ബംഗ്ലാദേശില്‍ ഐപിഎല്‍ കാണില്ല; സര്‍ക്കാര്‍ പച്ചകൊടി കാണിച്ചിട്ടും കാര്യമില്ല

ബംഗ്ലാദേശില്‍ ഐപിഎല്‍ കാണില്ല; സര്‍ക്കാര്‍ പച്ചകൊടി കാണിച്ചിട്ടും കാര്യമില്ല

ധാക്ക: ഐപിഎല്‍ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ തത്സമയം കാണാന്‍ സാധിക്കില്ല. സംപ്രേഷണവുമായി ബന്ധപ്പെട്ട കരാര്‍ ജിയോ ഹോട്‌സ്റ്റാര്‍ റദ്ദാക്കി. നേരത്തെ ഐപിഎല്‍ കാണിക്കില്ലെന്ന നിലപാടിലായിരുന്നു ബംഗ്ലാദേശ് സര്‍ക്കാര്‍. എന്നാല്‍ പിന്നീട് അവര്‍ കഴിഞ്ഞ ദിവസം തീരുമാനം മാറ്റി. മത്സരം സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കി.

അതിനിടെ ബംഗ്ലാദേശില്‍ സംപ്രേഷണാവകാശത്തിന്റെ കരാര്‍ ടിസ്‌പോര്‍ട്‌സ് ചാനലിനായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ പക്ഷേ അവര്‍ വീഴ്ച വരുത്തിയതായി ചൂണ്ടിക്കാട്ടിയാണ് ജിയോ കരാര്‍ റദ്ദാക്കിയത്. ഇതോടെയാണ് സംപ്രേഷണം മുടങ്ങിയത്. 2023 മുതല്‍ 2027 വരെ ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിനുള്ള അവകാശം ടിസ്‌പോര്‍ട്‌സാണ് സ്വന്തമാക്കിയത്.

ബംഗ്ലാദേശില്‍ വലിയ തോതില്‍ ആരാധകരുണ്ട് ഐപിഎല്ലിന്. അവരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്നതാണ് തീരുമാനം.

കായിക മേഖലയെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കിയാണ് സര്‍ക്കാര്‍ നേരത്തെ സംപ്രേഷണ വിലക്ക് ഒവിവാക്കിയത്. വാണിജ്യപരമായ കാഴ്ചപ്പാടാണ് വിഷയത്തില്‍ സര്‍ക്കാരിനുള്ളത് എന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സാഹിര്‍ ഉദ്ദീന്‍ സ്വപന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

‘ഐപിഎല്‍ സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ ആരും സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രീയത്തെ കായികവുമായി കലര്‍ത്താന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. വാണിജ്യപരമായ താത്പര്യങ്ങള്‍ പരിഗണിച്ചാകും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുക. ഏതെങ്കിലും ചാനലുകള്‍ ഐപിഎല്‍ സംപ്രേക്ഷണത്തിന് അനുമതി തേടിയാല്‍ അനുകൂലമായി തന്നെ പരിഗണിക്കും’ സാഹിര്‍ പറഞ്ഞു.

സ്റ്റാര്‍ സ്പോര്‍ട്സ് അടക്കമുള്ള അന്താരാഷ്ട്ര സ്പോര്‍ട്സ് നെറ്റ് വര്‍ക്കുകള്‍ക്ക് ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണം ചെയ്യാം. താത്പര്യമുള്ളവര്‍ക്ക് അനുമതി നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. എന്നാല്‍ സംപ്രേഷണവുമായി ബന്ധപ്പെട്ട് മറ്റ് ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ, ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ് രംഗത്ത് എത്തിയത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതോടെയാണ് ബംഗ്ലാദേശ് തീരുമാനത്തില്‍ അയവ് വരുത്തിയത്.

മൂന്നരലക്ഷം വാങ്ങിയ ശേഷം ബ്ലാക്ക്‌മെയില്‍, കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കി, നാവിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മൂന്നരലക്ഷം വാങ്ങിയ ശേഷം ബ്ലാക്ക്‌മെയില്‍, കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കി, നാവിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വിശാഖപ്പട്ടണം: കാമുകിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. നാവിക ഉദ്യോഗസ്ഥനായ രവീന്ദ്രയാണ് അറസ്റ്റിലായത്. ഇയാളുടെ കാമുകിയായ പോളിപള്ളി മൗനികയാണ് കൊല്ലപ്പെട്ടത്.

ആന്ധ്ര പ്രദേശിലെ വിശാഖപ്പട്ടണത്താണ് ഞെട്ടിക്കുന്ന ഒരു സംഭവം. പ്രതിയുടെ വസതിയില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തിയത്. റഫ്രിജറേറ്ററിലും ബാക്കി പകുതി ഒരു ബാഗില്‍ നിന്നുമാണ് കണ്ടെടുത്തത്. ആന്ധ്രയിലെ വിശാഖപട്ടണത്താണ് രവീന്ദ്രയുടെയും കുടുംബത്തിന്റെയും താമസം. ഭാര്യ മാതാപിതാക്കളുടെ വീട്ടില്‍പോയ സമയത്ത് കാമുകിയെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു കൊലപാതകം.

2021ലാണ് രവീന്ദ്രയും മൗനികയും ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും നിരന്തരം പാര്‍ക്കിലും തിയറ്ററിലുമെല്ലാംവെച്ച് കണ്ടുമുട്ടുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പാണ് രവീന്ദ്രയുടെ ഭാര്യ വിജയനഗരത്തിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോയത്. ഇതിനുപിന്നാലെ മൗനികയെ രവീന്ദ്ര വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വൈകിട്ടോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും മൗനികയെ രവീന്ദ്ര കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കിയശേഷം കുറച്ചു ഭാഗം റഫ്രിജറേറ്ററില്‍ സൂക്ഷിക്കുകയും ബാക്കി ഭാഗം ബാഗിലാക്കി ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. ഇതിനുശേഷം രവീന്ദ്ര പൊലീസ് സ്റ്റേഷനിലെത്തുകയും കുറ്റസമ്മതം നടത്തുകയുമായിരുന്നു. മൗനിക തന്നോട് 3.5 ലക്ഷം രൂപ വാങ്ങിയെന്നും പലപ്പോഴും തങ്ങളുടെ ബന്ധം ഭാര്യയോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇതാണ് മൗനികയെ കൊലപ്പെടുത്താനുണ്ടായ കാരണമെന്നും രവീന്ദ്ര പൊലീസിനോട് പറഞ്ഞു. മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതകത്തില്‍ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

സെന്‍സസ് രണ്ടു ഘട്ടങ്ങളില്‍, ആദ്യഘട്ടത്തിന് ഏപ്രില്‍ 1 ന് തുടക്കം; കേരളത്തില്‍ ജൂണ്‍ മുതല്‍

സെന്‍സസ് രണ്ടു ഘട്ടങ്ങളില്‍, ആദ്യഘട്ടത്തിന് ഏപ്രില്‍ 1 ന് തുടക്കം; കേരളത്തില്‍ ജൂണ്‍ മുതല്‍

ഡല്‍ഹി: 2027 ലെ ജനസംഖ്യാ കണക്കെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ അറിയിച്ചു. സെന്‍സസ് രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. സെന്‍സസിന്റെ ആദ്യ ഘട്ടത്തിന്റെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും ഇത്തവണ നടത്തുന്നത്. കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍ ആരംഭിക്കും. സെല്‍ഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതല്‍ ജൂണ്‍ 30വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതല്‍ ജൂലൈ 30വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കും.

ആദ്യ ഘട്ടത്തില്‍ ഭവന സെന്‍സസ് ആണ് നടക്കുക. ഇതില്‍ താമസസൗകര്യങ്ങള്‍, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വീടുകളിലെ ആസ്തികള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക. ഓരോ കുടുംബത്തിലെയും വ്യക്തികളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം, സാമ്പത്തിക നിലവാരം, കുടിയേറ്റം, പ്രത്യുല്‍പ്പാദന നിരക്ക് തുടങ്ങിയ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ശേഖരിക്കും.

സെന്‍സസ് ആദ്യഘട്ടത്തിന്റെ ചോദ്യാവലി സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്. ഒരു ലിവ്-ഇന്‍ പങ്കാളികള്‍ അവരുടെ ബന്ധം സ്ഥിരതയുള്ള ഒന്നാണെങ്കില്‍, സെന്‍സസില്‍ അവരെ വിവാഹിത ദമ്പതികളായി കണക്കാക്കും. ആദ്യഘട്ടത്തില്‍ 33 ചോദ്യങ്ങള്‍ക്കാണ് ഉത്തരങ്ങള്‍ തേടുക. വീടിന്റെ തറ, മേല്‍ക്കൂര, വീട്ടിലെ അംഗങ്ങള്‍, ഗൃനാഥന്‍ ഗൃഹനാഥ, ഉപയോഗിക്കുന്ന ധാന്യങ്ങള്‍, വീട്ടിലുള്ള വാഹനങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.

കെട്ടിട നമ്പര്‍, വീടിന്റെ അവസ്ഥ, വീട്ടിലുള്ള ആളുകളുടെ എണ്ണം, കുടുംബനാഥന്റെ പേര്, പട്ടികജാതി, പട്ടികവര്‍ഗം അല്ലെങ്കില്‍ മറ്റ് സമുദായങ്ങളില്‍ പെട്ടയാളാണോ, ഉടമസ്ഥാവകാശം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. വീടിന്റെ നിര്‍മ്മാണ രീതി, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, ഇന്റര്‍നെറ്റ് ലഭ്യത എന്നിവയും ചോദ്യങ്ങളില്‍ ഉള്‍പ്പെടുന്നു. സെന്‍സസ് നടപടികളുടെ ആകെ ചിലവിനായി 11,718.24 കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.

അടുത്ത മുഖ്യമന്ത്രി ആര് ? ബിഹാര്‍ നിയമസഭാ കൗണ്‍സില്‍ അംഗത്വം രാജിവെച്ച് നിതീഷ് കുമാര്‍

അടുത്ത മുഖ്യമന്ത്രി ആര് ? ബിഹാര്‍ നിയമസഭാ കൗണ്‍സില്‍ അംഗത്വം രാജിവെച്ച് നിതീഷ് കുമാര്‍

പട്‌ന: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നിതീഷ് കുമാര്‍ ബിഹാര്‍ എംഎല്‍സി അംഗത്വം രാജിവെച്ചു. മുഖ്യമന്ത്രി സ്ഥാനം ഉടന്‍ തന്നെ രാജിവെക്കും. ജെഡിയു എംഎല്‍സി സഞ്ജയ് ഗാന്ധിക്കൊപ്പം എത്തിയാണ് നിതീഷ് കുമാര്‍ രാജിക്കത്ത് ചെയര്‍മാന്‍ അവധേഷ് നാരായണ്‍ സിങ്ങിന് സമര്‍പ്പിച്ചത്.

ഈ മാസം ആദ്യവാരമാണ് രാജ്യസഭയിലേക്ക് നിതീഷ് കുമാറിനെ തെരഞ്ഞെടുത്തത്. ഭരണഘടനയനുസരിച്ച് ഒരാള്‍ക്ക് ഒരേസമയം പാര്‍ലമെന്റിലും സംസ്ഥാന നിയമസഭയിലോ കൗണ്‍സിലിലോ അംഗമായിരിക്കാന്‍ കഴിയില്ല. തെരഞ്ഞെടുക്കപ്പെട്ട് 14 ദിവസത്തിനുള്ളില്‍ ഏതെങ്കിലും ഒരു സ്ഥാനം രാജിവെക്കണമെന്ന നിബന്ധന പാലിക്കാനാണ് ഈ നീക്കം.

രണ്ട് പതിറ്റാണ്ടോളം ബിഹാര്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന നിതീഷ് കുമാര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന കാര്യത്തിലും വരും ദിവസങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എണ്ണവില എങ്ങോട്ട്?; 115 ഡോളര്‍ കടന്ന് കുതിപ്പ്, കാരണമിത്

എണ്ണവില എങ്ങോട്ട്?; 115 ഡോളര്‍ കടന്ന് കുതിപ്പ്, കാരണമിത്

മുംബൈ: ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 115 ഡോളര്‍ കടന്നിരിക്കുകയാണ്. എണ്ണവിലയില്‍ രണ്ടരശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലേക്ക് പ്രവേശിച്ചതും യുഎസ് സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചതും ഊര്‍ജ്ജ വിതരണത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയാണ് എണ്ണവില കൂടാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെടുത്തുന്നതില്‍ ഹൂതികളുടെ ട്രാക്ക് റെക്കോര്‍ഡ് ആശങ്കാജനകമാണ്. നേരത്തെ ഈ സംഘം ചെങ്കടല്‍ ഒഴിവാക്കാന്‍ കപ്പലുകളെ നിര്‍ബന്ധിച്ചിരുന്നു. നിലവിലെ ഭീഷണി ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെടുത്തിയേക്കുമെന്ന ആശങ്കയാണ് വില ഉയരാന്‍ കാരണം.

അതിനിടെ എണ്ണവില കുതിച്ചുയരുന്നത് ഓഹരി വിപണിയെ ബാധിച്ചു. ഓഹരി വിപണിയില്‍ ഇന്ന് കറുത്ത തിങ്കളാഴ്ചയാണ്. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് താഴ്ന്നത്. 73,000ല്‍ താഴെയാണ് സെന്‍സെക്സില്‍ വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ബാരലിന് 115 ഡോളര്‍ കടന്ന് കുതിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. ആക്സിസ് ബാങ്ക്, ശ്രീറാം ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഗ്രാസിം ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഹരികള്‍ നേട്ടം സ്വന്തമാക്കി.

8,000 രൂപയുടെ ‘ഇല്ലത്തരസി’ കൂപ്പൺ, സ്ത്രീകൾക്ക് എല്ലാ മാസവും 2000 രൂപ; വാ​ഗ്ദാനങ്ങൾ വാരിക്കോരി…

8,000 രൂപയുടെ ‘ഇല്ലത്തരസി’ കൂപ്പൺ, സ്ത്രീകൾക്ക് എല്ലാ മാസവും 2000 രൂപ; വാ​ഗ്ദാനങ്ങൾ വാരിക്കോരി…

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ. കുടുംബനാഥകളായ സ്ത്രീകൾക്കുള്ള പ്രതിമാസ സാമ്പത്തിക സഹായം ആയിരത്തിൽ നിന്നു രണ്ടായിരമാക്കും എന്നതുൾപ്പെടെ നിരവധി ജനക്ഷേമ വാ​ഗ്ദാനങ്ങളാണ് ഡിഎംകെ പത്രികയിൽ മുന്നോട്ടു വയ്ക്കുന്നത്. ചെന്നൈയിൽ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രകടന പത്രിക പുറത്തിറക്കിയത്.

വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ നീട്ടുമെന്നും വാ​ഗ്ദാനമുണ്ട്. സാധാരണയായി ഡിഎംകെ പ്രകടന പത്രിക ‘ഹീറോ’ ആണെങ്കിൽ ഇത്തവണ ‘സൂപ്പർ സ്റ്റാറാ’ണെന്നു സ്റ്റാലിൻ അവകാശപ്പെട്ടു.

ടെലിവിഷൻ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ പുതിയതായി വാങ്ങാനോ മാറ്റി വാങ്ങാനോ ഉപയോ​ഗിക്കാവുന്ന 8,000 രൂപയുടെ കൂപ്പൺ നൽകുന്ന ‘ഇല്ലത്തരസി’ പദ്ധതിയാണ് പത്രികയിലെ ശ്രദ്ധേയ വാ​ഗ്ദാനങ്ങളിൽ മറ്റൊന്ന്. സ്വയം സഹായ സംഘാം​ഗങ്ങളായ സ്ത്രീകൾക്ക് സബ്സിഡിയോടെ ഈടില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ അടക്കമുള്ള വാ​ഗ്ദാനങ്ങളുമുണ്ട്.

വയോജന പെൻഷൻ 1,200ൽ നിന്നു രണ്ടായിരകമാക്കും. ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ 1,500ൽ നിന്നു 2,500 ആക്കും. രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാ​ഗമായി 2030ഓടെ എല്ലാ ജില്ലകളിലും നിയോ ടൈഡൽ പാർക്കുകൾ സ്ഥാപിക്കും. ഫാക്ടറികൾ ധാരാളമുള്ള ഇടങ്ങളിൽ സ്ത്രീ തൊഴിലാളികൾക്ക് സഹയാമായി ശിശു പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കും.

ഉപരിപഠനം നടത്തുന്ന 35 ലക്ഷം വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകും. സർക്കാർ ആശുപത്രികളിലെ ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്നും പ്രകടന പത്രികയിൽ വാ​ഗ്ദാനം ചെയ്യുന്നു.