വില വര്‍ധന തടയാന്‍ കേന്ദ്ര ഇടപെടല്‍; പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങളെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി

വില വര്‍ധന തടയാന്‍ കേന്ദ്ര ഇടപെടല്‍; പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങളെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി

ഡല്‍ഹി: പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗത്ത് ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിതരണ സ്ഥിരത ഉറപ്പാക്കുന്നതിനും വിലക്കയറ്റം തടഞ്ഞും ലഭ്യത ഉറപ്പാക്കിയും ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനുമായാണ് നിര്‍ണായക പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയെ കസ്റ്റംസ് തീരുവയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയത്. ജൂണ്‍ 30 വരെയാണ് തീരുവ ഇളവ് നിലനില്‍ക്കുക.

പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളെ മുഖ്യമായി ആശ്രയിക്കുന്ന മേഖലകള്‍ക്കും പ്ലാസ്റ്റിക്, പാക്കേജിങ്, തുണിത്തരങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, ഓട്ടോമോട്ടീവ് ഘടകങ്ങള്‍, മറ്റ് നിര്‍മ്മാണ വിഭാഗങ്ങള്‍ തുടങ്ങിയ മറ്റു മേഖലകള്‍ക്കും സര്‍ക്കാര്‍ തീരുമാനം ഗുണം ചെയ്യും. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെയും അതിന്റെ ഫലമായി ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളുടെയും പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണ്ണ കസ്റ്റംസ് തീരുവ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.

ആഭ്യന്തര വ്യവസായത്തിന് പെട്രോകെമിക്കല്‍ ഘടക ഉല്‍പ്പന്നങ്ങളുടെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ചെലവ് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും രാജ്യത്ത് വിതരണ സ്ഥിരത സംരക്ഷിക്കുന്നതിനുമായി താല്‍ക്കാലിക ആശ്വാസമായിട്ടാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.തീരുവ ഒഴിവാക്കിയതില്‍ മെഥനോള്‍, അണ്‍ഹൈഡ്രസ് അമോണിയ, ടോലുയിന്‍, സ്‌റ്റൈറൈന്‍, ഡൈക്ലോറോമീഥെയ്ന്‍ (മെത്തിലീന്‍ ക്ലോറൈഡ്), വിനൈല്‍ ക്ലോറൈഡ് മോണോമര്‍, പോളി ബ്യൂട്ടാഡീന്‍, സ്‌റ്റൈറൈന്‍ ബ്യൂട്ടാഡീന്‍, അണ്‍സാച്ചുറേറ്റഡ് പോളിസ്റ്റര്‍ റെസിനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. വളം, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതിയെ കുറിച്ച് ആശങ്ക ഉയരാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്. വളത്തിന്റെയും പെട്രോളിയത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണ് ഇന്ത്യ. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സൈനിക ആക്രമണം ആരംഭിച്ചതിനുശേഷം ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ ഏകദേശം 50 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. എണ്ണവില വര്‍ധനവിന്റെ ആഘാതത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചിരുന്നു.

ചരിത്രത്തിലേക്ക് കുതിച്ച് പൊങ്ങി ‘ആർട്ടെമിസ് 2’; മനുഷ്യൻ വീണ്ടും ‘ചന്ദ്രനിലേക്ക്’

ചരിത്രത്തിലേക്ക് കുതിച്ച് പൊങ്ങി ‘ആർട്ടെമിസ് 2’; മനുഷ്യൻ വീണ്ടും ‘ചന്ദ്രനിലേക്ക്’

വാഷിങ്ടണ്‍: 54 വർഷത്തിന് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ‘ആർട്ടെമിസ് 2’ (Artemis II) ദൗത്യ യാത്ര ആരംഭിച്ചു. കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹാൻസൺ എന്നിവരാണ് പേടകത്തിൽ ഉള്ളത്. പത്ത് ദിവസത്തെ ദൗത്യത്തിനായി ആണ് സംഘം യാത്ര തിരിച്ചത്.

ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ മുന്നോട്ടുള്ള ബഹിരാകാശ ഗവേഷങ്ങൾക്ക് അത് വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ. ഭാവിയിൽ നടത്താനിരിക്കുന്ന ചൊവ്വാ യാത്രകൾക്കും ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുന്ന പദ്ധതികൾക്കും ഇതിലൂടെ പ്രയോജനം ലഭിക്കുമെന്നും കണക്ക് കൂട്ടുന്നു. ദൗത്യത്തിനായി പോകുന്ന ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ കാല് കുത്തില്ല എന്നതാണ് പ്രധാന പ്രത്യേകത. പകരം ചന്ദ്രന് ചുറ്റും വലം വച്ച് ഭൂമിയിലേക്ക് മടങ്ങുകയാണ് ചെയ്യുക. ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങാൻ ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) എന്ന അതിശക്തമായ റോക്കറ്റും ഓറിയോൺ (Orion) പേടകവും ഉപയോഗിച്ചുള്ള ആദ്യത്തെ മനുഷ്യയാത്രാ ദൗത്യമാണിത്.

ആർട്ടെമിസ് 2വിലെ യാത്രയിൽ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചന്ദ്രനിൽ ലൂണാർ ഗേറ്റ്‌വേ സ്ഥാപിക്കുക എന്നതാണ് ആർട്ടെമിസ് 3യിലൂടെ ലക്ഷ്യം. ഈ യാത്രയിൽ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങും. ലൂണാർ ഗേറ്റ്‌വേ സ്ഥാപിക്കുന്നതോടെ ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള സ്ഥിരസഞ്ചാരം സാധ്യമാകും.

ഭാവിയിൽ മനുഷ്യർക്ക് ചന്ദ്രനിൽ താമസിച്ച് അവിടെയുള്ള ഹീലിയം ത്രീ ഉൾപ്പടെയുള്ള ധാതുക്കൾ ഖനനം ചെയ്യാനുള്ള മൂൺ കോളനി പദ്ധതിയ്ക്കുള്ള അടിത്തറ ഉണ്ടാക്കുകയാണ് ആർട്ടെമിസ് പദ്ധതിയിലൂടെ നാസ ലക്ഷ്യം വെയ്ക്കുന്നത്.ഈ ദൗത്യത്തിൽ ലോകമെമ്പാടുമുള്ള 56 ലക്ഷത്തിലധികം (5.6 മില്യൺ) ആളുകളുടെ പേരുകൾ അടങ്ങിയ ഒരു ഡിജിറ്റൽ ആർക്കൈവും ചന്ദ്രനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. നാസയുടെ “സെൻഡ് യുവർ നെയിം ടു ദി മൂൺ” (Send Your Name to the Moon) ക്യാമ്പയിനിലൂടെ ശേഖരിച്ച പേരുകളാണിത്. ബഹിരാകാശ പര്യവേക്ഷണത്തിൽ സാധാരണ ജനങ്ങളെയും പങ്കാളികളാക്കുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ നാസ ലക്ഷ്യമിടുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റ്–കേരള റൂട്ടുകളിൽ വീണ്ടും സർവീസ് ആരംഭിച്ചു

എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റ്–കേരള റൂട്ടുകളിൽ വീണ്ടും സർവീസ് ആരംഭിച്ചു

എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റ്–കേരള റൂട്ടുകളിൽ വീണ്ടും സർവീസ് ആരംഭിച്ചതോടെ ഗൾഫിൽ നിന്നുള്ള മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസമായി.

മസ്കറ്റിൽ നിന്ന് തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതാണ് പ്രധാന പ്രത്യേകത. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം മൂലം താൽക്കാലികമായി നിർത്തിവച്ചിരുന്ന വിമാന സർവീസുകളാണ് ഇപ്പോൾ ഭാഗികമായി പുനഃസ്ഥാപിക്കുന്നത്. മസ്കറ്റ് – തിരുവനന്തപുരം, മസ്കറ്റ് –കണ്ണൂർ റൂട്ടുകളിൽ ടിക്കറ്റ് നിരക്കുകളും വീണ്ടും ലഭ്യമായി തുടങ്ങി. ഏപ്രിൽ മാസത്തിൽ തിരുവനന്തപുരം റൂട്ടിൽ ഏകദേശം ₹14,000 മുതൽ നിരക്കുകൾ ലഭ്യമാണ്.

കണ്ണൂർ റൂട്ടിലും സർവീസുകൾ സജീവമായി, ₹9,000 മുതൽ ടിക്കറ്റുകൾ ലഭ്യമാകുന്നുണ്ട്.

ഇതോടെ ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള നേരിട്ടുള്ള യാത്ര വീണ്ടും എളുപ്പമാകുകയും, മുമ്പ് മറ്റ് നഗരങ്ങൾ വഴിയുള്ള യാത്രയുടെ ബുദ്ധിമുട്ടുകൾ കുറയുകയും ചെയ്യും.

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഗൾഫ് റൂട്ടുകളിൽ നിരവധി സർവീസുകൾ ഇപ്പോഴും പരിമിതമായിരിക്കുമ്പോഴും, മസ്കറ്റ് സർവീസുകളുടെ പുനരാരംഭം യാത്രാ രംഗത്ത് പ്രധാന പുരോഗതിയായാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ സീസണിലെ അതേ പിഴവ്, ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ

കഴിഞ്ഞ സീസണിലെ അതേ പിഴവ്, ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ

ചണ്ഡീഗഢ്: ഇന്ത്യൻ പ്രീമിയർ ലീഗ് 2026ൽ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി തിളക്കമാർന്ന വിജയമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് നേടിയത്. മത്സരത്തിൽ നായകൻ ശ്രേയസ് അയ്യർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റൻസി മികവ് കൊണ്ടും താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ താരത്തിന് ഇപ്പോൾ വലിയ ഒരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപയാണ് താരത്തിന് മേൽ ബിസിസിഐ പിഴയായി ചുമത്തിയിരിക്കുന്നത്. ഐപിഎൽ നിയമത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരമാണ് ശിക്ഷ നടപടി. ഈ സീസണിലെ ക്ലബ്ബിന്റെ ആദ്യ നിയമലംഘനമായത് കാരണമാണ് പിഴ 12 ലക്ഷം രൂപയിൽ ഒതുങ്ങിയത്.

ശ്രേയസ് അയ്യർക്ക് കഴിഞ്ഞ സീസണിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിൽ രണ്ട് തവണ പിഴ നൽകേണ്ടി വന്നിരുന്നു. ഇതിൽ രണ്ടാം തവണ പിഴയായി 24 ലക്ഷം രൂപയാണ് താരത്തിന് അടക്കേണ്ടി വന്നത്. ഈ സീസണിൽ കുറ്റം ആവർത്തിച്ചാൽ വൻ തുക പിഴയായി അടക്കേണ്ടി വരും. ഒപ്പം സസ്പെൻഷൻ അടക്കമുള്ള നടപടികളും ശ്രേയസ് അയ്യർക്കെതിരെ ഉണ്ടാകും.

10,ITI കഴിഞ്ഞവർക്ക് ഇന്ത്യൻ നേവിയിൽ ജോലി; കൊച്ചിയിൽ നിയമനം,240 ഒഴിവുകൾ

10,ITI കഴിഞ്ഞവർക്ക് ഇന്ത്യൻ നേവിയിൽ ജോലി; കൊച്ചിയിൽ നിയമനം,240 ഒഴിവുകൾ

ഇന്ത്യൻ നേവിയുടെ കീഴിലുള്ള കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന നേവൽ ഷിപ്പ് റിപയർ യാർഡ് (NSRY), നാവൽ എയർക്രാഫ്റ്റ് യാർഡ് (NAY) എന്നിവിടങ്ങളിൽ അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 240 ഒഴിവുകളാണ് ഉള്ളത്. 10-ാം ക്ലാസും ഐടിഐയും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ട്രേഡ് – ഒഴിവുകൾ

കമ്പ്യൂട്ടർ ഓപ്പറേഷൻ & പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA) – 21

ഇലക്ട്രീഷ്യൻ – 29

ഇലക്ട്രോണിക്സ് മെക്കാനിക് – 18

ഫിറ്റർ – 31

മെഷിനിസ്റ്റ് – 09

മെക്കാനിക് (മോട്ടോർ വാഹനങ്ങൾ) – 08

മെക്കാനിക് (റഫ്രിജറേഷൻ & എയർ കണ്ടീഷൻ) – 06

ടർണർ – 08

വെൽഡർ (ഗ്യാസ് & ഇലക്ട്രിക്) – 14

ഇൻസ്ട്രുമെന്റ് മെക്കാനിക് – 15

ഫൗണ്ട്രി മാൻ – 01

ഷീറ്റ് മെറ്റൽ വർക്കർ – 16

ഡ്രാഫ്റ്റ് മാൻ (സിവിൽ) – 03

ഡ്രാഫ്റ്റ് മാൻ (മെക്കാനിക്കൽ) – 02

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 14

ഇലക്ട്രോ പ്ലേറ്റർ – 03

പ്ലംബർ – 05

മെക്കാനിക് (ഡീസൽ) – 08

ടെയ്ലർ (ജനറൽ) – 03

പെയിന്റർ (ജനറൽ) – 08

ഷിപ്‌റൈറ്റ് (വുഡ്) – 18

ആകെ ഒഴിവുകൾ: 240

വിദ്യാഭ്യാസ യോഗ്യത:

കുറഞ്ഞത് 50% മാർക്കോടെ 10-ാം ക്ലാസ് (മെട്രിക്കുലേഷൻ) പാസ് ആയിരിക്കണം

ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ (NCVT) സർട്ടിഫിക്കറ്റ് 65% മാർക്കോടെ പാസായിരിക്കണം

പ്രൊവിഷണൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും (NTC) അംഗീകരിക്കും

പ്രായപരിധി:

അപേക്ഷകർ 1 ജൂൺ 2026നു 18 വയസ്സ് പൂർത്തിയായിരിക്കണം

അപ്രന്റീസ് ഷിപ് പരിശീലനത്തിന് പരമാവധി പ്രായപരിധി ഇല്ല

തെരഞ്ഞെടുപ്പ് പ്രക്രിയ

ഉദ്യോഗാർത്ഥികളുടെ പത്താം ക്ലാസ്,ഐ ടി ഐയുടെയും മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവർക്ക് മാത്രമേ അടുത്ത ഘട്ടങ്ങളിലേക്ക് അവസരം ലഭിക്കൂ.

ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനും മെഡിക്കൽ പരിശോധനയ്ക്കും ക്ഷണിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അപ്രന്റീസ് പരിശീലനം 2026 ജൂലൈ മുതൽ ആരംഭിക്കും.

എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്‍ അവതരണം മാറ്റി കേന്ദ്രസര്‍ക്കാര്‍; പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം

എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്‍ അവതരണം മാറ്റി കേന്ദ്രസര്‍ക്കാര്‍; പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം

ഡല്‍ഹി: വിദേശ ഫണ്ട് വിനിയോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിവാദ എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്‍ ഉടൻ അവതരിപ്പിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ബില്ലിനെതിരെ ക്രൈസ്തവ സഭകള്‍ അടക്കം ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതു കൂടി പരിഗണിച്ചാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് നീട്ടിവെക്കുന്നതെന്നാണ് സൂചന.

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ, വിവാദ എഫ്‌സിആര്‍എ ബില്‍ ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്ന് ചര്‍ച്ചയ്ക്ക് എടുക്കില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. എന്നാല്‍ നാളെയോ അടുത്ത ദിവസങ്ങളിലോ ബില്‍ പരിഗണിക്കുമോയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടില്ല.

പ്രതിപക്ഷത്തെ വിമര്‍ശിച്ച മന്ത്രി കിരണ്‍ റിജിജു ബില്ലിനെ ന്യായീകരിച്ചു. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും വിദേശ ഫണ്ടിന്റെ ദുരുപയോഗം തടയുന്നതിനുമാണ് ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ബില്‍ ഒരു മതത്തെയോ സംഘടനയെയോ ലക്ഷ്യം വച്ചുള്ളതല്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും റിജിജു ആരോപിച്ചു.

രാവിലെ ചോദ്യോത്തര വേള ആരംഭിച്ചതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ എംപിമാര്‍ വിവാദ ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. ബഹളം രൂക്ഷമാവുകയും അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങുകയും ചെയ്തതോടെ സ്പീക്കര്‍ ഓം ബിര്‍ള ഉച്ചയ്ക്ക് 12 മണി വരെ ലോക്‌സഭ നിര്‍ത്തിവച്ചു. ബില്ലിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു.