അനുവദിച്ച പണം പിന്‍വലിക്കാനുള്ള അപേക്ഷ പോലും തന്നില്ല; കേരളത്തിനെതിരെ കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍

അനുവദിച്ച പണം പിന്‍വലിക്കാനുള്ള അപേക്ഷ പോലും തന്നില്ല; കേരളത്തിനെതിരെ കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍

ഡല്‍ഹി: കേരള സര്‍ക്കാരിനെതിരെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍. കേരളത്തിന് അനുവദിച്ച പണം സ്വീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 311. 95 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഈ പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷ പോലും ലഭിച്ചിട്ടില്ലെന്ന് നിര്‍മല സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചു.

കോണ്‍ഗ്രസിലെ മാണിക്കം ടോഗോറിന്റെ ചോദ്യത്തിന് മറുപടിയായാണ് കേരളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. പണം അനുവദിക്കുന്നത് ഒരു വിഷയം. ആ പണം ലഭിക്കുന്നതിനു വേണ്ടി അപേക്ഷ നല്‍കുക എന്ന പ്രക്രിയ കൂടിയുണ്ട്. അതിനുപോലും കേരള സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

കേരളത്തിനായി 311.95 കോടി രൂപയാണ് നീക്കിവെച്ചത്. ഇതില്‍ വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് അപകടസാധ്യത കുറയ്ക്കാനുള്ള പദ്ധതിക്കായി 72 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്ത് കാട്ടുതീ തടയല്‍ പദ്ധതിക്കായി 17. 73 കോടിയും അനുവദിച്ചിരുന്നു. തിരുവനന്തപുരത്തിനായി നഗരത്തിലെ പ്രളയസാധ്യത തടയാനുള്ള പദ്ധതിക്കായി 222 .22 കോടി രൂപയും അനുവദിച്ചു.

എന്നാല്‍ അനുവദിച്ച ഈ പണമൊന്നും പിന്‍വലിക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു എന്ന ആരോപണത്തിനിടെയാണ്, കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.

മുത്തയ്യ മുരളീധരന്റെ മാന്ത്രിക സ്പിൻ നേരിട്ട് സഞ്ജു സാംസൺ

മുത്തയ്യ മുരളീധരന്റെ മാന്ത്രിക സ്പിൻ നേരിട്ട് സഞ്ജു സാംസൺ

ചെന്നൈ: ആരാധകര്‍ക്കായി സഞ്ജു സാംസണ്‍ പാഡും ഗ്ലൗസും അണിഞ്ഞ് കളിക്കാനിറങ്ങിയപ്പോള്‍ മറുഭാഗത്ത് പന്തെറിഞ്ഞത് ഇതിഹാസ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. കീപ്പറായി പിന്നില്‍ ധോനിയും നിന്നു.

ടീമിനായി കിരീട നേട്ടങ്ങള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായ ഇതിഹാസങ്ങളെ വീണ്ടും അണിനിരത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐപിഎല്‍ പുതിയ സീസണിനു മുന്നോടിയായി ആരാധകര്‍ക്കായി ഹോം മൈതാനമായ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് സിഎസ്‌കെ ഇതിഹാസ താരങ്ങളെ വീണ്ടും കളത്തിലെത്തിച്ചത്. ഒപ്പം മലയാളി താരവും ലോകകപ്പ് ഹീറോയുമായ സഞ്ജു സാംസണും മുന്‍ ക്യാപ്റ്റനും 44ാം വയസിലും സിഎസ്‌കെ ജേഴ്‌സിയില്‍ കളിക്കുന്ന ഇതിഹാസവുമായ എംഎസ് ധോനി അടക്കമുള്ളവരും ഗ്രൗണ്ടിലെത്തി.

മുത്തയ്യ മുരളീധരന്റെ ആദ്യ പന്ത് സഞ്ജു ലെഗ് സൈഡിലേക്ക് തഴുകി വിട്ടു. രണ്ടാം പന്തില്‍ കയറി അടിക്കാന്‍ നോക്കിയ സഞ്ജുവിനെ ധോനി സ്റ്റംപ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ധോനിക്ക് പിഴച്ചു. മൂന്നാം പന്ത് സഞ്ജുവിനു തൊടാന്‍ സാധിച്ചില്ല. എന്നാല്‍ നാലാം പന്തില്‍ സഞ്ജു മുത്തയ്യ മരുളീധരനെ സിക്‌സര്‍ പറത്തുകയും ചെയ്തു. ഇതിഹാസ താരങ്ങള്‍ക്കൊപ്പം സൂപ്പര്‍ താരം സഞ്ജു ചേര്‍ന്ന നിമിഷത്തിന്റെ വിഡിയോ വൈറലായി മാറി.

മുത്തയ്യക്കൊപ്പം മുന്‍ സിഎസ്‌കെ താരങ്ങളായ മാത്യു ഹെയ്ഡന്‍, മൈക്ക് ഹസി, ഡ്വയ്ന്‍ ബ്രാവോ, മുരളി വിജയ്, പാര്‍ഥിവ് പട്ടേല്‍, എസ് ബദരിനാഥ്, സുരേഷ് റെയ്ന അടക്കമുള്ള താരങ്ങള്‍ മഞ്ഞ ജേഴ്സിയില്‍ വീണ്ടും ഗ്രൗണ്ടിലെത്തി. ചടങ്ങില്‍ ടി20 ലോകകപ്പ് കിരീടം നേടിയ സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവരെ ടീം ആദരിച്ചു. ഒപ്പം അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീമിനെ നയിച്ച ആയുഷ് മാത്രെയേയും ആദരിച്ചു. മൂവര്‍ക്കും ധോനി പുരസ്‌കാരം നല്‍കി.

ചടങ്ങിനിടെ സഞ്ജു പഞ്ച് തമിഴ് ഡയലോഗ് പറഞ്ഞും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം- എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ഈ ഡയലോഗ് പറഞ്ഞതോടെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് താരത്തിന്റെ വാക്കുകളോട് പ്രതികരിച്ചത്.

ഐപിഎല്ലില്‍ എന്തു തരത്തിലായിരിക്കും ബാറ്റ് വീശുക എന്നായിരുന്നു സഞ്ജുവിനോടുള്ള ചോദ്യം. ഇതിനാണ് താരം തമിഴില്‍ മറുപടി നല്‍കിയത്. സമീപനം ലളിതമാണ്. പന്ത് നോക്കി മാക്സിമം സിക്സടിക്കണം എന്നായിരുന്നു മറുപടി.

സീസണിനു മുന്നോടിയായാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന സഞ്ജുവിനെ ചെന്നൈ 18 കോടിയ്ക്ക് സ്വന്തമാക്കിയത്. മെഗാ ലേലത്തിനു മുന്നേ തന്നെ താരത്തെ ടീം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെയാണ് സഞ്ജുവിനായി ചെന്നൈ രാജസ്ഥാനു വിട്ടു നല്‍കിയത്.

അബുദാബി ലക്ഷ്യമിട്ട് വീണ്ടും ഇറാന്‍ മിസൈല്‍, പ്രതിരോധിച്ച് യുഎഇ; അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്

അബുദാബി ലക്ഷ്യമിട്ട് വീണ്ടും ഇറാന്‍ മിസൈല്‍, പ്രതിരോധിച്ച് യുഎഇ; അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ യുഎഇയ്ക്ക് നേരെ വീണ്ടും ആക്രമണം. അബുദാബി ലക്ഷ്യമിട്ട് ഇറാനില്‍ നിന്നെത്തിയ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധിച്ചതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിച്ച് ഇന്ത്യക്കാരന് പരിക്കേറ്റു.

വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി തടഞ്ഞതിനെത്തുടര്‍ന്ന് അല്‍ ഷവാമേഖ് പ്രദേശത്താണ് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതെന്നാണ് അറിയിപ്പ്. ഇത്തരം സംഭവങ്ങളില്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ തേടണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ഇറാനില്‍ നിന്ന് വരുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തുടര്‍ച്ചയായി പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ പറഞ്ഞു. ഇറാന്‍ വിക്ഷേപിച്ച 25 ഡ്രോണുകളും 4 ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം ഞായറാഴ്ച പറഞ്ഞു.

മുന്നാഴ്ച പിന്നിട്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. ഇറാന്റെ വൈദ്യുതി ശൃംഖലയെ 48 മണിക്കൂറിനുള്ളില്‍ തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇത്തരം ഒരു നീക്കം ഉണ്ടായാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഊര്‍ജ്ജ, ജല സംവിധാനങ്ങള്‍ ആക്രമിക്കുമെന്നായിരുന്നു ഇറാന്റെ മറുപടി.

അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ഹോര്‍മുസ് അടച്ചുപൂട്ടി ലോകത്തേക്കുള്ള വാതക, ഇന്ധന വിതരണം തടസപ്പെടുത്തന്ന ഇറാന്റെ നടപടിയെ ഉള്‍പ്പെടെ ജിസിസി സെക്രട്ടറി അപലപിച്ചു. 22 രാജ്യങ്ങള്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവനയിലാണ് ഇറാനെതിരെ ജിസിസി രാഷ്ട്രങ്ങൾ പുറത്തിറക്കിയത്.

ഹോര്‍മൂസ് കടക്കാന്‍ ഒരു കപ്പലിന് 19 കോടി രൂപ ടോള്‍; യുദ്ധച്ചെലവ് പിരിച്ചെടുക്കാന്‍ ഇറാന്‍

ഹോര്‍മൂസ് കടക്കാന്‍ ഒരു കപ്പലിന് 19 കോടി രൂപ ടോള്‍; യുദ്ധച്ചെലവ് പിരിച്ചെടുക്കാന്‍ ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ട്രാന്‍സിസ്റ്റ് ഫീസ് ഊടാക്കുന്നതായി റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ആഗ്രഹിക്കുന്ന ചരക്ക് കപ്പലുകളില്‍ നിന്ന് 2 മില്യണ്‍ ഡോളര്‍ (ഏകദേശം 18.76 കോടി രൂപ) ട്രാന്‍സിസ്റ്റ് ഫീസ് ഇറാന്‍ ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാഡിന്‍ ബോറോജെര്‍ഡിയെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍.

ട്രാന്‍സിസ്റ്റ് ഫീസിനെ ന്യായീകരിച്ച അലാഡിന്‍ ബോറോജെര്‍ഡി മേഖലയിലെ ഇറാന്റെ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമാണ് നടപടി എന്ന് അലാഡിന്‍ ബോറോജെര്‍ഡി പ്രതികരിച്ചു. ഇറാന്റെ നടപടി കപ്പല്‍ ഗതാഗതത്തെ മേഖലയില്‍ പുതിയ വെല്ലുവിളി സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇറാനിയന്‍ സ്ഥാപനങ്ങളുമായുള്ള നേരിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് കാരണമാകുമെന്നതാണ് ഷിപ്പിങ് കമ്പനികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. 48 മണിക്കൂര്‍ സമയമാണ് ഹോര്‍മൂസിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ട്രംപ് നല്‍കിയിരിക്കുന്ന സമയം. ഇതിന് പിന്നാലെ ആഗോള ഇന്ധന വിതരണത്തിന്റെ നിര്‍ണ്ണായക കേന്ദ്രമായ ഹോര്‍മുസ് കടലിടുക്ക് ശത്രുക്കള്‍ക്ക് മുന്നില്‍ മാത്രമാണ് അടച്ചിട്ടുള്ളതെന്ന് ഇറാന്‍ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജന്‍സിയിലെ ഇറാന്‍ പ്രതിനിധിയാണ് ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയില്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ഇറാനിയന്‍ സര്‍ക്കാരുമായി ഏകോപിപ്പിച്ചാല്‍, വിദേശ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാം എന്നാണ് ഇറാന്‍ പ്രതിനിധി അലി മൗസവി പ്രസ്താവനയിലൂടെ അറിയിച്ചത്.

ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ‘ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കണം, അല്ലെങ്കില്‍ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തെ നേരിടേണ്ടി വരും. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് തുറക്കുന്നതില്‍ നടപടി വേണം. അല്ലെങ്കില്‍ അമേരിക്ക ഇറാന്റെവിവിധ ഊര്‍ജ്ജ നിലയങ്ങളെ ആക്രമിച്ച് ഇല്ലാതാക്കും. ഏറ്റവും വലിയ ഒന്നില്‍ നിന്നാകും തുടക്കം!’ എന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവച്ച പോസ്റ്റില്‍ ട്രംപ് കുറിച്ചു.

മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം; നാല് മലയാളികൾ മരിച്ചു

മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം; നാല് മലയാളികൾ മരിച്ചു

മൈസൂരുവിൽ വാഹനാപകടത്തിൽ 4 മലയാളികൾക്ക് ദാരുണാന്ത്യം. സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബെംഗളൂരു -മൈസൂരു എക്സ്പ്രസ് ഹൈവേയിലാണ് ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

ബസിലെ യാത്രക്കാരായ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് മരിച്ചത്. ചന്നപട്ടണയ്ക്ക് സമീപം പി കെ ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയതായിരുന്നു ബസ്. മറ്റ് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹം ചന്നപട്ടണയിലെ ആശുപത്രിയിലേക്ക് മാറ്റി.

‘ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമൂസ് കടലിടുക്ക് അടയ്ക്കും’; ഇസ്രയേലിൽ വീണ്ടും ഇറാന്റെ ആക്രമണം

‘ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമൂസ് കടലിടുക്ക് അടയ്ക്കും’; ഇസ്രയേലിൽ വീണ്ടും ഇറാന്റെ ആക്രമണം

ടെഹ്റാൻ∙ ഇസ്രയേലിൽ വീണ്ടും ആക്രമണം നടത്തി ഇറാൻ. ഇറാൻ മിസൈലുകൾ അയച്ചുവെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ പറഞ്ഞു.

അതിനിടെ, യുഎസ് തങ്ങളുടെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമൂസ് കടലിടുക്ക് പൂർണമായും അടച്ചിടുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇറാൻ റവല്യൂഷണറി ഗാർഡ് കോർ. ഊർജകേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഇറാന്റെ മുന്നറിയിപ്പ്. ‘‘ഞങ്ങളുടെ നശിപ്പിക്കപ്പെട്ട ഊർജ കേന്ദ്രങ്ങൾ പുനർനിർമിക്കുന്നത് വരെ ഹോർമൂസ് കടലിടുക്ക് പൂർണമായും അടച്ചിടും. തുറക്കില്ല’’– എന്നാണ് ഇറാൻ റവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ അറിയിച്ചത്.

എന്നാൽ ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങൾ പാടേ തകർക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ‍ പശ്ചിമേഷ്യയിലെ ഊർജ സംസ്കരണ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലും പരിഹരിക്കാനാകാത്തവിധം നാശമുണ്ടാക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും പറഞ്ഞിരുന്നു. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ വലിയൊരു പങ്കും ഹോര്‍മൂസിലൂടെയാണ് കടന്നുപോകുന്നത്.