വിഭാഗങ്ങള്‍ക്ക് മാത്രമേ ജീവനാംശം ആവശ്യപ്പെടാന്‍ അര്‍ഹതയുള്ളൂവെന്ന് കോടതി പറഞ്ഞു. നിയമപരമായി ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ല.

ഭര്‍ത്താവിന്റെ മാതാപിതാക്കളെ നോക്കുക എന്നത് ഒരു ധാര്‍മ്മിക കടമയായിരിക്കാം. എന്നാല്‍ നിയമപരമായ പിന്‍ബലം അതിനില്ല. ധാര്‍മ്മികമായ ബാധ്യതകളെ നിയമപരമായി നടപ്പിലാക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മരുമകളുടെ മേല്‍ ഇത്തരമൊരു ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് നിയമ സംവിധാനത്തിന്റെ ലക്ഷ്യമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

ആഗ്രയിലെ കുടുംബ കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രായമായ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തര്‍പ്രദേശ് പൊലീസില്‍ കോണ്‍സ്റ്റബിളായ മരുമകള്‍ക്കെതിരെയായിരുന്നു ഇവരുടെ പരാതി. തങ്ങള്‍ പ്രായമായവരും നിരക്ഷരരും ദരിദ്രരുമാണെന്നും ഏക മകന്റെ മരണശേഷം തങ്ങളെ നോക്കാന്‍ ആരുമില്ലെന്നും ദമ്പതികള്‍ വാദിച്ചു. മകന്റെ മരണാനന്തര ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റുന്നത് മരുമകളാണെന്നും അവര്‍ക്ക് സ്വന്തമായി വരുമാനമുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ കോടതി മരുമകള്‍ക്ക് ജോലി ലഭിച്ചത് ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുള്ള കാരുണ്യ നിയമനത്തിലൂടെ ആണെന്ന് തെളിയിക്കാന്‍ രേഖകളില്ലെന്നും വ്യക്തമാക്കി.

സ്വത്ത് തര്‍ക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇത്തരം ജീവനാംശ കേസുകളില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

വിവാദ തൊഴില്‍ കോഡ്: കേന്ദ്ര ട്രേഡ് യുണിയനുകള്‍ നാളെ കരിദിനം ആചരിക്കും

വിവാദ തൊഴില്‍ കോഡ്: കേന്ദ്ര ട്രേഡ് യുണിയനുകള്‍ നാളെ കരിദിനം ആചരിക്കും

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ തൊഴില്‍ കോഡിനെതിരെ ട്രേഡ് യൂണിയനുകള്‍ നാളെ കരിദിനം ആചരിക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളുടേയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര തൊഴിലാളി സംഘടനയുമാണ് ബുധനാഴ്ച കരിദിനം ആചരിക്കുന്നത്.

ഫെബ്രുവരി 12 ന് 30 കോടി ആളുകളെ പങ്കെടുപ്പിച്ച് അഖിലേന്ത്യാ പണിമുടക്ക് നടത്തിയിട്ടും തൊഴില്‍ കോഡ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ തൊഴിലിടങ്ങളിലെല്ലാം കേന്ദ്രസര്‍ക്കാരിനെതിരെ ബുധനാഴ്ച പ്രതിഷേധം ഉയരുമെന്ന് ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി.

തൊഴിലാളികള്‍ ബാഡ്ജ് അണിഞ്ഞ് തൊഴില്‍ശാലകളിലെത്തും. പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത കൊടി ഉയര്‍ത്തും. ഉച്ചഭക്ഷണ ഇടവേളകളില്‍ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിക്കും. ബൈക്ക്, സൈക്കിള്‍ റാലികളും സംഘടിപ്പിച്ചിട്ടുണ്ട്. ദലിത് ശോഷന്‍ മുക്തിമഞ്ചും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.