വനിതാ ടി20യില്‍ പുതു ചരിത്രമെഴുതി 15കാരി; സെഞ്ച്വറി അടിച്ച് റെക്കോര്‍ഡ് ബുക്കില്‍

വനിതാ ടി20യില്‍ പുതു ചരിത്രമെഴുതി 15കാരി; സെഞ്ച്വറി അടിച്ച് റെക്കോര്‍ഡ് ബുക്കില്‍

ലാഗോസ്: അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ചരിത്രമെഴുതി 15കാരി. റുവാന്‍ഡയുടെ ഫാനി ഉഡാഗുഷിമാനിന്ദെയാണ് റെക്കോര്‍ഡ് ബാറ്റിങുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. അരങ്ങേറ്റ അന്താരാഷ്ട്ര ടി20 പോരാട്ടത്തില്‍ താരം സെഞ്ച്വറി നേടി. വനിതാ ടി20 ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫാനി മാറുകയും ചെയ്തു.

നൈജീരിയ ഇന്‍വിറ്റേഷണല്‍ ടി20 ടൂര്‍ണമെന്റില്‍ താരം ഘാനയ്‌ക്കെതിരെയാണ് ശതകം സ്വന്തമാക്കിയത്. 65 പന്തില്‍ താരം 17 ഫോറുകള്‍ സഹിതം 111 റണ്‍സടിച്ചു. സെഞ്ച്വറി നേടുമ്പോള്‍ ഫാനിയുടെ പ്രായം 15 വര്‍ഷവും 223 ദിവസവുമായിരുന്നു. ഉഗാണ്ടയുടെ പ്രൊസ്‌കോവിയ അലാകോ 2019ല്‍ 16 വയസും 233 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ 116 റണ്‍സിന്റെ റെക്കോര്‍ഡാണ് താരം പഴങ്കഥയാക്കിയത്.

വനിതാ ടി20യില്‍ അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ഫാനി സ്വന്തമാക്കി. 2005ല്‍ കരന്‍ റോള്‍ടന്‍ നേടിയ പുറത്താകാതെ 96 റണ്‍സാണ് ഇതുവരെ വനിതാ ക്രിക്കറ്റിലെ ഒരു അരങ്ങേറ്റ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

പുരുഷ ക്രിക്കറ്റില്‍ ഫ്രാന്‍സിന്റെ ഗുസ്താവ് മക്കീനാണ് റെക്കോര്‍ഡ്. താരം 18 വയസും 280 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ സെഞ്ച്വറിയാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്. 2022ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയായിരുന്നു ഈ പ്രകടനം.

അന്ന് ‘മഞ്ഞുമ്മൽ ബോയ്സ്’, ഇന്ന് ‘സൂചിമല ബോയ്’! 100 അടി താഴ്ചയിലേക്ക് വീണു; 14 മണിക്കൂർ നീണ്ട സാഹസിക രക്ഷാപ്രവർത്തനം, ഒടുവിൽ

അന്ന് ‘മഞ്ഞുമ്മൽ ബോയ്സ്’, ഇന്ന് ‘സൂചിമല ബോയ്’! 100 അടി താഴ്ചയിലേക്ക് വീണു; 14 മണിക്കൂർ നീണ്ട സാഹസിക രക്ഷാപ്രവർത്തനം, ഒടുവിൽ

ചെന്നൈ: ​ഗൂഡല്ലൂരിന് സമീപം സൂചിമല വ്യൂ പോയിന്റിൽ നിന്ന് 100 അടി താഴ്ചയിലേക്ക് വീണ യുവാവിനെ 14 മണിക്കൂറത്തെ സാഹസിക രക്ഷാപ്രവർത്തനൊടുവിൽ രക്ഷിച്ചു. ചെങ്കൽപേട്ട സ്വദേശി ശിവ​ഗുരുനാഥനാണ് (30) ആണ് സെൽഫി എടുക്കുന്നതിനിടെ മലയുടെ മുകളിൽ നിന്ന് കൊക്കയിലേക്ക് വീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

വ്യൂ പോയിൻ്റിൻ്റെ പ്രവേശനാനുമതി ഇല്ലാത്ത ഭാ​ഗത്ത് നിന്നാണ് യുവാവ് വീണത്. വീഴചയുടെ ആഘാതത്തിൽ ശിവ​​ഗുരുനാഥന്റെ ബോധം നഷ്ടപ്പെട്ടു. ബോധ വന്നപ്പോൾ അയാളെ വ്യൂ പോയിന്റിൽ എത്തിയ ടാക്സി ഡ്രൈവറെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

വനം വകുപ്പിന്റെ തെർമൽ ഡ്രോൺ ഉപയോഗിച്ച് സ്ഥലം കണ്ടെത്തിയെങ്കിലും ശിവ​ഗുരുവിനെ പരക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവിൽ രാത്രി 9.30 ഓടെ കൂനൂരിൽ നിന്നു മദ്രാസ് റെജിമെന്റിന്റെ റെസ്ക്യു ടീമെത്തി. മേജർ സരവണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അടിവാരത്തേക്കു കയർ കെട്ടിയിറങ്ങി. കൂട്ടത്തിലുണ്ടായിരുന്ന മേജർ ഡോ. കവിത 100 മീറ്റർ ചെങ്കുത്തായ പാറക്കെട്ടിലൂടെയിറങ്ങി വൈദ്യസഹായം നൽകി.

‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിലേതിനു സമാനമായ ദൗത്യം അവസാനിക്കുന്ന പുലർച്ചെ നാല് മണിക്കാണ്. നാല് മണിയോടെ ശിവഗുരുനാഥനെ അതിസാഹസികമായി കയർ കെട്ടിയ സ്ട്രെച്ചറിൽ പാറക്കെട്ടിൽ നിന്നു പുറത്തെടുത്തു. മൊത്തം 150 പേരാണ് രക്ഷാപ്രവർത്തൻ്റെ ഭാഗമായത്.

റിസർവ് വനമേഖലയിലാണ് അപകടമുണ്ടായത്. പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കുകയെന്ന വെല്ലുവിളിയും വനം വകുപ്പ് ജീവനക്കാർക്കുണ്ടായിരുന്നു. ഡ്രോണിന്റെ ശബ്ദവും വെളിച്ചവും കാരണമാണ് കാട്ടാനകൾ അടുക്കാതിരുന്നത്. ഊട്ടി മെഡിക്കൽ കോളജിലെത്തിച്ച ശിവഗുരുനാഥൻ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഇയാൾ നൽകിയ മേൽവിലാസം വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. തുടരന്വേഷണം നടക്കുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആറ് ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായി, ഒരാളെ കാണാതായി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആറ് ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായി, ഒരാളെ കാണാതായി

ഡല്‍ഹി: മൂന്നാഴ്ച പിന്നിടുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ഇതുവരെ ആറ് ഇന്ത്യക്കാര്‍ മരിച്ചതായി വിദേശകാര്യ മന്ത്രാലയം. സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ഉണ്ടായ ഡ്രോണ്‍ – മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി മരിച്ചവരുടെ കണക്കുരകളാണ് വിദേശകാര്യ മന്ത്രാലയം പങ്കുവച്ചത്. സംഘര്‍ഷം ബാധിച്ചിട്ടുള്ള ഗള്‍ഫ്, പശ്ചിമേഷ്യന്‍ മേഖലയില്‍ ഏകദേശം ഒരു കോടിയിലധികം ഇന്ത്യക്കാരുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ബുധനാഴ്ച റിയാദിന് നേരെ നടന്ന ആക്രമണത്തിലാണ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടത്. സൗദിയില്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന ആദ്യ വ്യക്തിയാണ് ഇത്. ഒമാനിലെ വ്യാവസായിക മേഖലയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായി. സംഘര്‍ഷം രൂക്ഷമായ ദിവസങ്ങളില്‍ മേഖലയ്ക്ക് സമീപത്ത് ചരക്ക് കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളില്‍ മൂന്ന് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാളെ കാണാതയായതായും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ( ഗള്‍ഫ്) അസീം മഹാജന്‍ അറിയിച്ചു.

അതിനിടെ, സംഘര്‍ഷങ്ങളെ തുടര്‍ന്ന് തകരാറിലായ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു. സാഹചര്യങ്ങള്‍ ക്രമേണ മെച്ചപ്പെട്ടു വരികയാണ്. നിരവധി പേര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 28 മുതല്‍ ഏകദേശം 300,000 യാത്രക്കാര്‍ മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിതായും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

‘പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കി’ രാഹുലിനെതിരെ പരാതിക്കാരി മുദ്രവച്ച കവര്‍ കൈമാറി

‘പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കി’ രാഹുലിനെതിരെ പരാതിക്കാരി മുദ്രവച്ച കവര്‍ കൈമാറി

ഡല്‍ഹി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍യുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രധാന രേഖകള്‍. കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ അഭിഭാഷകന്‍ മുഖേനെ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയതത്. ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ സുപ്രീം കോടതി ഈ ഹര്‍ജി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എന്‍കെ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ പരാതിക്കാരിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ കെആര്‍സുഭാഷ് ചന്ദ്രന്‍ മുദ്ര വെച്ച കവറില്‍ ചില രേഖകള്‍ കോടതിക്ക് കൈമാറിയത്. എന്നാല്‍ മുദ്ര വെച്ച കവറിലെ രേഖകള്‍ എന്താണെന്ന് വ്യക്തമല്ല.

മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുള്‍പ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവില്‍ ഉണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

‘ലക്ഷ്യത്തിന് അടുത്തെത്തി, ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ആലോചന’; യുഎസ്

‘ലക്ഷ്യത്തിന് അടുത്തെത്തി, ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ആലോചന’; യുഎസ്

വാഷിങ്ടൻ: ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി യുഎസ്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു അടുത്തെത്തിയെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. തന്റെ സമൂഹ മാധ്യമമായ ദി ട്രൂത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമൂസ് കടലിടുക്ക് യുഎസ് സംരക്ഷിക്കില്ലെന്നും അതുപയോ​ഗിക്കുന്നവർ സംരക്ഷിക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാന്റെ തീവ്രവാദ ഭരണകൂടവുമായി ബന്ധപ്പെട്ട് തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു വളരെ അടുത്ത് അമേരിക്ക എത്തിക്കഴിഞ്ഞു. അതിനാൽ പശ്ചിമേഷ്യയിലെ സൈനിക നടപടികൾ അവസാനിപ്പിക്കുന്നത് പരി​ഗണനയിലാണ്. ഹോർമൂസ് കടലിടുക്ക് ഉപയോ​ഗിക്കുന്ന രാജ്യങ്ങൾ തന്നെ അതിനെ ആവശ്യാനുസരണം സംരക്ഷിക്കുകയും നിയന്ത്രിക്കുകയും വേണം. ആവശ്യപ്പെടുകയാണെങ്കിൽ ഈ രാജ്യങ്ങളെ തങ്ങൾ സഹായിക്കുമെന്നും ഇറാന്റെ ഭീഷണി ഇല്ലാതായാൽ അത് ആവശ്യമായി വരരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതിനിടെ ഹോർമൂസിനെ ലക്ഷ്യമിടുന്ന ഇറാനിയൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ യുഎസിനു തങ്ങളുടെ താവളങ്ങൾ ഉപയോ​ഗിക്കാൻ ബ്രിട്ടൻ അനുമതി നൽകിയിരുന്നു. എന്നാൽ യുകെയുടെ തീരുമാനം വൈകിപ്പോയെന്നു ട്രംപ് പറഞ്ഞു. അവർ തങ്ങളുടെ ആദ്യ സഖ്യകക്ഷിയായിരുന്നു. ബന്ധം വളരെ നല്ലതാണെന്നും പക്ഷേ ഇത് മുൻപ് ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ചാ​ഗോസ് ദ്വീപുകളുടെ ഭാ​ഗമായ ഡീ​ഗോ ​ഗാർസിയയുടെ പരമാധികാരം യുകെ മൗറീഷ്യസിനു വിട്ടുകൊടുത്തിരുന്നെങ്കിലും സേനാ താവളങ്ങൾ പിന്നീട് പാട്ടത്തിനെടുത്തിരുന്നു.

അതേസമയം ഇറാൻ കേന്ദ്രങ്ങൾ ആക്രമിക്കാനായി തങ്ങലുടെ സേനാ താവളങ്ങൾ ഉപയോ​ഗിക്കാൻ യുഎസിനു അനുമതി നൽകിയ യുകെ നടപടി അപകടകരമെന്നു ഇറാൻ വിദേശ കാര്യ മന്ത്രി പ്രതികരിച്ചു. ബ്രിട്ടീഷ് ജീവനുകളെ കിയ സ്റ്റാമർ അപകടത്തിലാക്കുകയാണെന്നു അബ്ബാസ് അരാ​ഗ്ചി ആരോപിച്ചു. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇറാൻ പ്രയോ​ഗിക്കുമെന്നു ആ​ദ്ദേഹം മുന്നറിയിപ്പ് നൽകി.

‘സംയമനം കീഴടങ്ങലല്ല, ശക്തി’ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കേന്ദ്ര നിലപാടിനെ പിന്തുണച്ച് ശശി തരൂര്‍

‘സംയമനം കീഴടങ്ങലല്ല, ശക്തി’ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കേന്ദ്ര നിലപാടിനെ പിന്തുണച്ച് ശശി തരൂര്‍

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ഇന്ത്യ സ്വീകരിക്കുന്ന നയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. യുഎസ്-ഇസ്രയേല്‍ സഖ്യവും ഇറാനും കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണയ്ച്ചാണ് തരൂര്‍ രംഗത്തെത്തിയത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയോടുള്ള ഇന്ത്യയുടെ പ്രതികരണം ‘ഉത്തരവാദിത്തമുള്ള രാഷ്ട്രതന്ത്രത്തിന്റെ’ ഉദാഹരണം എന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. അസ്ഥിരമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സംയമനം ബലഹീനതയെയല്ല, ശക്തിയെയാണ് അടയാളപ്പെടുത്തുന്നത് എന്നാണ് തരൂരിന്റെ പ്രതികരണം.

‘സംയമനം കീഴടങ്ങലല്ല. സംയമനമാണ് ശക്തി… നമ്മുടെ താല്‍പ്പര്യങ്ങള്‍ എന്താണെന്ന് നമുക്കറിയാം. നമ്മുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആദ്യം പ്രവര്‍ത്തിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് ക്രിയാത്മകമായ നയതന്ത്ര പങ്ക് വഹിക്കണം. സമാധാനത്തിനായി ആഹ്വാനം ചെയ്യാന്‍ മുന്‍കൈയെടുക്കുക ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ ചെയ്യേണ്ടത്.

സംഘര്‍ഷത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ ഇരുപക്ഷത്തിനും വഴിയൊരുക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്’ എന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കി അഭിമുഖത്തില്‍ തരൂര്‍ വ്യക്തമാക്കി. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തില്‍ ഇന്ത്യ നേരത്തെ അനുശോചനം രേഖപ്പെടുത്തേണ്ടതായിരുന്നു എന്നും തരൂര്‍ വ്യക്തമാക്കി. ‘അപലപിക്കലും അനുശോചനവും തമ്മില്‍ വ്യത്യാസമുണ്ട്. അനുശോചനം സഹതാപത്തിന്റെ പ്രകടനമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിലെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം നിരന്തരം രംഗത്തെത്തുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണം. തരൂരിന്റെ നിലപാട് പ്രതിപക്ഷത്തിന് എതിരെ ആയുധമാക്കുകയാണ് ബിജെപി.

തരൂരിന്റെ നിലപാട് തള്ളി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. പ്രതിസന്ധിയില്‍ ഇന്ത്യയുടെ ‘മൗനം’ അപലപനീയം തന്നെയാണെന്നാണ് തരൂരിന്റെ പരാമര്‍ശങ്ങളോട് കോണ്‍ഗ്രസ് നടത്തിയ പ്രതികരണം. സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന തരൂരിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് ആണ് പാര്‍ട്ടി വാദം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണ തരൂർ പറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും പറഞ്ഞു. ഒരു നിലപാട് സ്വീകരിക്കാന്‍ വേണ്ടിയും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് ഗൗരവമായി എടുക്കരുത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.