by Midhun HP News | Aug 20, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പുറത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന താല്‍ക്കാലിക നിര്‍മ്മിതികള്‍ ഇന്ത്യന്‍ അധികൃതര്‍ നീക്കം ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ വ്യാഴാഴ്ചയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഹൈക്കമ്മീഷന്റെ വിസ വിഭാഗത്തിന് സമീപം സ്ഥാപിച്ചിരുന്ന ക്യൂ മാനേജ്മെന്റ് ബാരിയറുകളും മറ്റ് നിര്‍മ്മിതികളുമാണ് നീക്കം ചെയ്തത്.

കമ്മീഷന്റെ അംഗീകൃത അതിര്‍ത്തിക്ക് പുറത്തുള്ള പാതയില്‍ അനധികൃതമായി ഇവ സ്ഥാപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത് പൊതുഗതാഗതത്തിനും വഴിയാത്രക്കാര്‍ക്കും തടസ്സമുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
ഈ സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തലത്തിലുള്ള നീക്കങ്ങളുടെ ഭാഗമായാണോ എന്നതും ശ്രദ്ധേയമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് പുറത്ത് സ്ഥാപിച്ചിരുന്ന സുരക്ഷാ ബാരിക്കേഡുകളും പാര്‍ക്കിങ് പോസ്റ്റുകളും പാകിസ്ഥാന്‍ അധികൃതര്‍ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടിയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന നയതന്ത്ര ബന്ധങ്ങള്‍ക്കിടയില്‍, ഹൈക്കമ്മീഷനുകളുടെ സുരക്ഷയും അതിര്‍ത്തി ക്രമീകരണങ്ങളും സംബന്ധിച്ച നടപടികള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമല്ലെങ്കിലും, നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഒഴിപ്പിക്കല്‍ എന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം യുഎസ് അംബാസഡര്‍, ജമ്മു കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന് പ്രതികരിച്ചതും പാകിസ്ഥാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നും അമേരിക്ക മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് പാകിസ്ഥാന്‍ പ്രതിഷേധമറിയിച്ചത്.


by Midhun HP News | Aug 20, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളിലും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. 1937ല്‍ പാസാക്കിയ പാര്‍ട്ടി പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ആഘോഷങ്ങള്‍ക്കിടെ വന്ദേമാതരം പാടുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചുവെന്നാരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കാത്തതിനെതിരെയും ബിജെപി കടുത്ത വിമര്‍ശനങ്ങളുയര്‍ത്തി.

ബിജെപിയുടെ ആരോപണങ്ങളെ രാഷ്ട്രീയ പ്രേരിതമെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മഹാത്മഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ പട്ടേലുമടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ പിന്തുടര്‍ന്ന കീഴ്വഴക്കമാണ് തങ്ങളും പിന്തുടരുന്നതെന്ന് വ്യക്തമാക്കി. രവീന്ദ്രനാഥ ടാഗോര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് അന്ന് രണ്ട് ഖണ്ഡികകള്‍ മാത്രം പാടാന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസിന്റെ തീരുമാനത്തെ അങ്ങേയറ്റം അപലപനീയമെന്ന് വിശേഷിപ്പിച്ച ബിജെപി, കോണ്‍ഗ്രസ് പുതിയ ‘മുസ്ലിം ലീഗ്’ ആയി മാറിയെന്ന് പരിഹസിച്ചു. വന്ദേമാതരം ദേശീയ ഗാനത്തിന് തുല്യമായ നിയമപരിരക്ഷയുള്ള ഗാനമാണെന്നും, പാര്‍ട്ടി സ്വന്തം പ്രമേയത്തിന് രാജ്യത്തെ നിയമത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്നതാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.


by Midhun HP News | Aug 20, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ബാങ്കിങ് ഇടപാടുകളില്‍ ഡിജിറ്റല്‍ യുഗം പിടിമുറുക്കുമ്പോഴും, സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങളെ കൂട്ടുപിടിക്കുന്ന ഇടമാണ് ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ അഥവാ ബിഎസ്ബിഡി അക്കൗണ്ടുകള്‍. എന്നാല്‍, ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 1 മുതല്‍ ബിഎസ്ബിഡി അക്കൗണ്ടുകള്‍ക്ക് പരിഷ്‌കരിച്ച സര്‍വീസ് ചാര്‍ജുകള്‍ നിലവില്‍ വരും. ചെറിയ തുക അക്കൗണ്ടില്‍ സൂക്ഷിക്കുന്നവര്‍ക്കും, ഇടയ്ക്കിടെ പണം പിന്‍വലിക്കുന്നവര്‍ക്കും ഈ മാറ്റം പ്രധാനമാണ്.

നിലവില്‍ ഒരു മാസം സൗജന്യമായി പിന്‍വലിക്കാവുന്ന നാല് തവണകള്‍ക്ക് ശേഷം, ബാങ്ക് പുതിയ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങും. അഞ്ചാമത്തെ തവണ മുതല്‍ നടത്തുന്ന ഓരോ പിന്‍വലിക്കലിനും 15 രൂപയും കൂടെ ജിഎസ്ടിയുമാണ് ഈടാക്കുക. നേരത്തെ, ഡിജിറ്റല്‍ ഇടപാടുകളെ (എടിഎമ്മുകളില്‍ യുപിഐ വഴി പിന്‍വലിക്കുന്നത് ഉള്‍പ്പെടെ) സൗജന്യ പിന്‍വലിക്കല്‍ പരിധിയില്‍ നിന്ന് ബാങ്ക് ഒഴിവാക്കിയിരുന്നു. എന്നാല്‍ അത് ഇനി ഉണ്ടാകില്ല. ബ്രാഞ്ച് വഴിയോ, എടിഎം വഴിയോ, അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങളിലൂടെയോ നടത്തുന്ന എല്ലാവിധ പണം പിന്‍വലിക്കലുകളും ഈ നാല് തവണയെന്ന പരിധിയില്‍ വരും. ഇതില്‍ കൂടുതല്‍ തവണകള്‍ പണം എടുക്കുന്നവര്‍ ഓരോ തവണയും അധിക തുക നല്‍കേണ്ടി വരും.

സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്ബിഡി അക്കൗണ്ടുകള്‍ തുടങ്ങിയത്. മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ, വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് ഇല്ലാത്ത റൂപേ എടിഎം കാര്‍ഡും ബാങ്ക് സൗജന്യമായി നല്‍കുന്നുണ്ട്. അമിതമായ കടമ്പകളില്ലാതെ സമ്പാദ്യം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച അവസരമാണ്.

ബിഎസ്ബിഡി അക്കൗണ്ട് ഉള്ളവര്‍ക്ക് മറ്റ് സാധാരണ സേവിങ്‌സ് അക്കൗണ്ടുകള്‍ പാടില്ല. അങ്ങനെയുണ്ടെങ്കില്‍, പുതിയ അക്കൗണ്ട് തുറന്ന് 30 ദിവസത്തിനുള്ളില്‍ പഴയത് ക്ലോസ് ചെയ്യണം. NEFT/RTGS വഴിയുള്ള പണം നിക്ഷേപിക്കലിന് ഇപ്പോഴും ചാര്‍ജുകളില്ല. കൂടാതെ ഇന്‍ഓപ്പറേറ്റീവ് അക്കൗണ്ടുകള്‍ സജീവമാക്കുന്നതിനും ഫീസുകള്‍ ഇല്ല. ഈ അക്കൗണ്ടില്‍ ചെക്ക് ബുക്ക് സൗകര്യം ലഭ്യമാകില്ല എന്നത് പ്രത്യേകം ഓര്‍ക്കുക. ചെറിയ സമ്പാദ്യങ്ങള്‍ സൂക്ഷിക്കുന്നവര്‍ ഇനി മുതല്‍ പിന്‍വലിക്കലുകളുടെ എണ്ണം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

by Midhun HP News | Aug 20, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാനുള്ള സമയപരിധി 23 വരെ നീട്ടി. പൊതുമേഖല എണ്ണ വിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനുമാണ് സമയപരിധി നീട്ടിയത്. ബിപിസിഎല്‍ നേരത്തെ തന്നെ തീയതി നീട്ടിയിരുന്നു.

ഇതുവരെ ഇ-കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് മാത്രമാണ് ഇതുസംബന്ധിച്ച സന്ദേശം കമ്പനികള്‍ അയയ്ക്കുന്നത്. ഒരു വര്‍ഷത്തിനിടെ ഇ-കെവൈസി നല്‍കിയിട്ടുള്ളവര്‍ വീണ്ടും നല്‍കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇ-കെവൈസി നിര്‍ബന്ധമായി നല്‍കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്സിഡി നിരക്കില്‍ സിലിണ്ടറുകള്‍ ലഭിക്കില്ലെന്നും വാണിജ്യ നിരക്കില്‍ സിലിണ്ടറുകള്‍ വാങ്ങേണ്ടി വന്നേക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിശ്ചിത തീയതിക്കകം ബയോമെട്രിക് അപ്‌ഡേഷന്‍ നല്‍കിയില്ലെങ്കില്‍ ഗാര്‍ഹിക സിലിണ്ടര്‍ ആനൂകൂല്യം ലഭിക്കില്ല എന്ന തരത്തില്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ഗ്യാസ് ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2024ല്‍ ആരംഭിച്ച ഇ- കെവൈസി അപ്‌ഡേഷന്‍ കര്‍ശനമാക്കിയത് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സിലിണ്ടര്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ്. ഗ്യാസ് സിലിണ്ടര്‍ യഥാര്‍ഥ ഉടമകള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പിക്കാനാണ് അപ്‌ഡേഷന്‍ എന്നാണ് കമ്പനികളുടെ വാദം.

വിതരണ ഏജന്‍സികള്‍ മുഖേനെയും കമ്പനികളുടെ ആപ്പ് വഴി ഓണ്‍ലൈനായും അപ്‌ഡേഷന്‍ നടത്താം. സിലിണ്ടര്‍ വിതരണത്തിനായി ഏജന്‍സി ജീവനക്കാര്‍ വീട്ടിലെത്തുമ്പോഴും അപ്‌ഡേഷന്‍ നടത്താവുന്നതാണ്. ഓണ്‍ലൈന്‍ അപ്‌ഡേഷനായി കമ്പനി ആപ്പും ചിത്രം എടുക്കാനായി ആധാര്‍ ഫെയ്സ് ആര്‍ഡി ആപ്പും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. സംശയങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍: 1800 2333555ല്‍ ബന്ധപ്പെടാവുന്നതാണ്.

ഇന്‍ഡേന്‍, എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ് എന്നിവയ്ക്കായി ഇ- കെവൈസി പൂര്‍ത്തിയാക്കേണ്ട വിധം താഴെ:
1. എല്‍പിജി സിലിണ്ടര്‍ കമ്പനിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
2. എല്‍പിജി അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
3. രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കി മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുക
4. എല്‍പിജി അക്കൗണ്ട് ലിങ്ക് ചെയ്യുകയോ ആക്സസ് ചെയ്യുകയോ ചെയ്യുക
ഇന്‍ഡേന്‍ ഗ്യാസ്: അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ 16 അക്ക എല്‍പിജി ഐഡി നല്‍കുക
ബിപിസിഎല്‍, എച്ച്പിസിഎല്‍ ആപ്പുകളില്‍ ഇ-കെവൈസി ഓപ്ഷന്‍ നേരിട്ട് ലഭ്യമാണ്.
5. ഇ- കെവൈസി ഓപ്ഷന്‍ ഓപ്പണ്‍ ചെയ്യുക
ഇന്‍ഡേന്‍ ഗ്യാസ്: മൈ പ്രൊഫൈല്‍ വിഭാഗത്തിന് കീഴില്‍ ഇ-കെവൈസി ഓപ്ഷന്‍ കാണാം
ഭാരത് ഗ്യാസ്: ഹോം പേജില്‍ തന്നെ ഇ-കെവൈസി ഓപ്ഷന്‍ ലഭ്യമാണ്
എച്ച്പി ഗ്യാസ്: എച്ച്പി പേ ആപ്പില്‍ എല്‍പിജി സെക്ഷന് കീഴില്‍ ഇ- കെവൈസി ഓപ്ഷന്‍ കാണാം
6. നിബന്ധനകള്‍ വായിച്ച് മനസിലാക്കിയ ശേഷം ആധാര്‍ അധിഷ്ഠിത ഫെയ്സ് ഓതന്റിക്കേഷന് സമ്മതം നല്‍കുക
7. ഫെയ്സ് സ്‌കാന്‍ ടാപ്പ് ചെയ്ത് ആധാര്‍ ഫെയ്സ് ആര്‍ഡി ആപ്പിനെ മുഖം സ്‌കാന്‍ ചെയ്യാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കുക.

by Midhun HP News | Aug 19, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി. 600 വിദഗ്ധരെ മാറ്റി പകരം പുതിയ വിദഗ്ധരെ നിയമിച്ചു. ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നാലു ഘട്ട പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. എന്‍ടിഎ ഓഫീസുകള്‍ അടിയന്തരമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

എന്‍ടിഎ ഓഫീസുകളുടെ സുരക്ഷാ ചുമതല സുരക്ഷാ ചുമതല സിഐഎസ്എഫിന് നല്‍കും. അടുത്ത 23 ആഴ്ചകള്‍ക്കുള്ളില്‍ 20 മുതല്‍ 25 വരെ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. പരീക്ഷകള്‍ പൂര്‍ണ്ണ സുരക്ഷയോടെയും പഴുതുകളടച്ചും നടത്തണമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി നിര്‍ദേശം നല്‍കിയിരുന്നു.
യുജിസി നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളില്‍ പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം. പരീക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. പരീക്ഷാ നടപടികള്‍ സമഗ്രമായി പരിശോധിക്കാനും ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എന്‍ടിഎയോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനാണ് ദേശീയ പരീക്ഷാ ഏജൻസിയുടെ തീരുമാനം. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. സെപ്റ്റംബർ 9, 10 തീയതികളിലായി പരീക്ഷ നടക്കും. സെപ്റ്റംബർ 9-ന് രാവിലെ 9 മുതൽ 12 വരെയുള്ള ഒന്നാം ഷിഫ്റ്റിൽ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം 3 മുതൽ 6 വരെ കൊമേഴ്സ് പരീക്ഷയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10-ന് രാവിലെ 9 മുതൽ 12 വരെ നടക്കും.

by Midhun HP News | Aug 18, 2026 | Latest News, ദേശീയ വാർത്ത
ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. തടവിലാക്കപ്പെട്ട ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ആശങ്കകള്‍ തുടരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നടപടി. ഇമ്രാന് ആശുപത്രിയില്‍ ചികിത്സയൊരുക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബവും പാര്‍ട്ടിയും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

തടവിലിരിക്കെ അദ്ദേഹത്തിന്റെ കാഴ്ച ശക്തി ഗണ്യമായി കുറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു. 2022ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിതിന് പിന്നാലെ തനിക്കെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് 73കാരനായ ഇമ്രാന്‍ അഭിപ്രായപ്പെട്ടിരുന്നു.
സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി അദ്ദേഹത്തിന്റെ പാര്‍ട്ടി വക്താവ് സുല്‍ഫിക്കര്‍ ബുലാരി പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളാകാതിരിക്കാന്‍ ഇത് നേരത്തെ സംഭവിക്കേണ്ടതായിരുന്നു. ആരോഗ്യനില തൃപ്തികരമാകും വരെ അദ്ദേഹം ആശുപത്രിയില്‍ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇമ്രാന്‍ ഖാനെ 48 മണിക്കൂറിനുള്ളില്‍ ശിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് മാറ്റാനും സെപ്റ്റംബര്‍ 16 അവിടെ തുടരാനും കോടതി ഉത്തരവില്‍ പറയുന്നതായി ഇമ്രാന്‍ പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു.


Recent Comments