by Midhun HP News | Feb 8, 2026 | Latest News, ദേശീയ വാർത്ത
ഗുവാഹത്തി: സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കിരീടം തേടി കേരളം ഇന്നിറങ്ങുന്നു. സര്‍വീസസ് ആണ് എതിരാളികള്‍. എട്ടാം കിരീടം തേടിയാണ് കേരള ടീം ഇറങ്ങുന്നത്. അസമിലെ ധാക്കുവാഖാന സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതലാണ് മത്സരം.
സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ തവണ ഫൈനലില്‍ ബംഗാളിനോടാണ് പരാജയപ്പെട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് കളിയില്‍ മൂന്ന് ജയവും ഓരോ സമനിലയും തോല്‍വിയുമായിരുന്നു കേരളത്തിന്റേത്. എട്ടു ഗോള്‍ മാത്രമാണ് നേടിയത്. മൂന്നെണ്ണം വഴങ്ങി.
എന്നാല്‍ നോക്കൗട്ട് റൗണ്ടില്‍ അടുമുടി മാറിയ കേരള ടീമിനെയാണ് കാണാനായത്. സമഗ്രാധിപത്യത്തില്‍ എതിരാളികളുടെ വലയില്‍ ഗോള്‍ നിറച്ചാണ് കേരളം മുന്നേറിയത്. അവസാന രണ്ടു മത്സരങ്ങളില്‍ എതിരില്ലാതെ ഏഴു ഗോളുകളാണ് അടിച്ചത്.


കേരളത്തിന്റെ മധ്യനിര മികച്ച ഫോമിലാണ്. വി അര്‍ജുന്‍, ഒ എം ആസിഫ്, എം എം അര്‍ജുന്‍ ത്രയം പ്രതീക്ഷ പുലര്‍ത്തുന്നു. ക്യാപ്റ്റന്‍ ജി സഞ്ജു നയിക്കുന്ന പ്രതിരോധം കരുത്തുറ്റതാണ്. മുഹമ്മദ് അജ്സല്‍ നാല് ഗോളുമായി മുന്നിലാണ്. സര്‍വീസസിന്റേത് 13 സീസണുകള്‍ക്കിടെ ഏഴാം ഫൈനലാണ്.
by Midhun HP News | Feb 7, 2026 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട കോര്‍പറേഷന്‍ – കെഎസ്ആര്‍ടിസി തര്‍ക്കത്തിന് വിരാമം. നഗരത്തിലെ ഇടറോഡുകള്‍ വഴിയുള്ള ഇലക്ട്രിക് ബസുകള്‍ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം മേയര്‍ വി വി രാജേഷ് പുതിയ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരില്‍ ആണ് പുതിയ സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്.
കൊടുങ്ങാനൂരില്‍ നിന്നും കിഴക്കേക്കോടയിലേക്കും തിട്ടമംഗലത്തേക്കും രണ്ടു ബസുകള്‍ രാവിലെ സര്‍വീസ് നടത്തി. ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്ത മേയര്‍ ആദ്യയാത്രയിലും പങ്കാളിയായി. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ ഉള്‍പ്പെട്ട ല കുലശേഖരത്തുനിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നന്‍പാറ, കുണ്ടമണ്‍കടവ് വഴി കിഴക്കേക്കോട്ടയിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകള്‍ ഇടറോഡുകളില്‍ സര്‍വീസ് നടത്തും.
തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ലാത്ത വഴികളിലൂടെയാണ് നിലവില്‍ ബസ് സര്‍വീസ് പരിഗണിക്കുന്നത്. സര്‍വീസ് ആവശ്യപ്പെട്ട് 29 കൗണ്‍സിലര്‍മാര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇടറോഡുകളില്‍ ബസ് ഓടുന്നത് സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകും. ഗതാഗത മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 23 റൂട്ടുകളിലാണ് ആദ്യം സര്‍വീസ് പരിഗണിക്കുന്നതെന്നും മേയര്‍ അറിയിച്ചു.
വിവി രാജേഷ് മേയറായി ചുമതലയേറ്റതിന് പിന്നാലെ ആദ്യ തീരുമാനങ്ങളില്‍ ഒന്നായാണ് ഇലക്ട്രിക് ബസുകളെ നഗരത്തിലേക്ക് തിരിച്ച് വിളിച്ചത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങിയ 113 ബസുകള്‍ നഗരത്തിനു പുറത്തേക്കു സര്‍വീസ് നടത്തുന്നതിനെ ചൊല്ലി മേയറും ഗതാഗത മന്ത്രിയും തമ്മില്‍ തര്‍ക്കവും ഉടലെടുത്തിരുന്നു. പിന്നീട് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇടറോഡുകളില്‍ വീണ്ടും സര്‍വീസ് ആരംഭിക്കാന്‍ ധാരണയായത്.
by Midhun HP News | Feb 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യ – യുഎസ് ഇടക്കാല വ്യാപാര കരാറില്‍ അന്തിമ രൂപരേഖയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ഇടക്കാല വ്യാപാര കരാറിനായുള്ള ചട്ടക്കൂട് തയ്യാറായെന്ന് ഇന്ത്യയും യുഎസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി ഇളവ് ഉറപ്പാക്കുന്ന വിധത്തിലാണ് പുതിയ കരാര്‍ എന്നാണ് പ്രസ്താവന നല്‍കുന്ന സൂചന.
യുഎസ് വ്യാവസായിക ഉല്‍പ്പന്നങ്ങള്‍, ഉണങ്ങിയ ഡിസ്റ്റിലര്‍ ധാന്യങ്ങള്‍ (ഡിഡിജികള്‍), പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങള്‍, സോയാബീന്‍ എണ്ണ, വൈന്‍, സ്പിരിറ്റുകള്‍, തുടങ്ങിയ വിവിധതരം യുഎസ് ഭക്ഷ്യ-കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 18 ശതമാനം താരിഫ് ചുമത്തും.
5 വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യും. മുൻഗണനാടിസ്ഥാനത്തിൽ ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള മേഖലകളിൽ വിപണി സൗകര്യങ്ങൾ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യുഎസ് ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക നികുതി പിന്‍വലിക്കും. ഇത് സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രപ് ഒപ്പുവച്ചാതും പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍, ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി ‘പുനരാരംഭിച്ചാല്‍’ താരിഫ് വീണ്ടും ചുമത്തുമെന്ന് മുന്നറിയിപ്പും ഉത്തരവിലുണ്ട്.
by Midhun HP News | Feb 6, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനിവൈഷ്ണവ്. കെ റെയില്‍ പദ്ധതി വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്നതാണ്. അതിനാല്‍ നടപ്പാക്കാനാകില്ല. സംസ്ഥാനത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍ അതിവേഗ റെയില്‍ പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. രാജ്യസഭയില്‍ ഹാരിസ് ബീരാന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
റെയില്‍വേ പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരെ സഹകരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പദ്ധതിക്കായി 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ആര്‍ടിഎസോ, ഇ ശ്രീധരന്റെ പദ്ധതിയോ, ഏതെങ്കിലും പരിഗണനയ്ക്കായി കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുണ്ടോയെന്നായിരുന്നു ഹാരിസ് ബീരാന്‍ ചോദിച്ചിരുന്നത്.
അതിവേഗ റെയില്‍ പദ്ധതിക്കായി ഇ ശ്രീധരന്‍ ഓഫീസ് തുറന്നതിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സ്വാഗതം ചെയ്തു. റെയില്‍വേയെക്കുറിച്ചും സാങ്കേതിക വിഷയത്തിലും ജ്ഞാനമുള്ള വ്യക്തിയാണ് ഇ ശ്രീധരന്‍. ശ്രീധരന്‍ എന്നല്ല ആരായാലും റെയില്‍വേ വികസനത്തിന് മുന്നിലേക്ക് വന്നാല്‍ അവരെ റെയില്‍വേ മന്ത്രാലയം സ്വാഗതം ചെയ്യുന്നു. ശ്രീധരന്റെ ഇത്തരത്തിലുള്ള നടപടികളെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
അങ്കമാലി ശബരി പാതയുടെ കാര്യത്തില്‍ ഇപ്പോൾ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാകുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിമര്‍ശനം ഉന്നയിച്ചു. ഇ ശ്രീധരന്‍ ഹൈ സ്പീഡ് റെയിലിനായി മലപ്പുറത്ത് ഓഫീസ് തുറന്നതും, പദ്ധതിയുമായി മുന്നോട്ടു പോകുന്നതും കേന്ദ്രമന്ത്രിയുടെ അറിവോടെയാണോ എന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെങ്കിലും ഹൈ സ്പീഡ് റെയിൽ പദ്ധതിയുമായി ഇ ശ്രീധരൻ മുന്നോട്ടു പോകുകയാണ്.


by Midhun HP News | Feb 6, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: യഥാര്‍ഥ വരുമാനം രേഖപ്പെടുത്തിയില്ലെന്ന ആരോപണത്തില്‍ ആദായ നികുതി വകുപ്പ് പിഴ ചുമത്തിയ സംഭവത്തില്‍ നടനും ടിവികെ നേതാവുമായ വിജയ്ക്ക് തിരിച്ചടി. 1.5 കോടി രൂപ പിഴ ചുമത്തിയ നടപടി ചോദ്യം ചെയ്ത് വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 2015-16 കാലത്തെ ആദായ നികുതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

വിജയ് ചിത്രം പുലിയുമായി ബന്ധപ്പെട്ട ഇടപാടാണ് കേസിന് ആധാരം. 2016-17 കാലഘട്ടത്തില്‍ 35.42 കോടിയായിരുന്നു വിജയ് വരുമാനമായി രേഖപ്പെടുത്തിയത്. എന്നാല്‍ ആദായ നികുതി വകുപ്പ് വിജയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത രേഖകള്‍ പ്രകാരം ഇക്കാലയളവില്‍ പുലി എന്ന ചിത്രത്തിന് പ്രതിഫലമായി 15 കോടി വാങ്ങിയിരുന്നു. ഈ ഇടപാട് രേഖപ്പെടുത്തിയില്ലെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇത് പ്രകാരമാണ് ആദായ നികുതി വകുപ്പ് 1.5 കോടി രൂപ വിജയ്ക്ക് പിഴ ചുമത്തിയത്.
ഈ നടപടി ചോദ്യം ചെയ്യാതായിരുന്നു വിജയ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് പിഴ ചുമത്തിയ നടപടി സ്റ്റേ ചെയ്തിരുന്നു. ഹര്‍ജിയില്‍ കഴിഞ്ഞ മാസം വാദം കേട്ട ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി പിന്നീട് വിധി പറയാന്‍ മാറ്റുകയായിരുന്നു.

by Midhun HP News | Feb 6, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: പത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യന്‍ മണ്ണിലേക്ക് ടി20 ലോകകപ്പ് വീണ്ടുമെത്തുന്നത്. 2016ലാണ് അവസാനമായി ഇന്ത്യ ടി20 ലോകകപ്പിന് ആതിഥേയരായത്. അന്ന് ഇന്ത്യയില്‍ മാത്രമായിരുന്നു മത്സരങ്ങള്‍. ഇത്തവണ പാകിസ്ഥാന്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കാത്തതിനാല്‍ ശ്രീലങ്ക കൂടി ആതിഥേയ രാജ്യമാണ്. പത്ത് വര്‍ഷം പിന്നിട്ട് ടി20 ലോകകപ്പ് ഇന്ത്യയിലേക്ക് വീണ്ടും വരുമ്പോള്‍ കാതലായ പല മാറ്റങ്ങളും ആ ഫോര്‍മാറ്റ് സ്വാശീകരിച്ചിട്ടുണ്ട്.
ടെസ്റ്റ്, ഏകദിനങ്ങളെ അപേക്ഷിച്ച് ടി20 ഫോര്‍മാറ്റ് തന്ത്രങ്ങളുടെ വേദിയാണ്. അതിവേഗം പ്രവര്‍ത്തിച്ച് ഫലം കണ്ടത്തേണ്ട സന്ദര്‍ഭങ്ങള്‍ എല്ലായ്‌പ്പോഴും നില നില്‍ക്കുന്നതാണ് ടി20 മത്സരങ്ങള്‍. അതിനാല്‍ തന്നെ മറ്റ് രണ്ട് ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ടി20 ഫോര്‍മാറ്റ് നിരന്തരം മാറ്റങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നു. മാത്രമല്ല മറ്റ് രണ്ട് ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ടി20 എല്ലായ്‌പ്പോഴും ട്രെന്‍ഡിങായും നില്‍ക്കുന്നു.
ആങ്കര്‍ റോള്‍
നേരത്തെ ടി20 ഫോര്‍മാറ്റുകളില്‍ ആങ്കര്‍ റോള്‍ എന്നൊരു പൊസിഷനില്‍ ബാറ്റര്‍മാരെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു ബാറ്ററെ ഒരു ടീമിനും ആവശ്യമില്ല. ആദ്യ പവര്‍ പ്ലേയിലും മധ്യ ഓവറുകളിലും റണ്‍സ് അതിവേഗം സ്‌കോര്‍ ചെയ്യാന്‍ കെല്‍പ്പുള്ള ബാറ്റര്‍മാര്‍ക്കാണ് നിലവില്‍ രാശി തെളിഞ്ഞു നില്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ സിക്‌സും ഫോറും തൂക്കുന്ന ബാറ്റര്‍മാര്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതല്‍.
റിസ്റ്റ് സ്പിന്‍
2016ലെ ലോകകപ്പ് കളിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഒരു റിസ്റ്റ് സ്പിന്നര്‍ ഉണ്ടായിരുന്നില്ല. അന്ന് ഫിംഗര്‍ സ്പിന്നിനെ ആശ്രയിച്ചാണ് ഇന്ത്യ കളിച്ചത്. എന്നാല്‍ ഇന്ന് നോക്കു. എല്ലാ ടീമിലും നിര്‍ണായക സ്ഥാനത്ത് റിസ്റ്റ് സ്പിന്നര്‍മാരുണ്ട്. ഈ ലോകകപ്പിലെ ശ്രദ്ധേയരായ ചില റിസ്റ്റ് സ്പിന്നര്‍മാരുടെ പട്ടിക നോക്കിയാല്‍ ഉത്തരം വേഗം കിട്ടും.
റാഷിദ് ഖാന്‍, ആദം സാംപ, ആദില്‍ റഷീദ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാനിന്ദു ഹസരംഗ, നൂര്‍ അഹമ്മദ് അടക്കമുള്ള സ്പിന്നര്‍മാര്‍ അതത് ടീമിന്റെ നിര്‍ണായക ആയുധങ്ങളാണ്. ഈ ബൗളര്‍മാര്‍ ആറ് പന്തുകള്‍ക്കിടെ ഗൂഗ്ലികളും ഫ്‌ളിപ്പറുകളും പന്തില്‍ പല തരം വ്യത്യായനങ്ങളും വരുത്തി മത്സരങ്ങള്‍ മാറ്റി മറിക്കുന്നു. ഒരോവറിലെ ആറ് പന്തും ആറ് വ്യത്യസ്ത ശൈലിയില്‍ എറിയാന്‍ കെല്‍പ്പുള്ള ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിയാണ് നിലവില്‍ ഐസിസി റാങ്കിങില്‍ ലോകത്തെ ഒന്നാം നമ്പര്‍ ബൗളറായി കുറച്ചു കാലമായി നില്‍ക്കുന്നത്.
വൈവിധ്യം മുഖമുദ്ര
ഇന്ന് ടി20 ഫോര്‍മാറ്റ് കളിക്കാന്‍ എത്തുന്ന താരങ്ങള്‍ ബാറ്റിങില്‍ മാത്രം അല്ലെങ്കില്‍ ബൗളിങില്‍ മാത്രം കഴിവ് പ്രകടിപ്പിക്കുന്നവരല്ല. നിര്‍ണായക ഘട്ടത്തില്‍ ഏത് റോളും ഏറ്റെടുക്കാന്‍ അവര്‍ക്ക് കെല്‍പ്പ് വേണം. മിക്ക ടീമുകളുടേയും ഇലവന്‍ പരിശോധിച്ചാല്‍ 9ാം സ്ഥാനത്തിറങ്ങുന്നവര്‍ വരെ ബാറ്റിങില്‍ ഒരു കൈ നോക്കാന്‍ മികവുള്ളവരായിരിക്കും. ഓപ്പണര്‍മാരായി ഇറങ്ങുന്നവരെ ഇടയ്ക്ക് പന്തേറുകാരായും ക്രീസില്‍ കാണാം. ചില മത്സരങ്ങളില്‍ ഇന്ത്യയുടെ ഓപ്പണര്‍ അഭിഷേക് ശര്‍മ പന്തെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടവരുണ്ടാകും. ഫിനിഷര്‍ റോളില്‍ കളിക്കുന്ന റിങ്കു സിങും പന്തെറിയുന്നത് ആരാധകര്‍ പല തവണ കണ്ട കാര്യമാണ്.
ബാറ്റര്‍മാരുടെ മാറ്റം
നേരത്തെ തീരുമാനിച്ച ടീം പദ്ധതികള്‍ കളിയുടെ ഗതിയില്‍ മാറുന്നതും കാണാം. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വലം കൈ ഇടം കൈ ബാറ്റിങ് കോംപിനേഷന്‍ പോലെയുള്ള തന്ത്രങ്ങള്‍ ചിലപ്പോള്‍ പെട്ടെന്നു മാറ്റേണ്ടി വരും. ബൗണ്ടറി നേടാന്‍ കെല്‍പ്പുള്ള താരത്തെ ചില സന്നിഗ്ധ ഘട്ടങ്ങളില്‍ നേരത്തെ ഇറക്കുന്നതടക്കമുള്ള തന്ത്രങ്ങള്‍ അങ്ങനെ പെട്ടെന്നു വരുന്നതാണ്.
പവര്‍ പ്ലേ
നേരത്തെ ആദ്യ പവര്‍പ്ലേയില്‍ ഓപ്പണര്‍മാരില്‍ ഒരാള്‍ അടിച്ചു തകര്‍ക്കുകയും മറ്റേയാള്‍ സിംഗിളെടുത്തു സ്‌ട്രൈക്ക് കൈമാറി വിക്കറ്റ് കാക്കുന്നതുമായിരുന്നു സ്റ്റൈല്‍. എന്നാല്‍ വര്‍ത്തമാന ടി20യില്‍ അങ്ങനെയല്ല. രണ്ട് ഓപ്പണര്‍മാരും ആദ്യ പന്ത് മുതല്‍ കത്തിക്കയറി അടിക്കുന്നതാണ് സ്റ്റൈല്‍. പവര്‍പ്ലേയില്‍ പരമാവധി റണ്‍സടിക്കുക എന്നതാണ് ഈ തന്ത്രത്തിന്റെ മര്‍മ്മം. ഫില്‍ സാള്‍ട്ട്, ജോസ് ബ്ടലര്‍, അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ് അടക്കമുള്ള ഓപ്പണര്‍മാരുടെ ദൗത്യവും അതുതന്നെ.
മധ്യ ഓവര്‍
സ്പിന്നര്‍മാരെ തകര്‍ക്കാന്‍ കളി മികവുള്ള ബാറ്റര്‍മാരാണ് മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കുക. ബാറ്റിങിലെ സമസ്ത പാഠങ്ങളും പ്രയോഗിക്കാന്‍ അവര്‍ക്ക് കെല്‍പ്പുണ്ടാകണമെന്നു സാരം. റിസ്റ്റ് സ്വീപ്പ്, സ്വിച്ച്, സ്‌കൂപ്പ് അടക്കമുള്ള അസാധാരണ ഷോട്ടുകളിലൂടെ ചിലപ്പോള്‍ റണ്‍സ് നേടാന്‍ മികവ് ബാറ്റര്‍ക്ക് വേണം. റിസ്റ്റ്, ഫിംഗര്‍ സ്പിന്നര്‍മാരെ ഒരുപോലെ നേരിടാനുള്ള ശേഷിയും ശേമുഷിയും ബാറ്റര്‍ക്ക് ഉണ്ടാകണം.
ഡാറ്റ ഡ്രൈവ്
ടീമുകള്‍ കൃത്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചാണ് കളിക്കാന്‍ ഇറങ്ങുന്നത്. ഇന്നിങ്‌സുകളെ ഘട്ടം ഘട്ടമായി നിര്‍വചിച്ച് ഓരോ സമയത്തും ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമായ പദ്ധതിയുണ്ടാക്കി നടപ്പാക്കുന്നു. ബാറ്റിങ് സമയത്ത് എതിര്‍ ടീമിലെ ഏതു ബൗളര്‍ എങ്ങനെ പന്തെറിയും അല്ലെങ്കില്‍ ബാറ്റര്‍ ഏതു തരം ഷോട്ടിനു ശ്രമിക്കും എന്നതെല്ലാം മാച്ച് അപ്പ് ഡാറ്റകളുടെ പിന്തുണയോടെ ടീമുകള്‍ വിലയിരുത്തുന്നു. ഫീല്‍ഡ് ക്രമീകരണങ്ങളും ബൗളിങ് മാറ്റങ്ങളുമൊക്കെ ഈ കണക്കുകള്‍ കൂടി മുന്നില്‍ നിര്‍ത്തി അപ്പപ്പോള്‍ ഗ്രൗണ്ടില്‍ നടപ്പിലാക്കുന്നു.
ബൗളിങ് സാധ്യതകള്‍
പരമ്പരാഗത ക്രിക്കറ്റ് സ്റ്റൈല്‍ ബൗളര്‍മാരെ അപേക്ഷിച്ച് പന്തോറുകാര്‍ ഇന്ന് വൈവിധ്യങ്ങളുടെ കലവറ കൂടിയായിരിക്കണം. ആറ് പന്തുകള്‍ ആറ് വ്യത്യസ്ത ശൈലിയില്‍ എറിയാന്‍ കെല്‍പ്പുള്ള പേസര്‍മാരും സ്പിന്നര്‍മാരും മിക്ക ടീമിലുമുണ്ടാകും. പേസര്‍മാര്‍ ഓരോവറില്‍ ആറ് വ്യത്യസ്ത സ്ലോ ബോളുകള്‍ എറിയാന്‍ മികവുള്ളവരായിരിക്കണം. വൈഡ് യോര്‍ക്കറുകള്‍, ലെഗ് സ്പിന്നിനെ അനുകരിച്ചുള്ള ബാക്ക് ഓഫ് ദി ഹാന്‍ഡ് ചേയ്ഞ്ച് അപ്പുകള്‍ അടക്കമുള്ളവയും പേസര്‍മാരില്‍ നിന്നു ടീം പ്രതീക്ഷിക്കുന്നു. സ്പിന്നര്‍മാര്‍ റണ്‍ അപ്പുകള്‍ കുറച്ച് കാരംസ് ബോളുകളും സ്ലൈഡറുകളും പരീക്ഷിച്ച് മധ്യനിരയിലെ റണ്ണൊഴുക്കു തടയാന്‍ ശ്രമിക്കും. ചുരുക്കത്തില്‍ പരീക്ഷണങ്ങളുടെ ഒരു യുദ്ധ ഭൂമി കൂടിയാണ് ടി20 ഫോര്‍മാറ്റ്.
Recent Comments