വിറ്റത് വൻ തുകയ്ക്ക്‌, റിലീസിന് മുൻപ് തന്നെ ‘ധുരന്ധർ 2’ റൈറ്റ്സ് സ്വന്തമാക്കി ഒടിടി പ്ലാറ്റ്ഫോം; എവിടെ കാണാം

വിറ്റത് വൻ തുകയ്ക്ക്‌, റിലീസിന് മുൻപ് തന്നെ ‘ധുരന്ധർ 2’ റൈറ്റ്സ് സ്വന്തമാക്കി ഒടിടി പ്ലാറ്റ്ഫോം; എവിടെ കാണാം

ഹംസ അലി മസാരിയായി രൺവീർ സിങ് തകർത്തഭിനയിച്ച ചിത്രമാണ് ധുരന്ധർ. 1300 കോടിയാണ് ആ​ഗോളതലത്തിൽ ചിത്രം നേടിയത്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു. മാർച്ച് 19 ന് ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ ധുരന്ധർ ദ് റിവഞ്ച് റിലീസിനെത്തും. ചിത്രത്തിന്റെ അടുത്തിടെ പുറത്തുവന്ന ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ആദ്യ ഭാ​ഗത്തിനേക്കാൾ സ്വീകാര്യത രണ്ടാം ഭാ​ഗത്തിന് കിട്ടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ. ധുരന്ധർ 2 വിന്റെ റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഒടിടി അവകാശത്തെ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരിക്കുകയാണിപ്പോൾ. മെയ് 14 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസിനെത്തുമെന്നാണ് വിവരം.

രൺവീർ സിങ് അവതരിപ്പിക്കുന്ന ജസ്കിരത് സിങ് രംഗി എന്ന കഥാപാത്രത്തിലൂടെയാണ് ധുരന്ധർ 2 സഞ്ചരിക്കുന്നത്. സാറ അർജുൻ, ആർ മാധവൻ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ തുടങ്ങി വൻ താരനിരയാണ് ധുരന്ധറിൽ അണിനിരന്നത്. 835 കോടിയാണ് ധുരന്ധർ ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. ആദ്യ ദിനത്തിൽ 200 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്. സ്പൈ ത്രില്ലറായെത്തിയ ചിത്രം കഴിഞ്ഞ വർഷം ‍ഡിസംബറിലാണ് തിയറ്ററുകളിലെത്തിയത്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ധുരന്ധർ 2 റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ആദ്യഭാ​ഗം റീ റിലീസിന് എത്തിയിരുന്നു.

‘ദൈവം കാത്തു വെച്ചത് നിന്നെ തേടി വരും’; സഞ്ജുവിനോട് സൂര്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ

‘ദൈവം കാത്തു വെച്ചത് നിന്നെ തേടി വരും’; സഞ്ജുവിനോട് സൂര്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ

മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യൻ വിജയത്തിന് നിർണായ പങ്ക് വഹിച്ച താരമാണ് സഞ്ജു സാംസൺ. ടൂർണമെന്റിന് മുമ്പ് നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മോശം പ്രകടനമായിരുന്നു താരത്തിന്റേത്. ഇതോടെ ലോകകപ്പിലെ ആദ്യ 11 പേരിൽ നിന്നും സഞ്ജു പുറത്തായിരുന്നു.

ഒടുവിൽ നിർണായകമായ അവസാന മൂന്ന് മത്സരങ്ങളിൽ സെഞ്ച്വറിയ്ക്ക് അടുത്തെത്തിയ പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന് വിജയം സമ്മാനിക്കാൻ സഞ്ജുവിന് കഴിഞ്ഞു. ടൂർണമെന്റിനിടയിൽ സഞ്ജു കടന്നു പോയ സാഹചര്യങ്ങളെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്.

“ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യാനും വിക്കറ്റ്കീപ്പിങ്ങും ചെയ്യാനും കഴിവുള്ള താരമായാണ് സഞ്ജു ടീമിൽ എത്തിയിരുന്നത്. ഒരിക്കൽ അവൻ എന്റെ അടുത്ത് വന്ന് ചോദിച്ചു ഈ ടീമിന് എന്നിൽ നിന്ന് എന്താണ് വേണ്ടത്?. ബൗളർമാരെ ആക്രമിച്ചു കളിക്കുന്ന വെടിക്കെട്ട് ബാറ്ററായ ആ പഴയ ആ സഞ്ജു സാംസണെയാണ് ഞങ്ങൾക്ക് വേണ്ടത് എന്നായിരുന്നു എന്റെ മറുപടി” സൂര്യകുമാർ പറഞ്ഞു. ടീമിന് എന്താണോ ആവശ്യം അതാണ് നമ്മൾ നൽകേണ്ടത്. വ്യക്തിപരമായ പ്രകടനം ഇപ്പോൾ നോക്കേണ്ട കാര്യമില്ല. പകരം ഒത്തൊരുമിച്ചു നിന്നാൽ നമുക്ക് ലക്ഷ്യം കൈവരിക്കാൻ നമുക്കു കഴിയുമെന്നും സഞ്ജു ടീം മീറ്റിങ്ങിൽ സഹതാരങ്ങളോട് പറഞ്ഞതും സൂര്യകുമാർ എടുത്തു പറഞ്ഞു.

ടീമിൽ ഇടം ലഭിക്കാതിരുന്ന സമയത്ത് സഞ്ജുവിനോട് താൻ പറഞ്ഞ വാക്കുകളും ഇന്ത്യൻ നായകൻ പങ്കുവെച്ചു. “ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടമാണ്. പക്ഷേ അതിനെ നീ മറികടക്കണം. ദൈവം നിനക്കായി എന്തെങ്കിലും കാത്ത് വെച്ചിട്ടുണ്ടെകിൽ അത് നിന്നെ തേടി വരും” എന്നായിരുന്നു സഞ്ജുവിനോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ടീമിൽ സ്ഥിരമായ സ്ഥാനം ഇല്ലാത്ത സമയത്തും സഞ്ജു പരിശീലനം തുടരുകയും അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ തയ്യാറായി നിൽക്കുകയും ചെയ്തിരുന്നു. അതാണ് പിന്നീട് അദ്ദേഹത്തിന്റെ പ്രകടനങ്ങളിലൂടെ നമ്മൾ കണ്ടതെന്നും സൂര്യകുമാർ പറഞ്ഞു.

സൗദിയില്‍നിന്ന് ക്രൂഡ് ഓയില്‍; ഹോര്‍മൂസ് കടലിടുക്ക് കടന്ന് ആദ്യ കപ്പല്‍ ഇന്ത്യയില്‍

സൗദിയില്‍നിന്ന് ക്രൂഡ് ഓയില്‍; ഹോര്‍മൂസ് കടലിടുക്ക് കടന്ന് ആദ്യ കപ്പല്‍ ഇന്ത്യയില്‍

ഡല്‍ഹി: പശ്ചിമഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്ത് എണ്ണ- പ്രകൃതിവാതക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ ആദ്യ കപ്പല്‍ ഇന്ത്യയിലെത്തി. സൗദി അറേബ്യയില്‍ നിന്നും ക്രൂഡ് ഓയിലുമായി പുറപ്പെട്ട കപ്പലാണ് മുംബൈ തീരത്തെത്തിയത്. ലൈബീരിയന്‍ പതാകയേന്തുന്ന ഷെന്‍ലോങ് സ്യൂമാക്‌സ് എന്ന കപ്പലാണ് ഹോര്‍മൂസ് കടലിടുക്ക് താണ്ടി ഇന്ത്യയിലെത്തിയത്.

സൗദി അറേബ്യയിലെ റാസ് ടാണുറ തുറമുഖത്തു നിന്നും തിരിച്ച, ക്രൂഡ് ഓയില്‍ നിറച്ച കപ്പല്‍ ബുധനാഴ്ചയാണ് മുംബൈ തുറമുഖത്ത് അടുപ്പിച്ചത്. 135,000 മെട്രിക് ടണ്‍ അസംസ്‌കൃത എണ്ണയാണ് ഷെന്‍ലോങ് സൂയസ്മാക്‌സ് കപ്പല്‍ വഴി ഇന്ത്യയിലേക്ക് എത്തിച്ചത്. ഹോര്‍മൂസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു.

ഇതിനുശേഷം ഇന്ത്യയിലെത്തുന്ന ആദ്യ കപ്പലാണ് ഷെന്‍ലോങ് സൂയസ്മാക്‌സ്. മുംബൈ തുറമുഖത്ത് എത്തിയ അസംസ്‌കൃത എണ്ണ മഹുളിലെ റിഫൈനറിയിലേക്ക് അയയ്ക്കും. ലോകത്തിലെ എണ്ണയുടെ ഏകദേശം 20 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. കടലിടുക്ക് വഴി ഒരു അന്താരാഷ്ട്ര കപ്പലും പോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാഖിലെ ബസ്ര തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇറാഖിലെ ബസ്ര തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖിനടുത്ത് യുഎസിന്റെ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഇറാഖിലെ ഖോര്‍ അല്‍ സുബൈര്‍ തുറമുഖത്തിന് സമീപം യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള, മാര്‍ഷല്‍ ദ്വീപുകളുടെ പതാക വഹിച്ചിരുന്ന സഫീസിയ വിഷ്ണു എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.

ഇറാനിയന്‍ ചാവേറാക്രമണമാണ് കപ്പലിന് നേര്‍ക്കുണ്ടായതെന്നാണ് നിഗമനം. ഇറാനിയന്‍ ആളില്ലാ ബോട്ടോ വാഹനമോ അല്ലെങ്കില്‍ ചാവേര്‍ ബോട്ടോ ആകാം കപ്പലില്‍ ഇടിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ട കാര്യം തുറമുഖങ്ങള്‍ക്കായുള്ള ജനറല്‍ കമ്പനിയുടെ ഡയറക്ടര്‍ ജനറല്‍ ഫര്‍ഹാന്‍ അല്‍-ഫാര്‍തൗസി ഇറാഖി വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു. മരിച്ച ഇന്ത്യാക്കാരന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

പേര്‍ഷ്യന്‍ ഗള്‍ഫിലെ ബസ്ര തുറമുഖത്ത് ഷിപ്പ്-ടു-ഷിപ്പ് ട്രാന്‍സ്ഫര്‍ ഏരിയയില്‍ വെച്ചാണ് കപ്പലിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നതെന്ന് അല്‍-ഫാര്‍തൗസി പറഞ്ഞു. കപ്പലിലുണ്ടായിരുന്ന ശേഷിക്കുന്ന 27 ജീവനക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവരെ ബസ്രയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു. 228.6 മീറ്റര്‍ നീളവും 32.57 മീറ്റര്‍ വീതിയുമുള്ള സഫീസിയ വിഷ്ണു 2007 ല്‍ നിര്‍മ്മിച്ച ഒരു അസംസ്‌കൃത എണ്ണ കപ്പലാണ്.

പ്രതിസന്ധിക്കിടെ ആശ്വാസം; ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്റെ അനുമതി

പ്രതിസന്ധിക്കിടെ ആശ്വാസം; ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്റെ അനുമതി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമ്പോള്‍, എല്‍പിജി ക്ഷാമം രാജ്യത്ത് രൂക്ഷമാകുന്നതിനിടെ ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത. ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കി. കപ്പലുകളായ പുഷ്പക്, പരിമള്‍ എന്നിവയ്ക്ക് കടലിടുക്കിലൂടെ സുരക്ഷിതമായി പോകാനാണ് ഇറാന്‍ അനുമതി നല്‍കിയത്.

എന്നാല്‍ ഹോര്‍മൂസ് കടലിടുക്കില്‍ മറ്റ് അന്താരാഷ്ട്ര കപ്പലുകള്‍ക്ക് വിലക്ക് തുടരുമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. അമേരിക്ക, ഇസ്രയേല്‍, അവരുടെ സഖ്യകക്ഷികള്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകള്‍ തടയുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ്, സൗഹാര്‍ദ്ദം പുലര്‍ത്തുന്ന ഇന്ത്യയുടെ കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കഴിഞ്ഞദിവസം ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. എണ്ണ പ്രതിസന്ധി അടക്കം ചര്‍ച്ചയായതായാണ് വിവരം. നയതന്ത്ര തലത്തില്‍ തുടര്‍ന്നും ചര്‍ച്ച തുടരുമെന്ന് എസ് ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു.

എല്‍പിജി വിതരണം നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. എല്‍പിജി പ്രതിസന്ധിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കരിഞ്ചന്തയോ പൂഴ്ത്തിവയ്‌പ്പോ ഇല്ലെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയിലും വിതരണത്തിലും ക്രമസമാധാന തകര്‍ച്ചയില്ലെന്ന് ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ തകർന്ന് അപകടം

ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ തകർന്ന് അപകടം

ന്യൂഡൽഹി: ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ തകർന്ന് അപകടം. ഹൈദരാബാദിൽനിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് ആർക്കും അപായമില്ല.ബുധനാഴ്ച രാവിലെ 11.55-ഓടെയായിരുന്നു സംഭവം. ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ മുൻവശത്തെ ലാൻഡിങ് ഗിയർ തകരുകയായിരുന്നു.

ലാൻഡിങ്ങിനിടെ മുൻചക്രം പൊട്ടിയതിനെതുടർന്ന് വിമാനം റൺവേയിലൂടെ നിരങ്ങിനീങ്ങിയതായാണ് റിപ്പോർട്ടുകൾ.ബോയിങ് 737 മാക്സ് 8 വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് 133 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. റൺവേയിൽ വിമാനത്തിന്റെ തകർന്ന മുൻചക്രം ചിതറികിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ ദിശ നിയന്ത്രിക്കുന്നതിനും മുൻഭാഗത്തെ ഭാരം താങ്ങുന്നതിനും നിർണായകമായ ഭാഗമാണ് ഈ മുൻചക്രം. സംഭവത്തെത്തുടർന്ന് അടിയന്തര രക്ഷാസംഘവും വിമാനത്താവള അധികൃതരും സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചു.