‘സംയമനം കീഴടങ്ങലല്ല, ശക്തി’ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കേന്ദ്ര നിലപാടിനെ പിന്തുണച്ച് ശശി തരൂര്‍

‘സംയമനം കീഴടങ്ങലല്ല, ശക്തി’ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കേന്ദ്ര നിലപാടിനെ പിന്തുണച്ച് ശശി തരൂര്‍

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ഇന്ത്യ സ്വീകരിക്കുന്ന നയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. യുഎസ്-ഇസ്രയേല്‍ സഖ്യവും ഇറാനും കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണയ്ച്ചാണ് തരൂര്‍ രംഗത്തെത്തിയത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയോടുള്ള ഇന്ത്യയുടെ പ്രതികരണം ‘ഉത്തരവാദിത്തമുള്ള രാഷ്ട്രതന്ത്രത്തിന്റെ’ ഉദാഹരണം എന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. അസ്ഥിരമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സംയമനം ബലഹീനതയെയല്ല, ശക്തിയെയാണ് അടയാളപ്പെടുത്തുന്നത് എന്നാണ് തരൂരിന്റെ പ്രതികരണം.

‘സംയമനം കീഴടങ്ങലല്ല. സംയമനമാണ് ശക്തി… നമ്മുടെ താല്‍പ്പര്യങ്ങള്‍ എന്താണെന്ന് നമുക്കറിയാം. നമ്മുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആദ്യം പ്രവര്‍ത്തിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് ക്രിയാത്മകമായ നയതന്ത്ര പങ്ക് വഹിക്കണം. സമാധാനത്തിനായി ആഹ്വാനം ചെയ്യാന്‍ മുന്‍കൈയെടുക്കുക ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ ചെയ്യേണ്ടത്.

സംഘര്‍ഷത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ ഇരുപക്ഷത്തിനും വഴിയൊരുക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്’ എന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കി അഭിമുഖത്തില്‍ തരൂര്‍ വ്യക്തമാക്കി. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തില്‍ ഇന്ത്യ നേരത്തെ അനുശോചനം രേഖപ്പെടുത്തേണ്ടതായിരുന്നു എന്നും തരൂര്‍ വ്യക്തമാക്കി. ‘അപലപിക്കലും അനുശോചനവും തമ്മില്‍ വ്യത്യാസമുണ്ട്. അനുശോചനം സഹതാപത്തിന്റെ പ്രകടനമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിലെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം നിരന്തരം രംഗത്തെത്തുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണം. തരൂരിന്റെ നിലപാട് പ്രതിപക്ഷത്തിന് എതിരെ ആയുധമാക്കുകയാണ് ബിജെപി.

തരൂരിന്റെ നിലപാട് തള്ളി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. പ്രതിസന്ധിയില്‍ ഇന്ത്യയുടെ ‘മൗനം’ അപലപനീയം തന്നെയാണെന്നാണ് തരൂരിന്റെ പരാമര്‍ശങ്ങളോട് കോണ്‍ഗ്രസ് നടത്തിയ പ്രതികരണം. സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന തരൂരിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് ആണ് പാര്‍ട്ടി വാദം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണ തരൂർ പറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും പറഞ്ഞു. ഒരു നിലപാട് സ്വീകരിക്കാന്‍ വേണ്ടിയും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് ഗൗരവമായി എടുക്കരുത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യന്‍ പ്രതിസന്ധി; പ്രീമിയം പെട്രോള്‍ വില രണ്ട് രൂപ കൂട്ടി

പശ്ചിമേഷ്യന്‍ പ്രതിസന്ധി; പ്രീമിയം പെട്രോള്‍ വില രണ്ട് രൂപ കൂട്ടി

ഡല്‍ഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധിക്കിടെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്രീമിയം പെട്രോളായ ‘പവര്‍’ പെട്രോളിന് ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നിലവില്‍ മാറ്റമില്ല.

ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധനവും പശ്ചിമേഷ്യന്‍ പ്രതിസന്ധിയും കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ നീക്കം. പ്രീമിയം പെട്രോളിന് വില വര്‍ദ്ധിപ്പിച്ചതോടെ ഉയര്‍ന്ന ശേഷിയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് അധിക ബാധ്യതയുണ്ടാകും.

പുതിയ വര്‍ദ്ധനവോടെ എച്ച്പിസിഎല്ലിന്റെ ‘പവര്‍’ പെട്രോളിന് ലിറ്ററിന് രണ്ട് രൂപയോളം അധികം നല്‍കണം. പ്രീമിയം വിഭാഗത്തില്‍പ്പെടുന്ന മറ്റ് എണ്ണക്കമ്പനികളുടെ ഇന്ധനങ്ങള്‍ക്കും സമാനമായ വര്‍ദ്ധനവുണ്ടായേക്കും. പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെ ആഗോള എണ്ണ വിപണിയില്‍ വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഹെര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടാല്‍ വരും ദിവസങ്ങളില്‍ സാധാരണ പെട്രോളിനും വില വര്‍ദ്ധിച്ചേക്കും.

‘അമേരിക്കയ്ക്കും ഇസ്രയേലിനും ‘സര്‍പ്രൈസ്’ കാത്തിരിക്കുന്നു’; പ്രഖ്യാപനത്തിനു പിന്നാലെ ഇറാന്‍ സൈനിക വക്താവിനെ വധിച്ചു

‘അമേരിക്കയ്ക്കും ഇസ്രയേലിനും ‘സര്‍പ്രൈസ്’ കാത്തിരിക്കുന്നു’; പ്രഖ്യാപനത്തിനു പിന്നാലെ ഇറാന്‍ സൈനിക വക്താവിനെ വധിച്ചു

ടെഹ്‌റാന്‍: ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈനിക വക്താവ് കൊല്ലപ്പെട്ടു. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് (ഐആര്‍ജിസ് ) വക്താവ് അലി മുഹമ്മദ് നൈനിയാണ് കൊല്ലപ്പെട്ടത്. നൈനിയുടെ മരണം ഇറാന്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍- സയോണിസ്റ്റ് ക്രിമിനലുകളുടെ ആക്രമണത്തില്‍ നൈനി രക്തസാക്ഷിത്വം വഹിച്ചതായി ഐആര്‍ജിസി വ്യക്തമാക്കി.

ഇസ്രയേലുമായും അമേരിക്കയുമായും യുദ്ധം നടന്നിട്ടും തങ്ങളുടെ മിസൈല്‍ വ്യവസായം ‘ഏറ്റവും ഉയര്‍ന്ന നില’യിലെത്തിയെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു. ശത്രുക്കള്‍ക്ക് ചില ‘ആശ്ചര്യങ്ങള്‍’ കരുതിവെച്ചിട്ടുണ്ടെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധസമയത്തും ഇറാനില്‍ മിസൈല്‍ ഉത്പാദനം മികച്ച നിലയില്‍ നടക്കുന്നുണ്ട്. ആയുധ ശേഷിയെക്കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നും ഐആര്‍ജിസി വക്താവ് നൈനി അഭിപ്രായപ്പെട്ടിരുന്നു.

ഇതിനു തൊട്ടുപിന്നാലെയാണ് സൈനിക വക്താവിന് നേര്‍ക്ക് യുഎസ്- ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകുന്നത്. മൂന്ന് ആഴ്ചത്തെ യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ മൂലം ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരണത്തിനോ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കാനോ കഴിയില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടിരുന്നു. ഇതിനു മറുപടിയായിട്ടായിരുന്നു അലി മുഹമ്മദ് നൈനിയുടെ പ്രതികരണം.

ഒറ്റ ആഴ്ചയ്ക്കിടെ ഇറാന് നഷ്മാകുന്ന നാലാമത്ത ഉന്നത ഉദ്യോഗസ്ഥനാണ് അലി മുഹമ്മദ് നൈനി. ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരീജാനി, ഘോലംരേസ സുലൈമാൻ, ഇസ്മായിൽ ഖാത്തിബ് എന്നിവരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മറ്റ് ഇറാൻ ഉന്നതോദ്യോ​ഗസ്ഥർ. ഇസ്‍മായിൽ ഖാത്തിബിന്റെ മരണത്തിൽ ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖമേനി അനുശോചിച്ചു.

ശത്രുക്കൾ അനുഭവിക്കുന്ന സുരക്ഷിതത്വം ഇല്ലാതാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് അയച്ച സന്ദേശത്തിൽ മുജ്‌തബ ഖമേനി ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. പശ്ചിമേഷ്യയുടെ പല ഭാഗങ്ങളിലും ബഹ്റൈനിലും ഇസ്രയേലിലും വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി. ഇറാന്റെ ഡ്രോണുകൾ മിന അൽ–അഹ്മദി എണ്ണ റിഫൈനറിയെ വീണ്ടും ആക്രമിച്ചെന്ന് കുവൈത്ത് ആരോപിച്ചു. നിരവധി യൂണിറ്റുകളിൽ തീപിടിത്തമുണ്ടായിട്ടുണ്ട്.

മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ ഡോക്ടര്‍ മരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ ഡോക്ടര്‍ മരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ബംഗളൂരു: ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ മൃഗഡോക്ടര്‍ മരിച്ചു. ശിവമോഗയിലെ തവരെക്കൊപ്പ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയിലെ മൃഗഡോക്ടര്‍ ഡോ. സമീക്ഷ റെഡ്ഡി (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെ ആണ് സംഭവം. പരിചരിക്കുന്നതിനിടെയാണ് ഹിപ്പോപ്പൊട്ടാമസ് ഡോക്ടറെ ആക്രമിക്കുകയായിരുന്നുവെന്ന് വനം മന്ത്രി ഈശ്വര്‍ ഖന്‍ഡ്രെയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

മൃശശാലയില്‍ സമീക്ഷ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്. അപകടത്തെ തുടര്‍ന്ന് ഇവരെ ശിവമോഗയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 6.30 ഓടെയാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന മൃഗഡോക്ടര്‍മാരും വനം ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘത്തെ നിയോഗിക്കാന്‍ മന്ത്രി ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അപകടം ദൗര്‍ഭാഗ്യകരമൈന്ന് പറഞ്ഞ മന്ത്രി, ഡോക്ടറുടെ കുടുംബത്തിന് മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. സംസ്ഥാനത്തെ എല്ലാ മൃഗശാലകളിലെയും മൃഗഡോക്ടര്‍മാര്‍ വന്യമൃഗങ്ങളെ ചികിത്സിക്കുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ (എസ്ഒപി) കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

രൂപയ്ക്ക് റെക്കോര്‍ഡ് വീഴ്ച, ഡോളറിനെതിരെ 93ലേക്ക് കൂപ്പുകുത്തി

രൂപയ്ക്ക് റെക്കോര്‍ഡ് വീഴ്ച, ഡോളറിനെതിരെ 93ലേക്ക് കൂപ്പുകുത്തി

ഡല്‍ഹി: അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ഇടിവ്. പശ്ചമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ രൂപ സമീപകാലത്തെ റെക്കോര്‍ഡ് താഴ്ച്ചയിലെത്തിയത്. ഡോളറിനെതിരെ രൂപ 93.08 രൂപയിലേക്കാണ് കൂപ്പുകുത്തിയത്. വ്യാപാര ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ നിരക്കാണിത്.

ഇന്ത്യയുടെ ശക്തമായ ജിഡിപി വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഈ മൂല്യത്തകര്‍ച്ച. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇതിനെ തുടര്‍ന്ന് എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങളും ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് രൂപയെ സ്വാധീനിക്കുന്നത്. കൂടാതെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറിന് മുകളില്‍ തന്നെയാണ്.

കടലില്‍ കുടുങ്ങിക്കിടക്കുന്ന ഇറാനിയന്‍ എണ്ണയ്ക്ക് മേലുള്ള ഉപരോധം ഉടന്‍ നീക്കുമെന്ന് യുഎസ് പറഞ്ഞതിന് പിന്നാലെ ഇന്ന് രാവിലെയോടെ ക്രൂഡ് ഓയില്‍ വിലയില്‍ കുറവുണ്ടായിട്ടുണ്ട്. രാവിലെ 9.56 ന് ബ്രെന്റ് ഓയില്‍ 1.53 ശതമാനം കുറഞ്ഞ് 106.99 ഡോളറിലും, ഡബ്ല്യുടിഐ (വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ്) ക്രൂഡ് ഓയില്‍ 2.02 ശതമാനം കുറഞ്ഞ് 93.62 ഡോളറിലുമാണ് വ്യാപാരം നടന്നത്.

ആക്രമിക്കപ്പെട്ടാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല, താവളമൊരുക്കുന്നവരും കുറ്റവാളികൾ; അറബ് രാജ്യങ്ങളുടെ നിലപാട് തള്ളി ഇറാൻ

ആക്രമിക്കപ്പെട്ടാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല, താവളമൊരുക്കുന്നവരും കുറ്റവാളികൾ; അറബ് രാജ്യങ്ങളുടെ നിലപാട് തള്ളി ഇറാൻ

ടെഹ്‌റാൻ: ​പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ 12 ​ഗൾഫ് അറബ് ഇസ്ലാമിക് രാജ്യങ്ങൾ സംയുക്തമായി എടുത്ത നിലപാടിനെ തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. രാജ്യത്തിനെതിരായ നീക്കങ്ങൾ ഏകപക്ഷീയമാണെന്നും മേഖലയിലെ യഥാർത്ഥ ശത്രുക്കളെ തിരിച്ചറിയണമെന്നും ഇറാൻ ആവശ്യപ്പെട്ടു.

അയൽരാജ്യങ്ങൾ തങ്ങളുടെ ഭൂമി അമേരിക്കയ്ക്കും ഇസ്രയേലിനും സൈനിക ആവശ്യങ്ങൾക്കായി വിട്ടുനൽകരുതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ആക്രമണങ്ങൾക്ക് സൗകര്യം ചെയ്യുന്നതും പിന്തുണയ്ക്കുന്നതും ഇസ്രയേൽ നടത്തുന്ന കുറ്റകൃത്യങ്ങളിൽ തുല്യ പങ്കാളിയാണെന്നും ഇറാൻ കുറ്റപ്പെടുത്തി. തങ്ങളുടെ എണ്ണ-പ്രകൃതിവാതക റിഫൈനറികൾ ആക്രമിക്കപ്പെട്ടാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല. അത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇറാൻ അറിയിച്ചു.

മേഖലയിലെ സായുധ സംഘങ്ങൾക്ക് ഇറാൻ നൽകുന്ന സാമ്പത്തിക-ആയുധ സഹായങ്ങൾ നിർത്തണമെന്നും സമാധാനം തകർക്കരുതെന്നും ആവശ്യപ്പെട്ട് സൗദി അറേബ്യ ഉൾപ്പെടെയുള്ള 12 ​ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഖത്തറിലും കുവൈത്തിലും എണ്ണ റിഫൈനറികൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്.

ഹോർമുസ് കടലിടുക്കും ബാബ് അൽ മന്ദബ് പാതയും അടയ്ക്കാൻ ശ്രമിക്കരുതെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ആഗോള ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ഹോർമുസ് കടലിടുക്ക് തുറക്കുക എന്നത് നിർണ്ണായകമാണ്. റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം നടത്തിയാൽ അത് ആഗോള ഇന്ധന വിപണിയെ ബാധിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.

ഗൾഫ് രാഷ്ട്രങ്ങളുമായി നിരന്തര ചർച്ചകൾ നടത്തുന്ന ഇന്ത്യ ഇന്ന് ഒമാനുമായി നിർണ്ണായകമായ കൂടിക്കാഴ്ച നടത്തി. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ യാത്ര സുഗമമാക്കാനും ചരക്ക് നീക്കം പുനരാരംഭിക്കാനുമാണ് ഇന്ത്യയുടെ ശ്രമം. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാ രാഷ്ട്രങ്ങളും വലിയ ആശങ്കയിലാണ്. ഹോർമുസിലെ ഉപരോധം നീങ്ങാത്ത പക്ഷം ലോകം കടുത്ത ഇന്ധനക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.