by Midhun HP News | Aug 17, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നാലു മാസത്തിനിടെ ജഡ്ജി വിധിച്ചത് 22 വധശിക്ഷ. യുപിയിലെ മുസാഫര്‍നഗര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി രവികുമാര്‍ ദിവാകറിന്റെ വിധികളാണ് ദേശീയ ശ്രദ്ധ നേടിയിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളിലാണ് സാധാരണ വധശിക്ഷ വിധിക്കാറുള്ളത്. ജഡ്ജി രവികുമാറിന്റെ വിധികളുടെ പശ്ചാത്തലത്തില്‍, അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന വാദവും വീണ്ടും ചര്‍ച്ചയാകുകയാണ്.

മുസാഫര്‍ നഗറില്‍ ചുമതലയേറ്റെടുത്ത ശേഷം ജഡ്ജി രവികുമാര്‍ ദിവാകര്‍ 10 കേസുകളിലായാണ് 22 പ്രതികള്‍ക്ക് മരണശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ റെക്കോര്‍ഡാണ് ജഡ്ജി രവികുമാര്‍ കുറിച്ചിരിക്കുന്നത്. നേരത്തെ ബറൈലി കോടതിയില്‍ ജോലി ചെയ്യവെ 13 പേര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇതോടെ ജഡ്ജി ജഡ്ജി രവികുമാര്‍ ദിവാകര്‍ ആകെ മരണശിക്ഷ വിധിച്ച പ്രതികളുടെ എണ്ണം 35 ആയിട്ടുണ്ട്.
അഡ്വക്കേറ്റ് സമീര്‍ സൈഫിയുടെ കൊലപാതകത്തില്‍ ഏപ്രില്‍ ആറിന് മൂന്നു പേര്‍ക്ക് വധശിക്ഷ വിധിച്ചതാണ്, മുസാഫര്‍നഗര്‍ സെഷന്‍സ് ജഡ്ജിയായിരിക്കെയുള്ള ആദ്യ വിധി. ഒരു കൊലപാതകക്കേസില്‍ ഏപ്രില്‍ 28 ന്, സ്ത്രീ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വധശിക്ഷ വിധിച്ചു. 2011 ലെ ഹൈവേ കവര്‍ച്ചാ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കാണ് അവസാനമായി വധശിക്ഷ വിധിച്ചത്.
‘വധശിക്ഷ വിധിക്കുന്നത് വളരെ ആലോചനകള്‍ക്കു ശേഷവും ‘അപൂര്‍വങ്ങളില്‍ അപൂര്‍വം’ എന്ന തത്വത്തിന്റെ പവിത്രത മനസ്സില്‍ വെച്ചും ആയിരിക്കണമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, BNSS-ന്റെ സെക്ഷന്‍ 407(1) പ്രകാരം, സെഷന്‍സ് കോടതി പുറപ്പെടുവിക്കുന്ന വധശിക്ഷ ഹൈക്കോടതി ശരിവെക്കേണ്ടതാണ്. ഹൈക്കോടതി വിധി അംഗീകരിച്ചാല്‍ മാത്രമേ ശിക്ഷ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ.


by Midhun HP News | Aug 17, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 300 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. നിലവില്‍ 78,000 പോയിന്റില്‍ താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,300ലേക്കാണ് താഴ്ന്നത്.
കഴിഞ്ഞയാഴ്ച ഓഹരി വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇത് തുടരുന്ന കാഴ്ചയാണ് ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ കണ്ടത്. എണ്ണവില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 90 ഡോളറിലേക്ക് അടുക്കുകയാണ്.

അമേരിക്ക- ഇറാന്‍ സമാധാന കരാറിനുള്ള സാധ്യത മങ്ങുന്നത് അടക്കമുള്ള വിഷയങ്ങളാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. എണ്ണവില വര്‍ധന രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ 17 പൈസയുടെ നഷ്ടത്തോടെ 95.59ലേക്കാണ് രൂപ ഇടിഞ്ഞത്. പ്രധാനമായി ഭാരതി എയര്‍ടെല്‍, റിലയന്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി ഓഹരികള്‍ നേട്ടം സ്വന്തമാക്കി.


by Midhun HP News | Aug 15, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്ദേമാതരം പൂര്‍ണമായി പാടി. സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇടപെട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഗായകസംഘം ദേശീയ ഗീതം മുഴുവനായി പാടി. വന്ദേമാതരം പൂര്‍ണമായി പാടിയത് നേതാക്കളുടെ അറിവോടെയല്ലെന്ന് നേതൃത്വത്തിന്റെ വിശദീകരണം.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയഗീതം പൂര്‍ണമായി പാടുകയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചത്. ദൈവിക സ്തുതികള്‍ ഒഴിവാക്കുമെന്നും ആദ്യത്തെ രണ്ട് ചരണം മാത്രമേ പാടുകയുള്ളുവെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കുകയായിരുന്നു.
ആദ്യത്തെ രണ്ട് ചരണം കഴിഞ്ഞ് ഗായകസംഘം ദേശീയ ഗീതം പാടുന്നത് തുടര്‍ന്നതോടെ സോണിയ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഗായസംഘം ഗീതം തുടരുകായിരുന്നു. എഐസിസി തന്നെ ഏര്‍പ്പാടാക്കിയ ഗായസംഘമാണ് ദേശീയ ഗീതം ആലപിച്ചത്. ഏതായാലും കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്ന് മാറുന്ന കാഴ്ചയാണ് എഐസസി ആസ്ഥാനത്ത് ഉണ്ടായത്.


by Midhun HP News | Aug 15, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം. കനതത്ത സുരക്ഷായാണ് ഇത്തവണയും രാജ്യതലസ്ഥാനത്ത് ഒരുക്കിയത്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ദേശീയഗീതത്തിന്റെ 150 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ചടങ്ങുകളില്‍ ആദ്യമായി വന്ദേമാതരം ആലപിക്കും. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയുടെ പ്രയാണത്തിന് കരുത്തേകുന്ന യുവശക്തിയുടെ ഊര്‍ജ്ജവും സംഭാവനകളും ആഘോഷിക്കുന്നതിനുമാണ് ഇത്തവണത്തെ പ്രധാന ചടങ്ങ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വാക്കളാണ് രാജ്യത്തിന്റെ സമ്പത്തെന്നും വിദ്യാര്‍ഥികള്‍ക്ക് നീതിയുക്തവും സുരക്ഷിതവുമായ പരീക്ഷകള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ പൗരന്മാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതായും ദ്രൗപതി മുര്‍മു പറഞ്ഞു. വന്ദേമാതരത്തിന്റെ പൂര്‍ണമായ ആലാപനത്തിന് ശേഷമായിരുന്നു രാഷ്ട്രപതിയുടെ അഭിസംബോധന.
ആര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്ന് ഉറപ്പാക്കേണ്ടത് നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടെയും കര്‍ത്തവ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രനിര്‍മ്മാണത്തില്‍ എല്ലാവരും പങ്കാളികളാകണം. വികസനത്തിന്റെ ഫലം എല്ലാവരിലേക്കും എത്തണമെന്നതാണ് ലക്ഷ്യം. പൊതു പരീക്ഷകള്‍ പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. പൊതു പരീക്ഷകളില്‍ തെറ്റായ പ്രവണതകള്‍ തടയുന്നതിനും, സുതാര്യത ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും രാത്രികാല പട്രോളിങ്, തന്ത്രപ്രധാന സ്ഥലങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു നിരീക്ഷണം തുടങ്ങി. മോക് ഡ്രില്ലുകളും നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പൊലീസ് സംഘം പരിശോധന നടത്തി. ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ ആയാനഗറില്‍ പൊലീസിനു പുറമേ അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. നഗരത്തിലേക്കു കടക്കുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.


by Midhun HP News | Aug 14, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: സെന്‍സസില്‍ രാജ്യത്തെ പൗരന്മാരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള 40 ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ജാതി, പട്ടിക ജാതി, പട്ടിക വര്‍ഗ പദവി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പട്ടികയിലുണ്ട്. ഇതാദ്യമായാണ് സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തുന്നത്.
സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. പൗരന്മാര്‍ നല്‍കുന്ന വിവരം വച്ചുള്ള ജാതിയാവും എന്യൂമറേറ്റര്‍മാര്‍ രേഖപ്പെടുത്തുക. ജാതികളുടെ പട്ടിക ചോദ്യത്തിനൊപ്പം ഉണ്ടാവില്ല.

രാജ്യത്തെ മഞ്ഞു വീഴ്ചയുള്ള പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ മുപ്പതു വരെ വിവര ശേഖരണം നടത്തും. ഇവിടത്തുകാര്‍ക്ക് ഈ മാസം 17 മുതല്‍ സ്വയം വിവരങ്ങള്‍ നല്‍കാനും സൗകര്യമുണ്ടാവും. ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഈ മാസം മുതല്‍ വിവര ശേഖരണം നടത്തുക. ശേഷിച്ച മേഖലകളില്‍ അടുത്ത വര്‍ഷമാണ് സെന്‍സസ്.
ജാതി, പട്ടിക വിഭാഗ പദവി എന്നിവയ്‌ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സ്ഥലവും ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹിതരാണോ, വിവാഹ സമയത്തെ പ്രായം, പങ്കാളിയുടെ പേര്, ഏതു രാജ്യത്തുനിന്നുള്ളയാളാണ്, മതം, മാതാപിതാക്കളുടെ വിവരങ്ങള്‍, ശാരീരിക വെല്ലുവിളി നേരിടുന്നയാളാണോ, മാതൃഭാഷ, അറിയാവുന്ന മറ്റു ഭാഷകള്‍, സാക്ഷരത, ഡിജിറ്റല്‍ സാക്ഷരത തുടങ്ങിയ കാര്യങ്ങളും ചോദ്യാവലിയിലുണ്ട്.
എത്ര വരെ പഠിച്ചു, ഏതു വിഷയത്തില്‍, ജോലിയുണ്ടോ, സാമ്പത്തിക സ്ഥിതി, വ്യവസായമോ ബിസിനസ്സോ നടത്തുന്നുണ്ടോ, ഉണ്ടെങ്കില്‍ ഏത് തുടങ്ങിയ കാര്യങ്ങളും രേഖപ്പെടുത്തും. ജോലി സമീപത്തു തന്നെയാണോ യാത്ര വേണ്ടിവരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ആരായും.ജനന സ്ഥലം, താസമിക്കുന്ന സ്ഥലം, താമസം മാറാനുണ്ടായ കാരണം, ഓരോയിടത്തും താമസിച്ച കാലയളവ്, സ്ഥിരം വിലാസം എന്നിവയും ചോദ്യാവലിയിലുണ്ട്.
എത്ര ബാങ്ക് അക്കൗണ്ട് ഉണ്ട്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, വോട്ടര്‍ ഐഡി നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ എന്നീ കാര്യങ്ങളും എന്യൂമറേറ്റര്‍മാര്‍ ചോദിക്കും.


by Midhun HP News | Aug 14, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം (AI2379) പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ച് യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ നിർണ്ണായക വിവരങ്ങളുമായി വിമാന നിർമ്മാതാക്കളായ എയർബസ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് (ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ) പരിശോധിച്ചതിൽ നിന്ന്, അപകടസമയത്ത് തുടർച്ചയായി നാല് സെക്കൻഡ് നേരം വിമാനത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങളെല്ലാം ഒരേസമയം പൂർണ്ണമായി നിലച്ചിരുന്നതായി കണ്ടെത്തി.

എയർബസ് A320 നിയോ വിമാനത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത വിധം ഒരേസമയം മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും പ്രവർത്തനരഹിതമായതാണ് ഈ നാല് സെക്കൻഡിൽ വിമാനത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടമാകാൻ ഇടയാക്കിയത്. വിമാനത്തിന്റെ മൂക്ക് മുകളിലേക്കും താഴേക്കും ചലിപ്പിക്കുന്ന എലിവേറ്ററുകളും, വശങ്ങളിലേക്ക് തിരിയാൻ സഹായിക്കുന്ന എയ്‌ലറോണുകളും, വേഗത നിയന്ത്രിക്കുന്ന സ്പോയിലറുകളും പൈലറ്റുമാരുടെ യാതൊരു നിയന്ത്രണവുമില്ലാതെ സ്വയം ചലിക്കുകയായിരുന്നു.
ഹൈഡ്രോളിക് സംവിധാനം തകരാറിലായതോടെ ഓട്ടോ പൈലറ്റ് തനിയെ വിച്ഛേദിക്കപ്പെടുകയും, വിമാനത്തിന്റെ ചിറകുകൾക്ക് ഉയർന്നുനിൽക്കാനുള്ള കാറ്റിന്റെ മർദ്ദം കുറയുന്ന ‘സ്റ്റാൾ’ അവസ്ഥ മുന്നറിയിപ്പായി കോക്പിറ്റിൽ മുഴങ്ങുകയും ചെയ്തു. തുടർന്ന് നിയന്ത്രണം വീണ്ടെടുക്കാനുള്ള സാധാരണ സുരക്ഷാ ചട്ടങ്ങൾ പാലിച്ച്, വിമാനം പറത്തിയിരുന്ന ഫസ്റ്റ് ഓഫീസർ കൺട്രോൾ സൈഡ്-സ്റ്റിക്ക് മുന്നോട്ട് തള്ളി മൂക്ക് താഴ്ത്താൻ ശ്രമിച്ചു.
എന്നാൽ ഹൈഡ്രോളിക് പ്രഷർ ഇല്ലാതിരുന്നതിനാൽ ഈ സമയം വിമാനം പ്രതികരിച്ചില്ല. ഏതാനും നിമിഷങ്ങൾക്കുള്ളിൽ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും സ്വയം പുനഃസ്ഥാപിക്കപ്പെട്ടതോടെ, മുൻപ് നൽകിയ കമാൻഡ് അനുസരിച്ച് വിമാനം കുത്തനെ അതിശക്തമായി താഴേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ കടുത്ത ആഘാതത്തിലാണ് യാത്രക്കാരും ജീവനക്കാരും വിമാനത്തിന്റെ മുകൾത്തട്ടിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റത്.

ഫ്രാൻസിലെ ടൂളൂസിലുള്ള എയർബസിന്റെ സാങ്കേതിക കേന്ദ്രത്തിലാണ് ബ്ലാക്ക് ബോക്സ് വിവരങ്ങൾ വിശകലനം ചെയ്തത്. പ്രഷർ സെൻസറിലെ തകരാറാണ് അടിയന്തര സാഹചര്യത്തിന് കാരണമായതെന്നാണ് എയർബസിന്റെ പ്രാഥമിക നിഗമനമെങ്കിലും അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എയർബസിലെ വിദഗ്ദ്ധരും ഫ്രഞ്ച് വ്യോമയാന അന്വേഷണ ഏജൻസിയായ ബിഇഎയും ഡൽഹിയിലെത്തി ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുമായി ചേർന്ന് പരിശോധനകൾ ആരംഭിച്ചു.
വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡർ ക്യാപ്റ്റൻ സുദീപ് വസിഷ്ഠിന്റെ രക്തപരിശോധനയിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ, പൈലറ്റിന്റെ പെരുമാറ്റത്തിന് ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതിലും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എയർ ഇന്ത്യയിലെ മുഴുവൻ പൈലറ്റുമാർക്കും ലഹരി പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

Recent Comments