by Midhun HP News | Mar 13, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ടി20 ലോകകപ്പ് പുരോഗമിക്കവേ ഒരു നിര്‍ണായക ഘട്ടത്തിലാണ് മലയാളി താരം സഞ്ജു സാംസണെ പ്ലെയിങ് ഇലവനിലേക്ക് കൊണ്ടു വരാന്‍ തീരുമാനിച്ചതെന്നു ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സിതാംശു കൊട്ടക്. ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ നിരന്തരം പരാജയപ്പെട്ടതാണ് സഞ്ജുവിന്റെ വരവിനു വഴി തുറന്നതെന്നു കൊട്ടക് വെളിപ്പെടുത്തി.

‘ഗ്രൂപ്പ് റൗണ്ടില്‍ ഉള്‍പ്പെടെ നാല് മത്സരങ്ങളില്‍ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ടോപ് ഓര്‍ഡിലെ ആദ്യ 3 പേര്‍ ഇടം കൈയന്‍മാരാണ് ഇന്ത്യയ്ക്ക്. എതിരാളികള്‍ ഓഫ് സ്പിന്നര്‍മാരെ വച്ചാണ് ഇത് വിജയകരമായി പൊളിച്ചത്. ഈ പ്രതിസന്ധി മറികടക്കാനാണ് സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്ക് കൊണ്ടു വന്നത്.’
‘തുടരെ മൂന്ന് മത്സരങ്ങളില്‍ മിന്നും ഫോമില്‍ കളിച്ച് സഞ്ജു ടീമിന്റെ വിശ്വാസം കാത്തു. ആ പരീക്ഷണം ഇന്ത്യക്ക് ലോകകപ്പും സമ്മാനിച്ചു’- ഒരഭിമുഖത്തില്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് പറഞ്ഞു.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഒന്നാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെട്ട സഞ്ജുവിനു പക്ഷേ ലോകകപ്പിനു തൊട്ടുമുന്‍പ് അരങ്ങേറിയ ന്യൂസിലന്‍ഡിനെതിരായ 5 ടി20 മത്സരങ്ങളില്‍ തിളങ്ങാനായില്ല. ഇതോടെ താരത്തിനു ഇലവനിലെ സ്ഥാനം തന്നെ നഷ്ടമായി. പിന്നീട് ഗ്രൂപ്പ് ഘട്ടത്തില്‍ നമീബിയക്കെതിരായ പോരാട്ടത്തില്‍ സ്ഥിരം ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കു വയറിനു അസുഖം വന്നതോടെ സഞ്ജുവിനു ലോകകപ്പിലെ ആദ്യ അവസരം. മിന്നും തുടക്കമാണ് താരം അന്നു നല്‍കിയത്. എന്നാല്‍ പിന്നീട് വീണ്ടും ബഞ്ചില്‍.
ഒടുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ ദയനീയ പരാജയമേറ്റതോടെ ടീമില്‍ അഴിച്ചു പണി വന്നു. റിങ്കുവിനെ മാറ്റി സഞ്ജുവിനെ ഇറക്കിയതോടെ കഥ മാറി, കളിയും. പിന്നീട് ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. അതില്‍ തന്നെ സഞ്ജുവായിരുന്നു അവസാന മൂന്ന് കളികളിലെ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ജീവന്‍മരണ പോരാട്ടത്തില്‍ 97 റണ്‍സ്, ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസിലന്‍ഡിനെതിരായ ഫൈനലിലും സഞ്ജു 89 റണ്‍സ് വീതം അടിച്ച് വീണ്ടും ടീമിന്റെ ടോപ് സ്‌കോററായി.
5 കളിയില്‍ നിന്നു സഞ്ജു 321 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് വിരാട് കോഹ്‌ലിയില്‍ നിന്നു സഞ്ജു സ്വന്തം പേരിലാക്കി. ലോകകപ്പിലെ മികച്ച താരമായും സഞ്ജു മാറി. ഐസിസിയുടെ ലോകകപ്പ് ഇലവനിലും ഓപ്പണര്‍ സഞ്ജു തന്നെയായിരുന്നു.

by Midhun HP News | Mar 13, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15-ന് ശേഷമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയ്ക്കെതിരെ പരാതിനൽകാനുള്ള സമയ പരിധി 15-ാം തീയതിയാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീളുന്നതെന്ന് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. ഫെബ്രുവരി 28-ാം തീയതിയാണ് ബംഗാളിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർപട്ടികയെ സംബന്ധിച്ച് പരാതി നൽകുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത് മാർച്ച് 15-ാം തീയ്യതിയാണ്. അതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം അതിനുശേഷം നടത്തിയാൽ മതിയെന്ന് കമ്മീഷൻ തീരുമാനിച്ചത്. തിങ്കളാഴ്ച്ചയോ ചൊവ്വാഴ്‌ചയോ തീയതി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

കേരളം ഉൾപ്പടെ മൂന്ന് സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ്. കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കും. അസമിൽ മൂന്ന് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. പശ്ചിമബംഗാളിൽ അഞ്ച് ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കിയേക്കും. കഴിഞ്ഞതവണ ബംഗാളിൽ എട്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.
ഇത്തവണയും കേരളത്തിലെ പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്രസേനാ വ്യന്യാസം ഉണ്ടാകും. മലബാർ മേഖലയിലാണ് കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത്. ഏപ്രിൽ 20-നും 30-നും ഇടയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും കമ്മീഷനുമുന്നിൽ വെച്ചിട്ടുള്ളത്.

by Midhun HP News | Mar 13, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായി. ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന. സംവരണമണ്ഡലമായ ചിറയിന്‍കീഴില്‍ മുന്‍ എംപി രമ്യ ഹരിദാസിനെയും പരിഗണിക്കുന്നു. രമ്യയെ അടൂര്‍ മണ്ഡലത്തിലേക്കും പരിഗണിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്നും തുടരും. ഇന്നു പരിഗണിക്കുന്ന 20 സീറ്റുകളില്‍ പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല, നാട്ടികയില്‍ സുനില്‍ ലാലൂര്‍, കയ്പമംഗലത്ത് ടി എം നാസര്‍, കോഴിക്കോട് നോര്‍ത്തില്‍ കെ ജയന്ത്, എലത്തൂരില്‍ വിദ്യ ബാലകൃഷ്ണന്‍, നാദാപുരത്ത് കെ എം അഭിജിത്ത് എന്നിങ്ങനെ ഒറ്റപ്പേരുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുന്നിലുള്ളത്.

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍, റാന്നിയില്‍ പഴകുളം മധു, അടൂരില്‍ ശാന്തകുമാര്‍, കാഞ്ഞങ്ങാട് ഹരീഷ് പി നായര്‍ എന്നിവരുടെ പേരുകളിലും ധാരണയായതായാണ് റിപ്പോര്‍ട്ട്. മുസ്ലിം ലീഗില്‍ നിന്നും കോങ്ങാട് വിട്ടുകിട്ടിയാല്‍ കെ എ തുളസി സ്ഥാനാര്‍ത്ഥിയാകും. തിരുവമ്പാടിയില്‍ വി എസ് ജോയിക്കും സാധ്യത. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സിഎംപിക്ക് വിട്ടു നല്‍കും. സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍ സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ കണ്ണുവെച്ചിരുന്ന വി എസ് ശിവകുമാറിനെ അരുവിക്കരയിലാണ് പരിഗണിക്കുന്നത്.
ടി ശരത്ചന്ദ്രപ്രസാദ്, ജെ എസ് അഖില്‍ എന്നിവരെ കഴക്കൂട്ടത്തും, സുധീര്‍ഷാ പോലോട്, പാലോട് രവി എന്നിവരെ വാമനപുരത്തും വര്‍ക്കലയില്‍ വര്‍ക്കല കഹാറിനെയും പരിഗണിക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും മന്ത്രി ശിവന്‍കുട്ടിയും മത്സരിക്കുന്ന നേമത്ത് മുന്‍ എംഎല്‍എ ശബരീനാഥനെയാണ് പരിഗണിക്കുന്നത്. നേരത്തെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വൈഷ്ണ സുരേഷിനെയും പരിഗണിച്ചിരുന്നു.
എന്നാല്‍ നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന വിലയിരുത്തലാണ് ശബരീനാഥനെ കൂടി പരിഗണിക്കാന്‍ കാരണം. ശബരീനാഥനോട് ഇന്ന് ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ അവകാശവാദം ഉന്നയിച്ച നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ പാറശാല ബ്ലോക്ക് പ്രസിഡന്റ് എസ് ഉഷാകുമാരിയുടെ പേരും പരിഗണിക്കുന്നുണ്ട്. ചാത്തന്നൂർ മണ്ഡലം ഘടകകക്ഷിയായ ഫോർവേഡ് ബ്ലോക്കിന് നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. പാർട്ടി ജനറൽ സെക്രട്ടറി ജി ദേവരാജൻ മത്സരിക്കും. നാട്ടികയില്‍ യുഡിഎഫ് പിന്തുണ ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സിപിഐ വിട്ട സിസി മുകുന്ദന്‍. ഡല്‍ഹിയിലെത്തി സണ്ണി ജോസഫ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാര്‍ത്ഥി പട്ടിക രണ്ടു ഘട്ടങ്ങളായി പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

by Midhun HP News | Mar 13, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നടപടി തുടരുന്നതിനിടെ യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നുവീണു. ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ ആറ് പേരുണ്ടായിരുന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇവരെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തിലല്ല വിമാനം തകര്‍ന്നുവീണതെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റ് വിശദീകരണം. പൈലറ്റുമാരെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇറാന് എതിരായ സൈനിക നടപടിയുടെ ഭാഗമായ വിമാനമാണ് തകര്‍ന്നതെന്ന് യുഎസ് സ്ഥിരീകരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച പ്രസ്താവനയില്‍ ഇറാനെതിരായ സൈനിക നടപടിയുടെ പേരായ എപിക് ഫ്യൂറിയെ കുറിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം, അമേരിക്കന്‍ വിമാനം വെടിവെച്ചുവീഴ്ത്തിയതാണെന്നാണ് ഇറാന്റെ വാദം. സംഭവത്തിന്റെ ഉത്തരവാദിത്വം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഏറ്റെടുത്തു. ചെറുത്തുനില്‍പ്പ് സംഘത്തിന്റെ വ്യോമ പ്രതിരോധം യുഎസ് വിമാനം തകര്‍ത്ത് വിമാനത്തിലുണ്ടായിരുന്ന ആറ് പേരെ വകവരുത്തിയതായും ഐആര്‍ജിസി പ്രതികരിച്ചു. ‘ഇറാന്റെ പരമാധികാരത്തെയും വ്യോമാതിര്‍ത്തിയെയും വെല്ലുവിളിച്ച കെസി-135 വിമാനം വെടിവച്ചിട്ടെന്ന് ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.
ഇറാനിലെ സൈനിക നീക്കങ്ങള്‍ക്കു പിന്തുണ നല്‍കുന്നതിനായി ചെങ്കടലില്‍ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് വിമാനവാഹിനി കപ്പലില്‍ തീപിടിത്തം ഉണ്ടായതിന് പിന്നാലെയാണ് വിമാനം തകര്‍ന്നു വീണത്. കപ്പലിലെ ലോണ്‍ട്രി മുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നു യുഎസ് നേവല്‍ ഫോഴ്‌സസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ശത്രുക്കളുടെ ആക്രമണമല്ലെന്നും അമേരിക്കന്‍ നാവികസേനയും വിശദീകരിച്ചിരുന്നു. അപകടത്തില്‍ രണ്ട് നാവികര്‍ക്കു പരിക്കേറ്റു. പരിക്കുകള്‍ സാരമുള്ളതല്ലെന്നും അവര്‍ക്ക് വൈദ്യ സഹായം നല്‍കി വരുന്നതായും നാവികസേന അറിയിച്ചു. ഈ സംഭവം കപ്പലിന്റെ പ്രവര്‍ത്തനശേഷിയെ ബാധിച്ചിട്ടില്ല. നിലവില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും കപ്പല്‍ ദൗത്യം തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.


by Midhun HP News | Mar 13, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ മോദി ആശങ്ക പ്രകടിപ്പിച്ച് കൊണ്ടായികരുന്നു ഇരു നേതാക്കളുടെയും ഫോണ്‍ സംഭാഷണം. ഇറാനെതിരെ യു.എസ്-ഇസ്രായേല്‍ സംയുക്ത സൈനികാക്രമണം നടക്കുകയും, ഗള്‍ഫ് മേഖലയില്‍ ഇറാന്‍ തിരിച്ചടിക്കുകയും ചെയ്ത സംഭവങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുന്നത്.

ഇറാന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ പ്രധാനമന്ത്രി എക്‌സ് പോസ്റ്റില്‍ പങ്കുവച്ചു. ‘ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ചു, പശ്ചിമേഷ്യന്‍ മേഖലയിലെ ഗുരുതരമായ സാഹചര്യം ചര്‍ച്ച ചെയ്തു. സംഘര്‍ഷത്തിലും സാധാരണ ജനങ്ങളുടെ മരണത്തിലും അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിലും ആശങ്ക പ്രകടിപ്പിച്ചു’ -പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ലോക സമാധാനത്തിനും സ്ഥിരതയ്ക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിച്ച പ്രധാമന്ത്രി ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണനയാണെന്നും ഇറാന്‍ പ്രസിഡന്റിനെ ബോധിപ്പിച്ചു. ചരക്കുകള്‍, ഊര്‍ജ വിഭവങ്ങള്‍ എന്നിവയുടെ തടസ്സമില്ലാത്ത വിതരണം തടസപ്പെടുന്നതിന്റെ ആശങ്കയും ഇന്ത്യ ഇറാനെ അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ സംഭാഷണത്തിനും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും പരിഹാരം കാണാനും ആഹ്വാനം ചെയ്യുകയും ചെയ്തതായും മോദി കൂട്ടിച്ചേര്‍ത്തു.
‘ഹോര്‍മുസ് കടലിടുക്കിന്റെ പ്രാധാന്യം ഉപയോഗപ്പെടുത്തണം എന്ന് പുതിയ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി തന്റെ ആദ്യ പൊതു പ്രസംഗത്തില്‍ വ്യക്തമാക്കിയകിന് പിന്നാലെയാണ് മോദി പെസഷ്‌കിയാന്‍ ചര്‍ച്ച. ഹുര്‍മുസ് കടലിടുക്ക് ഇന്ത്യന്‍ കപ്പലുകള്‍ക്കായി തുറന്നുതരാമെന്ന് ഇറാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, ഇറാന്‍ വിദേശ മന്ത്രിയുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് സുപ്രധാന തീരുമാനമെന്നറിയുന്നു. അതേസമയം, ഇരുവരും മൂന്നുവട്ടം സംഭാഷണം നടത്തിയെന്ന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ച വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍, ഇറാന്‍ സമ്മതം നല്‍കിയെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയാറായിരുന്നില്ല.

by Midhun HP News | Mar 13, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പാചകവാതക ക്ഷാമം രൂക്ഷമാകുന്നു. പാചകവാതക ലഭ്യത ലഭ്യതക്കുറവിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണമേഖലയില്‍ സിലിണ്ടര്‍ ബുക്കിങ്ങിനുള്ള ഇടവേള 45 ദിവസമായി വര്‍ധിപ്പിച്ചു. നേരത്തെ 25 ദിവസമായി നിശ്ചയിച്ചിരുന്ന ഇടവേളയാണ് 45 ആയി ഉയര്‍ത്തിയത്. ഇതിനൊപ്പം രാജ്യത്തെ എല്‍.പി.ജി. ഉത്പാദനവും വര്‍ധിപ്പിച്ചു.
പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എല്‍പിജി ഉദ്പാതനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം കഴിഞ്ഞദിവസം മുതല്‍ ഉത്പാദനം 25 ശതമാനം വര്‍ധിപ്പിച്ചിരുന്നു. പിന്നാലെയാണ് വ്യാഴാഴ്ച മുതല്‍ ഉത്പാദനം 28 ശതമാനമാക്കി ഉയര്‍ത്തിയത്. ഖത്തര്‍, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരമായി അമേരിക്ക, നോര്‍വെ, കാനഡ, അള്‍ജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഇന്ധനം എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ധന സ്രോതസുകള്‍ വൈവിധ്യവത്കരിക്കുന്നതിലൂടെ വിതരണ ശൃംഖലയിലെ തടസം മറികടക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആഭ്യന്തര ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയവും വ്യക്തമാക്കുന്നു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കുന്നതിനായി മുന്‍ഗണനാ ക്രമത്തില്‍ വിതരണം ചെയ്യേണ്ട ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ വര്‍ദ്ധിച്ച ഡിമാന്‍ഡ് വിതരണത്തിലെ പാളിച്ചയല്ല, മറിച്ച് ജനങ്ങള്‍ക്കിടയിലുള്ള ഭീതി മൂലമുള്ള ബുക്കിങ് ആണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള 25,000 വിതരണക്കാര്‍ വഴി പ്രതിദിനം ഏകദേശം 50 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നുണ്ട്. വിതരണ ശൃംഖലയില്‍ നിലവില്‍ കുറവുകളൊന്നുമില്ല. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ധനം മിതമായി ഉപയോഗിക്കാനും അനാവശ്യ ഭീതി ഒഴിവാക്കാനും ഉപഭോക്താക്കളോട് കേന്ദ്രം അഭ്യര്‍ത്ഥിച്ചു.

Recent Comments