രൂപയ്ക്ക് റെക്കോര്‍ഡ് വീഴ്ച, ഡോളറിനെതിരെ 93ലേക്ക് കൂപ്പുകുത്തി

രൂപയ്ക്ക് റെക്കോര്‍ഡ് വീഴ്ച, ഡോളറിനെതിരെ 93ലേക്ക് കൂപ്പുകുത്തി

ഡല്‍ഹി: അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ഇടിവ്. പശ്ചമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ രൂപ സമീപകാലത്തെ റെക്കോര്‍ഡ് താഴ്ച്ചയിലെത്തിയത്. ഡോളറിനെതിരെ രൂപ 93.08 രൂപയിലേക്കാണ് കൂപ്പുകുത്തിയത്. വ്യാപാര ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ നിരക്കാണിത്.

ഇന്ത്യയുടെ ശക്തമായ ജിഡിപി വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഈ മൂല്യത്തകര്‍ച്ച. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇതിനെ തുടര്‍ന്ന് എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങളും ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് രൂപയെ സ്വാധീനിക്കുന്നത്. കൂടാതെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറിന് മുകളില്‍ തന്നെയാണ്.

കടലില്‍ കുടുങ്ങിക്കിടക്കുന്ന ഇറാനിയന്‍ എണ്ണയ്ക്ക് മേലുള്ള ഉപരോധം ഉടന്‍ നീക്കുമെന്ന് യുഎസ് പറഞ്ഞതിന് പിന്നാലെ ഇന്ന് രാവിലെയോടെ ക്രൂഡ് ഓയില്‍ വിലയില്‍ കുറവുണ്ടായിട്ടുണ്ട്. രാവിലെ 9.56 ന് ബ്രെന്റ് ഓയില്‍ 1.53 ശതമാനം കുറഞ്ഞ് 106.99 ഡോളറിലും, ഡബ്ല്യുടിഐ (വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ്) ക്രൂഡ് ഓയില്‍ 2.02 ശതമാനം കുറഞ്ഞ് 93.62 ഡോളറിലുമാണ് വ്യാപാരം നടന്നത്.

ആക്രമിക്കപ്പെട്ടാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല, താവളമൊരുക്കുന്നവരും കുറ്റവാളികൾ; അറബ് രാജ്യങ്ങളുടെ നിലപാട് തള്ളി ഇറാൻ

ആക്രമിക്കപ്പെട്ടാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല, താവളമൊരുക്കുന്നവരും കുറ്റവാളികൾ; അറബ് രാജ്യങ്ങളുടെ നിലപാട് തള്ളി ഇറാൻ

ടെഹ്‌റാൻ: ​പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ 12 ​ഗൾഫ് അറബ് ഇസ്ലാമിക് രാജ്യങ്ങൾ സംയുക്തമായി എടുത്ത നിലപാടിനെ തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. രാജ്യത്തിനെതിരായ നീക്കങ്ങൾ ഏകപക്ഷീയമാണെന്നും മേഖലയിലെ യഥാർത്ഥ ശത്രുക്കളെ തിരിച്ചറിയണമെന്നും ഇറാൻ ആവശ്യപ്പെട്ടു.

അയൽരാജ്യങ്ങൾ തങ്ങളുടെ ഭൂമി അമേരിക്കയ്ക്കും ഇസ്രയേലിനും സൈനിക ആവശ്യങ്ങൾക്കായി വിട്ടുനൽകരുതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ആക്രമണങ്ങൾക്ക് സൗകര്യം ചെയ്യുന്നതും പിന്തുണയ്ക്കുന്നതും ഇസ്രയേൽ നടത്തുന്ന കുറ്റകൃത്യങ്ങളിൽ തുല്യ പങ്കാളിയാണെന്നും ഇറാൻ കുറ്റപ്പെടുത്തി. തങ്ങളുടെ എണ്ണ-പ്രകൃതിവാതക റിഫൈനറികൾ ആക്രമിക്കപ്പെട്ടാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല. അത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇറാൻ അറിയിച്ചു.

മേഖലയിലെ സായുധ സംഘങ്ങൾക്ക് ഇറാൻ നൽകുന്ന സാമ്പത്തിക-ആയുധ സഹായങ്ങൾ നിർത്തണമെന്നും സമാധാനം തകർക്കരുതെന്നും ആവശ്യപ്പെട്ട് സൗദി അറേബ്യ ഉൾപ്പെടെയുള്ള 12 ​ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഖത്തറിലും കുവൈത്തിലും എണ്ണ റിഫൈനറികൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്.

ഹോർമുസ് കടലിടുക്കും ബാബ് അൽ മന്ദബ് പാതയും അടയ്ക്കാൻ ശ്രമിക്കരുതെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ആഗോള ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ഹോർമുസ് കടലിടുക്ക് തുറക്കുക എന്നത് നിർണ്ണായകമാണ്. റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം നടത്തിയാൽ അത് ആഗോള ഇന്ധന വിപണിയെ ബാധിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.

ഗൾഫ് രാഷ്ട്രങ്ങളുമായി നിരന്തര ചർച്ചകൾ നടത്തുന്ന ഇന്ത്യ ഇന്ന് ഒമാനുമായി നിർണ്ണായകമായ കൂടിക്കാഴ്ച നടത്തി. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ യാത്ര സുഗമമാക്കാനും ചരക്ക് നീക്കം പുനരാരംഭിക്കാനുമാണ് ഇന്ത്യയുടെ ശ്രമം. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാ രാഷ്ട്രങ്ങളും വലിയ ആശങ്കയിലാണ്. ഹോർമുസിലെ ഉപരോധം നീങ്ങാത്ത പക്ഷം ലോകം കടുത്ത ഇന്ധനക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

പ്രവാസികൾക്കായി കൂടുതൽ വിമാന സർവീസുകൾ ഉറപ്പാക്കണം: മുഖ്യമന്ത്രി

പ്രവാസികൾക്കായി കൂടുതൽ വിമാന സർവീസുകൾ ഉറപ്പാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയിൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് അനുപാതികമായ വിമാന സർവീസുകൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തി കൂടുതൽ വിമാന സർവീസുകൾ ക്രമീകരിക്കുകയും യാത്രാ സൗകര്യങ്ങൾ സുഗമമാക്കുകയും വേണമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ മൂലം ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹം മാനസികമായ അസ്വസ്ഥതയിലും ആശയക്കുഴപ്പത്തിലുമാണ്. ഈദ് ആഘോഷക്കാലം സാധാരണയായി പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സന്തോഷ നിമിഷങ്ങളാണ്. എന്നാൽ ഇത്തവണ അനേകർക്ക് യാത്ര തന്നെ മുടങ്ങിയിരിക്കുന്നു. ആവശ്യത്തിന് വിമാന സർവീസുകളുടെ അഭാവം പ്രതിസന്ധിയാകുന്നു.

ലഭ്യമായ വിമാനങ്ങൾക്കുപോലും അമിതമായ തിരക്കും ടിക്കറ്റ് നിരക്കുകളും സാധാരണക്കാരുടെ കയ്യെത്തുന്നതിന് പുറത്താണ്. നാട്ടിലെത്തിയാൽ തിരികെ ജോലി സ്ഥലങ്ങളിലേക്കെത്താൻ കഴിയുമോ എന്ന ആശങ്കയും അവർക്കുണ്ട്. ഈദ് പോലുള്ള ആഘോഷകാലത്ത് അവരുടെ മനസ്സിൽ ആശ്വാസവും ആത്മവിശ്വാസവും സൃഷ്ടിക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി കൈക്കൊള്ളാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണം. എല്ലാ പ്രവാസി സഹോദരങ്ങൾക്കും കുടുംബങ്ങൾക്കും ഈദ് ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

‘ഞാന്‍ പാര്‍ട്ടിക്ക് വിധേയന്‍, സ്വതന്ത്രനായി മത്സരിക്കാനും ഇല്ല’; സുധാകരന്‍ വഴങ്ങി

‘ഞാന്‍ പാര്‍ട്ടിക്ക് വിധേയന്‍, സ്വതന്ത്രനായി മത്സരിക്കാനും ഇല്ല’; സുധാകരന്‍ വഴങ്ങി

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ഇല്ലെന്നു വ്യക്തമായതിനു പിന്നാലെ സ്വതന്ത്രനായി മത്സരിക്കാനില്ലെന്നു വ്യക്തമാക്കി കെ സുധാകരന്‍ എംപി. പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റില്‍ മത്സരിക്കണമെന്ന ആഗ്രഹത്തിലായിരുന്നു സുധാകരന്‍. ഇതിനായി കടുത്ത സമ്മർദ്ദമുയർത്തി നിൽക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ എംപിമാര്‍ ആരേയും പരിഗണിക്കേണ്ടെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് ഉറച്ചു നിന്നു. സമ്മര്‍ദ്ദവുമായി നിന്ന സുധാകരന്റ വില പേശലിനു വഴങ്ങേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനമെടുത്തു. ഇതോടെ അദ്ദേഹത്തിന്റെ സാധ്യതകള്‍ അടഞ്ഞു. പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി തുടരുമെന്നു വ്യക്തമാക്കിയത്.

‘പാര്‍ട്ടിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. പുതിയ പുതിയ കാര്യങ്ങളുമായി പാര്‍ട്ടിക്കു വേണ്ടി മുന്നോട്ടു പോകും.’

പാര്‍ട്ടിയില്‍ തുടരുമോ എന്ന ചോദ്യത്തിനു അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘പാര്‍ട്ടിയില്‍ തുടരാതെ ഞാന്‍ പിന്നെ ഏട്യ പോണ്ടത്.’

‘സ്ഥാനാര്‍ഥിത്വം നിഷേധിച്ചു എന്നതു കൊണ്ട് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിട്ടില്ലല്ലോ. സ്വതന്ത്രനായി മത്സരിക്കില്ല. പാര്‍ട്ടിയുടെ അംഗീകാരം കിട്ടുമെങ്കില്‍ മത്സരിക്കും. ഇല്ലെങ്കില്‍ ഇല്ല.’

‘പാര്‍ട്ടിയെ വെല്ലുവിളിക്കാനൊന്നും ഞാനില്ല. എന്റെ അനുയായികള്‍ മറ്റ് മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കും. പാര്‍ട്ടി എത്രയോ വലുതാണ്. പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. അതനുസരിച്ച് ഞാന്‍ മുന്‍പോട്ട് പോകും- സുധാകരൻ വ്യക്തമാക്കി.

സുധാകരന് സീറ്റില്ല, പിടിവാശിക്ക് വഴങ്ങേണ്ടെന്ന് കോൺ​ഗ്രസ്; കണ്ണൂരില്‍ സ്വതന്ത്രനാകുമോ?

സുധാകരന് സീറ്റില്ല, പിടിവാശിക്ക് വഴങ്ങേണ്ടെന്ന് കോൺ​ഗ്രസ്; കണ്ണൂരില്‍ സ്വതന്ത്രനാകുമോ?

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹവുമായി വന്‍ സമ്മര്‍ദ്ദമുയര്‍ത്തി നിന്ന കെ സുധാകരന്‍ എംപിയുടെ മോഹം വിഫലമായി. കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ സുധാകരന്റെ പേരില്ല. രണ്ടാം ഘട്ടം പ്രഖ്യാപിച്ച പട്ടികയിലും പേരില്ലെന്നു വന്നതോടെ സുധാകരന്‍ കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്.

മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സുധാകരനെ തഴഞ്ഞ് നേരത്തെ തീരുമാനിച്ച പട്ടികയുമായി മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് എടുത്തത്. സുധാകരന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടെന്ന തീരുമാനമാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത് എന്നു വ്യക്തം.

നേരത്തെ സുധാകരന്റെ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങിയതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ പട്ടിക പുറത്തു വന്നപ്പോള്‍ സുധാകരന്റെ പേരില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍, കെ സുധാകരന് ഇളവു നല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍.

എന്നാല്‍ സുധാകരനെ മത്സരിപ്പിക്കരുതെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എടുത്തത്. സുധാകരനു മാത്രം ഇളവ് നല്‍കുന്നതിനെതിരെ മറ്റ് എംപിമാരും രംഗത്തു വന്നതോടെയാണ് അദ്ദേഹത്തിന്റെ വഴിയടഞ്ഞത്.

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

ദുബൈ: ഇസ്രയേലും – അമേരിക്കയും ഇറാനെ ആക്രമിച്ച് തുടങ്ങിവച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ആഗോള ഇന്ധന സംവിധാനങ്ങള്‍ ലക്ഷ്യമിടുന്നതിലേക്ക് തിരിയുന്നു. ഇറാനിലെ പ്രകൃതിവാതക സംവിധാനങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഊര്‍ജ്ജ മേഖലയെ ആണ് ഇറാന്‍ ലക്ഷ്യമിട്ടത്. ഖത്തറിലെ ദ്രവീകൃത പ്രകൃതിവാതക കേന്ദ്രങ്ങളും കുവൈത്ത് എണ്ണ ശുദ്ധീകരണശാലയും ലക്ഷ്യമിട്ടാണ് ഇറാന്റെ തിരിച്ചടി. യുഎഇ തീരത്തെ എണ്ണക്കപ്പലിന് നേരെയും ഇറാന്‍ ആക്രമണം നടത്തി. പേര്‍ഷ്യന്‍ ഗള്‍ഫ് തീരത്ത് സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമായ സൗത്ത് പാര്‍സില്‍ ആണ് ഇസ്രയേല്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. പിന്നാലെയാണ് ഇറാന്‍ ഗള്‍ഫ് മേഖലയില്‍ വ്യാപകമായി തിരിച്ചടിച്ചത്.

ലോക വിപണിയില്‍ പ്രകൃതിവാതകത്തിന്റെ പ്രധാന സ്രോതസ്സായ ഖത്തറിലെ എല്‍എന്‍ജി കേന്ദ്രത്തിന് നേരെ ആയിരുന്നു ഇറാന്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ എല്‍എന്‍ജി കേന്ദ്രത്തില്‍ തീപിടിത്തം ഉണ്ടായെങ്കിവും അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. എല്‍എന്‍ജി കേന്ദ്രത്തിന് നേരെ നേരത്തെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തത്തില്‍ ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായികുന്നു. പുതിയ ആക്രമണം നാശനഷ്ടങ്ങളുടെ തോത് വര്‍ധിപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാശനഷ്ടങ്ങള്‍ ഖത്തറിന്റെ എണ്ണ വിപണിയിലെ സ്വാധീനത്തെ സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തലുകള്‍.

കുവൈത്തില്‍ മിന അല്‍-അഹമ്മദി റിഫൈനറിക്ക് നേരെ ആയിരുന്നു ഇറാന്റെ ആക്രമണം. പ്രതിദിനം 730,000 ബാരല്‍ പെട്രോളിയം ഉല്‍പാദന ശേഷിയുള്ള മിന അല്‍-അഹമ്മദി മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റിഫൈനറികളില്‍ ഒന്നാണ്.

യുഎഇക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബിയിലെ ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റ്, ബാബ് ഫീല്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണങ്ങളെ അപലപിച്ചു ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തി. ഇറാനില്‍ ഉണ്ടായിരുന്ന വിശ്വാസം തകര്‍ക്കുന്നതാണ് തുടര്‍ച്ചയായ ആക്രമണങ്ങളെന്നാണ് ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ നിലപാട്.

എണ്ണപ്പാടങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ‘സംഘര്‍ഷത്തിന്റെ ഗതിമാറ്റത്തിന്റെ വ്യക്തമായ സൂചനയാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍. ‘ലോകത്തെ മുഴുവന്‍ വിഴുങ്ങാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു ആക്രമണത്തില്‍ അപലപിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നല്‍കിയ മുന്നറിയിപ്പ്. ഇറാനിലെ എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ അമേരിക്കയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സൗത്ത് പാര്‍സില്‍ മേഖലയെ ഇസ്രയേല്‍ ഇനി ലക്ഷ്യമിടില്ലെന്ന് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ വിലയിരുത്തി ഈ തരത്തിലുള്ള അക്രമത്തെ താന്‍ അംഗീകരിക്കില്ലെന്നായിരുന്നു ട്രംപ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.

ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണങ്ങളുടെ അലയൊലികള്‍ അന്താരാഷ്ട്ര എണ്ണ വിപണിയെയും ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബ്രെന്റ് ക്രൂഡ് ഓയില്‍ വില വ്യാഴാഴ്ച രാവിലെ ബാരലിന് 110 യുഎസ് ഡോളറിനു മുകളിലെത്തി. ഫെബ്രുവരി 28 ന് ഇറാനെ ആക്രമിച്ചുകൊണ്ട് ഇസ്രയേലും അമേരിക്കയും യുദ്ധം ആരംഭിച്ചതിനുശേഷം 50 ശതമാനത്തിലധികമാണ് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചത്.