by Midhun HP News | Mar 19, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന്റെ പാര്‍ട്ട് ടൈം ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായ അതാനു ചക്രവര്‍ത്തി രാജിവച്ചു. ബാങ്കിനുള്ളിലെ ചില രീതികളും പ്രവര്‍ത്തനങ്ങളും തന്റെ വ്യക്തിപരമായ ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ബാങ്കിന്റെ ഗവേണന്‍സ്, നോമിനേഷന്‍ ആന്‍ഡ് റമ്യൂണറേഷന്‍ കമ്മിറ്റി ചെയര്‍മാന് നല്‍കിയ കത്തിലാണ് അദ്ദേഹം രാജി തീരുമാനം അറിയിച്ചത്.
‘കഴിഞ്ഞ രണ്ട് വര്‍ഷമായി ബാങ്കില്‍ ഞാന്‍ നിരീക്ഷിച്ച ചില സംഭവങ്ങളും രീതികളും എന്റെ വ്യക്തിപരമായ മൂല്യങ്ങളോടും ധാര്‍മ്മികതയോടും പൊരുത്തപ്പെടുന്നില്ല. ഇതാണ് എന്റെ തീരുമാനത്തിന്റെ അടിസ്ഥാനം. എന്റെ രാജിക്ക് മറ്റ് കാര്യമായ കാരണങ്ങളൊന്നുമില്ലെന്നും ഞാന്‍ വ്യക്തമാക്കുന്നു’- അതാനു ചക്രവര്‍ത്തി കത്തില്‍ പറയുന്നു.
രാജി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യന്‍ ഓഹരി വിപണിയില്‍ 4.73 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അതാനു ചക്രവര്‍ത്തിയുടെ രാജിയെ തുടര്‍ന്ന് എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ മുന്‍ വൈസ് ചെയര്‍മാനായിരുന്ന കെകി മിസ്ത്രിയെ മൂന്ന് മാസത്തേക്ക് ബാങ്കിന്റെ ഇടക്കാല പാര്‍ട്ട്-ടൈം ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നല്‍കി. മാര്‍ച്ച് 19 മുതല്‍ ഈ നിയമനം പ്രാബല്യത്തില്‍ വന്നു.
2021 മെയ് മാസത്തിലാണ് അതാനു ചക്രവര്‍ത്തി എച്ച്ഡിഎഫ്സി ബാങ്കിന്റെ ബോര്‍ഡിന്റെ ഭാഗമായത്. ‘ബോര്‍ഡില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് എച്ച്ഡിഎഫ്സി ലിമിറ്റഡുമായി ബാങ്ക് ലയിപ്പിച്ചതുപോലുള്ള സുപ്രധാന സംഭവങ്ങള്‍ ഉണ്ടായത്. അത് ബാങ്കിന് കീഴില്‍ ഒരു കൂട്ടായ്മ സൃഷ്ടിച്ചു. ഈ തന്ത്രപരമായ സംരംഭം എച്ച്ഡിഎഫ്സി ബാങ്കിനെ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാക്കി മാറ്റി. എന്നിരുന്നാലും, ലയനത്തിന്റെ ഗുണങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായി ഫലവത്തായില്ല.’- അദ്ദേഹം കത്തില്‍ പറയുന്നു.


by Midhun HP News | Mar 19, 2026 | Latest News, ദേശീയ വാർത്ത
ഖത്തറിന് പുറമെ യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യമിട്ടു. അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിന് നേരെ വന്ന മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അബുദാബിയിലെ പ്ലാന്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിൽ എത്തിയ ഡ്രോണുകളും മിസൈലുകളും റിയാദിന് സമീപം തകർത്തു വീഴ്ത്തി. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇറാൻ നടത്തുന്നതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
യുദ്ധം ശക്തമായതോടെ ആഗോള എണ്ണ വിപണിയിൽ വില കുതിച്ചുയരുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടത് ആശങ്ക വർധിപ്പിക്കുന്നു. സംഘർഷ പശ്ചാത്തലത്തിൽ പ്രമുഖ വിമാനക്കമ്പനിയായ കാത്തി പസഫിക് ദുബൈയിലേക്കുള്ള സർവീസുകൾ ഏപ്രിൽ 30 വരെ റദ്ദാക്കി. മേഖലയിലെ സുരക്ഷാ സാഹചര്യം ചർച്ച ചെയ്യാൻ യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ഫോണിൽ സംസാരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ഇറാന്റെ ഭീഷണി ഗൾഫ് രാജ്യങ്ങളെ കടുത്ത ജാഗ്രതയിലാക്കിയിരിക്കുകയാണ്.


by Midhun HP News | Mar 19, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: ഇറാനിൽ നിന്ന് ഇന്ത്യൻ എണ്ണ ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടക്കാനുള്ള ചർച്ചകൾ തുടർന്ന് ഇന്ത്യ. നേരത്തെ രണ്ട് കപ്പലുകൾക്ക് അനുമതി നൽകിയിരുന്നെങ്കിലും കൂടുതൽ കപ്പലുകൾ കടത്തിവിടുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന സഹാചര്യത്തിലാണ് ഇന്ത്യ പ്രശ്നപരിഹാര ചർച്ചകൾ തുടങ്ങിയത്.
21 ഇന്ത്യൻ ചരക്കു കപ്പലുകളും ടാങ്കറുകളുമാണ് ഇപ്പോഴും ഹോർമുസ് കടലിടുക്കിലുള്ളത്. 611 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിൽ കുടുങ്ങി കിടക്കുന്നത്. കപ്പലുകളും ജീവനക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടിയാണ് സർക്കാൻ ഒരുക്കുന്നത്.ഇന്ത്യ മരുന്നുകൾ കൈമാറിയതിന് ഇറാൻ സർക്കാർ നന്ദി അറിയിച്ചു. ഇറാനുള്ള മാനുഷിക പരിഗണന എന്ന നിലയ്ക്ക് ഇറാനിയൻ റെഡ് ക്രസന്റിന് ഇന്നലെ സർക്കാർ മരുന്നുകൾ കൈമാറിയിരുന്നു. ഡൽഹിയിലെ ഇറാൻ എംബസിയിലെത്തിച്ച മരുന്നുകൾ ഇറാന്റെ അതിർത്തി രാജ്യങ്ങളിലേക്ക് കൊണ്ടുപോയ ശേഷം റോഡ് മാർഗം റെഡ് ക്രസന്റ് ഇറാനിലെത്തിക്കാനാണ് സാധ്യത.
അതിനിടെ, രാജ്യത്തെ എൽപിജി വിതരണം ആശങ്കയായി തുടരുന്നെങ്കിലും ഇന്ത്യക്കുള്ളിലെ ഉൽപാദനം നാല്പത് ശതമാനം കൂട്ടാനായത് ആശ്വാസമാണെന്ന് സർക്കാർ പറയുന്നു. പ്രതിസന്ധി പരിഹരിക്കാൻ പൈപ്പ് വഴിയുള്ള ഗ്യാസ് വിതരണം കൂടുതൽ മേഖലകളിലേക്ക് എത്തിക്കാൻ സർക്കാർ നീക്കം തുടങ്ങി.
പിഎൻജി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങൾക്ക് തൽകാലം കേന്ദ്ര കോട്ടയിൽ നിന്നും പത്ത് ശതമാനം എൽപിജി അധികമായി നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റുമായും കുവൈറ്റ് കിരീടാവകാശിയുമായും ഇതിനകം ചർച്ച നടത്തി. ഹോർമുസ് വഴിയുള്ള ഊർജ നീക്കവും ഈ സംഭാഷണങ്ങളിൽ ചർച്ചയായി.
by Midhun HP News | Mar 18, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖാതിബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍. കഴിഞ്ഞദിവസം രാത്രി നടത്തിയ ആക്രമണത്തിലാണ് ഇസ്മയില്‍ ഖാതിബ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി കാട്‌സ് പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാനിയന്‍ ഭരണകൂടത്തിലെ മറ്റ് രണ്ട് പ്രധാന വ്യക്തികളായ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി, ബ്രിഗേഡിയര്‍ ജനറല്‍ ഘോലംറേസ സുലൈമാനി എന്നിവരെ കൊലപ്പെടുത്തി ഒരു ദിവസത്തിന് ശേഷമാണ് ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടതെന്ന് കാട്‌സ് പറഞ്ഞു.
‘ഇറാനില്‍ നടത്തുന്ന ആക്രമണങ്ങളുടെ ശക്തി വര്‍ധിക്കുകയാണ്. കഴിഞ്ഞ രാത്രി ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഖാതിബിനെ വധിച്ചു. ഇറാന്റെ ഉന്നത നേതൃത്വത്തെ ഇല്ലാതാക്കാന്‍ ഞാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും ഇസ്രയേല്‍ സൈന്യത്തിന് എല്ലാ അധികാരവും നല്‍കിയിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.
ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അലി ലാരിജാനി തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും പുതിയ സംഭവം. അന്തരിച്ച അലി ഖമേനിയുടെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ മൊജ്തബ ഖമേനിയുടെയും അടുത്ത അനുയായിയായിരുന്നു 67 കാരനായ ലാരിജാനി.


by Midhun HP News | Mar 18, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 27 സീറ്റുകളില്‍ മുസ്ലിം ലീഗ് ജനവിധി തേടും. 8 സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മത്സരിക്കും. കേരള കോണ്‍ഗ്രസിന്റെ ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഒരു പ്രാവശ്യത്തേക്ക് കോണ്‍ഗ്രസിന് വിട്ടു നല്‍കിയിരിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ തൃക്കരിപ്പൂര്‍ മണ്ഡലം വിട്ടു നല്‍കുകയും, പകരം കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് അവര്‍ക്ക് വിട്ടുനല്‍കുകയും ചെയ്തതായി വിഡി സതീശന്‍ അറിയിച്ചു.
ആര്‍എസ്പി കഴിഞ്ഞ പ്രാവശ്യം 5 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണയും 5 സീറ്റുകളില്‍ തന്നെ മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പി കോണ്‍ഗ്രസിന് വിട്ടുനല്‍കി. പകരം പയ്യന്നൂര്‍ ആര്‍എസ്പിക്ക് നല്‍കിയിട്ടുണ്ട്. ആ സീറ്റില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. പകരം സിപിഎം വിമതനായ വി കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കാനാണ് ആര്‍എസ്പിയുടേയും യുഡിഎഫിന്റെയും തീരുമാനം.
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബിന് പിറവം, സിഎംപിയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലവും, കെഡിപിയിലെ മാണി സി കാപ്പന് പാലാ മണ്ഡലവും നല്‍കും. ആര്‍എംപിക്ക് വടകരയും നല്‍കിയിട്ടുണ്ട്. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പി വി അന്‍വറും മത്സരിക്കും. സ്വതന്ത്രരെ പിന്താങ്ങുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അനുവാദത്തോടെ ഇന്നുതന്നെ തീരുമാനമെടുക്കുമെന്നും വിഡി സതീശന്‍ അറിയിച്ചു.
ചാത്തന്നൂര്‍ സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ അവര്‍ പരിശോധിച്ച ശേഷം കോണ്‍ഗ്രസ് മത്സരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് സീറ്റ് തിരിച്ചു തന്നു. അതില്‍ ഫോര്‍വേഡ് ബ്ലോക്കിനും ജി ദേവരാജനും നന്ദി അറിയിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഫോര്‍വേഡ് ബ്ലോക്കിനോട് യുഡിഎഫ് പൂര്‍ണമായ നീതി പുലര്‍ത്തും. ഇതു വാക്കാണ്. രാജ്യസഭാ സീറ്റ് ആയിരിക്കുമോ എന്നതൊന്നും പറയാന്‍ താനാളല്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.


by Midhun HP News | Mar 18, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ യുഎഇക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണങ്ങളില്‍ മരണമടഞ്ഞ പ്രവാസികളായ ആറ് പേരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഇതുവരെ എട്ട് പേരാണ് യുഎഇയില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ പ്രവാസികളായവരുടെ വിവരങ്ങളാണ് യുഎഇ പങ്കുവച്ചത്. പലസ്തീന്‍ സ്വദേശി അലാഅ നാദര്‍ അവ്‌നി, പാകിസ്ഥാന്‍ സ്വദേശികളായ മുരീബ് സമാന്‍ നിസാര്‍, മുസഫര്‍ അലി ഗുലാം, ഇസ്മായീല്‍ സലിം ഖാന്‍ എന്നിവര്‍ക്ക് പുറമെ ബംഗ്ലാദേശ് സ്വദേശി അഹമ്മദ് അലി, നേപ്പാള്‍ സ്വദേശി ദിബാസ് ശ്രേഷ്ഠ എന്നിവരാണ് മരിച്ചത്.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അതാത് എംബസികളുമായി ചേര്‍ന്ന് പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇറാന് നേരെ ഇസ്രയേല്‍ – യുഎസ് ആക്രമണം ഉണ്ടായതിന് പിന്നാലെ ഫെബ്രുവരി 28 മുതലാണ് മേഖല സംഘര്‍ഷഭരിതമായത്. ഗള്‍ഫ് മേഖലകളിലെ അമേരിക്കന്‍ ആസ്തികള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച ഗള്‍ഫ് രാജ്യമായിരുന്നു യുഎഇ. സംഘര്‍ഷം പത്തൊന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യുഎഇക്ക് നേരെ രണ്ടായിരത്തോളം ആക്രമണങ്ങള്‍ ഉണ്ടായെന്നും അധികൃതര്‍ പറയുന്നു. 314 ബാലിസ്റ്റിക് മിസൈലുകളും, 15 ക്രൂയിസ് മിസൈലുകളും 1672 ഡ്രോണുകളും ഇറാന്‍ പ്രയോഗിച്ചെന്നാണ് കണക്കുകള്‍. സിവിലിയന്‍ കേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ട് തുടങ്ങിയവയ്ക്ക് നേരെയും ആക്രമണം ഉണ്ടായെന്നാണ് യുഎഇ നല്‍കുന്ന വിവരം.
യുഎഇക്ക് നേരെ ഇന്നും ഇറാന്റെ ഭാഗത്തുനിന്ന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍വച്ച് ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായും സേന ഔദ്യോഗിക അറിയിപ്പില്‍ അറിയിച്ചു. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.


Recent Comments